1939 സെപ്തംബറില്‍ പോളണ്ടിനെ ജർമ്മനി ആക്രമിച്ചു കീഴടക്കി. അതോടെ ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധം തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിലേക്കു നയിച്ചതടക്കമുള്ള കാരണങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിനും കാരണമായത്. എങ്കിലും യുദ്ധം തുടങ്ങുന്നതിന് ഒടുവിലത്തെ കാരണം വേണം. ലോകഗതിയിൽ മാറ്റങ്ങൾ വരുത്തി വർത്തമാനകാല ലോകത്തിന്റെ നിർമ്മിതിയിലേക്ക് നയിച്ചതും രണ്ടാം ലോകമഹായുദ്ധം. എങ്കിലും രണ്ടാം ലോകമഹായുദ്ധം ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് ഇന്നും ലോകത്തിന് മുക്തി നേടാനായിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക മാറ്റങ്ങൾക്ക് അതുപോലെ നിമിത്തമാകുന്നു തിരുവനന്തപുരത്തെ ലാ അക്കാദമി സമരം. ഐക്യകേരളത്തിന്റെ നാൾ മുതൽ ലോകത്തുണ്ടായ മാറ്റങ്ങൾ ജനായത്ത സംവിധാനത്തിൽ ചെറിയ പുഴുക്കുത്തുകൾ വീഴ്ത്തി അത് അർബുദത്തിലേക്കു വളർന്ന പ്രതിഭാസത്തിന്റെ പുറത്തുചാടലായി ലാ അക്കാദമി മാറുന്നു. പുറത്തുചാടൽ അഥവാ പൊട്ടിയൊലിക്കൽ എങ്ങനെ സംഭവിക്കുന്നു എന്നുള്ളതു വേണമെങ്കിൽ വെറും മൂന്നു പ്രസ്താവനകളിലൂടെ നമുക്ക് തിട്ടപ്പെടുത്താം.
- കോടിയേരി ബാലകൃഷ്ണൻ (സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി): വിദ്യാർഥികളുടെ പ്രശ്‌നവുമായി ലാ അക്കാദമി അധിക ഭൂമി കൈവശം വച്ചിരിക്കന്നതിനെ കൂട്ടിക്കുഴയ്‌ക്കേണ്ട. രണ്ടും രണ്ടും പ്രശ്‌നങ്ങളാണ്. ഇവിടിപ്പോൾ വിദ്യാർഥികളുടെ പ്രശ്‌നമാണ് പരിഹരിക്കപ്പെടേണ്ടത്. എസ്.എഫ്.ഐ ഒറ്റയ്ക്ക് സമരം നയിക്കാൻ ശക്തിയുള്ള സംഘടനയാണ്. അതുകൊണ്ടാണ് പാർട്ടി ഇടപെടാത്തത്.
- കുമ്മനം രാജശേഖരൻ (ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ): ലാ അക്കാദമിയിലേത് വെറുമൊരു വിദ്യാർഥി പ്രശ്‌നമല്ല. അതൊരു വലിയ സാമൂഹ്യ പ്രശ്‌നമാണ്. ആ നിലയ്ക്കാണ് ആ വിഷയത്തെ ബി.ജെ.പി കാണുന്നതും സമരമുഖത്തു നിൽക്കുന്നതും.
- എ.കെ ആന്റണി (മുതിർന്ന കോൺഗ്രസ്സ് നേതാവ്): പകൽ മുഴുവൻ കോൺഗ്രസ്സുകാരായും രാത്രിയിൽ ആർ.എസ്.എസ്സുകാരുമായുള്ള നേതാക്കളേയും പ്രവർത്തകരെയും കോൺഗ്രസ്സിനു ആവശ്യമില്ല. (എഴുപത്തിരണ്ടു പേരുള്ളതിൽ മൂന്നിലൊന്നു പേർ മാത്രം പങ്കെടുത്ത കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് അദ്ദേഹമിതു പറഞ്ഞത്.)
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ച അതേ സമരമാർഗ്ഗ സ്വഭാവത്തിലൂടെയാണ് ബി.ജെ.പി കേരളത്തിൽ അവരുടെ സാന്നിദ്ധ്യം വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തൊട്ടാകെ കോൺഗ്രസ്സ് ദുർബലപ്പെട്ട അവസ്ഥ. അതിനേക്കാൾ ഗുരുതരമായ അവസ്ഥയിലാണ് കോൺഗ്രസ്സ് കേരളത്തിലിപ്പോൾ. നിയമസഭയിലെ പ്രതിപക്ഷം കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണിയാണെങ്കിൽ യഥാർഥ പ്രയോഗ പ്രതിപക്ഷമായി ബി.ജെ.പി ഇതിനകം മാറിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവെങ്കിലും സാന്നിദ്ധ്യമറിയിക്കുന്ന പ്രതിപക്ഷ നേതാവായി കുമ്മനം രാജശേഖരൻ മാറി. അവർ ആക്രമണോത്സുകമായ സമരമുഖം അഴിച്ചു വിട്ടുകൊണ്ടാണ് മുന്നേറുന്നത്. സി.പി.ഐ.എമ്മിന് രാഷ്ട്രീയമായി നേരിടേണ്ടി വരുന്ന പ്രതിപക്ഷവും ബി.ജെ.പിയായിക്കഴിഞ്ഞു.
കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് ലാ അക്കാദമിയിലെ വിദ്യാർഥികൾ ഒരർഥത്തിൽ നിലനിൽപ്പ് സമര രംഗത്തിറങ്ങിയത്. അള മുട്ടിയാൽ ചേരയും കടിക്കും എന്ന അവസ്ഥയിൽ. തന്ത്രങ്ങളും കുതന്ത്രങ്ങളും എക്കാലവും നിലനിൽക്കില്ല എന്നതിന്റെ കാഹളം മുഴക്കൽ കൂടിയാണ് ലാ അക്കാദമി സമരം. അതിന്റെ ഡയറക്ടർ തന്റെ ആയുസ്സു മുഴുവൻ തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും നടത്തിക്കൊണ്ടു വന്ന ലാ അക്കാദമി അതിന്റെ സ്വാഭാവിക പരിണാമത്തിലെത്തിയിരിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയാണ് അദ്ദേഹം ഇതെല്ലാം ചെയ്തത്. അദ്ദേഹത്തിന്റെ കൺമുന്നിൽ തന്നെ വച്ച് താൻ നേരിടാതെ പോയത് അദ്ദേഹത്തിന്റെ മകൾ നേരിടുന്നത് അദ്ദേഹത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നു. അദ്ദേഹം തന്റെ സ്വാധീന ശേഷിയും കുതന്ത്ര മികവുമുപയോഗിച്ച് തുടക്കം മുതൽ തുടർന്നു പോന്ന പ്രക്രിയയുടെ തകർച്ചയാണ് ഇപ്പോൾ ലക്ഷ്മി നായരിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷ്മി നായർ ആ സംവിധാനത്തിന്റെ പ്രതീകം. ഒടുവിലത്തെ കാരണം.
എല്ലാ വിദ്യാർഥികളും ഒരുപോലെയിറങ്ങിയ സമരം. വിദ്യാർഥികളുടെ ഭാഗത്തു നിന്ന് രാഷ്ട്രീയ ലക്ഷ്യമില്ല. എന്നാൽ ബി.ജെ.പിക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതുകൊണ്ടു തന്നെ എല്ലാ സംഘടനകളും സമരമുഖത്തുണ്ടെങ്കിലും ബി.ജെ.പിയുടെ വിദ്യാർഥി സംഘടന എ.ബി.വിപിയാണ് സമരമുന്നണിയുടെ മുഖമായി മാറിയത്. സമരമെന്നാൽ എസ്.എഫ്.ഐ എന്ന സമവാക്യം നിലനിൽക്കുന്ന കേരളത്തിൽ എസ്.എഫ്.ഐയ്ക്ക് ഈ വിഷയത്തിൽ മുഖം മറയ്‌ക്കേണ്ട ഗതികേടും. പ്രിൻസിപ്പൽ ലക്ഷ്മി നായരെ അഞ്ചു കൊല്ലത്തേക്ക് പരീക്ഷാ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ജനുവരി 28ലെ സിൻഡിക്കേറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചയിൽ എസ്.എഫ്.ഐയുടെ പ്രതിനിധി വിജിൻ രോഷം നിറഞ്ഞ മുഖവും സ്വരവുമായി ചർച്ചയിൽ പങ്കെടുത്ത് എസ്.എഫ്.ഐയുടെ സമരവീര്യം പ്രകടമാക്കാൻ ബുദ്ധിമുട്ടി. തങ്ങളുടെ സമരം സിൻഡിക്കേറ്റ് തീരുമാനത്തോടെ പകുതി വിജയം കണ്ടുവെന്നാണ് വിജിൻ അവകാശപ്പെട്ടത്. എന്നാൽ കേരള സർവ്വകലാശാലാ വൈസ് ചാൻസലറും അക്കാദമി അധികൃതരും തമ്മിലുള്ള ബന്ധവും യൂണിവേഴ്‌സിറ്റിയുടെ സ്റ്റാൻഡിംഗ് കൗൺസൽ അക്കാദമി ബോർഡംഗവുമാണെന്ന് ചർച്ചയിൽ പങ്കെടുത്ത വിദ്യാർഥിനികളായ ആര്യയും ആശയും ചൂണ്ടിക്കാട്ടി. അതിനാൽ സിൻഡിക്കേറ്റ് തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നു പറയുകയും പ്രിൻസിപ്പലിന്റെ രാജിയല്ലാതെ മറ്റൊന്നും അതിനാൽ തങ്ങൾക്ക് സ്വീകാര്യമല്ലെന്നും അവർ പറഞ്ഞപ്പോൾ ചർച്ചയിൽ പങ്കെടുത്ത സിൻഡിക്കേറ്റംഗത്തിന് ചെറുതായി ചിരിക്കാനും വിജിന് മുഖത്തെ രോഷം അൽപ്പം കൂടി വർധിപ്പിക്കാനുമേ കഴിഞ്ഞുളളു.
കോൺഗ്രസ്സിന്റെ അവസ്ഥ വിളിച്ചറിയിക്കുന്നതായി ആന്റണി അഭിസംബോധന ചെയ്ത നിർവ്വാഹക സമിതി യോഗം. ഭംഗ്യന്തരേണ കോൺഗ്രസ്സ് നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള പോക്കിനെക്കുറിച്ചാണ് ആന്റണി സൂചിപ്പിച്ചത്. കോൺഗ്രസ്സ് രാജ്യത്തും കേരളത്തിലും ഇവ്വിധം ആകാൻ കാരണമായതിലും മറ്റാരേക്കാളും കൂടിയ പങ്ക് എ.കെ ആന്റണിക്കാണുള്ളത്. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി മാധ്യമപ്രവർത്തകരുമായി ചങ്ങാത്തം സ്ഥാപിച്ച് ആദർശത്തിന്റെ പരിവേഷം സൃഷ്ടിച്ച് ഗ്രൂപ്പു രാഷ്ട്രീയം നടത്തി സ്ഥാനമാനങ്ങൾ സംഘടിപ്പിക്കുക എന്ന ഏക അജണ്ടയായിരുന്നു ആന്റണിയുടേത്. അത് വിജയിക്കുകയും ചെയ്തു. തന്റെ തന്ത്രങ്ങളിലൂടെ രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിഷ്ഠിക്കാനും ആന്റണി ശ്രമം തുടങ്ങിയിട്ട് ഒന്നര ദശാബ്ദമായെങ്കിലും അതു പച്ച പിടിച്ചില്ല. ആന്റണിയുടെ ശിക്ഷണത്തിന്റെ ഫലമാണ് മോദിയെ കൊച്ചാക്കി കാണിക്കാൻ തന്റെ ജുബ്ബയുടെ പോക്കറ്റ് കീറിയതാണെന്ന് പൊതുവേദിയിൽ രാഹുൽ ഉയർത്തിക്കാണിച്ചതും കണക്കിന് ആക്ഷേപം സ്വീകരിക്കേണ്ടി വന്നതും. പുതിയ വസ്ത്രങ്ങളിൽ കീറലുണ്ടാക്കി നേതാക്കളായ ചരിത്രം കോൺഗ്രസ്സിനുണ്ട്. എന്നാൽ കാലം മാറിയത് ആന്റണി തിരിച്ചറിയുന്നില്ല.
കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരള രാഷ്ട്രീയത്തിൽ സംഭവിച്ച ജീർണ്ണതകളാണ് ലാ അക്കാദമി ഡയറക്ടറെ തന്ത്ര-കുതന്ത്രങ്ങളിൽ തെല്ലും ശങ്കകളില്ലാതെ മുന്നേറാൻ പ്രാപ്തി നൽകിയത്. കേരള രാഷ്ട്രീയത്തില്‍ ജീർണ്ണത ഒരു കുരുപോലെ രൂപം പ്രാപിച്ച് വളർന്ന് വലുതായി ശരീരത്തെ നശിപ്പിക്കുന്നതുപോലെയായതിന്റെ ഉത്തമ ഉദാഹരണമാണ് ലാ അക്കാദമി. ബി.ജെ.പി ഈ സന്ദർഭം മുതലെടുത്തുകൊണ്ട് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനു തയ്യാറെടുക്കുമ്പോൾ ജീർണ്ണതയിലകപ്പെട്ട രാഷ്ട്രീയത്തെ അതിൽ നിന്നു മുക്തമാക്കുക എന്നതല്ല അവരുടെയും ലക്ഷ്യം. അടിത്തറ വർധിപ്പിക്കാനും അതുവഴി തങ്ങൾ വിചാരിച്ചതിലും നേരത്തേ അധികാരത്തിിലെത്താനുള്ള ശ്രമവുമാണ് നടക്കുന്നത്.
ഇപ്പോൾ സി.പി.ഐയും ബി.ജെ.പിയും അക്കാദമിയുടെ കാര്യത്തിൽ ഉയർത്തുന്ന പ്രശ്‌നങ്ങൾ ഒന്നു തന്നെ. സി.പി.ഐ ക്കാരനായ നാരായണൻ നായർക്ക് സി.പി.ഐ മന്ത്രിയാണ് അക്കാദമി തുടങ്ങുന്നതിന് സ്ഥലവും അനുമതിയും നൽകിയത്. എന്നിട്ടും സി.പി.ഐ അവരുടെ നിലപാട് യഥാർഥ പ്രശ്‌നത്തിന്റെ നേർക്ക് നോക്കിക്കൊണ്ട് എടുക്കാൻ തയ്യാറായി. സിൻഡിക്കേറ്റ് അതിവിദഗ്ധമായി നാരായണൻ നായരെയും ലക്ഷ്മി നായരെയും രക്ഷപ്പെടുത്താനുള്ള 'ഉചിതമായ' തീരുമാനമെടുത്ത് 'ഉചിതമായ' തീരുമാനത്തിന് സർക്കാരിനോട് ശുപാർശ ചെയ്തു. സർക്കാർ തീരുമാനമെടുക്കുന്നതിനോ ഇടപെടുന്നതിനോ പകരം സി.പി.ഐ.എം, അക്കാദമി ഡയറക്ടർ നാരായണൻ നായരെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചു വരുത്തി. അദ്ദേഹത്തിന്റെ സഹോദരൻ കൂടിയായ പാര്‍ട്ടി നേതാവ് കോലിയക്കോട് കൃഷണൻ നായരുടെ സാന്നിദ്ധ്യത്തിൽ സമവായത്തിനു ചർച്ച നടത്തി. ഇത് ഒരു വസ്തുത വെളിവാക്കുന്നു: തങ്ങൾക്കിഷ്ടമുള്ളവർക്ക് അനുകൂലമായ നിലപാടെടുക്കുന്നതിൽ ഒരു മറയും കാണിക്കില്ല. സാമൂഹ്യ മാധ്യമങ്ങളും ചാനലുകളും നീരീക്ഷിക്കുന്ന സാഹചര്യത്തിൽ നാരായണൻ നായരെ എ.കെ.ജി സെന്ററിലേക്കു വിളിച്ചു വരുത്തുന്നതോ അദ്ദേഹവുമായി പാർട്ടി ചർച്ച നടത്തുന്നതോ സി.പി.ഐ.എമ്മിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെ ഉറപ്പിക്കുമെന്ന്‍ കണക്കാക്കാന്‍ സാമാന്യബുദ്ധി മതി എന്നിരിക്കെ.