Skip to main content
ബാഗ്ദാദ്

 

ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുന്ന ഇറാഖില്‍ വിമത പോരാളികളെ നേരിടാന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ ഇറാന്‍ സൈന്യം ഇറാഖില്‍ എത്തി. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ രണ്ടായിരം ഇറാനിയന്‍ സൈനികര്‍ ഇറാഖില്‍ എത്തിയതായി ഇറാഖി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി കടന്ന് 1500 ഇറാന്‍ സൈനികര്‍ ഇറാഖിലെ ദിയാലാ പ്രവിശ്യയിലെ ഖനാഖിന്‍ നഗരത്തിലെത്തിയതായി ഇറാഖ് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. ഇറാഖിലെ സര്‍ക്കാറിനെ സഹായിക്കാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

അതേസമയം ഇറാഖിലേക്ക് യു.എസ് വിമാനവാഹിനിക്കപ്പല്‍ അയച്ചു. യു.എസ്.എസ് ജോര്‍ജ് എച്ച്.ഡബ്ലു ബുഷ് എന്ന വിമാനവാഹിനി കപ്പലാണ് വടക്കെ അറേബ്യന്‍ കടലിലേക്ക് അയച്ചത്. ഇറാഖിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായതിനാലാണ് യു.എസ് കപ്പല്‍ അയക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ബാരക് ഒബാമ അറിയിച്ചു.  ഭീകരരെ തുരത്താന്‍ വ്യോമാക്രമണം പരിഗണിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബാരക് ഒബാമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബാഗ്ദാദിനെ സംരക്ഷിക്കാന്‍ ഒരു പുതിയ സുരക്ഷാപദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് യു.എസ് ആഭ്യന്തര മന്ത്രാലയവും വെളിപ്പെടുത്തിയിട്ടുണ്ട്.

 

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ISIS) എന്ന തീവ്രവാദി സംഘടന ഇതിനകം വടക്കന്‍ ഇറാഖിലെ പ്രമുഖ നഗരങ്ങള്‍ പിടിച്ചെടുത്തു കഴിഞ്ഞു. മുമ്പൊന്നും അറിയപ്പെടാതിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി എന്നയാളുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ സൈന്യത്തെ തുരത്തി ഈ സായുധ സംഘടന വന്‍ നഗരങ്ങള്‍ പിടിച്ചടക്കിയത്. എഴുപതിനായിരത്തോളം പേരടങ്ങുന്ന ഈ സംഘം ഇപ്പോള്‍ തലസ്ഥാനമായ ബഗ്ദാദിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Tags