ബലാല്‍സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദമാകുന്നു. പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സ്ത്രീസംഘടനകളും രംഗത്തെത്തിയതോടെ സംഗതി വന്‍വിവാദമായി. രാജ്യത്തെ കായിക മേഖലയില്‍ വാതുവയ്പ്പ് നിയമപരമാക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് സിന്‍ഹ വിവാദ പരാമര്‍ശം നടത്തിയത്.
‘രാജ്യത്തെ വാതുവയ്പ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാല്‍സംഗം തടയാനാകില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നതു പോലെയാണെന്നായിരുന്നു’ സിന്‍ഹയടെ പരാമര്‍ശം. സ്‌പോര്‍ട്‌സിലെ ധാര്‍മ്മികതയും സത്യസന്ധതയും എന്ന വിഷയത്തില്‍ സി.ബി.ഐ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വാതുവെയ്പ് അഴിമതി തടയാന്‍ സഹായിക്കുമെങ്കില്‍ അതിനെ താനും പിന്തുണക്കുന്നുവെന്ന് ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും പറഞ്ഞു.
സിന്‍ഹയുടെ പരാമര്‍ശം ബലാല്‍സംഗത്തെ ന്യായീകരിക്കുന്നതാണെന്നും പരാമര്‍ശം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സി.പി.ഐ.എം നേതാവ് ബൃന്ദകാരാട്ട് വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളിലൂടെയും നിരവധി പേര്‍ സിന്‍ഹയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. അവിശ്വസനീയമെന്നാണ് പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.