അനന്തപുരിയിലെ സെക്രട്ടേറിയറ്റ് ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്ന്‍ ആര്‍. സുഗതന്‍ പറയുകയുണ്ടായി. അത് അക്ഷരാര്‍ഥത്തില്‍ അങ്ങനെ ചെയ്യുവാന്‍ വേണ്ടിയായിരുന്നില്ല. എന്താണോ സെക്രട്ടേറിയറ്റ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് അതിന് തടസ്സമായി അത് നിലകൊള്ളുന്നതിനെ തച്ചുടയ്ക്കണമെന്ന ജനസ്‌നേഹത്തില്‍ ഊന്നിയ, ഒരു മനുഷ്യസ്‌നേഹിയായ വിപ്ലവകാരിയുടെ ധാര്‍മ്മിക രോഷമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ സ്വാധീനം അവശേഷിപ്പിച്ച ജീര്‍ണ്ണതയായിരിക്കാം അന്ന് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. നടപടിക്രമ രീതികളിലുള്ള ഉടംകൊല്ലികളായിരിക്കാം അന്ന് ഫയലുകളിലൂടെ മനുഷ്യജീവിതത്തിന് ചുവപ്പുനാട സൃഷ്ടിച്ചത്.
കേരളം രാഷ്ട്രീയമായി ചുവന്നപ്പോള്‍ സെക്രട്ടേറിയറ്റ് രാഷ്ട്രീയമായ ചുവപ്പിന്റെ നാഡിയിലേക്ക് നടന്നുകയറി. ജീവനക്കാരുടെ സംഘടനാശേഷിക്കുള്ള വേദിയായി ജനായത്ത സംവിധാനത്തില്‍ സെക്രട്ടേറിയറ്റ് മാറി. സുഗതന്‍ സാറിനെ രോഷം കൊള്ളിച്ച കാലഘട്ടത്തില്‍ നടപടിക്രമങ്ങളും അതില്‍ വിട്ടുവീഴ്ച വരുത്താന്‍ തയ്യാറല്ലാത്ത യാഥാസ്ഥിതികത്വവുമായിരുന്നു. എന്നാല്‍ കേരളം ചുവന്നപ്പോള്‍ സംഘടനാബലം ഭരണയന്ത്രത്തിലെ സ്ഥൂലശരീരത്തെ നിയന്ത്രിക്കാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് സ്വാധീനം തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ കര്‍ത്തവ്യവും അവരുടെ കര്‍ത്തവ്യബോധവും രണ്ടു വഴിക്ക് തിരിച്ചു വിട്ടത്.
ഞാന്‍ വ്യക്തമായ കോണ്‍ഗ്രസ്സ് അനുഭാവിയാണ്. മൂന്നു പതിറ്റാണ്ട് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കടന്നു വന്നതിന്റെ അനുഭവത്തിന്റെ ഇങ്ങേ അറ്റത്തു നിന്നുകൊണ്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഈ ഔദ്യോഗിക സംവിധാനത്തെ പെട്ടന്ന് മാറ്റിമറിക്കുക എളുപ്പമുള്ള കാര്യമല്ല. എങ്കിലും പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആ ദിശയ്ക്ക് ചെറിയൊരു പ്രതീക്ഷയുണ്ടായി. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ കേരളത്തില്‍ ഇന്നുള്ള നേതാക്കളില്‍ അദ്ദേഹത്തിനു മാത്രമേ കഴിയുകയുളളു. അതിനുള്ള ശ്രമങ്ങളും നല്ലതു തന്നെയായിരുന്നു. പക്ഷേ, ഇപ്പോള്‍ മനസ്സിലാകുന്നത് അദ്ദേഹത്തിന് കേരളം ഭരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ സെക്രട്ടേറിയറ്റ് ഭരിക്കുന്നതിന് അദ്ദേഹത്തിനും പറ്റില്ല.
ഭരണപരിഷ്‌കാരങ്ങളെക്കുറിച്ചും മാറുന്ന കാലത്തിനനുസരിച്ച് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ച വരുമ്പോള്‍ പലപ്പോഴും പഴി രാഷ്ട്രീയ നേതൃത്വത്തിന് ഏല്‍ക്കേണ്ടിവരുന്നു. അവര്‍ക്ക് കാലത്തെക്കുറിച്ച് ബോധ്യമില്ല, മാറ്റം ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നൊക്കെ. യഥാര്‍ഥത്തില്‍ വാസ്തവം മറിച്ചാണ്. ഇതിനെക്കുറിച്ചൊക്കെ ബോധ്യമുള്ളവരാണ് അധികാരത്തില്‍ വരുന്ന നല്ലൊരു ശതമാനം നേതാക്കളും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും. വിദഗ്ധരുടെ സേവനം ക്രിയാത്മകമായി ഉപയോഗിക്കുന്നതില്‍ മികവു പുലര്‍ത്തുന്ന നേതാക്കള്‍ ഇരു മുന്നണിയിലുമുണ്ട്. സെക്രട്ടേറിയറ്റില്‍ കഴിവുകേടുകൊണ്ടോ അല്ലെങ്കില്‍ ശിക്ഷാര്‍ഹമായ കാരണം കൊണ്ടോ ഒരു അസിസ്റ്റന്റിനെയോ പ്യൂണിനെയോ സ്ഥലം മാറ്റാനോ ശിക്ഷാ നടപടിയെടുക്കാനോ ഒരു സെക്രട്ടറിക്കു പോലും ഇന്നത്തെ അവസ്ഥയില്‍ പറ്റില്ല. അത്തരമൊരു യന്ത്രത്തെ എത്ര വൈദഗ്ധ്യമുള്ള ഡ്രൈവര്‍മാരുണ്ടെങ്കിലും ഓടിച്ചു പോകാന്‍ പറ്റില്ല. യന്ത്രത്തിന്റെ ശേഷിയനുസരിച്ചു മാത്രമേ അതു നീങ്ങുകയുള്ളു.
തുടക്കത്തില്‍ പിണറായി വിജയന്റെ പ്രസ്താവനകളും നീക്കങ്ങളും ജീവനക്കാരിലും ചില ചലനങ്ങളുണ്ടാക്കി എന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അധികം കഴിയുന്നതിനു മുന്‍പു തന്നെ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ അവരുടെ ലോകത്തിന് കോട്ടം തട്ടാത്ത വിധം കാര്യങ്ങള്‍ എത്തിക്കുന്നതില്‍ വിജയിച്ചു. ശരിയാണ് ഓരോ ഫയലിലും ഓരോ ജിവിതമാണ്. എന്നാല്‍ ഓരോ ഫയലിന്റെയും നീക്കം തങ്ങളുടെ നേട്ടവുമായി ബന്ധപ്പെട്ടാണ് സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. പരസ്പരമുള്ള ഗ്രൂപ്പു വൈരം പോലും ഫയല്‍ നീക്കത്തില്‍ പ്രതിഫലിക്കുന്നുണ്ട്. അതുപോലെയാണ് സെക്രട്ടേറിയറ്റില്‍ നിന്നിറങ്ങുന്ന വിജ്ഞാപനങ്ങള്‍. അവയില്‍ കടന്നു കൂടുന്ന തെറ്റുകള്‍ ആരും അറിയാതെ പോകുന്നു. തെറ്റു ചൂണ്ടിക്കാണിച്ചാല്‍ അതു തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നുള്ള നിലപാടാണ് പലപ്പോഴും ഉത്തരവാദിത്വപ്പെട്ടവര്‍ സ്വീകരിക്കുക.
സെക്രട്ടേറിയറ്റ് ഭരിക്കുന്നത് ഇപ്പോഴും അവിടത്തെ ജീവനക്കാര്‍ തന്നെ. അല്ലാതെ മുഖ്യമന്ത്രിയും സെക്രട്ടറിമാരുമൊന്നുമല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. വ്യക്തിപരമായ പരിചയമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്വാധീനമോ ഇല്ലാത്തിടത്തോളെ കാലം സെക്രട്ടേറിയറ്റില്‍ നിന്ന് ഒരു ഫയല്‍ സ്വാഭാവികമായി നീങ്ങി ഗുണഭോക്താവിന് ഗുണമുണ്ടാകുമെന്ന് കരുതേണ്ട. ഈ സാഹചര്യത്തിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി പ്രസക്തമാകുന്നത്. ശരിയാണ്, ഔദ്യോഗിക സംവിധാനത്തിന്റെ പരാജയം തന്നെയാണ് അത്തരമൊരു പരിപാടി ജന്മമെടുക്കാന്‍ കാരണം. അദ്ദേഹം വളരെ പ്രായോഗികമതിയായ രാഷ്ട്രീയക്കാരനാണ്. നന്നാക്കാന്‍ പറ്റില്ല എന്ന് ഉറപ്പായ കാര്യത്തെ അദ്ദേഹം നന്നാക്കാന്‍ തുനിഞ്ഞില്ല. ഫയലുകളില്‍ കുറച്ചെങ്കിലും കുരുക്കഴിയുന്നെങ്കില്‍ അതെങ്കിലുമാകട്ടെ എന്ന ചിന്തയാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. തീര്‍ച്ചയായും അത് അദ്ദേഹം പ്രചരണവിഷയമായും ഉപയോഗിച്ചിട്ടുണ്ടാകും. സേവനവകാശ നിയമമൊക്കെ അദ്ദേഹം കൊണ്ടുവന്നത് ഈ ബോധ്യത്തില്‍ നിന്നാണ്. എന്നിട്ടും കാര്യമായ മാറ്റമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.