Skip to main content
ന്യൂഡല്‍ഹി

sushil kumar shindeദേശീയവാദി കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി ആയാല്‍ തനിക്ക് സന്തോഷമായിരിക്കും എന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ. പവാര്‍ പ്രധാനമന്ത്രി ആയാല്‍ എന്ത് തോന്നുമെന്നാണ് തന്നോട് ചോദിച്ചതെന്നും അദ്ദേഹം മഹാരാഷ്ട്ര സ്വദേശിയും സഖ്യനേതാവുമായതിനാല്‍ അത് നന്നായിരിക്കും എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും ഷിന്‍ഡെ പറഞ്ഞു. എന്നാല്‍, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കുകയാണ് തങ്ങളുടെ അടിസ്ഥാന വിഷയമെന്ന് ഷിന്‍ഡെ വിശദീകരിച്ചു.

 

മഹാരാഷ്ട്രയിലെ സോളാപൂരില്‍ ശനിയാഴ്ച ഒരു ചടങ്ങില്‍ സംസാരിക്കവേ പവാറിനെ തന്റെ ‘രാഷ്ട്രീയ ഗുരു’വായും മുന്‍ സംസ്ഥാന മുഖ്യമന്ത്രി കൂടിയായ ഷിന്‍ഡെ വിശേഷിപ്പിച്ചിരുന്നു. അദ്ദേഹം കാരണമാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും ‘ഡെല്‍ഹി രാഷ്ട്രീയ’ത്തിന്റെ ഇരയാണ് പവാറെന്നും ഒരു മറാത്തി പത്രത്തിന്റെ പത്രാധിപ സമിതിയുമായി നടത്തിയ സംഭാഷണത്തില്‍ ഷിന്‍ഡെ പറഞ്ഞു.

 

ജനുവരി 17-ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ചേരാനിരിക്കെ ഷിന്‍ഡെയില്‍ നിന്ന്‍ വന്ന ഈ പ്രസ്താവന കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. യോഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

വിദേശത്ത് ജനിച്ച സോണിയാ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷയാക്കുന്നതില്‍ പ്രശ്നമുന്നയിച്ച് 1999-ല്‍ കോണ്‍ഗ്രസ് വിട്ടാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ശരദ് പവാര്‍ എന്‍.സി.പി രൂപീകരിച്ചത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും എന്നാല്‍ രാജ്യസഭാംഗമായി പാര്‍ലിമെന്റില്‍ തുടര്‍ന്നേക്കാമെന്നും പവാര്‍ സൂചിപ്പിച്ചിട്ടുണ്ട്.  

Tags