Skip to main content

 hartal

ഡിസംബര്‍ 17ന് കേരളത്തില്‍ ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള  ഹര്‍ത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ബലപരീക്ഷണം കൂടിയാകുന്നു. 17ലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഏതാനും ചില മുസ്ലീം സംഘടനകളാണ്. പൗരത്വ ഭേദഗതി നിയത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലാഹ്വാനം. ഈ സംഘടനകള്‍ തീവ്രവാദ സ്വഭാവമുള്ളവരാണെന്നാണ് കാന്തപുരം എ.പി അബുബക്കര്‍ മുസലിയാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും രഹസ്യാന്വേഷണ വിഭാഗം ഏറെ നാളായി റിപ്പോര്‍ട്ടു ചെയ്യുന്ന വസ്തുത കൂടിയാണ് കാന്തപുരം ആവര്‍ത്തിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്ത് സംഘര്‍ഷവും ആശങ്കകളും സൃഷ്ടിച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പൊതുസ്വീകാര്യതയുള്ള വിഷയങ്ങളുണ്ടാകുമ്പോള്‍ അത്തരം ഫലഭൂയിഷ്ടമായ അന്തരീക്ഷം മുതലെടുത്തുകൊണ്ടാണ് തീവ്രവാദസ്വഭാവമുള്ള മുസ്ലീം സംഘടനകള്‍ കേരളത്തെ തങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ എന്‍.ഡി.എ ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരാണ്. ആ അന്തരീക്ഷത്തെയാണ് ഈ സംഘടനകള്‍ ചൂഷണം ചെയ്ത് തങ്ങള്‍ക്ക് ജനമധ്യത്തിലേക്കിറങ്ങി അംഗീകാരത്തോടെ തങ്ങളുടെ തീവ്രവാദ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ഇവര്‍ ഹര്‍ത്താല്‍ നടത്തുന്നതിനാധാരമായി ഉന്നയിച്ചിരിക്കുന്ന വിഷയത്തെ ഇവിടുത്തെ ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ എതിര്‍ക്കാനാകില്ല. എന്നാല്‍ അവരുടെ പ്രതിഷേധം ആത്മാര്‍ത്ഥതയില്ലാത്തതും തങ്ങളുടേതുമാത്രമാണ് ആര്‍ജ്ജവമുള്ള പ്രതികരണമെന്നും വരുത്തിത്തീര്‍ത്ത് മുസ്ലീം സമുദായത്തിനുള്ളില്‍ സ്വീകാര്യത നേടിയാണ് ഇത്തരം സംഘടനങ്ങള്‍ വളരുന്നത്. ഈ സമീപനം മുസ്ലീം ലീഗിനെപ്പോലും വെട്ടിലാക്കി. മുസ്ലീങ്ങളെ ബാധിക്കുന്ന കാതലായ പല വിഷയങ്ങളിലും അവര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ തീവ്രവാദ സംഘടനകള്‍ വിജയിച്ചു. തുടര്‍ന്ന് പല വിഷയങ്ങളിലും മുസ്ലീംലീഗിനു പോലും തീവ്ര സ്വഭാവം സ്വീകരിക്കേണ്ടി വന്നു.

കാന്തപുരം എ.പി അബുബേക്കര്‍ മുസലിയാര്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തവരെ തീവ്രവാദ സംഘടക്കാര്‍ എന്നു വിശേഷിപ്പിച്ച  സ്ഥിതിക്ക് അവര്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്. ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കപ്പെടുന്ന അലസമായ സമീപനമാണ് കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്ക്ക് വളവും വെള്ളവും നല്‍കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ഡിസംബര്‍ 17ലെ ഹര്‍ത്താലിനോട് സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുന്നു എന്നത് കാണാന്‍ കേരളം കാത്തിരിക്കുന്നു.

Ad Image