ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് പ്രമുഖ ലോകശക്തികളും ഇറാനും തമ്മില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ യോജിച്ചുള്ള തീരുമാനത്തിലെത്താനായില്ല. ഇറാനുമായുള്ള ആറുരാഷ്ട്ര ചര്‍ച്ച പിന്നീട് തുടരുമെന്ന് ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് ഞായറാഴ്ച പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ ഇളവ് വരുത്തുന്നതിനായി ആണവപദ്ധതിയുടെ ഏതൊക്കെ ഘട്ടങ്ങള്‍ മരവിപ്പിക്കണം എന്നതാണ് പ്രധാന തര്‍ക്കവിഷയം. ജെനീവയില്‍ വ്യാഴാഴ്ച മുതല്‍ ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. ശനിയാഴ്ച രാത്രി വൈകിയും മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും യോജിപ്പില്‍ എത്താനായില്ല.
ചര്‍ച്ച തുടരുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി കാതറിന്‍ ആഷ്ടണ്‍ അറിയിക്കുമെന്ന് ഫാബിയസ് പറഞ്ഞു. ഫ്രാന്‍സിന് പുറമേ ബ്രിട്ടണ്‍, ജര്‍മനി, റഷ്യ, ചൈന, യു.എസ് എന്നീ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.