ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ ദേശീയ മ്യൂസിയത്തില്‍ സൈനിക യൂണിഫോം ധരിച്ചെത്തിയ രണ്ട് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 17 വിദേശ സഞ്ചാരികളും രണ്ട് ടുണീഷ്യക്കാരും അടക്കം 19 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടുണിസിലെ അതീവ സുരക്ഷയുള്ള പാര്‍ലിമെന്റ് വളപ്പിലെ ബാര്‍ദോ മ്യൂസിയമാണ് ആക്രമിക്കപ്പെട്ടത്.
ജപ്പാന്‍, ഇറ്റലി, പോളണ്ട്, സ്പെയിന്‍, കൊളംബിയ, ആസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവര്‍. മ്യൂസിയത്തില്‍ ബന്ദികളാക്കിയ സഞ്ചാരികളെ സൈനിക നപടിയിലൂടെയാണ് മോചിപ്പിച്ചത്. രണ്ട് അക്രമികളും നടപടിയില്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഓഫീസറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ടുണീഷ്യയില്‍ ഏകാധിപത്യ ഭരണം നടത്തിയിരുന്ന സൈനുല്‍ അബിദീന്‍ ബെന്‍ അലിയെ പുറത്താക്കിയ 2011-ലെ പ്രക്ഷോഭമാണ് പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമുള്ള സ്വേച്ഛാധിപതികള്‍ക്കെതിരായ അറബ് വസന്തം എന്നറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മറ്റ് പല രാജ്യങ്ങളിലും ശക്തമായ ഭീകരവാദ പ്രസ്ഥാനങ്ങള്‍ ടുണീഷ്യയില്‍ ഉടലെടുത്തിരുന്നില്ല. പുതിയ ഭരണഘടന രൂപീകരിക്കാനും സമാധാനപരമായ തെരഞ്ഞെടുപ്പുകള്‍ നടത്താനും രാജ്യത്തിന് കഴിഞ്ഞിരുന്നു.
എന്നാല്‍, ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായ മധ്യധരണ്യാഴിയുടെ തീരത്തുള്ള ഈ രാജ്യത്തിന് ഇപ്പോഴത്തെ ആക്രമണം വന്‍ തിരിച്ചടി സൃഷ്ടിച്ചേക്കും. ഏകദേശം 3000 ടുണീഷ്യക്കാര്‍ ഇറാഖിലും സിറിയയിലും നടക്കുന്ന പോരാട്ടങ്ങളില്‍ അണി ചേര്‍ന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. ഇവര്‍ തിരിച്ചെത്തി ആക്രമണങ്ങള്‍ സംഘടിപ്പിക്കാനുള്ള സാധ്യത വര്‍ധിച്ചതായി ഈ ആക്രമണം സൂചന നല്‍കുന്നു.