ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് നടന്നുവന്ന ആറുരാഷ്ട്ര ചര്‍ച്ചയില്‍ ഞായറാഴ്ച ധാരണയായി. ഇതുപ്രകാരം തങ്ങളുടെ ആണവപദ്ധതിയില്‍ ചില നിയന്ത്രണങ്ങള്‍ക്ക് ഇറാന്‍ തയ്യാറാകും. വര്‍ഷങ്ങളായി ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തില്‍ പാശ്ചാത്യശക്തികളും ഇളവ് വരുത്തും. 2014 മേയ് വരെയാണ് ഈ പ്രാഥമിക ധാരണയുടെ കാലാവധി.
ഐക്യരാഷ്ട്രസഭാ രക്ഷാസമിതി സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ജര്‍മ്മനിയുമാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ഇറാനുമായി നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. നാലു ദിവസമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു പശ്ചിമേഷ്യന്‍ ശക്തിയായ ഇറാനും പാശ്ചാത്യ ശക്തികളും തമ്മില്‍ ധാരണയില്‍ എത്തിച്ചേര്‍ന്നത്. ജനീവയില്‍ ഈ മാസമാദ്യം നടന്ന ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. സമ്പുഷ്ടീകരണ പദ്ധതി നിര്‍ത്തിവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് 2006-ല്‍ രക്ഷാസമിതി ഇറാന് മേല്‍ വിവിധ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയത്.
യുറാനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം ധാരണ അംഗീകരിക്കുന്നു. എന്നാല്‍ ഇത് അഞ്ച് ശതമാനം വരെ മാത്രമേ പാടുള്ളൂ. ആണവായുധ നിലവാരത്തിലുള്ള 20 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറാനിയം പെട്ടെന്ന് ആയുധമാക്കി മാറ്റാന്‍ പറ്റാത്ത നിലവാരത്തിലേക്ക് കുറയ്ക്കണം. ധാരണയുടെ ആറുമാസ കാലയളവില്‍ അധികമായി സമ്പുഷ്ടീകരണ നടപടികള്‍ സ്വീകരിക്കാനും പാടില്ല. ഇറാന്റെ നടാന്‍സ്, ഫോര്‍ദോ ആണവനിലയങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാമെങ്കിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷകര്‍ക്ക് സന്ദര്‍ശനത്തിന് അനുവാദം നല്‍കണം. അറാക്ക് നിലയത്തിലെ പ്രവര്‍ത്തനങ്ങളും പ്ലൂട്ടോണിയം ഗവേഷണങ്ങളും ഇറാന്‍ നിര്‍ത്തിവെക്കും.
ഇറാന്റെ പക്കല്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം പാശ്ചാത്യ ശക്തികള്‍ പരിമിതമായി നീക്കും. ഏകദേശം 150 കോടി ഡോളര്‍ വരുമാനം ഇറാന് എണ്ണ കയറ്റുമതി പുനരാരരംഭിക്കുന്നതിലൂടെ ലഭ്യമാകും. സ്വര്‍ണ്ണം, വാഹനമേഖല, ബാങ്കിംഗ് എന്നിവയിലെ നിയന്ത്രണങ്ങളും ഇളവ് വരുത്തും. 700 കോടി ഡോളറിന്റെ ആശ്വാസമാണ് ഈ നടപടികളിലൂടെ ഇറാന് ലഭിക്കുക. 10,000 കോടി ഡോളര്‍ വരുന്ന വിദേശനാണ്യ ശേഖരത്തില്‍ 420 കോടി ഡോളര്‍ ഇറാന് ലഭ്യമാക്കും. എന്നാല്‍, യൂറോപ്യന്‍ ബാങ്കുകളില്‍ മരവിപ്പിച്ചിരിക്കുന്ന 1000 കോടി ഡോളറും ചൈന, ഇന്ത്യ, ജപ്പാന്‍ ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 5000 കോടി ഡോളറിന്റേയും കാര്യത്തിലെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
എണ്ണ കയറ്റുമതിയെ പ്രധാനമായും ആശ്രയിക്കുന്ന ഇറാന്റെ സാമ്പത്തിക വ്യവസ്ഥയില്‍ നേരിയ ആശ്വാസം നല്‍കാന്‍ ഈ ധാരണയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജൂണില്‍ ഹസന്‍ റൂഹാനി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇറാന്റെ പാശ്ചാത്യ ശക്തികളുമായുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടായത്.