ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ വിമാനം തകര്‍ന്ന്‍ വീണ് 38 പേരെങ്കിലും മരിച്ചു. മെഹ്രാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്‍ വടക്കുകിഴക്കന്‍ നഗരമായ തബസിലേക്ക് പോയ വിമാനമാണ് പറന്നുയര്‍ന്ന്‍ വൈകാതെ തകര്‍ന്ന്‍ വീണത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 48 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
എട്ടോ ഒന്‍പതോ പേര്‍ അപകടത്തെ അതിജീവിച്ചതായി ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 38 പേര്‍ തല്‍ക്ഷണം മരിച്ചതായും പരിക്കേറ്റ പത്ത് പേരെ ആശുപത്രികളിലേക്ക് മാറ്റിയതായും ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ എത്തിച്ച അഞ്ച് പേര്‍ മരിച്ചതായി മറ്റൊരു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പറന്നുയര്‍ന്ന്‍ നാല് മിനിറ്റില്‍ തന്നെ പൈലറ്റ് സാങ്കേതിക തകരാര്‍ കണ്ടുപിടിക്കുകയും വിമാനത്താവളത്തിലേക്ക് തിരികെ പോകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, പ്രാദേശിക സമയം 9.18-ന് വിമാനം റോഡില്‍ ഇടിച്ചുവീഴുകയായിരുന്നു.
ആണവ പ്രശ്നത്തില്‍ ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര ഉപരോധത്തെ തുടര്‍ന്ന്‍ കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ഇറാനിലെ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരാണ്. അതുകൊണ്ടുതന്നെ ഇറാനില്‍ വിമാന അപകടങ്ങളുടെ തോതും അധികമാണ്. കരിഞ്ചന്തയില്‍ ലഭിക്കുന്ന ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഈ വിമാനങ്ങള്‍ കേടുപാട് പരിഹരിക്കുന്നത്.