Skip to main content
മുംബൈ

24 വര്‍ഷം നീണ്ട തന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചെന്ന് കരുതാനാകുന്നില്ലെന്ന് പറഞ്ഞാണ് സച്ചിന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം തുടങ്ങിയത്. അത്യന്തം വികാരാധീനനായാണ് സച്ചിന്‍ ആരാധകരോട് സംസാരിച്ചത്. അച്ഛനാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിന് ആധാരമെന്ന് പറഞ്ഞ സച്ചിന്‍ അദ്ദേഹമില്ലായിരുന്നെങ്കില്‍ താന്‍ ഒന്നുമാകുമായിരുന്നില്ലെന്നും പറഞ്ഞു. 11 വയസ്സ് മുതല്‍ തന്റെ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു തന്ന അച്ഛന് തന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നെന്നും സച്ചിന്‍ പറഞ്ഞു.

 

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ ഒപ്പം നിന്നവരെയെല്ലാം പേരെടുത്ത്‌ ഓര്‍മ്മിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത്‌ ഭാഗ്യമാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗാംഗുലിക്കും ലക്ഷ്‌മണിനും ദ്രാവിഡിനും സച്ചിന്‍ നന്ദിപറഞ്ഞു. തിരിഞ്ഞ് നോക്കുമ്പോള്‍ ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ താന്‍ പൂര്‍ണത നേടിയിട്ടില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 1991-ലാണ് അഞ്ജലിയെ വിവാഹം കഴിച്ചത്. അന്ന് മുതല്‍ സ്വന്തം ജോലി പോലും ഉപേക്ഷിച്ച് തന്റെ ക്രിക്കറ്റ് ജീവിതത്തെ പിന്തുണച്ചുകൊണ്ടും തന്റെ ഉയര്‍ച്ച താഴ്ച്ചകളില്‍ ഒപ്പം നിന്നതിനും സച്ചിന്‍ ഭാര്യയ്ക്ക് നന്ദി പറഞ്ഞു.

 

പല വിശേഷ ദിവസങ്ങളിലും കുട്ടികളോടൊപ്പം തനിക്ക് ഏറെയൊന്നും ചെലവഴിക്കാനായിട്ടില്ല. ഇനിയുളള മുഴുവന്‍ സമയവും മക്കള്‍ സാറയ്ക്കും അര്‍ജുനും ഒപ്പം ചെലവഴിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. പ്രസംഗത്തിനു ശേഷം നിറകണ്ണുകളോടെയാണ് സച്ചിന്‍ മടങ്ങിയത്. ഇന്നിങ്സ് വിജയം നേടിയാണ് ടീം ഇന്ത്യ സച്ചിന്‍റെ വിടവാങ്ങല്‍ അവിസ്മരണീയമാക്കിയത്.

Tags