ഇസ്രയേലില്‍ പാര്‍ലിമെന്റായ നെസറ്റിലേക്ക് ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി മുന്നില്. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 120 അംഗ നെസറ്റില്‍ 29 സീറ്റുകള്‍ നേടി ലികുഡ് മുന്നിലാണ്. ഐസക് ഹെര്‍സോഗ് നയിക്കുന്ന സയണിസ്റ്റ് യൂണിയന് 24 സീറ്റുകള്‍ ലഭിക്കും. ആനുപാതിക പ്രാതിനിധ്യ രീതി പിന്തുടരുന്ന രാജ്യത്ത് പ്രധാന കക്ഷികള്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത് അപൂര്‍വ്വമാണ്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിജയം അവകാശപ്പെട്ടിട്ടുണ്ട്. ലികുഡിനും സഖ്യസാധ്യതയുള്ള മറ്റ് വലതുപക്ഷ കക്ഷികള്‍ക്കും ചേര്‍ന്ന്‍ 57 സീറ്റും സയണിസ്റ്റ് യൂണിയനും മധ്യ-ഇടതു നിലപാടുകള്‍ സ്വീകരിക്കുന്ന കക്ഷികള്‍ക്കും ആകെ 42 സീറ്റും ലഭിക്കുമെന്ന് ഔദ്യോഗിക റേഡിയോ വോയ്സ് ഓഫ് ഇസ്രയേല്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ഇത് നാലാം വട്ടമായിരിക്കും തീവ്ര യാഥാസ്ഥിതിക നിലപാടുകള്‍ കൊണ്ട് വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള നെതന്യാഹു അധികാരത്തില്‍ എത്തുന്നത്. തെരഞ്ഞെടുപ്പിന് തലേദിവസം തീവ്രവാദ നിലപാടുകാരുടെ പിന്തുണ ലക്ഷ്യമിട്ട് അധികാരത്തില്‍ എത്തുകയാണെങ്കില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന്‍ തെരഞ്ഞെടുപ്പുകളിലും വിജയിച്ചത് നെതന്യാഹുവാണ്.
സ്ഥാനാര്‍ഥികള്‍ക്ക് പകരം പാര്‍ട്ടികള്‍ക്കാണ് ഇസ്രയേലില്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇത്തവണ 25 പാര്‍ട്ടികളാണ് മത്സരിച്ചത്. വോട്ടിന് ആനുപാതികമായിട്ടാണ് 120 അംഗ നെസറ്റില്‍ പാര്‍ട്ടികള്‍ക്ക് സീറ്റ് ലഭിക്കുക.