Skip to main content

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ (എന്‍.ആര്‍.എച്ച്.എം.) മാതൃകയില്‍ ദേശീയ ആരോഗ്യ മിഷന്റെ കീഴില്‍ നഗരങ്ങളിലും ആരോഗ്യദൗത്യം രൂപവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നഗരങ്ങളിലെ പാവപ്പെട്ടവരുടെ പ്രാഥമികാരോഗ്യ മേഖലയെ കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.

 

22,507 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്ന പദ്ധതിയുടെ മുക്കാല്‍ ഭാഗമായ 16,955 കോടി രൂപ അഞ്ചു വര്‍ഷകാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മു-കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മൊത്തം ചെലവിന്റെ 90 ശതമാനവും കേന്ദ്രം വഹിക്കും.  അരലക്ഷത്തിലധികം ജനസംഖ്യയുള്ള 779 നഗരങ്ങളിലും പട്ടണങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

 

7.75 കോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 50,000 മുതല്‍ 60,000 പേര്‍ക്ക് ഒരു നഗര പ്രാഥമികാരോഗ്യ കേന്ദ്രം (അര്‍ബന്‍-പ്രൈമറി ഹെല്‍ത്ത് സെന്റര്‍), വന്‍നഗരങ്ങളില്‍ ആറുവരെയുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക് ഒരു നഗര സാമൂഹികാരോഗ്യകേന്ദ്രം (അര്‍ബന്‍-കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍), 10,000 പേര്‍ക്ക് ഒരു 'ഓക്‌സിലറി നഴ്‌സിങ് മിഡ്‌വൈഫ്' 200 മുതല്‍ 500 വരെയുള്ള വീടുകള്‍ക്ക് ഒരു ആശാ പ്രവര്‍ത്തക എന്നിവയുണ്ടാകും.