Skip to main content

മരടിലെ ഫ്ളാറ്റ് പൊളിച്ച കമ്പനികള്‍ മലയാളികളുടെ ബിഗ്സല്യൂട്ട് അര്‍ഹിക്കുന്നു. ഒന്നാമതായി പൊളിക്കലിന്റെ കൃത്യതയുടെ പേരില്‍. ദശകങ്ങളായി മലയാളിക്ക് ബോധ്യപ്പെടാതിരിക്കുന്ന എഞ്ചിനീയറിങ്ങിന്റെയും സാങ്കേതിക വിദ്യയുടെയും മികവിന്റെ മകുടോദാഹരണത്തിന് രണ്ടാമത്തെ സല്യൂട്ട്. ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേട്ടപ്പോള്‍ എങ്ങനെ ഇത് പൊളിക്കും എന്നാലോചിച്ച് മലയാളി ഒന്ന് ഞെട്ടിയിരുന്നു. മാസങ്ങള്‍ വേണ്ടിവരില്ലേ എന്ന ചിന്തയായിരുന്നു ആദ്യമുണ്ടായിരുന്നത്. മാസങ്ങള്‍ പോയിട്ട് അഞ്ച് സെക്കന്റുകൊണ്ട് മലയാളിയുടെ മുന്നില്‍ ഫ്ളാറ്റിനെ പൊടിച്ച് കാണിച്ചതിന് മൂന്നാമത്തെ സല്യൂട്ട്. അനധികൃത നിര്‍മ്മാണങ്ങള്‍ ഇനിയും കണ്ടെത്തിയാല്‍ നിസ്സാരമായി സെക്കന്റുകള്‍ കൊണ്ട് പൊളിക്കാമെന്ന ബോധവും ബോധ്യവും സമ്മനിച്ചതിന് നാലാമത്തെ സല്യൂട്ട്

ഇങ്ങനെ ബിഗ് സല്യൂട്ടുകളുടെ ബഹുനിലകള്‍ മരട് ഫ്ളാറ്റ് പൊളിക്കലില്‍ ഏര്‍പ്പെട്ടിരുന്ന ഓരോ കമ്പനിയും അര്‍ഹിക്കുന്നു. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും നിലവിലെ എഞ്ചിനീയര്‍മാര്‍ക്കും സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും മരട് ഫ്ളാറ്റ് പൊളിക്കല്‍ ഓട്ടേറെ വിജ്ഞാനവും അവസരങ്ങളും പകര്‍ന്ന് നല്‍കുന്നുണ്ട്. ഇത്ര കൃത്യതയോടെ കെട്ടിടങ്ങള്‍ പൊളിക്കാമെന്ന് കാണിച്ചു തന്നിട്ടുള്ളത് പുതിയ നിയമനിര്‍മ്മാണത്തിനും സാധ്യത നല്‍കുന്നു.

വലിയ ആഘാതമോ സമയാധിക്യവും ചെലവും ഇല്ലതെ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ചെറുതും വലുതുമായ കെട്ടിടങ്ങള്‍, അല്ലെങ്കില്‍ കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ഈ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഒരു കാര്യത്തില്‍ മാത്രമേ സംശയം അവശേഷിക്കുന്നുള്ളൂ കേരളത്തില്‍ എന്ത് നടന്നാലും അതില്‍ അഴിമതിയും കൈയിട്ടുവാരലും സ്വാഭാവികമാണ്. പാലാരിവട്ടം പാലത്തിനെ ഇക്കൂട്ടത്തില്‍ ഒന്ന് ഓര്‍ക്കാം. മരട് ഫ്ളാറ്റ് പൊളിക്കലില്‍ എഞ്ചിനീയറിങ് വൈദഗ്ധ്യം പാഠപുസ്തത കൃത്യതയടോ ഉപയോഗിച്ചതാണ് അതില്‍കണ്ട വിജയം. 45 ഡിഗ്രി ചരിഞ്ഞുപതിക്കുമെന്ന പൊളിക്കല്‍ കമ്പനിയുടെ അറിയിപ്പ് ഹോളിഫെയ്ത് എച്ച്.ടു.ഒ പൊളിഞ്ഞുവീഴുന്നതിലൂടെ കാണികള്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വൈദഗ്ധ്യമാര്‍ന്ന പ്രയോഗവും ഈ കൃത്യതയ്ക്ക് കാരണമായിട്ടുണ്ട്. അഴിമതിയും സ്വജനപക്ഷപാതവുമൊന്നും ഇല്ല എങ്കില്‍ ഇതേ കൃത്യതയോടെ നമ്മുടെ പാലങ്ങളും നിരത്തുകളും ലഭ്യമാകുമെന്നും മരട്ഫ്ളാറ്റ് പൊളിക്കല്‍ ഓരോ മലയാളിയെയും ഓര്‍മ്മിപ്പിക്കുന്നു. 

 

മികവും അതിന്റെ പ്രയോഗവും തമ്മിലുള്ള ദൂരമാണ് മരട് ഫ്ളാറ്റുകള്‍ പൊളിച്ച രീതിയും മരട് ഫ്ളാറ്റുകള്‍ ഉയരാന്‍ കാരണമായതും മലയാളിക്ക് മുമ്പില്‍ അളന്ന് കുറിച്ച് കാണിക്കുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും മുഖ്യശാപം ഈ ദൂരമാണ്. അല്ലെങ്കില്‍ കൃത്യതയോടെ സാങ്കേതിക വിദ്യകള്‍ പറയന്നുപോലെ പ്രവര്‍ത്തിപ്പിച്ചാല്‍ ജനജീവിതത്തിനുണ്ടാകുന്ന ഗുണപരമായ മാറ്റം ചെറുതല്ല. കൊച്ചി മെട്രോയും പാലാരിവട്ടം പാലത്തിന്റെ പശ്ചാത്തലത്തില്‍ മലയാളിയെ ഇത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇങ്ങനെ മലയാളിയുടെ കണ്ണ് തുറപ്പിക്കുന്ന അനേകം പാഠങ്ങള്‍ നല്‍കിയ മരട് ഫ്ളാറ്റ് പൊളിക്കലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധര്‍ക്കും അവര്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും ഒരിക്കല്‍ കൂടി ഒരു ബിഗ് ബിഗ് സല്യൂട്ട്. 

Ad Image