വെള്ളിയാഴ്ച രാത്രി അതിര്‍ത്തി സൈനികര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളായ 16 വിമതരെ തൂക്കിലേറ്റിയതായി ഇറാന്‍ അറിയിച്ചു. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നുണ്ടായ തെക്കുപടിഞ്ഞാറന്‍ ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലെ സരവാന്‍ മേഖലയിലാണ് അക്രമം നടന്നത്. പാകിസ്താന്‍ അതിര്‍ത്തിക്കകത്ത് നിന്നായിരുന്നു ആക്രമണമെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശനിയാഴ്ച കാലത്താണ് സരവാനിലെ ആക്രമണത്തിനും ഉത്തരവാദികളായ അതിര്‍ത്തി സൈനികരുടെ രക്തസാക്ഷിത്വത്തിനും ഉത്തരവാദികളായ “തീവ്രവാദി”കളെ തൂക്കിലേറ്റിയതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. വിചാരണ സംബന്ധിച്ച വിശദാംശങ്ങള്‍ അധികാരികള്‍ വെളിപ്പെടുത്തിയില്ല. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജൈഷ് ഉല്‍ അദല്‍ എന്ന ഷിയാ വിരുദ്ധ വിഘടനവാദ സംഘടനയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ ആരോപിക്കുന്നു.
അതേസമയം വെള്ളിയാഴ്ചയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം സംബന്ധിച്ച് അവ്യക്തതയുണ്ട്. 14 പേര്‍ കൊല്ലപ്പെട്ടതായാണ് ഐ.ആര്‍.എന്‍.എ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും 17 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ പിന്നീട് തിരുത്തി. 20 പേര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയായ റൂയിട്ടെഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഷിയാ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാനിലെ സുന്നി മുസ്ലിം വിഭാഗത്തിന് മുന്‍തൂക്കമുള്ള പ്രവിശ്യയാണ് സിസ്താന്‍-ബലൂചിസ്താന്‍. തെഹ്‌റാന്‍ വിവേചനം കാണിക്കുന്നു എന്നാരോപിച്ച് പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങള്‍ ഈ മേഖലയില്‍ ശക്തമാണ്. പാകിസ്താനും അഫ്ഗാനിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന ഈ പ്രവിശ്യ മയക്കുമരുന്ന് കടത്തുകാരുടെ കേന്ദ്രം കൂടിയാണ്.