Skip to main content
ശ്രീനഗര്‍

militant attack in srinagar

 

ജമ്മു കശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ ഞായാറാഴ്ച വൈകുന്നേരം ആക്രമണം നടത്തിയ ഒരു തീവ്രവാദിയെ കീഴടക്കാനായി സുരക്ഷാ സൈനികരുടെ ശ്രമം തുടരുന്നു. വിദേശിയെന്ന്‍ കരുതപ്പെടുന്ന സായുധധാരിയുടെ ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് സൈനികര്‍ക്കും ഒരു പോലീസ് കോണ്‍സ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ കോണ്‍സ്റ്റബിളിന്റെ നില ഗുരുതരമാണ്.

 

തീവ്രവാദി ഒളിച്ചിരിക്കുന്ന അഹമ്മദ്നഗറിലെ ശബാദ് കോളനിയിലെ വീട് സൈനികര്‍ വളഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയ്ക്ക് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ്‌ വെടിവെപ്പ് പുനരാംഭിച്ചത്. ഇയാള്‍ ആക്രമണം തുടരുകയാണെങ്കില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് വീട് തകര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് സൈനികര്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

ജമ്മു കശ്മീര്‍ സായുധ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ ക്വാസി മെഹമൂദ് അഹമദ് ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.   

 

അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം രൂക്ഷമായ ശ്രീനഗറിലെ തന്നെ ഖ്ര്യൂ മേഖലയില്‍ അധികൃതര്‍ സഞ്ചാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളുടെ മൃതദേഹം ആവശ്യപ്പെട്ടുകൊണ്ട് ഇവിടെ ഞായറാഴ്ച നൂറുകണക്കിന് പേര്‍ സ്വതന്ത്ര കശ്മീര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ കടുത്ത കല്ലേറും ഉണ്ടായി.

 

ജമ്മു കശ്മീര്‍ ഹൈക്കോടതി ജഡ്ജി ഹസ്നൈന്‍ മസൂദിയുടെ മകനും ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ യുവജന വിഭാഗം നേതാവുമായ യവര്‍ മസൂദിയുടെ വീടിന് നേരെ നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു.  

Tags