Skip to main content
തെഹ്‌റാന്‍

iran and p5+1ഇറാനും പ്രമുഖ ശക്തികളും തമ്മില്‍ ജനീവയില്‍ നടന്ന ചര്‍ച്ചകളില്‍ ധാരണയായ ആണവ ഉടമ്പടി ജനുവരി 20 മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് ഇറാന്‍ അറിയിച്ചു. തങ്ങളുടെ ആണവ പദ്ധതിയില്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്ക് പകരമായി പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനങ്ങള്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കുന്നതാണ് 2013 നവംബര്‍ 24-ന് ഒപ്പിട്ട ഇടക്കാല കരാര്‍.

 

ഇത് നടപ്പാക്കുന്നതിനുള്ള സാങ്കേതിക കാര്യങ്ങളിലെ ചര്‍ച്ച പൂര്‍ത്തിയായതായി ഇറാന്‍ വിദേശകാര്യ ഉപമന്ത്രി അബ്ബാസ് അറഘച്ചി ഞായറാഴ്ച അറിയിച്ചു. ഇന്ന്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇറാനുമേല്‍ ഇ.യു ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനങ്ങളില്‍  കരാര്‍ അനുസരിച്ചുള്ള ഇളവുകള്‍ നല്‍കാനുള്ള തീരുമാനം പ്രഖ്യാപിക്കും.

 

ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, യു.കെ ഫ്രാന്‍സ്, ചൈന എന്നിവരും ജര്‍മ്മനിയും ചേര്‍ന്നാണ് ഇറാനുമായി ചര്‍ച്ചകള്‍ നടത്തിയത്. ആറുമാസത്തേക്കാണ് നടപടികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരിക. ഇതിനുള്ളില്‍ സമഗ്രമായ ഒരു ഉടമ്പടിയില്‍ എത്തിച്ചേരാനുള്ള തീരുമാനവും ഇടക്കാല കരാറില്‍ ഉണ്ട്.

Tags