അടി, പൊളി ഇവ രണ്ടും വിരുദ്ധ വാക്കുകളാണ്. എന്നു വച്ചാൽ രണ്ടും നശീകരണത്തെ സൂചിപ്പിക്കുന്നു. ഈ നശീകരണ പദങ്ങൾ ചേർത്ത് മലയാളി ഉണ്ടാക്കിയ വാക്കാണ് അടിപൊളി. അടിപൊളിക്ക് എന്തെങ്കിലും അർഥം നൽകി ആദരിക്കുന്നത് മലയാളം ഔദ്യോഗികമായി ശ്രേഷ്ഠ ഭാഷയൊക്കെയായ സ്ഥിതിക്ക് കടുത്ത കൈയ്യായിപ്പോകും. അതിനാൽ അടിപൊളിയുടെ അർഥവും അടിപൊളി എന്ന് നിശ്ചയിക്കാം. ഈ അടിപൊളി രൂപം കൊണ്ട കാലത്തിൽ തടവിലായ വാക്കാണ് സദാചാരം. നല്ല കീഴ്വഴക്കങ്ങൾ തുടരുക എന്നാണ് അതിന്റെ അർഥം. എന്നാൽ ആക്ടിവിസ്റ്റുകളും അവരുടെ കാഴ്ചപ്പാട് പിന്തുടരുന്ന ചാനലുകളും മറ്റ് പ്രസിദ്ധീകരണങ്ങളും കൂടി അതിനെ മലയാളത്തിലെ ഏറ്റവും നികൃഷ്ടവാക്കാക്കി മാറ്റി. നല്ല ആചാരങ്ങളോടുള്ള പ്രതിഷേധമെന്ന നിലയ്ക്കുമാണ് ചുംബന സമരം വരെ നടത്തപ്പെട്ടത്. ലൈംഗികമായി പരസ്യമായി, സ്വതന്ത്രമായി പെരുമാറുന്നതിനുള്ള അവകാശമാണ് സദാചാരത്തിനെതിരായ സമവാക്യമെന്നും ഉറപ്പിക്കപ്പെട്ടു. അതിനാൽ ആണിനെയും പെണ്ണിനെയും പണ്ടെന്നെത്തേക്കാളും രണ്ടു ലൈംഗിക ഉപകരണങ്ങൾ മാത്രമെന്ന നിലയിൽ കാണപ്പെടുന്നതിലേക്ക് കാര്യങ്ങൾ നീങ്ങി. ആഗോളവത്ക്കരണത്തിനും സാമ്രാജ്യത്വത്തിനും പുരുഷമേധാവിത്വസമൂഹത്തിനും ഒക്കെയെതിരെ യുദ്ധത്തിനിറങ്ങിത്തിരിച്ചവർ എന്നവകാശപ്പെടുന്നവരാണ് ഈ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാലോചിക്കുമ്പോൾ ആഗോളവത്ക്കരണസ്വാമി മുകളിലിരുന്നു ചിരിക്കുന്നുണ്ടാകും.
ഒരു വ്യക്തി അടുത്തു നിൽക്കുമ്പോൾ ആ വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം പ്രവർത്തിക്കുക, മറ്റുള്ളവർക്ക് ദോഷമുണ്ടാകുന്ന വിധം സംസാരിക്കുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക, പൊതുനൻമയ്ക്ക് ചേർന്ന രീതിയിൽ ചിന്തിക്കുക, പ്രവർത്തിക്കുക, കൈ കഴുകിയിട്ട് ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിക്കുമ്പോൾ സ്വന്തം ശരീരവും പരിസരവും വൃത്തികേടാക്കാതിരിക്കുക, മാലിന്യം വലിച്ചെറിയാതിരിക്കുക, കുടിവെള്ളം വൃത്തിയായി കൈകാര്യം ചെയ്യുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, അപരന്റെ അടുത്തു ചെല്ലുമ്പോൾ അയാൾക്ക് നാറ്റമുണ്ടാകാത്ത വിധം ശരീരം ശുചിയാക്കി വയ്ക്കുക, പരസ്യമായി പൊതുസ്ഥലത്തു വച്ച് ലൈംഗിക വേഴ്ചയോ അനുബന്ധ പ്രവർത്തികളോ ചെയ്യാതിരിക്കുക, വാഹനമോടിക്കുമ്പോൾ നിയമം പാലിക്കുക എന്നിവയൊക്കെയായിരുന്നു ആക്ടിവിസ്റ്റുകളും മുട്ടൻ സ്ത്രീവിമോചനക്കാരും അവരെ പിൻപറ്റുന്ന മാദ്ധ്യമങ്ങളും സദാചാരമെന്ന വാക്കിനെ ഗുണ്ടായിസത്തോടു ചേർത്തു വയ്ക്കും വരെ സദാചാരത്തിനുണ്ടായിരുന്ന അർഥം.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അവിടുത്തെ വിദ്യാർഥിനികളായ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് നാടകം കാണാനെത്തിയ തൃശ്ശൂർ സ്വദേശി ജിജേഷ് എന്ന യുവാവിന് ഫെബ്രുവരി 10-ന് ക്രൂര മർദ്ദനമേറ്റു. എസ്.എഫ്.ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് പോലീസ് കേസ്സുമെടുത്തു. തുടർന്ന് ചാനലിൽ എസ്.എഫ്.ഐക്കാരെ ന്യായീകരിച്ചുകൊണ്ട് ഒട്ടേറെ വാദങ്ങളൊക്കെ നടക്കുകയുണ്ടായി. എന്നാൽ ഫെബ്രുവരി 13-ലെ പത്രത്തിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനുവിന്റെ പ്രസ്താവനയിലെ ഒരു ഭാഗം ഇങ്ങനെ: 'ഒരു കാലത്തും എസ്.എഫ്.ഐ സദാചാരവാദികളുടെ സംഘടനയല്ല. അത്തരത്തിൽ എന്തെങ്കിലും സദാചാരബോധവും വെച്ച് സംഘടനയിൽ നിൽക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ദയവുചെയ്ത് അവർ പുറത്തു പോകണം. അല്ലായെങ്കിൽ കൃത്യമായ പരിശോധന നടത്തുമ്പോൾ ഞങ്ങൾക്ക് നിങ്ങളെ പുറത്തേക്കു നയിക്കേണ്ടി വരും'. സാനുവിന്റെ ഫേസ്ബുക്കിലാണ് ഈ പോസ്റ്റ്. ഈ പോസ്റ്റിനുള്ള ലൈക്കിനെ മലയാളത്തിൽ അടിപൊളി എന്ന് പരിഭാഷപ്പെടുത്താമെന്നു തോന്നുന്നു.
സദാചാര ഗുണ്ടായിസം എന്ന വാക്കിന് വിപരീതം പരസ്യമായ ലൈംഗികതയ്ക്കുള്ള സ്വാതന്ത്ര്യം എന്നൊരു സ്ഥിതി വന്നുചേർന്നിട്ടുണ്ട്. ഇത് പരസ്യങ്ങളും മാദ്ധ്യമങ്ങളും സ്ത്രീശരീരത്തെ വെറും ലൈംഗിക ഉപകരണമെന്ന നിലയിലേക്ക് ചിത്രീകരിക്കുന്നതിനേക്കാൾ വേഗത്തിൽ സ്ത്രീയെയും പുരുഷനെയും ഒരേപോലെ ലൈംഗികമായി മാത്രം കാണുന്ന ശീലത്തിലേക്ക് എത്തിച്ചിട്ടുണ്ട്. പരസ്യമായും പൊതുസ്ഥലങ്ങളിലുമുള്ള ലൈംഗിക പ്രവൃത്തികൾ മൃഗങ്ങളുടെ സ്വഭാവമാണ്. മൃഗങ്ങളിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ബോധമാണ് ആംഗലേയത്തിൽ ടെറിട്ടോറിയൽ കോൺഷ്യസ്‌നെസ്സ് അഥവാ പരിധിബോധം എന്നു പറയുന്നത്. അതിന്റെ സാമൂഹികമായ അവസ്ഥയാണ് ഗോത്രസ്വഭാവമെന്നും ആംഗലേയത്തിൽ ഇൻസുലാരിസം എന്നൊക്കെ പറയന്നതും. മതിൽക്കെട്ടിനു മുകളിൽ വന്നിരിക്കുന്ന കാക്കയേയോ കിളിയേയോ നോക്കി വളർത്തുനായ കുരയ്ക്കുന്നത് തന്റെ അധികാര പരിധിക്കുള്ളിൽ പ്രവേശനം നൽകാൻ അനുവദിക്കാത്തതുകൊണ്ടാണ്. വളർത്തുനായ വീടു കാക്കുന്നതും ഈ സവിശേഷത കൊണ്ടാണ്. ഈ പരിധിബോധം കാരണമാണ് സ്വന്തം കലാലയത്തിനു പുറത്തുനിന്നുള്ള വ്യക്തിയെ തങ്ങളുടെ കലാലയത്തിനുള്ളിൽ വച്ച് കാണാനിടയായാൽ ആ കലാലയത്തിലെ വിദ്യാർഥികൾ അയാളെ തല്ലുന്നത്.
പുറമേ നിന്നുള്ള ഒരു വ്യക്തിയെ അതിഥിയായി സ്വീകരിച്ച് കരുതൽ നൽകി നല്ല അനുഭവവുമായി ആ കലാലയത്തിന്റെ അംശവുമായി മടക്കി അയയ്ക്കുന്നതാണ് സദാചാരം. അഥവാ പ്രണയബദ്ധരായ ഇണകളെ ആരെങ്കിലും കാണാനിടയായാൽ, അവർ സ്വകാര്യതയിലാണെങ്കിൽ ആ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതിരിക്കുക എന്നതും സദാചാരമാണ്. ആദികാവ്യത്തിന്റെ അവസാനവരിയും ഓർക്കാവുന്നതാണ്. രാമായണവും നല്ല ആചാരങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.