Skip to main content

 

പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വേണ്ട അവശ്യം പ്രത്യേകതയാണ് ഔചിത്യം. കാരണം അത് പൊതുവായതുകൊണ്ടു തന്നെ. അത് ജനം കാണുന്നു. ജനം കാണുന്ന കാഴ്ച ജനത്തിന്റേതാണ്. പൊതുവേദിയിൽ പ്രമുഖ വ്യക്തി ഉദ്ദേശിക്കും പോലെ ജനം കാണണമെന്നില്ല. അതിനായി വാശി പിടിച്ചിട്ടും കാര്യമില്ല. അതിനാലാണ് പൊതുവായി എല്ലാവരും ഒരേപോലെ മനസ്സിലാക്കാൻ സാധ്യതയുള്ള സ്വഭാവശൈലി അത്തരം വേദികളിൽ പിന്തുടരണമെന്ന്‍ പറയുന്നത്. അതിനെയാണ് ഔചിത്യം എന്ന്‍ പറയുന്നതും. അല്ലാതെ മറ്റൊന്നിനും വേണ്ടിയല്ല. അതേസമയം ഔചിത്യത്തിന് നിരക്കാത്തതും ചെയ്യാം. പക്ഷേ അതു ഗുണകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണം. ഉദാഹരണത്തിന് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുതിനുള്ള സന്ദേശം നൽകുന്നതിനുവേണ്ടി ചിലർ പൊതുവേദികളിൽ സ്വീകരിക്കുന്ന നിലപാടുകൾ. അതുപോലും സംഘാടകരെ വിഷമിപ്പിക്കാത്ത വിധമായിരിക്കണം. അതിനൊക്കെ അനുകൂല പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്യും. കഴിഞ്ഞാഴ്ച മമ്മൂട്ടി കൊച്ചിയിലെ പൊതുവേദിയിൽ പ്രകടമാക്കിയത് ഈ ഔചിത്യം തെല്ലുമില്ലാത്തതായിപ്പോയി. മമ്മൂട്ടി എന്നുമാത്രം പറഞ്ഞാൽ ഏതു മലയാളിയ്ക്കും പരിചിതമായ വ്യക്തിയാണ് ചലച്ചിത്രതാരം മമ്മൂട്ടി. അദ്ദേഹമാണെങ്കിൽ ഇപ്പോൾ ഒട്ടേറെ പൊതുതാൽപ്പര്യമുള്ള പരിപാടികളിൽ പങ്കെടുക്കുകയും ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്. വിശേഷിച്ചും മരം നടീലിന്റെ കാര്യത്തിൽ . അദ്ദേഹം പലരേയും ഇക്കാര്യത്തിൽ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുകൂടിയാകണം സംസ്ഥാനതലത്തിലുള്ള ഈ പരിപാടിയുടെ ഉദ്ഘാടനത്തിനായി മമ്മൂട്ടിയെ സംഘാടകർ ക്ഷണിച്ചത്.

 

മമ്മൂട്ടി കാട്ടിയ അനൗചിത്യം ഉദ്ഘാടനത്തിന് അദ്ദേഹത്തിനു നൽകിയ മരം അദ്ദേഹം നടാൻ തയ്യാറായില്ല എന്നതാണ്. ഏതു പരിപാടിയും സമാരംഭിക്കണം. എന്നുവെച്ചാൽ നന്നായി തുടങ്ങണം. അതിനുവേണ്ടിയാണ് നല്ല തുടക്കം ഒരുക്കുന്നത്. അതിന്റെ ഭാഗമായാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കുന്നതും. സമാരംഭമാണ് ഏതു പരിപാടിയുടേയും വിജയം ഉറപ്പാക്കുന്നത്. നന്നയി തുടങ്ങുന്നത് പകുതി വിജയം എന്നാണ് ചൊല്ലും. ഇവിടെ മമ്മൂട്ടിയുടെ അനൗചിത്യം മൂലം സംഭവിച്ചത് സമാരംഭത്തിന് പകരം അതിനു വിപരീതമായതാണ്. ആ ചടങ്ങിന്റെ ലക്ഷ്യത്തിൽ നിന്നു തന്നെ ജനശ്രദ്ധ തിരിക്കും വിധമായിപ്പോയി അത്. അദ്ദേഹം അനൗചിത്യം കാട്ടാൻ കാരണം ഉദ്ഘാടനത്തിന്റെ ഭാഗമായി നടാൻ കൊടുത്ത തൈ അശോകത്തിന്റേതായിപ്പോയതാണ്. ഒടുവിൽ ആൽവൃക്ഷത്തൈ നട്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. ആ ചെടിയിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നമ്മുടെ സസ്യങ്ങളുടെ പേരുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന ഒന്നുണ്ട്. അതിന്റെ നാമത്തിൽ അതിന്റെ സവിശേഷതകളും ഗുണവും ഔഷധപ്രാധാന്യവും സാംസ്കാരിക മഹിമയുമൊക്കെ അടങ്ങിയിരിക്കും. ശാസ്ത്രീയനാമങ്ങള്‍ ബോട്ടണിക്കാർക്ക് മാത്രമേ വായിക്കാനും ഉച്ചരിക്കാനും മനസ്സിലാക്കാനും മാത്രമേ കഴിയൂ. അശോകം എന്ന പേര് തന്നെ ആ ചെടിയുടെ മഹത്വം ഓതുന്നു. ശോകം അഥവാ വിഷമത്തെ ഇല്ലാതാക്കുന്നത് എന്തോ അത് അശോകം. അപ്പോൾ ഇത്തരമൊരു പരിപാടിയുടെ ഉദ്ഘാടനത്തിന് അശോകത്തേക്കാൾ ഉത്തമമായ ചെടി വേറെ ഏതാണ്. അത് വിരിക്കുന്ന തണലും അതിന്റെ സാന്നിദ്ധ്യവും ഉറപ്പാക്കുന്ന ശുദ്ധീകൃതമായ അന്തരീക്ഷം വളരെ വിപുലപ്പെട്ടതാണ്. എണ്ണിയാൽ തീരാത്തത്. വിശേഷിച്ചും കുട്ടികൾ കളിക്കുന്നിടത്തും അവർ വിശ്രമവേളകൾ ചെലവഴിക്കുന്നിടത്തും അശോകത്തിന്റെ സാന്നിദ്ധ്യവും തണലും സൃഷ്ടിക്കുന്ന പ്രത്യേകതയ്ക്ക് ഒരുപാട് തലങ്ങളുണ്ട്. അശോകത്തിന്റെ ചുവട്ടിിലെത്തുമ്പോൾ തന്നെ മനസ്സിന് പ്രസരിപ്പ് ലഭ്യമാകും. അശോകത്തിന്റെ ഈ മേൻമയെക്കുറിച്ചുള്ള അറിവോടെ അതിനടുത്തേക്കു ചെല്ലുമ്പോഴുണ്ടാകുന്ന അനുഭവം അനുഭവിച്ചറിയുക തന്നെ വേണം.

 

ഇന്ന്‍ പല സമ്മർദ്ദങ്ങളാലും പരിമിതികളാലും വേഷവിധാനങ്ങളാലുമൊക്കെ ഒട്ടേറെ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് സ്ത്രീകൾ. വിശേഷിച്ചും കൗമാരക്കാരും യുവതികളും. ഇവരുടെ ഒട്ടുമിക്ക പ്രശ്നങ്ങളും അവരിൽ പ്രതിഫലിക്കുന്നത് അവരുടെ ആർത്തവവുമായി ബന്ധപ്പെട്ടാണ്. ക്രമം തെറ്റിയുള്ള ആർത്തവം, ഹോർമോണുകളുടെ അസന്തലുതിവാസ്ഥ എന്നിങ്ങനെ. അതുപോലെ, കേരളത്തിലെ കാര്യം മാത്രമെടുത്താൽ സ്ത്രീകളിലെ വന്ധ്യതയുടെ തോത് വൻതോതിലാണ് വർധിച്ചുവരുന്നത്. അതിനുള്ള കാരണങ്ങൾ ഒരുപാടാണ്. അവിടെയാണ് അശോകത്തിന്റെ ഔഷധപ്രസക്തി ശ്രദ്ധേയമാകുന്നത്. ആയുർവേദ ഭിഷഗ്വരന്മാർ ഇവ്വിധ രോഗങ്ങൾക്ക് മുഖ്യമായും നൽകുന്ന അരിഷ്ടങ്ങളിൽ പ്രധാനം അശോകാരിഷ്ടമാണ്. അശോകത്തിന്റെ ചുവന്ന പൂവ് എടുത്ത് അരിപ്പൊടിയും ശർക്കരയും ചേർത്ത് കുറുക്കുണ്ടാക്കി കഴിച്ചാൽ ആർത്തവ-ഗർഭാശയസംബന്ധമായ ഒട്ടേറെ രോഗങ്ങൾക്ക് പരിഹാരമാകും. ഇടയ്ക്കിടയ്ക്ക് കഴിക്കുകയാണെങ്കിൽ രോഗങ്ങൾ വരാതെ പുഷ്ടിവർധനയുണ്ടാവുകയും ചെയ്യും. അത്രയും മഹത്വമുള്ള മരമാണ് അശോകം. മറ്റ് മരങ്ങളെപ്പോലെ എല്ലായിടത്തും അധികം കാണാത്ത മരവുമാണ്. അതിനാൽ അതിനെ നിലനിർത്തുകയും വർധിപ്പിക്കുകയും ചെയ്യേണ്ടത് വർത്തമാന സാഹചര്യത്തിൽ അതീവ പ്രാധാന്യമർഹിക്കുന്നതാണ്.

 

 

മമ്മൂട്ടി എന്തുകൊണ്ടാണ് അശോകമരം നടാൻ കൂട്ടാക്കാഞ്ഞതെന്ന്‍ വ്യക്തമല്ല. അത് വ്യക്തമാക്കേണ്ടത് അനിവാര്യമാണ്. ഫലമുണ്ടാകുന്ന മരങ്ങൾ വേണം നടേണ്ടതെന്ന കാഴ്ചപ്പാടിലാണ് അദ്ദേഹം ഇങ്ങനെ പെരുമാറിയതെന്ന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത് പ്രത്യുൽപ്പാദന ശേഷിയുള്ള മരങ്ങൾ. ഇന്ന് വർത്തമാനകേരളവും ലോകവും നേരിടുന്ന മുഖ്യപ്രശ്നമാണ് മനുഷ്യരിൽ ഫലം ഉണ്ടാകാതെ വരുന്ന (വന്ധ്യത) അവസ്ഥ. അതിനുവേണ്ടിയുള്ള ആശുപത്രികളും അവിടെയുണ്ടാകുന്ന തിരക്കും ദിനംപ്രതിയാണ് വർധിക്കുന്നത്. മനുഷ്യനിൽ പ്രത്യുല്‍പ്പാദനത്തെ സഹായിക്കുകയും സാധ്യമാക്കുകയും ചെയ്യുന്നവ മരങ്ങളിൽ അശോകം പോലെ വേറെ ഇല്ല. അതുകൊണ്ടാകണം ഈ മരത്തിന് അശോകം എന്ന പേര്  വന്നതിന് മുഖ്യകാരണമെന്നും തോന്നുന്നു. മനസ്സ് തകരുമ്പോൾ പ്രതീക്ഷയോടെ മനസ്സിനെ നിലനിർത്താനുള്ള അശോകത്തിന്റെ കഴിവു ഒന്നുകൂടി എടുത്തുകാണിക്കാൻ കൂടിയാകണം വാൽമീകി മഹർഷി ലങ്കയിൽ സീതാദേവിയെ അശോകമരത്തണലിൻ കീഴിൽ ഇരുത്തിയത്. അശോകമരം ഖ്യാതി നേടിയതും സീതയുടെ ലങ്കയിലെ ആശ്രയമായതിലൂടെയാണ്. മാത്രവുമല്ല, എല്ലാ മതങ്ങളേയും സമദൃഷ്ടിയിലൂടെ കാണുന്നതുപോലെ എല്ലാ മരങ്ങളേയും ഒരേപോലെയാണ് കാണേണ്ടത്. എല്ലാം ആത്യന്തികമായി മരങ്ങളാണ്. എന്നാൽ ഓരോ മരവും വ്യത്യസ്തവും. എന്തിന് ശ്രീനാരായണഗുരു ശിവഗിരിയിൽ മഹാത്മാഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയതുപോലെ ഒരു മരത്തിലെ ഓരോ ഇലയും വ്യത്യസ്തം. എന്നാൽ ഈ വ്യത്യാസത്തിനപ്പുറത്ത് ഇവയുടെ ചാറ് ഒന്നു തന്നെയായിരിക്കും. ഇവിടെയാണ് ബഹുസ്വരതയുടെ ഭംഗിയും ആ ഭംഗിയുടെ അടിസ്ഥാനവും. മരങ്ങളുടെ കാര്യത്തിലൂടെയും ഈ ബഹുസ്വരതയെ നാം അംഗീകരിക്കണം. ഓരോ മരത്തിനും ഓരോ ധർമ്മമുണ്ട്. മതേതരത്വം പോലെ മമ്മൂട്ടിക്ക് വേണ്ടത് ഒരു മരേതരത്വ കാഴ്ചപ്പാടാണ്. അല്ലെങ്കിൽ കാണികളും കേൾവിക്കാരും അവർക്കിഷ്ടമുള്ള വിധമായിരിക്കും മമ്മൂട്ടിയുടെ മരഭേദ നിലപാടിനെ വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. 

Ad Image