ക്വെറ്റ: ഇറാനില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിന്റെ പ്രകമ്പനം പാകിസ്താന്‍, ഇന്ത്യ, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടു. പാകിസ്താനില്‍ 34 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇറാന്റെ തെക്കുപടിഞ്ഞാറ് പാകിസ്താന്‍ അതിര്‍ത്തിയിലുള്ള ഖാഷ് പട്ടണത്തിലാണ് ചൊവാഴ്ച ഉച്ചതിരിഞ്ഞ് ഭൂകമ്പമാപിനിയില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.
40 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പിന്നീടു വാര്‍ത്ത പിന്‍വലിച്ചു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മരുഭൂമിയിലാണെന്നും ചുറ്റും ജനരഹിത മേഖലയാണെന്നും ഇറാന്‍ അധികൃതര്‍ അറിയിച്ചു. ഖാഷിലും സമീപ പ്രദേശമായ സാരവനിലും ആള്‍നാശം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
പാകിസ്താനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാഷ്കേല്‍ ജില്ലയില്‍ 34 പേര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്ന ഇവിടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് സൈന്യമാണ്.
ഭൂകമ്പം 95 കിലോമീറ്റര്‍ ആഴത്തിലാണ് അനുഭവപ്പെട്ടതെന്നും ഭൂമിയുടെ ഉപരിതലത്തില്‍ ആഘാതം കുറക്കാന്‍ ഇത് കാരണമായെന്നും ഇറാനിലെ ഭൂകമ്പ പഠന കേന്ദ്രം വിശദീകരിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഇറാനില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.
ഏപ്രില്‍ 10ന് ഇറാന്റെ തെക്കുപടിഞ്ഞാറ് മേഖലയില്‍ തന്നെ ബുഷേര്‍ ആണവ നിലയത്തിന് സമീപം 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു ഭൂകമ്പങ്ങളിലും ആണവ നിലയത്തിന് കേടുപാടുകളില്ലെന്നു നിലയം പണിത റഷ്യന്‍ ഏജന്‍സി അറിയിച്ചു.
ഭൂമിക്കടിയില്‍ അറേബ്യ, യൂറേഷ്യ പ്ലേറ്റുകള്‍ തമ്മിലുള്ള ഉരസലാണ് ഈ മേഖലയിലെ ഭൂകമ്പങ്ങള്‍ക്ക് കാരണം. 2003ല്‍ തെക്കുകിഴക്കന്‍ പട്ടണമായ ബാമില്‍ നടന്ന 6.6 ഭൂകമ്പത്തില്‍ 26,000ത്തില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.