കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത് ഇപ്പോൾ സെക്രട്ടേറിയറ്റിനെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുന്നു. പ്രതിപക്ഷത്തുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനകൾ പ്രത്യക്ഷ സമരത്തിലും ഭരണകക്ഷിയെ അനുകൂലിക്കുന്നവർ പരോക്ഷ സമരത്തിലും. ഐ.എ.എസ്സുകാരുടെ ഫലത്തിലുള്ള നിസ്സഹകരണം കൂടിയായപ്പോൾ സെക്രട്ടേറിയറ്റിന്റെ സ്തംഭനം പൂർണ്ണമായി. കോൺഗ്രസ് പാർട്ടി പോലും ഈ വിഷയത്തെ വെറും കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണുന്നുള്ളുവെന്നത് പരിതാപകരമായ അവസ്ഥയാണ്. വി.എസ് അച്യുതാനന്ദൻ അദ്ധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷന്റെ പരിഗണനയ്ക്കായി ഈ വിഷയം വിടണമെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷന് വി.എം സുധീരൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ താൽപ്പര്യത്തിന് മുൻഗണന നൽകുന്നതിനു പകരം ജീവനക്കാരുടെ സങ്കുചിത താൽപ്പര്യത്തിനും രാഷ്ട്രീയമായി തങ്ങൾക്ക് നേട്ടമുണ്ടാക്കുന്നതിനും മാത്രം അദ്ദേഹം പരിഗണന നൽകിയതിനാലാകാം അവ്വിധം അഭിപ്രായപ്പെട്ടത്.
സെക്രട്ടേറിയറ്റിന്റെ പൊതുസ്വഭാവം എന്നത് ജീവിതം നിർണ്ണയിക്കപ്പെടുന്ന ഫയലുകൾ നടപടിക്രമങ്ങളിലിട്ട് പരമാവധി താമസിപ്പിക്കുക എന്നതാണ്. അതാണ് ഗുമസ്ത സംസ്കാരം. അതിനാൽ ഫയലുകളിൽ തീർപ്പു കൽപ്പിക്കൽ വൈകുന്നു. അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുന്ന ഒരാൾ ജോയിന്റ് സെക്രട്ടറിയായോ അഡീഷണൽ സെക്രട്ടറിയായോ ഒക്കെയാണ് സർവ്വീസിൽ നിന്ന് വിരമിക്കുക. ഇതാകട്ടെ ഉയർന്ന തസ്തികയാണ്. ഐ.എ.എസുകാർ കഴിഞ്ഞാൽ ഉയർന്ന തസ്തികയിലുള്ള ഭൂരിഭാഗം പേരും അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച് ഉയർന്ന തസ്തികയിലെത്തിയവരാണ്. ഇവർ ജോയിന്റ് സെക്രട്ടറിയായാലും അഡീഷണൽ സെക്രട്ടറിയായാലും അവരെ നയിക്കുന്ന പ്രമുഖ സംസ്കാരം അസിസ്റ്റന്റ് സംസ്കാരം തന്നെ. ഫയലിലെ ഉള്ളടക്കത്തിലെ നിജസ്ഥിതി മനസ്സിലാക്കി ചട്ടങ്ങൾക്കകത്തു നിന്നു കൊണ്ട് എങ്ങനെ തീർപ്പുകൽപ്പിക്കാം എന്നതിന് മുൻഗണന നൽകുന്നതിനു പകരം തങ്ങളുടെ മുന്നിലുള്ള ഫയലുകൾ അണുവിട വ്യത്യാസമില്ലാതെ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നായിരിക്കും നോക്കുക. തങ്ങൾ തീർപ്പുകൽപ്പിക്കേണ്ട ഫയലുകളാണെങ്കിൽ അവ മുകളിലേക്ക് അയച്ച് സ്വയം തടി രക്ഷപ്പെടുത്തുന്ന പ്രവണതയും സർവ്വവ്യാപകമാണ്. ഈ അസിസ്റ്റന്റ് സംസ്കാരവുമായി അണ്ടർ സെക്രട്ടറി മുതലുള്ള മധ്യനിര ആരംഭിക്കുകയായി. ഇതാണ് ഫയലുകൾ സെക്രട്ടേറിയറ്റിൽ നിദ്രയിലാകാൻ കാരണം.
സർക്കാർ പദ്ധതികൾ ഇഴഞ്ഞു നീങ്ങാനും കാരണം ബൃഹത്തായ, ചലനാത്മകമല്ലാത്ത സെക്രട്ടേറിയറ്റിലെ ഈ മധ്യനിരയാണ്. ഈ മധ്യനിരയിലേക്ക് ചലനാത്മകത കൊണ്ടുവരികയാണ് കെ.എ.എസ്സ് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. അതാകട്ടെ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അർഹമായ പ്രാതിനിധ്യം നൽകിക്കൊണ്ടുമായിരിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്. എന്നാൽ ഉറഞ്ഞു പോയ ഗുമസ്ത സംസ്കാരം മാറ്റാൻ അനുവദിക്കുകയില്ലെന്ന വാശിയിലാണ് ജീവനക്കാർ. യഥാർഥത്തിൽ സർക്കാരിനെതിരെയല്ല ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മറിച്ച് സാമാന്യജനത്തിനെതിരെയാണ്. ഇതാണ് വി.എം സുധീരനും കാണാതെ പോകുന്നത്. ഇതുവരെ തങ്ങൾക്ക് ഇരിക്കാനിടവും ശമ്പളവും കിട്ടിയില്ലെന്നു പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കുന്ന കമ്മീഷന്റെ പരിഗണനയ്ക്കു വിടണമെന്നു പറയുമ്പോൾ ഇത്രയും അടിയന്തിര പ്രാധാന്യമുള്ള വിഷയത്തെ അദ്ദേഹം എങ്ങനെ സമീപിക്കുന്നു എന്നുള്ളതാണ് വ്യക്തമാകുന്നത്.
കാലത്തിനനുസരിച്ച് സെക്രട്ടേറിയറ്റ് മാറിയിരുന്നെങ്കിൽ ഏതാണ്ട് പത്തു വർഷത്തിനു മുൻപേയെങ്കിലും ഭരണ സംവിധാനം ഡിജിറ്റലൈസ് ചെയ്യപ്പെടേണ്ടതായിരുന്നു. എ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഡിജിറ്റലൈസേഷൻ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ചതും പിന്നീട് ബജറ്റിൽ തുക വകകൊള്ളിച്ചതുമാണ്. എന്നാൽ ലോകം മുഴുവൻ മാറിയിട്ടും അടിസ്ഥാനപരമായി സെക്രട്ടേറിയറ്റും വകുപ്പുകളും പോയ നൂറ്റാണ്ടിന്റെ രീതിയിൽ തന്നെ തുടരുന്നു. ഈ ഡിജിറ്റൽ യുഗത്തിൽ ഒരു സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രം ഡിജിറ്റലൈസ് ചെയ്യുന്നില്ലെങ്കിൽ അത് ജനദ്രോഹപരമാണ്. തങ്ങളുടെ തസ്തികകൾക്ക് ഊനം തട്ടിപ്പോകുമോ എന്ന ഭീതിയും ഭരണസംവിധാനം പഴയപടി തുടരുന്നതിൽ മുഖ്യ കാരണമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പാർട്ടി തന്നെ കേരളത്തിൽ തുടങ്ങി ഉറപ്പിച്ച സംസ്കാരമാണ് പൊതുതാൽപ്പര്യത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് സംഘടിത വിഭാഗത്തിന്റെ വിനാശകരമായ വിലപേശൽ. ആ സംസ്കാരം ഇപ്പോൾ അദ്ദേഹത്തിനു തന്നെ നേരിടേണ്ടി വന്നു. സെക്രട്ടേറിയറ്റ് നടപടിക്രമാധിപത്യ ഗുമസ്ത സംസ്കാരത്തിൽ നിന്ന് നിയന്ത്രണ സ്വഭാവ സംസ്കാരത്തിലേക്കു മാറിയേ തീരു. അതിലേക്കുള്ള നല്ലൊരു കാൽവയ്പ് തന്നെയാണ് കെ.എ.എസ്സ് നടപ്പിലാക്കാനുള്ള തീരുമാനം. ഈ വൈകിയ വേളയിൽ സർക്കാർ പിന്നോട്ടു മാറിയാൽ അതിന് സംസ്ഥാനം നൽകേണ്ടി വരുന്ന വില വലുതായിരിക്കും.