Skip to main content
ന്യൂഡല്‍ഹി

Gurunath Meiyappanബി.സി.സി.ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ ഉടമയുമായ ഗുരുനാഥ് മെയ്യപ്പന്‍ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് മുകുള്‍ മുദുഗല്‍ കമ്മിറ്റി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

 

ബി.സി.സി.ഐ നിയോഗിച്ച രണ്ടംഗ ജുഡിഷ്യല്‍ സമിതി മെയ്യപ്പനെയും മറ്റും കുറ്റവിമുക്തരാക്കിയതിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീം കോടതി ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. നാലു മാസത്തെ അന്വേഷണത്തിനുശേഷമാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

ജസ്റ്റിസ് എ.കെ പട്‌നായിക് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബി.സി.സി.ഐയ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വാതുവെപ്പിനെ കുറിച്ച് കൂടുതല്‍ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ ശ്രീനിവാസന്‍ ഒരേ സമയം ബി.സി.സി.ഐ അധ്യക്ഷപദവിയും ഒരു ഫ്രാഞ്ചൈസിയുടെ ഉടമയുമായിരിക്കുന്നത് ശരിയായ നടപടിയല്ലെന്നു പറഞ്ഞ കമ്മിറ്റി ഇക്കാര്യം സുപ്രീംകോടതി ഗുരുതരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

 

മലയാളിതാരം ശ്രീശാന്തിനേയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്ത് ആരംഭിച്ച വാതുവെയ്പ്പ് വിവാദം മെയ്യപ്പന്റെ അറസ്‌റ്റോടെയാണ് പുതിയ വഴിത്തിരിവില്‍ എത്തിയത്. വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം വിന്ധു ധാരാസിങ്ങിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെയ്യപ്പനെ പിടികൂടിയത്. മെയ്യപ്പന്‍ 9 കളിയില്‍ വാതുവെച്ചതായും ഇതില്‍ നാല് കളിയില്‍ ജയിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

വാതുവെപ്പ് ഉള്‍പ്പെടയുള്ള എല്ലാ തിന്മകളും ഇല്ലാതാക്കി കളി ശുദ്ധീകരിക്കാന്‍ കമ്മിറ്റി പത്ത് നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. മുതിര്‍ന്ന കളിക്കാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, വെങ്കിടേഷ് പ്രസാദ്, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ വാതുവെപ്പിനെയും ഒത്തുകളിയെയും കുറിച്ച് യുവതാരങ്ങളെ ബോധവത്കരിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

Tags