ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനുമായി ലോകശക്തികള്‍ നടത്തുന്ന ചര്‍ച്ച ചൊവ്വാഴ്ച വിയന്നയില്‍ തുടങ്ങി. ഇപ്പോള്‍ നിലവിലുള്ള താല്‍ക്കാലിക ഉടമ്പടിയുടെ കാലാവധി തീരുന്ന മുറയ്ക്ക് സമഗ്രമായ ഒരു പുതിയ ഉടമ്പടിയില്‍ എത്തുകയാണ് ലക്ഷ്യം. എന്നാല്‍, ഇത് ഉടന്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇരു കൂട്ടരും വ്യക്തമാക്കി.
ഐക്യരാഷ്ട്ര രക്ഷാസമിതി സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, യു.കെ, ഫ്രാന്‍സ്, ചൈന എന്നീ രാഷ്ട്രങ്ങളും ജര്‍മ്മനിയുമാണ് ഇറാനുമായി ചര്‍ച്ച നടത്തുന്നത്. സംഭാഷണങ്ങള്‍ മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവംബറില്‍ എത്തിച്ചേര്‍ന്ന ഇടക്കാല ഉടമ്പടി പ്രകാരം തങ്ങളുടെ ആണവ സമ്പുഷ്ടീകരണത്തില്‍ ഇറാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇറാനു മേല്‍ ചുമത്തിയിരുന്ന ഏതാനും ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇറാന്‍ ആണവ ബോംബ്‌വികസിപ്പിക്കുന്നില്ല എന്നുറപ്പ് വരുത്തുന്ന രീതിയില്‍ ഇറാന്റെ ആണവപദ്ധതിയുടെ വികാസത്തിന് അനുവദിക്കാനാകുന്ന പരിധി നിശ്ചയിക്കുകയാണ് പാശ്ചാത്യ ശക്തികളുടെ ആവശ്യം. തങ്ങളുടെ ആണവപദ്ധതി സമാധാന ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന് ആവര്‍ത്തിക്കുന്ന ഇറാന്‍ യു.എസും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം പൂര്‍ണ്ണമായി പിന്‍വലിക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്.