Skip to main content
തെഹ്‌റാന്‍

ഇറാന്റെ സമ്പുഷ്ട യുറാനിയം ശേഖരത്തിന്റെ ഒരു ഭാഗം റഷ്യയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശത്തില്‍ യു.എസും ഇറാനും തമ്മില്‍ ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ നടന്ന നയതന്ത്ര ചര്‍ച്ചകളില്‍ ധാരണ സാധ്യമാകുന്ന മേഖലകള്‍ സംബന്ധിച്ച ഒരു രേഖ തയ്യാറാക്കിയതായി യു.എസ് വാര്‍ത്താ ഏജന്‍സി എ.പി റിപ്പോര്‍ട്ട് ചെയ്തു.

 

ഇറാന്‍ ആണവ വിഷയത്തില്‍ നടക്കുന്ന ഒരു വര്‍ഷത്തിലധികമായി തുടരുന്ന ആറുരാഷ്ട്ര സംഭാഷണങ്ങളുടെ അടുത്ത ഘട്ടം ജനുവരി 15-ന് നടക്കും. അംഗീകൃത ആണവായുധ രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുമായ യു.എസ്, റഷ്യ, ചൈന, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ജര്‍മ്മനിയും അടങ്ങുന്ന കൂട്ടായ്മയാണ് ഇറാനുമായി ചര്‍ച്ച നടത്തുന്നത്.

 

യുറാനിയം ശേഖരത്തിന്റെ ഒരു ഭാഗം റഷ്യയിലേക്ക് മാറ്റി റിയാക്ടര്‍ ഇന്ധനമായി തിരികെ വാങ്ങാന്‍ ഇറാന്‍ താല്‍ക്കാലികമായി അംഗീകരിച്ചതായാണ് വിവരം. എന്നാല്‍, യുക്രൈന്‍ പ്രശ്നത്തില്‍ റഷ്യയുടെ മേല്‍ യു.എസ് ചുമത്തിയിരിക്കുന്ന ഉപരോധം ഇതില്‍ അവസാന തീരുമാനമെടുക്കുന്നതില്‍ നിലവിലെ തടസ്സം. എത്രത്തോളം യുറാനിയം മാറ്റണമെന്ന കാര്യം അടുത്ത ഘട്ടത്തില്‍ ചര്‍ച്ച ചെയ്യും.

 

സിവിലിയന്‍ ആണവോര്‍ജ പദ്ധതി ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്നതായാണ് പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആരോപണം. ഇതേത്തുടര്‍ന്ന്‍, ഇറാന് മേല്‍ ഈ രാജ്യങ്ങള്‍ ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് തങ്ങള്‍ ആണവോര്‍ജം ഉപയോഗിക്കുന്നതെന്നും റിയാക്ടര്‍ ഇന്ധനമായി ഉപയോഗിക്കുന്നതിന് യുറാനിയം സമ്പുഷ്ടീകരണം ആവശ്യമാണെന്നുമാണ് ഇറാന്റെ വാദം. ഭാവിയില്‍ സമ്പുഷ്ടീകരണം 20 ശതമാനം കുറയ്ക്കാമെന്ന് ഇറാന്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, 50 ശതമാനം കുറവ് വേണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നത്.

Tags