Skip to main content

നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും വളരാന്‍ അവസരമൊരുക്കുന്നത് മോദി വിദ്വേഷമാണ്. ചരിത്രത്തിന്റെ ഇരുണ്ട അറകളിലേക്ക് പിന്‍വാങ്ങുമായിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ഇന്ദ്രപ്രസ്ഥത്തിലെത്തിക്കാന്‍ കാരണമായത് മോദി വിദ്വേഷമാണ്. എപ്പോഴെല്ലാം മാധ്യമങ്ങളാലും ബുദ്ധിജീവികളാലും നിശിതമായി ആക്രമിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം പതിന്മടങ്ങ് ശക്തിയാര്‍ജ്ജിക്കുന്ന മോദിയെയാണ് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യ കാണുന്നത്. മതാടിസ്ഥാനത്തില്‍ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്നതുതന്നെയാണ് അമിത് ഷായുടെയും ബി.ജെ.പി സര്‍ക്കാരിന്റെയും ലക്ഷ്യം. അക്കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഒറ്റ അജണ്ടയിലാണ്. അതാകട്ടെ മോദി വിരുദ്ധതയും. ഓരോ വിഷയങ്ങള്‍ വീണുകിട്ടുമ്പോഴും പ്രതിപക്ഷവും മാധ്യമങ്ങളും ബുദ്ധിജീവികളും ആ വിഷയങ്ങളെ മോദിയെ അടിക്കാന്‍ വേണ്ടിയാണ് പ്രയോഗിക്കുന്നത്. മറിച്ച് ആ വിഷയത്തിനോടുള്ള പ്രതിബദ്ധതയോ ആ വിഷയം മൂലം ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കുകയോ അല്ല ലക്ഷ്യമിടുന്നത്. ഇതാണ് മോദിക്കും ബി.ജെ.പിക്കും സഹായകമായി മാറുന്ന ഘടകം. 

പ്രത്യക്ഷത്തില്‍ മാധ്യമങ്ങളിലൂടെ നോക്കുമ്പോള്‍ രാജ്യവ്യാപകമായ പോക്ഷോഭം കത്തിക്കയറുന്നതായി അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പുറത്ത് ഇന്ത്യയില്‍ ഈ പ്രക്ഷോഭങ്ങള്‍ നേതൃത്വമില്ലാത്ത ചിന്നിച്ചിതറിയ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. മുസ്ലീം വിഭാഗത്തിന്റെ ഭീതി അകറ്റുകയോ, അവര്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുകയോ അല്ല ഈ പ്രക്ഷോഭങ്ങളുടെയും പ്രതിഷേധത്തിന്റെയും ലക്ഷ്യം. അങ്ങിനെയായിരുന്നെങ്കില്‍ ചുരുങ്ങിയ പക്ഷം ചെറിയ രീതിയിലെങ്കിലും ഏകോപിതമായ പ്രക്ഷോഭമോ സമരമുറയോ അരങ്ങേറുമായിരുന്നു.

കേരളത്തിലെ അവസ്ഥ തന്നെ ഉദാഹരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹമിരുന്നപ്പോള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും പൊട്ടിത്തെറി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പ്രഖ്യാപിച്ചു , ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരപരിപാടിക്കും തങ്ങളില്ല എന്ന്. മാത്രമല്ല ബി.ജെ.പിയെയും ഇടതുപക്ഷത്തെയും ഒരേ ഫാസിസ്റ്റ് നുകത്തിന്റെ കീഴില്‍ കെട്ടാനും മുല്ലപ്പള്ളി മറന്നില്ല. ഈ വിഷയത്തില്‍ കേരളം ഭരണ പ്രതിപക്ഷ ഭേദമന്യേ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെയും മറ്റ് മുസ്ലീംലീഗ് നേതാക്കളുടെയും അഭിപ്രായം ദിനരോദനം പോലെയാണ് കേള്‍ക്കേണ്ടി വന്നത്. ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും മുസ്ലീം സമൂഹത്തിനോട് കാണിക്കുന്ന നീതികേടിനേക്കാള്‍ കൊടിയ അനീതിയാണ് പ്രതിപക്ഷവും ബുദ്ധിജീവികളും മാധ്യമങ്ങളും ഇന്ത്യയിലെ മുസ്ലീം സമുദായത്തോട് കാട്ടുന്നത്. കാരണം ഇവര്‍ രക്ഷകരെന്ന് ചമഞ്ഞ് അവരെ ഉപയോഗിച്ച് മോദിയെ ദുര്‍ബ്ബലമായ രീതിയില്‍ അടിക്കാന്‍ ഉപയോഗിക്കുന്നു. 

Ad Image