1984-ലെ സിഖ് കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ അപേക്ഷ തള്ളിയ വിചാരണക്കോടതി വിധി വെള്ളിയാഴ്ച സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. വിധിക്കെതിരെ ടൈറ്റ്ലര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.
1984 നവംബര്‍ ഒന്നിന് ദല്‍ഹിയിലെ ഗുരുദ്വാരക്ക് സമീപം മൂന്ന് പേര് കൊല്ലപ്പെട്ട ആക്രമണത്തിന് പ്രേരണ നല്‍കിയെന്നതാണ് ടൈറ്റ്ലര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍, ഈസമയം, ടൈറ്റ്ലര്‍ ഇന്ദിരാ ഗാന്ധിയുടെ വീട്ടിലായിരുന്നെന്ന് റിപ്പോര്‍ട്ട് നല്‍കിയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ അനുമതി തേടിയത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ വിചാരണക്കോടതി കേസിലെ എല്ലാ സാക്ഷികളുടെയും മൊഴി വീണ്ടും പരിഗണിക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല കേസില്‍ പുനരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. കലാപത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട ലഖ്വിന്ദര് കൗര്‍ നല്കിയ അപ്പീലിലായിരുന്നു കോടതി വിധി.