Skip to main content

 

മീൻപിടുത്തക്കാർ കുളവും പുഴയുമൊക്കെ കലക്കാറുണ്ട്. അതവർ ചെയ്യുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതെന്താണെന്ന് എടുത്തു പറയേണ്ടതില്ല. അതുപോലെ എന്തു ചെയ്യുമ്പോഴും എന്തിനാണ് ചെയ്യുന്നതെന്ന് വ്യക്തമായ ധാരണയുണ്ടാകണം. കാരണം അതാണ് ഓരോ നീക്കങ്ങളേയും നയിക്കേണ്ടത്. മാദ്ധ്യമപ്രവർത്തകന് ഉണ്ടായിരിക്കേണ്ട അവശ്യ ഘടകവും അതാണ്. അതിനാൽ നയിക്കപ്പെടുമ്പോഴാണ് സാധാരണക്കാർക്ക് ചിലപ്പോൾ ദഹിക്കാത്തതും അവരുടെ യുക്തിയിൽ അംഗീകാരം ലഭിക്കാത്തതും മറ്റ് ചിലപ്പോൾ അവരെ മാറ്റിച്ചിന്തിപ്പിക്കുന്ന വിധവുമുള്ള രീതിയിൽ മാദ്ധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നത്. അത് നികേഷിന് മുന്നേ നടന്നവർക്കു തന്നെ നഷ്ടമായിക്കഴിഞ്ഞിരുന്നു, പൂർണ്ണമായിട്ടല്ലെങ്കിലും. നികേഷ് കേരളത്തിൽ അത് പൂർണ്ണമാക്കി. കാരണം അവ്വിധമായിരുന്നു നികേഷ് ഇന്ത്യാവിഷനിലെ വാർത്തകളിലൂടെ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലക്കി മറിച്ചത്.

 

നികേഷിന്റെ വ്യക്തിത്വരൂപീകരണസമയത്ത് പ്രബലമായ മാദ്ധ്യമം വർത്തമാനപ്പത്രങ്ങൾ തന്നെയായിരുന്നു. പത്രങ്ങളുടെ തുടക്കത്തിന് ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. എത്ര നശിച്ചാലും ഒരു പരിധിക്കപ്പുറം പോകാൻ കഴിയാത്ത വിധമുള്ള സാംസ്‌കാരിക ധാതുവിന്റെ അംശം ഇന്നും പത്രങ്ങളെ നിയന്ത്രിക്കുന്നുണ്ട്. അതിൽ പാരമ്പര്യത്തിനും ചരിത്രത്തിനും അപ്പുറത്തുള്ള ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാരണം സംസാരിക്കുന്നതുപോലെയല്ല എഴുതുന്നത്. എഴുതുമ്പോൾ അതിന് ഭാഷാപരമായും ചിന്താപരമായും സാംസ്‌കാരികമായും ഒരു വ്യാകരണമുണ്ട്. ആ വ്യാകരണം പൂർണ്ണമായും തെറ്റിച്ച് എഴുത്ത് സാധ്യമല്ല. പുനർവായന ഇല്ലാതെ ഒരച്ചടിക്കുറിപ്പും പുറത്തിറങ്ങില്ല. ഇതിലെല്ലാം സംഭവിക്കുന്നത് വൈകാരികാംശങ്ങളെ പിന്നിലാക്കി ബുദ്ധിപരമായ അംശത്താൽ നയിക്കപ്പെടാനുള്ള ഒരു രസതന്ത്രമാണ്. ഈ സമ്പ്രദായം വളരെ വിദഗ്ധമായാണ് മാറ്റിമറിക്കപ്പെട്ടത്. അത് സാധ്യമാക്കിയത് പൈങ്കിളി മാദ്ധ്യമപ്രവർത്തനത്തിന്റെ പരിചയപ്പെടുത്തലും അതിന്റെ വിന്യാസവുമാണ്. ഇന്ന് വർത്തമാനപ്പത്രങ്ങൾ എല്ലാം തന്നെ മുഖ്യമായും നയിക്കപ്പെടുന്നത് പൈങ്കിളിയുടെ രസതന്ത്രത്തിലാണ്. ആളുകളെ പെട്ടന്ന് ആകർഷിക്കത്തക്ക വിധമുള്ള തലവാചകങ്ങൾ മുതല്‍ ആ സ്വാധീനം കാണാം. അപ്പോൾ ചോദിച്ചേക്കാം, ആകർഷകമായ തലവാചകങ്ങൾ ആവശ്യമില്ലേ എന്ന്. വാർത്തയുടെ കാമ്പിലേക്ക് നയിക്കുന്ന തലവാചകങ്ങളായിരിക്കണമത്. അത് ഏറ്റവും മികച്ച രീതിയിൽ ഇടുമ്പോൾ അത് ഏത് പൈങ്കിളി തലവാചകത്തേക്കാൾ ആകർഷകമായിരിക്കും. അതിന് വൈഭവം ആവശ്യമാണ്. കാരണം അവിടെ വിഷയത്തിന്റെ ആത്മാവിലേക്ക് നോക്കുകയും അതു മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായിരിക്കുകയും വേണം. എന്നാൽ പൈങ്കിളി തലവാചകമിടാൻ ഏതെങ്കിലും പൈങ്കിളിത്തരങ്ങൾ ഓർത്തിരുന്നാൽ മതി. സിനിമപ്പേരുകളോ   ചലച്ചിത്ര നടന്മാര്‍ അഭിനയിച്ച ഏതെങ്കിലും കഥാപാത്രം പ്രചാരത്തിലാക്കിയ ഡയലോഗോ ഒക്കെ.

 

ഈ പൈങ്കിളിവത്ക്കരണം യാദൃച്ഛികമായോ സ്വാഭാവികമായോ വന്നതല്ല. വളരെ ആസൂത്രിതമായി വികസിത രാജ്യകൂട്ടായ്മ വ്യക്തമായ ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ്. നമ്മുടെ ഭൂമിയും ജലവും വായുവും ഭക്ഷണവും വിഷലിപ്തമായത് അതിന്റെ ഫലമായാണ്. അതുപൊലെ ചികിത്സാരംഗം ഏറ്റവും വലിയ വ്യവസായി മാറിയതും. പൈങ്കിളിയുടെ ചിറകിലേറിയാണ് ഇവയൊക്കെ മുഖ്യമായും സാധ്യമായത്. അതിന്റെ സാധ്യമാക്കലിന് സഹായകമായ വരിക്കാരെ സൃഷ്ടിച്ച് പ്രചാരം വർധിപ്പിക്കുക എന്ന സമവാക്യ ചിന്തയിലേക്ക് പത്രാധിപന്മാരെയും പത്രപ്രവർത്തകരെയും എത്തിക്കുന്നതിൽ മാനേജുമെന്റുകൾ വിജയിക്കുകയും ചെയ്തു. പ്രചാരം വർധിക്കുന്നത് വരിക്കാരെ കൂട്ടി മാദ്ധ്യമ ശക്തി ജനങ്ങളിലേക്ക് വർധിപ്പിച്ച് ജനായത്ത പ്രക്രിയയെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയല്ല. മറിച്ച് പരസ്യവരുമാനം കൂടുതൽ നേടി ലാഭം ഉണ്ടാക്കുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. അതേസമയം ജനായത്തവും പത്രസ്വാതന്ത്ര്യവും ഇടതടവില്ലാതെ ഉരുവിട്ടുകൊണ്ടിരിക്കുകയും ചില ഘട്ടങ്ങളിൽ ഏതെങ്കിലും കടന്നാക്രമണം തങ്ങൾക്കു നേരേ വരുമ്പോൾ മാനേജ്‌മെന്റുകളുൾപ്പടെ ജനായത്തത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും പേരിൽ പോരാട്ടത്തിന് മുൻനിരയിൽ എത്തുകയും ചെയ്തിരുന്നു. അപ്പോഴും പൂർണ്ണമായും ജനയാത്തത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സ്വഭാവത്തിൽ നിന്ന് പത്രങ്ങൾക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്നുള്ളത് മാദ്ധ്യമത്തിന്റെ അന്തർലീനമായ ശക്തികൊണ്ടു തന്നെ. ആ ശക്തി ഇപ്പോഴും അവശേഷിക്കുന്നു. അതു തുടരുകയും ചെയ്യും. പക്ഷേ അപ്പോഴും മത്സരത്തോടെ  പ്രചാരവർധനയ്ക്കു വേണ്ടി വാർത്ത തയ്യാറാക്കുന്ന പത്രപ്രവർത്തക ബിംബങ്ങളെക്കണ്ടാണ് നികേഷ് വളർന്നത്.

 

പൈങ്കിളി കഴിഞ്ഞാൽ സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് വയലൻസ് അഥവാ ഹിംസയാണ്. കച്ചവട സിനിമയുടെ സമവാക്യം പോലെ. പ്രേമം, സ്റ്റണ്ട്. പ്രേമമില്ലെങ്കിലും സ്റ്റണ്ട് ഉണ്ടായേ മതിയാകൂ. അത് പ്രകടമാക്കുന്നത് അസംസ്‌കൃതമനസ്സിന്റെ അഭിരുചിയെയാണ്. പൈങ്കിളിയിലും അക്രമത്തിലും രമിച്ച് ആസ്വദിക്കുന്ന മനസ്സ് അസംസ്‌കൃതമാണ്. അതുകൊണ്ടാണ് വെളിപ്പെടുത്തലിലൂടെ ഒരാളെ കൊല്ലുന്നതിന്റെയും വിവാദങ്ങൾ സൃഷ്ടിച്ച് സംഘർഷമുണ്ടാക്കി വാർത്തകൾ സൃഷ്ടിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം. വിവാദം വാർത്തയല്ല. കാരണം വസ്തുത മറഞ്ഞിരിക്കുമ്പോൾ അല്ലെങ്കിൽ തെളിയാതെ നിൽക്കുമ്പോൾ ഉണ്ടാവുന്ന അവ്യക്തതയാണ് വിവാദത്തെ സൃഷ്ടിക്കുന്നത്. വസ്തുതയാണ് വാർത്തയെ സൃഷ്ടിക്കുന്നത്. ഏതു വിഷയത്തിലും വസ്തുതകൾ കണ്ടെത്തി നിരത്തുമ്പോഴാണ് വാർത്ത ജനിക്കുന്നത്. മാദ്ധ്യമപ്രവർത്തകന് അതിന് കഴിയാതെ വരുമ്പോഴാണ് വിവാദമാക്കി അതിൽ ബന്ധപ്പെട്ടവരെയും അവരെ അനുകൂലിക്കുന്നവരെയും രണ്ടു ചേരിയിലാക്കി യുദ്ധക്കളത്തിലേക്കിറക്കിവിട്ട് വിവാദമുണ്ടാക്കുന്നത്. ഇതും പൈങ്കിളി മാദ്ധ്യമപ്രവർത്തനത്തിന്റെ തുടർച്ച തന്നെയാണ്.

 

ഏതൊരു സമൂഹവും സംസ്‌കാരത്തിലേക്ക് നടന്നുകയറുന്നത് പേടി അകലുമ്പോഴാണ്. ധൈര്യം അല്ലെങ്കിൽ ശക്തി വരുമ്പോഴാണ് പേടി അകലുന്നത്. പേടി മരണതുല്യമായ ദൗർബല്യമാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ ദൗർബല്യം മരണവും ശക്തി ജീവിതവുമാണ്. എന്നാൽ മാദ്ധ്യമങ്ങൾ മുഖ്യമായും ചെയ്യുന്നത് പ്രേക്ഷകരിലും വായനക്കാരിലും ഭീതി ജനിപ്പിച്ചുകൊണ്ടിരിക്കുക എന്നതാണ്. ഏതെങ്കിലും ദുരന്തം വരുമ്പോൾ അത് ആഘോഷിക്കാനുള്ള വ്യഗ്രതയുടെ പിന്നിലും അതാണ് പ്രകടമാകുന്നത്. ദുരന്തം റിപ്പോർട്ടു ചെയ്യുന്ന ലേഖകരുടെ ശരീരഭാഷ നോക്കിയാൽ അതു മനസ്സിലാകും. അവർ ഏതോ ഉന്മാദത്തിൽ അകപ്പെട്ടതുപോലെയാണ് വിവരങ്ങൾ നൽകുക. നിറഞ്ഞു നിൽക്കുന്നത് പേടിയായിരിക്കും. കാരണം കമ്പോളത്തിൽ ചെലവഴിയുന്ന സംഗതിയാണ് പേടി. സുനാമി വന്നപ്പോൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടത് നികേഷ് നയിച്ച ഇന്ത്യാവിഷനാകാനാണ് സാധ്യത. കാരണം ഇന്ത്യാവിഷൻ തുടങ്ങി അധിക നാൾ കഴിയുന്നതിനു മുൻപാണ് സുനാമി വന്നത്. വാർത്താലോകത്തും ഇന്ത്യാവിഷൻ ഒരു സുനാമി തന്നെയാണ് സൃഷ്ടിച്ചത്. നല്ല കാറ്റിൽ പറന്നു പോകാൻ പാകത്തിൽ കേരളത്തിന്റെ മാദ്ധ്യമഭൂമികയിൽ അവശേഷിച്ചിരുന്നത ചില മര്യാദകളുടെയും മൂല്യങ്ങളുടെയും കുടീരങ്ങൾ  ഒക്കെ ഇന്ത്യാവിഷൻ സുനാമിയിൽ ഒലിച്ചു പോയി. സുനാമി റിപ്പോർട്ട് വളരെ വിശദമായ രീതിയിലാണ് ഇന്ത്യാവിഷൻ നല്‍കിയത്. സുനാമിയുടെ ഭീകരത മുഴുവൻ നികേഷിന്റെ സ്വരത്തിലും മുഖത്തും പ്രകടമായിരുന്നു. പിറ്റേ ദിവസം വൈപ്പിൻ മേഖലയിൽ ചില തിരകൾ ഒന്നുയർന്നടിച്ചു. അതറിഞ്ഞ നിമിഷം ഇന്ത്യാവിഷൻ വാർത്ത ഫ്‌ളാഷ് ചെയ്തു വീണ്ടും സുനാമി. ജനം വീണ്ടും ഭീതിയിലായി. ഭരണകൂടവും പരിഭ്രമിച്ച് രണ്ടാമത് സുനാമിയുണ്ടായിടത്തേക്കൊടി. സുനാമിയെന്ന വാക്ക് അതിന്റെ ഭീകരതയോടെ പരിചയിച്ചു പേടിച്ചു വിറച്ചു നിൽക്കുന്ന സമയത്ത് വീണ്ടും സുനാമി എന്ന കേട്ടപാടെ പ്രേക്ഷകർ കൊടിയ ഭീതിയിലായി.

 

ഇന്ത്യാവിഷന്റെ വാർത്തയറിഞ്ഞെത്തിയ അധികൃതർ സ്ഥലത്തെത്തിയപ്പോൾ അവിടെയെങ്ങും സുനാമിയുണ്ടായിട്ടില്ല. ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് അന്ന് ഇന്ത്യാവിഷന് കിട്ടിയതായിരിക്കും ഈ വാർത്ത. ഇത്തരത്തിലുള്ള വാർത്തകൾ എപ്പോഴും മാദ്ധ്യമസ്ഥാപനങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കും. അതിൽ ഏതാണ് വാർത്തയെന്ന് കണ്ടെത്തി സ്ഥിരീകരിക്കുന്നിടത്താണ് മാദ്ധ്യമസ്ഥാപനത്തിന്റെയും പ്രവർത്തകരുടെയും പ്രസക്തിയും പ്രാധാന്യവും. അതൊരു തൊഴിൽ ശീലത്തിന്റെ ഭാഗവുമാണ്. എന്നാൽ വിശ്വാസ്യതയക്ക് പ്രാധാന്യം നൽകാതെയുള്ള മാദ്ധ്യമപ്രവർത്തന ശീലത്തിൽ സ്ഥിരീകരണത്തിന് പലപ്പോഴും കാത്തു നിൽക്കാറില്ല. ചിലപ്പോൾ സ്ഥിരീകരണത്തിന് ബോധപൂർവ്വം മുഴുകാറുമില്ല. കാരണം ‘നല്ലൊരു വാർത്ത’ ചിലപ്പോൾ നഷ്ടപ്പെട്ടുപോകുമെന്ന ഭയത്താൽ. എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ ഇന്ത്യാവിഷനു തന്നെ ബോധ്യമായി രണ്ടാമതു സുനാമി ഉണ്ടായിട്ടില്ലെന്ന്. അതറിഞ്ഞ നിമിഷം നികേഷ് തന്നെയാണ് തിരുത്തൽ നൽകിയത്. തെറ്റായ വാർത്ത നൽകിയതിൽ ഖേദവും പ്രകടിപ്പിച്ചു. എന്നാൽ രണ്ടാമതു സുനാമി ഉണ്ടായതായി എന്നുള്ള വാർത്ത ശരിയല്ല എന്ന് നികേഷ് അറിയിച്ചപ്പോൾ നികേഷിന്റെ മുഖഭാവം പഠനാർഹമാണ്. കാരണം വളരെ നിഷ്‌കളങ്കമായ അവസ്ഥയിലായിരുന്നു അദ്ദേഹം. സുനാമി രണ്ടാമതു ഉണ്ടാകാതിരുന്നതിൽ എന്തോ ദുഖം ഉള്ളതുപോലെയായിരുന്നു ആ യുവ മാദ്ധ്യമപ്രവർത്തകൻറെ ഭാവം.

 

തെറ്റുകൾ മാദ്ധ്യമങ്ങൾക്ക് പറ്റും. അത് മൂന്നു വിധത്തിലേ ഉണ്ടാവുകയുള്ളു. ഒന്ന് അറിയാതെ, രണ്ട് അറിവില്ലായ്മ കൊണ്ട്, മൂന്ന് ബോധപൂർവ്വം. ഇതിൽ മൂന്നാമത്തെ കാരണത്താലല്ല ആ തെറ്റ് സംഭവിച്ചത്. മാദ്ധ്യമപ്രവർത്തനത്തിന്റെ ആത്മാവ് നികേഷിൽ സക്രിയമായിരുന്നെങ്കിൽ രണ്ടാമതു സുനാമി ഉണ്ടായെന്ന വാർത്ത കൊടുത്തത് തിരുത്തുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ദു:ഖത്തിനു പകരം നൈസർഗികമായി അയവിന്റെ ഭാവം പ്രകടമാകുമായിരുന്നു. അത്രയ്ക്ക് ഭീകരമായ സുനാമിയാണ് ഉണ്ടായത്. എന്തായാലും അതൊഴിവാകുകയും ജീവഹാനി ഒന്നും ഉണ്ടാകാതെയും പോയല്ലോ എന്നുള്ള ആശ്വാസത്തിന്റെ അയവ്. ആ സൂക്ഷ്മഘടകത്തിന്റെ അഭാവമാണ് നികേഷിനെ മാദ്ധ്യമപ്രവർത്തനത്തെ ആക്രമണോത്സുകമായി പ്രയോഗിക്കാൻ പര്യാപ്തമാക്കിയത്. മനുഷ്യൻ മനുഷ്യനായതിനാൽ സുഖം അവന്റെയും അവളുടെയും ജന്മാവകാശമാണ്. ആക്രമിക്കുകയായാലും ആക്രമിക്കപ്പെട്ടാലും സുഖം ഉണ്ടാവില്ല. ആക്രമിക്കുമ്പോൾ തുടക്കത്തിൽ ക്രൂരവിനോദത്തിന്റെ രസമുണ്ടെങ്കിലും. അതാണ് രണ്ടു ദശകം കൊണ്ട് നികേഷിന് മാദ്ധ്യമപ്രവർത്തനം മടുത്തത്. ലക്ഷ്യമില്ലായ്മയിലും ഈ മടുപ്പ് അനിവാര്യമാണ്. പക്ഷേ നികേഷിന്റെ ഇന്ത്യാവിഷനിലെയായാലും റിപ്പോർട്ടറിലെയായാലും പ്രവർത്തന രീതി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ നന്നായി കലക്കി. ആ കലക്കവെള്ളത്തിന്റെ മടുപ്പാണ് നികേഷിനെ പിടികൂടിയത്. ആ കലക്കവെള്ളത്തിന്റെ കാണലും അതിനോടുള്ള ആഭിമുഖ്യവുമാണ് നികേഷിനെ കലക്കവെള്ളമുള്ള കിണറ്റിൽ മുണ്ടും നിവർത്തിയിട്ട് ഷൂസുമിട്ട് തൊട്ടിയും കയറും കിണറ്റുകരയിലിരുന്നിട്ടും കിണറ്റിലിറങ്ങി കലക്കവെള്ളം കോരിക്കാട്ടാന്‍ പ്രേരിപ്പിച്ചത്. ചെയ്യുന്ന പ്രവൃത്തിയിലെ ലക്ഷ്യമില്ലായ്മയാണ് അവിടെയും നികേഷിനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്.

 

തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല. അതു കിട്ടിയാലും ഇല്ലെങ്കിലും അത് നികേഷിന്റെ വ്യക്തിപരമായ ലാഭനഷ്ടമാണ്. അല്ലാതെ ജനസേവന തൽപ്പരത കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നു പറയുക ബുദ്ധിമുട്ടാണ്. ചിലപ്പോൾ അദ്ദേഹത്തിന് അങ്ങനെ തോന്നുണ്ടാകാം. ആ തോന്നൽ ആത്മാർഥമായി അനുഭവപ്പെടുന്നതുമാകാം. അത്തരത്തിലൊരാർജജവം നികേഷിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ഗുണവും ശേഷിയുമാണ്.

 

നികേഷിന് തന്നെ മനസ്സിലാകുന്നതേ ഉള്ളു, താൻ ഏതൊക്കെ തോട്ടകളാണ് എറിഞ്ഞതെന്ന്. ആ തോട്ടയേറിൽ വെള്ളം കലങ്ങുമെങ്കിലും ജലാശയത്തിലെന്ന പോലെ അത് ആവാസവ്യവ്യസ്ഥയ്ക്ക് ദോഷമാണ്. അനേകം മത്സ്യങ്ങൾ, ചെറുതും വലുതും, ചത്തു പൊങ്ങും. ജലനാഭി പൊട്ടുന്നതുപോലെയാണ് തോട്ട വീണ് പൊട്ടുന്നത്. അതിനാലാണ് തോട്ടയേറ് നിയമവിരുദ്ധമാക്കിയിട്ടുള്ളതും. നികേഷ് രാഷ്ട്രീയ മീൻ പിടുത്ത ലക്ഷ്യം വച്ചാണോ ഈ തോട്ടകൾ പൊട്ടിച്ചതെന്ന് കരുതാനാവില്ല. ആ കലക്കലിനു നികേഷിന് ഒരു പാരിതോഷികം പോലെ വന്നു ചേർന്നതാവണം അത്. മാദ്ധ്യമപ്രവർത്തനം മടുത്തപ്പോൾ അടുത്ത മേച്ചിൽപ്പുറമെന്ന വ്യക്തിപരമായ താൽപ്പര്യത്താൽ. അല്ലാതെ, ഒരു രാഷ്ട്രീയ വീക്ഷണത്തിന്റെ സ്വാഭാവിക പരിണാമം പോലെയല്ല അതു സംഭവിച്ചത്. അത് നികേഷിന്റെ സത്യസന്ധമായ പ്രതികരണങ്ങളിലൂടെ പോയാൽ നിസ്സാരം മനസ്സിലാകുന്നതേ ഉള്ളു. (തുടരും)

 

മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാം:

നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം

മാലിന്യത്തെ ആശ്രയിക്കുന്ന നികേഷ് കുമാര്‍

നികേഷ് എന്ന താരം

നികേഷ് പറത്തിയ നൂലില്ലാപ്പട്ടങ്ങൾ

നികേഷ് ഇംപാക്ടും ജോർജ് ഇഫക്ടും

കുളിരു മാറിയ നികേഷ്‌ കാലം


ലേഖകന്‍ മാതൃഭൂമി ദിനപത്രത്തില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു.