അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് സാമ്പത്തിക സ്വയംഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. സി.ബി.ഐ ഡയറക്ടര്‍ക്ക് സെക്രട്ടറിയുടെ പദവി നല്കാനും തീരുമാനമായി. കേസുകളുടെ ആവശ്യത്തിനായി ഉപദേശങ്ങള്‍ തേടാന്‍ സര്‍ക്കാരിന്‍റെ ഉത്തരവില്ലാതെ തന്നെ പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കാനും അനുമതി നല്കി.
സി.ബി.ഐയെ സ്വതന്ത്രമാക്കണമെന്ന് കല്‍ക്കരിപ്പാടം അഴിമതി കേസുകളില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സി.ബി.ഐക്ക് സ്വതന്ത്ര ചുമതലയോ പൂര്‍ണ സ്വയംഭരണാവകാശമോ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടുകയായിരുന്നു. ഇതിനിടെ സി.ബി.ഐയുടെ രൂപവത്ക്കരണം ഭരണഘടന വിരുദ്ധമാണെന്ന് ഗുവാഹത്തി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്തെ അഴിമതി തടയുന്നതിനുവേണ്ടി 1942-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെയാണ് ഡല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ട് കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഈ ഓര്‍ഡിനന്‍സ് ഭരണഘടന പ്രകാരമുള്ള നിയമമായി മാറി. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ബി.ഐ. രൂപവത്കരിച്ചത്.