Skip to main content

Jolly and Malayalee

ജോളി മലയാളിയും, മലയാളി ജോളിയുമായി മാറിയിരിക്കുന്നു. വ്യാഴാഴ്ച രാവിലെ ജോളിയെ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകാനായി പോലീസ് പുറത്തേക്കിറക്കി. ആ പോലീസ് വാഹനം മാധ്യമപ്പട വളഞ്ഞു. എന്നിട്ട് ജോളിയോട് ആണ്‍-പെണ്‍ ഭേദമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യശരങ്ങളെയ്തു. 

മാധ്യമങ്ങളുടെ റിപ്പോര്‍ട്ടു പ്രകാരം ജോളി ആറ് കൊലപാതകങ്ങള്‍ ഇതിനകം ചെയ്തു കഴിഞ്ഞു. ഇനിയും അനേകം കൊലപാതകങ്ങള്‍ ജോളി ചെയ്തതായി സൂചന നല്‍കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ അത്രയും ഭീകരമാനസികാവസ്ഥയുള്ള ജോളിയില്‍ നിന്ന് എന്താണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ജോളീീീ...... എന്ന വിളി തന്നെ കേള്‍ക്കേണ്ടതായിരുന്നു.

അവര്‍ എന്തുകൊണ്ട് ജോളിയെ പൊതിയുന്നു. കാരണം ഓരോ മലയാളിയും ജോളിയെ കാണാനും കേള്‍ക്കാനും കാത്തിരിക്കുകയാണ്. ജോളിയുടെ കഥ കേള്‍ക്കാന്‍ ദാഹാര്‍ത്തരായ അവസ്ഥയിലാണ് ഇന്നിപ്പോള്‍ മലയാളി. അതാണ് ചാനലുകള്‍ ഇത്ര മത്സരിച്ച് ജോളിക്കഥകള്‍ ജോളിയായി വിളമ്പുന്നത്. 

 ഒരു നിമിഷം ആ മാധ്യമപ്രവര്‍ത്തകരുടെ മാനസികാവസ്ഥയില്‍ നിന്ന് മാറി നിന്ന് ഒന്ന് ചിന്തിക്കാം. ജോളി ഇപ്പോഴും കുറ്റാരോപിതയാണ്. എന്നിരുന്നാലും അവര്‍ തന്നെയാണ് ഈ കൊലപാതകങ്ങള്‍ നടത്തിയതെന്ന് കരുതാം. അങ്ങനെയെങ്കില്‍ അവര്‍ ഒരു കൊടും കുറ്റവാളിയാണ്. ആ കൊടും കുറ്റവാളിയുടെ പ്രതികരണം പ്രേക്ഷകര്‍ അറിയേണ്ടതിന്റെ ആവശ്യകത എന്താണ്?  അവരെ നിയമത്തിന്റെ വഴിയിലൂടെ പോലീസ് നടത്തിക്കുന്നു. പോലീസ് വിപുലമായ അന്വേഷണസംഘത്തെയും നിയോഗിച്ചു കഴിഞ്ഞു. ഒരു കൊലപാതകത്തില്‍ മാത്രമാണ് പോലീസിന് ജോളിയെ പ്രതിയാക്കാന്‍ ( കുറ്റപത്രം തയ്യാറാക്കാന്‍ അപര്യാപ്തമെങ്കിലും) അല്പമെങ്കിലും സാഹചര്യത്തെളിവുകള്‍ കിട്ടിയിട്ടുള്ളത്. 

പക്ഷേ മലയാളി എല്ലാം മറന്ന് ജോളിയെ ആസ്വദിക്കുകയാണോ, അതോ വിവരമറിയാന്‍ ചാനലുകളിലേക്കു നോക്കുകയോ, പത്രങ്ങള്‍ വായിക്കുകയാണോ ചെയ്യുന്നത്? ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. സത്യസന്ധമായി ഓരോ മലയാളിയും സ്വയം ഈ ചോദ്യം ചോദിച്ചിട്ട് ഉത്തരം സ്വയം പറയാന്‍ ശ്രമിക്കുക. 

വിവരമറിയാനാണെങ്കില്‍ ഇത്ര ആകാംക്ഷയും വൈകാരികതയും ആവശ്യമില്ല. മറിച്ച് ജോളിയെ ആസ്വദിക്കുകയാണെങ്കില്‍ മനസ്സിലാക്കുക, ആസ്വദിക്കുന്നവര്‍ അവരറിയാതെ സ്വയം വിനാശകരമായ വൈകാരികക്കെണിയില്‍ പെട്ടിരിക്കുന്നു എന്ന്. കാരണം സെക്‌സ്, കൊല, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയിലേക്ക് ജോളിയെ ആസ്വദിക്കുന്നവര്‍ എത്തിക്കഴിഞ്ഞു. ജോളിയെ ഇത്തരം കുറ്റകൃത്യത്തിലേക്ക് നയിച്ചതും ഇത്തരം സ്വഭാവശകലങ്ങളുടെ സാന്ദ്രീഭവിച്ച ഘടകങ്ങളാണ്. ജോളി ചെയ്തുവെന്ന് പറയപ്പെടുന്ന കുറ്റകൃത്യങ്ങളെ ചെറിയ തോതില്‍ ആസ്വദിക്കുന്നവരും അവരറിയാതെ ജോളിയുടെ അവസ്ഥയിലേക്ക് എത്തപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

(തുടരും)....

Ad Image