Skip to main content
ന്യൂഡല്‍ഹി

Oil Minister M Veerappa Moilyഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുക വഴി ഈ സാമ്പത്തിക വര്‍ഷം 850 കോടി ഡോളര്‍ ലാഭിക്കാമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അറിയിച്ചു. എണ്ണയുടെ വില ഡോളറില്‍ ഈടാക്കുന്ന മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപയിലാണ് ഇറാന് ഇന്ത്യക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത്.

 

വിദേശനാണ്യ ചെലവില്‍ 2000 കോടി ഡോളര്‍ ലാഭിക്കാവുന്ന പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് ആഗസ്ത് 30-നാണ് മൊയ്ലി പ്രധാനമന്ത്രിക്ക് കത്തയച്ചത്. വ്യാപാര കമ്മി കുറയ്ക്കുന്നതിനായി 2500 കോടി ഡോളര്‍ മന്ത്രാലയം വെട്ടിച്ചുരുക്കണം എന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനക്ക് മറുപടിയായാണ് കത്ത്.

 

നടപ്പ് ധനകാര്യ വര്‍ഷം ഇതുവരെ 20 ലക്ഷം ടണ്‍ എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തതായും അവശേഷിക്കുന്ന കാലയളവില്‍ 1.1 കോടി ടണ്‍ ഇറക്കുമതി ചെയ്യണമെന്നും മൊയ്ലി അറിയിച്ചു. അന്താരാഷ്ട്ര വിലയായ ബാരലിന് 105 ഡോളര്‍ എന്ന നിലയില്‍ കണക്കാക്കിയാല്‍ ഇതുമൂലം 847 കോടി ഡോളറിന്റെ ലാഭം ഉണ്ടാകുമെന്ന് മൊയ്ലി ചൂണ്ടിക്കാട്ടി.

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14429 കോടി ഡോളര്‍ വിലവരുന്ന എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഉയര്‍ന്ന എണ്ണ ഇറക്കുമതി ചെലവുകള്‍ മൂലം വ്യാപാരകമ്മിയില്‍ ഉണ്ടായ വര്‍ധന ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതില്‍ പ്രധാന കാരണമായിരുന്നു.

 

കേന്ദ്രധനകാര്യ മന്ത്രി പി. ചിദംബരത്തിനും ഇതേ പദ്ധതികള്‍ വിശദീകരിച്ച് മൊയ്ലി എഴുതിയിട്ടുണ്ട്. ഇറാനുമായുള്ള എണ്ണ വ്യാപാരം പുനരാരംഭിക്കുന്നതാണ് ഇതില്‍ പ്രധാനം. യു.എസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന്‍ യുക്കോ ബാങ്കിന്റെ കൊല്‍ക്കത്ത ശാഖയിലൂടെ രൂപയിലാണ് ഇന്ത്യ ഇറാന് എണ്ണയുടെ വില നല്‍കിയത്.

Tags