ജോളിക്കും മരടിനും തമ്മില്‍ എന്താണ് ബന്ധം. പ്രത്യക്ഷത്തില്‍ ഒന്നുമില്ല. ജോളിക്കവിടെ ഫ്‌ലാറ്റുമില്ല. എന്നാല്‍ ജോളിയായി ജീവിക്കാന്‍ വേണ്ടിയുള്ള മലയാളിയുടെ സുഖസങ്കല്പത്തിന്റെ ഗോപുരമാണ് മരട് ഫ്‌ലാറ്റുകള്‍. കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ ജോളി പോലീസിനോട് സമ്മതിച്ചിരിക്കുന്നു താന്‍ ചെയ്ത കൊലപാതകങ്ങള്‍ സുഖത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്ന്. ജോളി ഒരുപക്ഷെ ആറോ അതിലേറെയോ കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ടാവും.ജോളി ഇവിടെ കൃത്യമായി പ്രതിസ്ഥാനത്ത് വരുന്നു. ജോളി തന്റെ ജീവിത ദുരന്തത്തിന്റെ നടുവില്‍ നിന്ന് കൊണ്ടാണ് സുഖകാംഷിയായി ഈ ക്രൂരതകളില്‍ ഏര്‍പ്പെട്ടത്. തകര്‍ന്ന ദാമ്പത്യം ശിഥിലമായ കുടുംബം സാമ്പത്തികമായ പരാധിനത തുടങ്ങി ഒരു വിഷാദ രോഗിയെ സൃഷ്ട്ടിക്കുന്ന അവസ്ഥയില്‍ നിന്ന് കൊണ്ടാണ് ജോളി സുഖത്തെ ലക്ഷ്യമാക്കി പോലീസ് പറയുന്നത് ശരിയാണെങ്കില്‍ ഒന്നൊന്നായി കൊലകള്‍ നടത്തിയത്. എന്നാല്‍ ജലാശയത്തെ നികത്തി നാഭി തകര്‍ത്തെന്ന പോലെ മരടിലെ ഫ്‌ലാറ്റുകള്‍ ഉയര്‍ത്തിയത് സുഖാധിക്യ ആസ്വാദന ലക്ഷ്യത്തോടെ ആയിരുന്നു. പ്രകൃതിയെ ഈ വിധം കൊന്നും ക്രൂശിച്ചും നടപ്പിലാക്കിയ മരട് മാതൃക വികസന സങ്കല്പമാണ് 2018 പ്രളയത്തില്‍ കേരളം മുങ്ങിയതും 500 ഓളം മനുഷ്യരുടെ ജീവന്‍ നഷ്ടമായതും. ഒരു വ്യത്യാസം മാത്രം മരട് വിഷയത്തില്‍ ജോളിയെ പോലെ കയ്യാമം വെച്ച് പ്രതിയെ അകത്തിടാന്‍ പറ്റില്ലെന്ന് മാത്രം. ജോളിയെയും മരട് ഫ്‌ലാറ്റ് നിര്മാതാക്കളെയും വന്‍ വില കൊടുത്ത് അത് വാങ്ങിയ ഉടമസ്ഥരെയും ഒരേ സുഖസങ്കല്പമാണ് നയിച്ചത്. ആ സുഖസങ്കല്പത്തിലേക്ക് എത്തി പെടാനുള്ള കുറുക്ക് വഴികളിലാണ് ജോളി ഏര്‍പ്പെട്ടത്. ജോളി നിര്‍മിച്ച വ്യാജ ഒസ്യത്തിനെക്കാള്‍ ഗുരുതരമായ കൊടിയ കുറ്റകൃത്യങ്ങളാണ് മരട് ഫ്‌ലാറ്റ് നിര്‍മിക്കുന്നതിനുള്ള അനുമതി ലഭ്യമായതില്‍ മരട് നഗര സഭയിലെ അധികൃതരും ഉദ്യോഗസ്ഥരും രാഷ്ട്രിയ നേതാക്കളും ഫ്‌ലാറ്റുനിര്‍മ്മാതാക്കളും കൂട്ട് ചേര്‍ന്ന് നടത്തിയത്. ആ കൂട്ടായ്മയാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം ഉണ്ടാവുന്നത് വരെ മരട് ഫ്‌ലാറ്റ് പൊളിക്കാതിരിക്കുന്നതിലേക്ക് കേരളം സാക്ഷ്യം വഹിച്ച കൂട്ട് ശ്രമവും സര്‍വകക്ഷി യോഗവുമെല്ലാം നടത്തിയത്. ജോളിയായ ജീവിതത്തിന്റെ പേരില്‍ കേരളത്തിലിനി ഇത്തരം മാതൃകകള്‍ താങ്ങാനാവില്ല എന്ന് പറഞ്ഞാണ് അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ രക്ഷയ്‌ക്കെന്ന പോലെ സുപ്രീം കോടതി പ്രത്യക്ഷപ്പെട്ടത്. ഇപ്പോളും കേരള സര്‍ക്കാരിന്റെയോ രാഷ്ട്രിയ നേതൃതത്തിന്റെയോ വികസന സങ്കല്പ ബിംബം മരട് മാതൃക തന്നെ. കേരള ബാങ്കിന് ആര്‍ ബി ഐ യുടെ അനുമതി ലഭിച്ചപ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണം അത് കേരളത്തിന്റെ വികസനത്തെ അത് ത്വരിതപ്പെടുത്തും എന്നാണ്.മരട് മാതൃക വികസന സങ്കല്പമാണ് സര്‍ക്കാരിനെ നയിക്കുന്നതിയെങ്കില്‍ കേരള ബാങ്കും കേരളവികസനവും കേരളത്തിന്റെയും മലയാളിയുടെയും നാശത്തിന് കാരണം ആവില്ലേ എന്നത് ന്യായമായ സംശയം അല്ലേ. വ്യക്തിയുടെ ജീവിതം ആണെങ്കിലും സംസ്ഥാനത്തിന്റെ വികസനം ആണെങ്കിലും നിലവിലുള്ള മുഖ്യധാരാ സങ്കല്‍പം അപകടം വിളിച്ചു വരുത്തും എന്ന് കൂടത്തായി ജോളിയും മരട് ഫ്‌ലാറ്റും മലയാളിയെയും ലോകത്തെയും ഒരേസമയം ഓര്‍മിപ്പിക്കുന്നു.