ഇംഗ്ലണ്ടില്‍ കാണാതായ ഒരു പെണ്‍കുട്ടിയുടെ മരണവിവരം മറച്ചുവെക്കാന്‍ ഫോണിലെ ശബ്ദസന്ദേശങ്ങള്‍ കൃത്രിമമായി തിരുത്തിയ സംഭവത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു. ആഗോള മാദ്ധ്യമവ്യവസായി റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രത്തിലെ മാദ്ധ്യമപ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന്‍ പത്രം അടച്ചുപൂട്ടിയിരുന്നു.
പത്രത്തിന്റെ എഡിറ്ററായിരുന്ന ആന്‍ഡി കോള്‍സന് ഗൂഡാലോചന കുറ്റത്തിന് ഒന്നര വര്‍ഷം തടവാണ് ശിക്ഷ. പിന്നീട് ഇംഗ്ലണ്ട് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മാദ്ധ്യമ വിഭാഗത്തില്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് കോള്‍സന്‍. രാജകുടുംബത്തിന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും കോള്‍സന്‍ വിചാരണ നേരിടുന്നുണ്ട്.
പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍മാരായ ഗ്രെഗ് മിസ്കിവ്, ജെയിംസ് വെതറപ്, ചീഫ് റിപ്പോര്‍ട്ടര്‍ നെവില്‍ തള്‍ബക് എന്നിവര്‍ കുറ്റം സമ്മതിച്ചിരുന്നു. മിസ്കിവിനും തള്‍ബക്കിനും ആറു മാസവും വെതറപ്പിന് നാലുമാസവും തടവും വിധിച്ചിട്ടുണ്ട്.
2002-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മിലി ഡൌലര്‍ എന്ന പെണ്‍കുട്ടിയുടെ ഫോണിലെ ശബ്ദസന്ദേശങ്ങള്‍ തിരുത്തുകയും കുട്ടി ജീവനോടെ ഇരിക്കുന്നതായ വ്യാജ പ്രതീക്ഷ ബന്ധുക്കളിലും അന്വേഷണ ഉദ്യോഗസ്ഥരിലും പത്രം ജനിപ്പിക്കുകയായിരുന്നു. 2011 ജൂലൈയിലാണ് സംഭവം പുറത്തുവന്നത്. കുട്ടിയെ കണ്ടെത്തിയെന്ന നേട്ടം അവകാശപ്പെടുന്നതിനായി വിവരങ്ങള്‍ പോലീസില്‍ നിന്ന്‍ മറച്ചുവെച്ച നടപടി ക്ഷമിക്കാന്‍ കഴിയാത്തതാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
മര്‍ഡോക്കിന്റെ ന്യൂസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ സി.ഇ.ഒ ആയിരുന്ന റബേക്ക ബ്രൂക്ക്സിനെ കഴിഞ്ഞ ആഴ്ച കേസില്‍ കുറ്റവിമുക്തയാക്കിയിരുന്നു.