2014 ഡിസംബര് 21-ന് സന്ധ്യയ്ക്ക് ശേഷം നടന്ന ചാനൽ ചർച്ച. പങ്കെടുക്കുന്നവർ ജടാധാരിയും കാവിവസ്ത്രധാരിയുമായ ഭാർഗ്ഗവറാം, സി.പി.ഐ.എം പാർലമെന്റംഗം എം.ബി രാജേഷ്, എം.ഇ.എസ്സ് സെക്രട്ടറി ഫസ്സൽ ഗഫൂർ തുടങ്ങിയവർ. വിഷയം ഉത്തരേന്ത്യയിൽ ആരംഭിച്ച ഘർ വാപ്സിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നടന്ന മത പുന:പരിവർത്തനം. ഡിസംബര് 21-ന് ആലപ്പുഴ, ഹരിപ്പാട്, കൊല്ലം എന്നിവിടങ്ങളിലായി 35 പേർ ഹിന്ദുമതത്തിലേക്ക് പുന:പരിവർത്തനം ചെയ്യപ്പെട്ടു. മത പുന:പരിവർത്തനത്തെ ശക്തമായി എതിർത്തുകൊണ്ട് സി.പി.ഐ.എം കേന്ദ്രനേതൃത്വം പ്രസ്താവന ഇറക്കിയിരുന്നു. ചർച്ചയുടെ ഒരു ഘട്ടത്തിൽ ഭാർഗ്ഗവറാം ഘർ വാപ്സി അഥവാ വീട്ടിലേക്ക് മടങ്ങലിന്റെ പശ്ചാത്തലങ്ങളൊക്കെ ചരിത്രവും യുക്തിയും എല്ലാം ഉപയോഗിച്ചുകൊണ്ട് കത്തിക്കയറി. അപ്പോൾ രാജേഷിന്റെ ഭാഗത്തുനിന്ന് ആ സമീപനം തന്നെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഭാർഗ്ഗവറാമിന്റെ വാദങ്ങളെ ദുർബലമാക്കാൻ ശ്രമിച്ചു. സന്യാസിയുടെ വേഷത്തിൽ ചർച്ചയിൽ പങ്കെടുക്കുന്ന ഭാർഗ്ഗവറാം തെല്ലും ആത്മീയതയുടെ സൗമ്യഭാഷയിലല്ല സംസാരിക്കുന്നത്. അദ്ദേഹം സംസാരിക്കുന്നത് ആത്മീയതയ്ക്ക് പകരം രാഷ്ട്രീയമാണ്. അതാണ് വിഷയം. മതമല്ല, രാഷ്ട്രീയമാണ്. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന്റെ പശ്ചാത്തലത്തിൽ ലോൺമേളപോലെ പ്രത്യേകം ടാർജറ്റ് വച്ച് നടത്തപ്പെടുന്ന ഒന്നാണ് ഘർ വാപ്സി എന്നാണ് രാജേഷ് കുറ്റപ്പെടുത്തിയത്. അതിനു തിരിച്ച് ഉടൻ ഭാർഗ്ഗവറാമിന്റെ മറുപടിയും വന്നു. ഇവിടെ ചർച്ച ചെയ്യുന്നത് ആത്മീയകാര്യമല്ലാത്തതുകൊണ്ടാണ് ആത്മീയതയുടെ ഭാഷ പ്രയോഗിക്കാത്തത്. അത് ചർച്ച ചെയ്യുമ്പോൾ അതിന്റെ ഭാഷ ഉപയോഗിക്കും. ഇവിടെ രാഷ്ട്രീയം തന്നെയാണ് ചർച്ച ചെയ്യുന്നത്. മത പരിവർത്തനത്തെ എതിർക്കാൻ കൂട്ടാക്കാതെയോ അല്ലെങ്കിൽ അതിനെതിരെ നിയമം കൊണ്ടുവരാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മത പുന:പരിവർത്തനത്തെ എതിർക്കുന്ന വിഷയം ചർച്ച ചെയ്യുമ്പോൾ ആ രീതിയിലാണ് സംസാരിക്കേണ്ടതെന്നും ഭാർഗ്ഗവറാം പറഞ്ഞു.
ഈ ചർച്ചയിൽ നിന്ന് ഒന്ന് വ്യക്തമായി. മതം, രാഷ്ട്രീയം, ആത്മീയത എന്നിവ സംബന്ധിച്ച് രണ്ടുപേരും ഒരേ ധാരണയുള്ളവരാണ്. അതു രണ്ടുമാകട്ടെ അബദ്ധ ധാരണകളും എന്ന് പറയേണ്ടിയിരിക്കുന്നു. മതം എന്നതിനെ ഭാർഗ്ഗവറാമും രാജേഷും സമീപിക്കുന്നത് പടിഞ്ഞാറൻ കാഴ്ചപ്പാടോടു തന്നെയാണ്. രാജേഷ് അങ്ങനെ ധരിക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ല. വൈദേശിക ചിന്തകളാൽ ബൗദ്ധികമായി നയിക്കപ്പെടുന്ന രാഷ്ട്രീയകക്ഷിയുടെ പ്രതിനിധിയാണ് അദ്ദേഹം. ഭാർഗ്ഗവറാമിന്റെ ബാഹ്യ ചിഹ്നങ്ങളും വാക്കും ഭാരതീയവും. ഹോട്ടലിൽ മെനു കാർഡ് കണ്ട് അതിലെ വിഭവങ്ങള് യഥാർഥ വിഭവങ്ങളാണെന്ന് വിശ്വസിച്ച് അതിന്റെ രുചികാര്യങ്ങളിൽ തർക്കിക്കുന്നതുപോലെയാണ് ഇരുകൂട്ടർക്കും മതം. രണ്ടു പേർക്കും മതം അനുഭവവേദ്യമായിട്ടില്ല. ചർച്ചയ്ക്കിടയ്ക്ക് രാജേഷ് ഷോഡശ്ശക്രിയകളെ പരാമർശിക്കുന്നുണ്ടായിരുന്നു. വാസ്തവത്തിൽ എന്താണ് സംഗതിയെന്ന് അദ്ദേഹത്തിന് യാതൊരു പിടിയുമില്ലെന്ന് ആ പറച്ചിലിൽ നിന്ന് തെളിയുന്നുണ്ടായിരുന്നു. ഹിന്ദുവാകുന്നതിന് ഷോഡശ്ശക്രിയ വേണം എന്നുള്ള ധാരണയിൽ നിന്നാണ് അദ്ദേഹമത് ഉദ്ധരിച്ചതെന്ന് തോന്നുന്നു. അത് പറയാൻ ഭൗതികവാദി രാഷ്ട്രീയക്കാരനായ രാജേഷിന് അവകാശമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഭാർഗ്ഗവറാം നേരിട്ടത്. അദ്ദേഹത്തിന് വേണമെങ്കിൽ എന്താണ് ഷോഡശ്ശക്രിയ എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാനും അതിന്റെ പൊരുൾ പ്രകടമാക്കാനും പറ്റിയ അവസരമായിരുന്നു. ഭാർഗ്ഗവറാം തന്റെ ആത്മീയതയെക്കുറിച്ചുള്ള ധാരണ പ്രകടമാക്കിയതുപോലെയായി രാജേഷ് രാഷ്ട്രീയത്തെക്കുറിച്ച് പ്രകടമാക്കിയത്. വിഭാഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി സാമൂഹികമായി പ്രയോഗിക്കുന്ന വിദ്യയാണ് രാഷ്ട്രീയമെന്ന ധാരണ നയിക്കുന്നതുപോലെയാണ് വിപരീതാർഥത്തിൽ ആ രാഷ്ട്രീയപ്രയോഗം ഉണ്ടായത്. രാഷ്ട്രീയം വിപരീതാർഥത്തിൽ ഉപയോഗിക്കേണ്ട ഒന്നല്ല. രാഷ്ട്രത്തെ ബാധിക്കുന്ന കാര്യങ്ങൾ രാഷ്ട്രീയം തന്നെ. അദ്ദേഹത്തിന് അതറിയാതിരിക്കാൻ വഴിയില്ല. പക്ഷേ വർത്തമാനകാല രാഷ്ട്രീയം രാഷ്ട്ര താൽപ്പര്യത്തേയും ജനതാൽപ്പര്യത്തേയും പൂർണ്ണമായും അവഗണിച്ചുകൊണ്ട് മറ്റ് താൽപ്പര്യങ്ങൾക്കുവേണ്ടി നിലകൊളളുന്നു എന്ന യാഥാര്ത്ഥ്യം ഉപബോധമനസ്സിന്റെ സത്യസന്ധതയാൽ അവ്വിധം പുറത്തുവന്നതാകണം.
ഭാർഗ്ഗവറാം കാവി വസ്ത്രമുടുക്കുമ്പോൾ അത് പ്രതീകാത്മകമാണ്. അഗ്നിയുടെ നിറം കൂടിയാണ് ആ വസ്ത്രം പ്രതിനിധാനം ചെയ്യുന്നത്. അതിനാൽ അത് ജ്ഞാനത്തിന്റെ നിറം കൂടിയാകുന്നു. ഭക്ഷണത്തിൽ പാകത്തിന് ഉപ്പ് ചേരുംപോലെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇഴുകിച്ചേർന്ന് നിൽക്കേണ്ടതാണ് ഭാരതീയ സംസ്കാരത്തിൽ ആത്മീയത. ഉപ്പു കുറഞ്ഞാലും കൂടിയാലും രുചികേട്. ഇവിടെ രാജേഷിന്റെ കാര്യത്തിൽ ആ ഉപ്പു കുറഞ്ഞപ്പോൾ ഭാർഗ്ഗവറാമിന്റെ കാര്യത്തിൽ അത് വല്ലാതെ കൂടി. അത് പാകത്തിനാവുമ്പോൾ ആത്മീയതയുടെ സാന്നിദ്ധ്യം തന്നെ അറിയില്ല. അതേ സമയം അതിന്റെ സുഖം ചുറ്റും പടരും. ഗാന്ധിജി രാഷ്ട്രീയം പ്രയോഗിച്ച നേതാവാണ്. അദ്ദേഹത്തിന് അത് പാകത്തിന് പ്രയോഗിക്കാൻ കഴിഞ്ഞു. രാജേഷ് ഗാന്ധിജിയേയും ഭാർഗ്ഗവറാമിനെ അടിക്കാനായി ഉദ്ധരിക്കുകയുണ്ടായി. അപ്പോൾ രാജേഷ് ഗാന്ധിജിയെ സനാതന ഹിന്ദുവെന്നാണ് വിശേഷിപ്പിച്ചത്. എന്താണ് സനാതന ഹിന്ദുവെന്ന് അദ്ദേഹത്തിന് ധാരണയുണ്ടോ എന്ന് വ്യക്തമല്ല. എന്തു തന്നെയായാലും അദ്ദേഹം രാഷ്ട്രീയം ഉപയോഗിച്ചപ്പോൾ ഉള്ള വിപരീതാത്മക സനാതന പ്രയോഗത്തിൽ ഉണ്ടായില്ല. സനാതന പ്രയോഗത്തോടൊപ്പം പ്രകടമായത് ശ്രേഷ്ഠധ്വനിയാണ്. ഭാർഗ്ഗവറാമിന്റെ ആത്മീയത സംബന്ധിച്ചുള്ള പരാമർശം അങ്ങേയറ്റം ദോഷകരമായ സങ്കൽപ്പങ്ങളാണ് സമൂഹത്തിലേക്ക് പായിച്ചിട്ടുള്ളത്. ആത്മീയ കാര്യങ്ങൾ സംസാരിക്കുമ്പോൾ ആ ഭാഷ ഉപയോഗിക്കും. അതായത് സന്ദർഭത്തിനനുസരിച്ചുള്ള ഭാഷയും വികാരവും പ്രകടമാക്കുമെന്നാണ് അദ്ദേഹം വിവരിച്ചത്. പെട്ടന്ന് കേൾക്കുന്ന സാധാരണക്കാർക്ക് അതാണ് യുക്തിയെന്ന് തോന്നിയേക്കാം. എന്നാൽ ഭാരതീയമായ ആത്മീയതയുടെ അടിസ്ഥാന സ്വഭാവം തന്നെ അങ്ങനെയുള്ള വേർതിരിവില്ലായ്മയാണ്. ഭാർഗ്ഗവറാമിന്റെ സ്ഥാനത്ത് ചരിത്രത്തെ സൃഷ്ടിച്ച ഏതെങ്കിലും ആത്മീയപുരുഷനെ സങ്കൽപ്പിച്ചുനോക്കിയാൽ സാധാരണക്കാർക്കുപോലും ആ സത്യം തിരിച്ചറിയാൻ കഴിയും. രാഷ്ട്രീയത്തിലെ ആ ആത്മീയതയാണ് ഗാന്ധിജിയെ മറുകരണം കാട്ടിക്കൊടുക്കാൻ പ്രേരിപ്പിച്ചത്. ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും പ്രയോഗിച്ചിട്ടും ശക്തി നശിച്ചുപോകാത്ത ഉപവാസം എന്ന സമരമുറപോലും രാഷ്ട്രീയത്തിലെ ആത്മീയതയുടെ പ്രയോഗത്തിന്റെ ഉത്തമ ഉദാഹരണമാണ്.
ഗാന്ധിജി മതപരിവർത്തനത്തിനെതിരെ പറഞ്ഞിട്ടുള്ളതും ഭാർഗ്ഗവറാം ഉദ്ധരിക്കുകയുണ്ടായി. ഗാന്ധിജി എന്തുകൊണ്ടാണ് മതപരിവർത്തനത്തെ എതിർക്കുന്നതെന്ന് മനസ്സിലാക്കാൻ ഭാർഗ്ഗവറാമിന്റെ ഉപ്പോഴുള്ള അവസ്ഥയിൽ നിന്നുകൊണ്ട് സാധ്യമല്ല. രാജേഷിനും അതു ആത്മാർഥമായി മനസ്സിലാക്കാൻ പ്രയാസമാകും. ഒരു ഭാഗത്ത് മതത്തെ അംഗീകരിക്കാതിരിക്കുകയും അതേസമയം മതകാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയും വരുമ്പോഴുണ്ടാകുന്ന വൈരുദ്ധ്യാത്മകത മനസ്സിലാക്കാവുന്നതേ ഉളളു. അബദ്ധ ധാരണകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ചർച്ചകൾ കൂടതൽ അബദ്ധ ധാരണകൾ പെറ്റുപെരുകുന്നതിന് ഇടയാകും. മിക്ക ചാനൽ ചർച്ചകളും ഇത്തരം അബദ്ധ സന്തതികളുടെ ജനനത്തിന് അനുനിമിഷം കാരണമാകുന്നുണ്ട്. ശംഖിന്റെ അതേ രൂപമാണ് വയൽവരമ്പുകളിൽ കാണപ്പെടുന്ന നത്തങ്ങയ്ക്കും. രണ്ടും രണ്ടാണ്. നത്തങ്ങയെ കണ്ടിട്ട് ശംഖിനെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നത് പോലെയാവുന്നു ചർച്ചകൾ. അതിനാൽ ശംഖും നത്തങ്ങയും തിരിച്ചറിയാനുള്ള വിവേകവും ഉത്തരവാദിത്വവും പ്രേക്ഷകർ സമ്പാദിച്ചേ കഴിയൂ.