Skip to main content

മുന്‍ ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ എം.പി.പരമേശ്വരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പറഞ്ഞതുപോലെ അടുത്ത തവണ ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കാന്‍ യോഗ്യന്‍ ഡോ.തോമസ് ഐസക് തന്നെയാണെന്നു തോന്നുന്നു. കാരണം പരമേശ്വരന്‍ പറഞ്ഞതിനോടുള്ള പ്രതികരണങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ കേരളത്തിലെ സി പി എമ്മിലെ നേതാക്കളുടെ ഗുണം അറിയാന്‍ കഴിയും. ഡോ.തോമസ് ഐസക്കിന്റേയും. ആഴ്ചപ്പതിപ്പ് പുറത്തിറങ്ങി ആ ലേഖനം വായിച്ച ഉടന്‍ തന്നെ തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസറ്റ് ഇട്ടിരുന്നു. അച്യുതാനന്ദനും പിണറായിയും സമാനതകളില്ലാത്ത നേതാക്കളാണെന്നും. ഇത്തരത്തില്‍ അവരെ താരതമ്യം ചെയ്തുകൊണ്ട് പരമേശ്വരന്‍ ആഴ്ചപ്പതിപ്പില്‍ നടത്തിയ അഭിപ്രായപ്രകടനം ദൗര്‍ഭാഗ്യകരവുമായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുപോലൊരു സുഹൃത്തുണ്ടെങ്കില്‍ ശത്രുക്കളുടെ വേറെ ആവശ്യമില്ലെന്ന് പരമേശ്വരനെ വേദനിപ്പിക്കാതെ സൗഹൃദത്തിന്റെ അന്തരീക്ഷം കളയാതെയും അദ്ദേഹം കുറിച്ചു. ഈ ഒരു ഗുണം തന്നെയാണ് പരമേശ്വരന്‍ തന്റെ ലേഖനത്തില്‍ തോമസ് ഐസക്കിന്റെ ഗുണങ്ങളില്‍ ഒന്നായി എടുത്തു കാണിച്ചിരുന്നത്.മറ്റുള്ളവരേടുള്ള ബഹുമാനം നിലനിര്‍ത്തുകയും സ്‌നേഹത്തോടെ പറയാനുള്ളത് വ്യക്തവും കൃത്യവുമായി പറയുകയും ചെയ്യുന്ന തോമസ് ഐസക്കിന്റെ സ്വഭാവ സവിശേഷത.

       ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. When you are judging others you are defining yourself. അതായത് നിങ്ങള്‍ മറ്റൊരാളെ വിലയിരുത്തുമ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നിര്‍വചിക്കുകയാണെന്ന്. എം. പി പരമേശ്വരന്റെ അഭിപ്രായത്തിനോടുള്ള പ്രതികരണമായി വന്ന ഓരോ വിലയിരുത്തലുകളും നോക്കിയാല്‍ ഈ ചൊല്ല് എത്രമാത്രം ശരിയാണെന്ന് ബോധ്യമാകും. ഏറ്റവുമൊടുവില്‍ വന്ന പ്രതികരണം ജി .സുധാകരന്‍ എം. എല്‍.എയുടേതാണ്.അദ്ദേഹം ചാനലില്‍ വിറകൊള്ളുകയാണ് . അതും ദേഷ്യം കൊണ്ട്. വികാരവിക്ഷോഭത്താല്‍ മുഖമൊക്കെ വക്രിച്ചു. തന്റെ പ്രദേശത്തുവന്ന് പരമേശ്വരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തട്ടെ എന്നദ്ദേഹം വെല്ലുവിളിക്കുന്നു. സാധാരണ ചട്ടമ്പിത്തരത്തിന്റെ ഭാഗമായി ആള്‍ക്കാര്‍ കവലകളില്‍ നിന്നാണ് ഇത്തരത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. പരമേശ്വരന്‍ തന്റെ പ്രദേശത്തെങ്ങാനും വന്ന് ഇമ്മാതിരി പറഞ്ഞാല്‍ ശാരീരികമായി ഫലം അറിയും എന്നുള്ള അര്‍ഥം വരത്തക്കവിധം തന്നെയാണ് ആ പ്രസ്താവം നടത്തിയിട്ടുള്ളത്. പിന്നീടദ്ദേഹം പറഞ്ഞു, ഇവിടെയെങ്ങാനും വന്നിങ്ങനെ പറഞ്ഞാല്‍ മീന്‍ കഴുകിയ വെള്ളമുണ്ടല്ലോ അത് മുഖത്തേക്ക് വലിച്ചൊഴിക്കും. പിന്നെ ആരാണോ അയാളാല്‍ പുകഴ്ത്തപ്പെട്ടത് അവരുടെ ദേഹവും കഴുകിയെടുക്കേണ്ടതാണ്.

            ബോധപൂര്‍വ്വമാണ് സുധാകരന്‍ തോമസ്സ് ഐസക്കിന്റെ പേരുച്ചരിക്കാതിരുന്നത്. കാരണം അവര്‍ ഒരേ പാര്‍ട്ടിയിലെ സഖാക്കളാണെങ്കിലും ഇരുവരും നല്ല ശത്രുതയിലാണ്. തോമസ് ഐസക് അതു പുലര്‍ത്തുന്നില്ലെങ്കിലും സുധാകരന്‍ അദ്ദേഹവുമായി ശത്രുതയിലാണ്. കേരളത്തിലെ ജൈവ കൃഷിക്ക് തോമസ് ഐസക് വിപ്ലവകരമായ തുടക്കം കുറിച്ച് ഒരു പ്രസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞ കഞ്ഞിക്കുഴി മാതൃക സുധാകരന്റെ സ്ഥലത്താണെന്നുളളതും സുധാകരനെ അ്‌ങ്ങേയറ്റം അലോസരപ്പെടുത്തുന്ന ഒന്നാണ്.

          സുധാകരന്‍ പരമേശ്വരനെ ആക്ഷേപിച്ചെങ്കിലും പ്രകടമായത് സുധാകരന്റെ സ്വഭാവവും സംസ്‌കാരവും പ്രതികരണ നിലവാരവുമാണ്. സഖാവ് എന്ന വിളി തന്നെ വലിപ്പച്ചെറുപ്പമില്ലാത്ത സൗഹൃദത്തിന്റെ പ്രഖ്യാപനമാണ്. അദ്ദേഹം ആവര്‍ത്തിക്കുന്നു താന്‍ മാര്‍ക്‌സിസം പഠിച്ചിട്ടുണ്ടെന്ന്. അതിനാല്‍ തന്റെയടുത്ത് പരമേശ്വരന് പറയാനുള്ള ധൈര്യമില്ലെന്ന്. തനിക്ക് അസ്വീകാര്യമായ അഭിപ്രായം പറയുന്ന വ്യക്തിയുടെ മുഖത്തേക്ക് മീന്‍ കഴുകിയ വെള്ളം ഒഴിക്കുന്നതാണോ മാര്‍ക്‌സിസം.  കാലദേശങ്ങള്‍ക്കനുസരിച്ച് നിര്‍വചിക്കപ്പെടേണ്ടതാണ് മാര്‍ക്‌സിസം. വര്‍ത്തമാനകാലത്തിലെ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം സുധാകരന്‍ പറുയന്നതാണോ, തോമസ് ഐസ്‌ക് പറയുന്നതാണോ അതോ പരമേശ്വരന്‍ പറയുന്നതാണോ. എന്തായാലും പ്രതികരിച്ചവരില്‍ ആരും തന്നെ തങ്ങള്‍ക്ക് മാര്‍ക്‌സിസം അറിയാമെന്നും ധൈറ്യമുള്ളവന്‍ തന്റെ മുന്‍പില്‍ വന്നു പറയട്ടെ എന്നും പറഞ്ഞാല്‍ മുഖത്ത് മീന്‍ വെള്ളമൊഴിക്കുമെന്നും പറഞ്ഞിട്ടില്ല. മാത്രമില്ല പരമേശ്വരന് ഭ്രാന്താണെന്നു കൂടി പറഞ്ഞിരിക്കുന്നു സുധാകരന്‍.

      മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നവര്‍ അതൊരു സമഗ്രശാസ്ത്രമായി കരുതുന്നു. അതിനാല്‍ വൈദ്യശാസ്ത്രവും മനശ്ശാസ്ത്രവും അതില്‍ ഉള്‍പ്പെടുന്നതുകൊണ്ടായിരിക്കും പരമേശ്വരന്റെ അഭിപ്രായപ്രകടനം കണ്ട് അദ്ദേഹത്തിന് ഭ്രാന്താണെന്ന് സുധാകരന്‍ രോഗനിര്‍ണ്ണയം നിസ്സംശയം നടത്തിയിരിക്കുന്നത്. ഭ്രാന്തിന്റെ നാനാവിധ ലക്ഷണങ്ങളുണ്ട്. അത് വിദഗ്ധര്‍ക്കുമാത്രമേ നിര്‍ണ്ണയിക്കുക സാധ്യമുളളു. അതേ സമയം രോഗം വന്നാല്‍ ഏതു മനുഷ്യനും തനിക്ക് രോഗമാണെന്ന് അറിയാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് ഡോക്ടറെ സമീപിക്കുന്നത്. അതുപോലെ ഭ്രാന്തിനെക്കുറിച്ചും സാധാരണ ജനങ്ങള്‍ക്ക് സാമാന്യമായ ലക്ഷണധാരണയുണ്ട്. കാരണം അതറിഞ്ഞ് ആ രോഗമുള്ളവരോട് പെരുമാറി സ്വയരക്ഷ ഉറപ്പാക്കാന്‍ അതാവശ്യമാണ്. എന്തായാലും പരമേശ്വരനെ വിലയിരുത്തുകവഴി സുധാകരന്‍ സുവ്യക്തമയ വിധം സ്വയം നിര്‍വചിച്ചിട്ടുണ്ട്.

Ad Image