നടി ശ്രീവിദ്യ മരിക്കുന്നതിന് ഏതാനും നാൾ മുൻപ് നൽകിയ ഒരഭിമുഖത്തിൽ ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു: എനിക്ക് അടുത്ത ജന്മത്തിൽ ഒരു ഇടത്തരം കുടുംബത്തിലെ പെൺകുട്ടിയായി ജനിക്കണം. എന്നിട്ട് രണ്ടു കുട്ടികളുടെ അമ്മയായി നല്ല കുടുംബിനിയായി ജീവിക്കണം. ഇതു പറയുമ്പോൾ തന്റെ ആത്മകഥയുടെ മുഴുവൻ രചനയും ഈ രണ്ടു വാചകത്തിൽ ചുരുക്കിയ മുഖഭാവമായിരുന്നു അവരുടേത്. ഈ ജീവിതത്തിൽ ആ ഒരു സ്വപ്നം എത്ര തന്നെ ശ്രമിച്ചാലും നടക്കില്ല എന്ന ഗതികേടിലും ജീവിതത്തിന്റെ ഗതി മനസ്സിലാക്കിയ ബോധത്തിന്റെ സ്വാധീനമോ സാന്നിദ്ധ്യമോ ആയിരുന്നു അപ്പോൾ അവരില്‍ പ്രകടമായ ചിരി. തത്വചിന്താചിരി. അതു പറഞ്ഞതിനു ശേഷം അവർ കണ്ണുകൾ പ്രേക്ഷകരുടെ നേർക്ക് വിടർത്തിപ്പിടിച്ചുകൊണ്ട് തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ നേടിയ അറിവിന്റെ ധൈര്യം നൈസർഗികമായി പ്രകടമാക്കിക്കൊണ്ട് സംസാരിച്ചു. ആരെയും കുറ്റപ്പെടുത്താതെ. തന്നെപ്പോലും. ശ്രീവിദ്യയുടെ കണ്ണു കൂടിയായപ്പോൾ ആ വികാരത്തിന്റെ തീവ്രസ്ഫുരണങ്ങളായി അത്. അവർ പറഞ്ഞതിതാണ്. ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു ജോർജ് ജോസഫുമായുള്ള തന്റെ വിവാഹം. അതൊരു എടുത്തുചാട്ടമായിരുന്നു. പ്രായത്തിന്റെ കുതിപ്പ്. അപ്പോൾ ശരിതെറ്റുകളൊന്നും കാണാൻ കഴിയുന്ന പ്രായമല്ല. എനിക്ക് പെൺകുട്ടികളോട് പറയാനുള്ളത് ആ പ്രായത്തിൽ ചാടിക്കേറി തീരുമാനങ്ങളൊന്നും എടുത്തുകളയരുത്. ഇരുപത്തിനാലു വയസ്സെങ്കിലുമാകാതെ അൽപ്പം പക്വതയാർന്ന തീരുമാനം നമുക്ക് എടുക്കാൻ കഴിയില്ല. തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തെ നിശ്ചയിക്കുന്നത്. അന്ന് ഞാൻ ആവേശത്തിലെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. സംഭവിച്ചുപോയി. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ വീണ്ടും ആവർത്തിച്ചു, ചെറുപ്രായത്തിൽ ആവേശത്തിൽ തീരുമാനമെടുക്കരുതെന്ന്.
ഒരമ്മയും കുടുംബിനിയുമാകാൻ കൊതിക്കുന്ന, യൗവനത്തിന്റെ സായാഹ്നത്തിൽ, വാർധക്യം ആരംഭിക്കുന്നതിനു മുൻപ് മരണത്തെ നേർക്കുകാണുന്ന സ്ത്രീയുടെ മാനസികാവസ്ഥയായിരുന്നു ശ്രീവിദ്യയില്‍ പ്രകടമായത്. എങ്കിലും തന്റെ ജീവിതത്തിലൂടെ നേടിയ അറിവിന്റെ ചില ചിന്തുകൾ സഹജീവികളുമായി പങ്കുവയ്ക്കാനുള്ള വ്യഗ്രത അവരിൽ കാണാമായിരുന്നു. അതവരുടെ സഹജീവി സ്നേഹത്തിന്റെ ലക്ഷണം കൂടിയായിരുന്നു. അവരുടെ ജീവിതം അവരിലേൽപ്പിച്ച ആഘാതങ്ങളുടെ തീവ്രതയും ഓർക്കേണ്ടതാണ്. അതിനർഥം ഇരുപത്തിരണ്ടാം വയസ്സിനു മുൻപ് പ്രേമവിവാഹത്തിൽ ഏർപ്പെട്ട എല്ലാവരുടേയും ദാമ്പത്യം പരാജയമാകണമെന്നില്ല. എന്നിരുന്നാലും അവർ പറഞ്ഞതിലെ പൊരുൾ പക്വതയായ തീരുമാനങ്ങളെടുക്കുന്നതിന് കുറഞ്ഞത് 24-25 വയസ്സെങ്കിലും ആവണമെന്നതിലെ ഊന്നലിനാണ്. ഇരുപത്തിരണ്ട് വയസ്സിൽപോലും ഒരു സ്ത്രീക്ക് തന്നെ ബാധിക്കുന്ന തീരുമാനം യുക്തിപൂർവ്വമായി എടുക്കാൻ കഴിയില്ല എന്ന് ഒരു സ്ത്രീ അനുഭവസാക്ഷ്യം നടത്തുമ്പോൾ മനസ്സിലാക്കേണ്ടത് കൗമാര പ്രായത്തിലാരംഭിച്ച ശാരീരിക മാറ്റങ്ങളുടെ മാനസിക സ്വാധീനം അപ്പോഴും തുടരുന്നു എന്നതാണ്.
സമ്മത പ്രായം
ശാരീരികമായി പ്രകൃതിയുടെ ദൗത്യം ഏറ്റെടുക്കാൻ സജ്ജമാകുന്ന സമയത്തിന്റെ തുടക്കമാണ് കൗമാരം. പ്രകൃതിയെ സംബന്ധിച്ചിടത്തോളം അത്, മറ്റെല്ലാ മൃഗത്തിലെന്ന പോലെ, മനുഷ്യരിലും സ്വാഭാവികമാണ്. മറ്റ് മൃഗങ്ങൾ ആ സമയം പ്രത്യുൽപ്പാദന പ്രക്രിയയിലേക്ക് പ്രവേശിച്ച് വംശം നിലനിർത്താനുള്ള ദൗത്യത്തിലേർപ്പെടുന്നു. മനുഷ്യനു മാത്രമാണ് മൃഗലോകത്തിൽ വിവേചനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യവും അധികാരവും നൽകപ്പെട്ടിട്ടുള്ളത്. മനുഷ്യന്റെ സാദ്ധ്യതയും വെല്ലുവിളിയും ഒന്നിച്ച് ഒരേ സോഫ്റ്റ്‌വെയറിൽ നൽകിയിരിക്കുന്നു. ശാരീരികമായ മാറ്റങ്ങൾക്കൊപ്പം അത് കാരണമായി മാനസികമായും മാറ്റം ഉണ്ടാകുന്നു. പ്രകൃതിയുടെ ദൗത്യനിയമമനുസരിച്ച് മൃഗങ്ങളിലേതുപോലെ ഇന്ദ്രിയ സ്വാധീനമായിരിക്കും അപ്പോൾ മുന്നിൽ നിൽക്കുക. അതുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത, എന്നാൽ ഏറ്റവും ശക്തമായ അനുഭവങ്ങളിലേക്കുള്ള ആകർഷണത്തിലേക്കും, മനുഷ്യനായതിനാൽ സ്വപ്നം കാണാനുള്ള ശേഷികൊണ്ട് സ്വപ്നലോകത്തേക്കും, നീങ്ങാനുമുള്ള വ്യഗ്രത തീവ്രമാകുന്നു. പഴയ ശൈലിയിൽ പറഞ്ഞാൽ വിടരുന്ന പുഷ്പം പോലെ സുഗന്ധം പരത്തുന്ന പാവാടപ്രായം. പൂവിന്റെ ഗന്ധം എന്നതു പൂവിന്റെ കാമത്തിന്റെ ഗന്ധമാണ്. അതിന്റെ ലക്ഷ്യവും ആകർഷിക്കുക എന്നതു തന്നെ. അതിന്റെ ഉച്ചാവസ്ഥയാണ് പെൺകുട്ടികളുടെ പതിനേഴ് വയസ്സ്. മധുരപ്പതിനേഴ് എന്ന വിശേഷണവും അതുകൊണ്ടുതന്നെ. ആ വിടരലിന്റെ തുടക്കകാലമാണ് പുഷ്പിണിയാകുന്ന കാലം മുതൽ തുടങ്ങുക. അപ്പോൾ, ലൈംഗിക ബന്ധം സംബന്ധിച്ച് ഒരു പെൺകുട്ടിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രായം ഇന്ത്യയിൽ പതിനാറ് വയസ്സായി (2013-ലെ ക്രിമിനല്‍ നിയമ ഭേദഗതിയ്ക്ക് മുന്‍പ്) നിജപ്പെടുത്തിയിരുന്നതിലൂടെ പ്രകടമായിരുന്നത് ന്യായത്തേക്കാൾ അന്യായമാണ്.
മറ്റെല്ലാ കാര്യങ്ങളിലും പക്വതയുടെ പ്രായമായി നിയമം നിശ്ചയിച്ചിരുന്നത് പതിനെട്ടു വയസ്സായിരുന്നപ്പോഴാണ് ലൈംഗിക കാര്യത്തിൽ മാത്രം അത് പതിനാറായിരുന്നത്. ഇരുപത്തിരണ്ടു വയസ്സിൽ പോലും ഒരു സ്ത്രീയ്ക്ക് യുക്തിസഹമായ തീരുമാനമെടുക്കാൻ പ്രാപ്തിയുണ്ടാവില്ലെന്ന് ശ്രീവിദ്യ സ്വന്തം അനുഭവത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തിയതിലെ ഒരു സൂചന രാജ്യത്തിന്റെ ഈ നിയമത്തിലെ പോരായ്മ കൂടിയാണ്. ഈ നിയമം അനുചിതവും അസംഗതവും നീതിരഹിതവുമാണെന്നും, അത് മാറ്റേണ്ടതിനെക്കുറിച്ച് സമൂഹവും ഭരണകൂടവും ചിന്തിക്കണമെന്നും പറഞ്ഞു കൊണ്ടുകൂടിയാണ് സൂര്യനെല്ലി കേസ്സിൽ 2005 ജനുവരി 20-ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് വിധിയുണ്ടായത്. പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ട ആ വിധിയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‍ കേസ് വീണ്ടും പരിഗണിച്ച മറ്റൊരു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 2014 ഏപ്രില്‍ നാലിന് അസാധുവാക്കിയത്. എന്നാല്‍, സൂര്യനെല്ലി പെൺകുട്ടിയുടെ ദുരവസ്ഥ വരച്ചുകാണിച്ച്, നിയമത്തിൽ നിലനിൽക്കുന്ന പോരായ്മയും, അതു മനസ്സിലാക്കുന്ന ന്യായാധിപന്റെ മനസ്സും, എന്നാൽ നിയമത്തെ സ്വീകരിക്കേണ്ട ന്യായാധിപന്റെ മനസ്സും, നിയമത്തില്‍ ഉണ്ടാകേണ്ട ഗുണപരമായ മാറ്റവും, ഓർമ്മപ്പെടുത്തുന്നതാണ് 2005-ലെ വിധിന്യായത്തില്‍ ജസ്റ്റിസ് ആര്‍. ബസന്ത് എഴുതിയ കുറിപ്പ്.
വഴിപിഴച്ചുപോയ പെൺകുട്ടി, അസുരക്ഷിതമായി വളർത്തപ്പെട്ട കുട്ടി എന്നൊക്കെയുള്ള പരാമർശങ്ങൾ ആ വിധിന്യായത്തിലെ കുറിപ്പിലുണ്ട്. അസുരക്ഷിതമായ ബാല്യത്തെ തുടർന്നുണ്ടായ അനുഭവങ്ങളാണ് ആ കുട്ടിക്ക് തന്റെ ജീവിതം കൊണ്ട് വില നൽകേണ്ടി വന്നത്. അതിന് ആ കുട്ടി ഉത്തരവാദിയല്ല. രക്ഷകർത്താക്കളും സമൂഹവും ഭരണകൂടവുമാണ് അതിനുത്തരവാദി. ആ ഉത്തരവാദിത്വത്തിലേക്ക് കൗമാരക്കാരികളുടെ സുരക്ഷിതത്വം ഏൽപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ബസന്തിന്റെ പരാമർശങ്ങളിൽ പ്രകടമായിട്ടുള്ളത്. ജസ്റ്റിസ് ബസന്തടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ വിധി പുന:പരിശോധനയ്ക്ക് സുപ്രീം കോടതിയുടെ മുന്നിൽ ദീർഘമായി കാത്തുകിടന്ന അവസരത്തിലാണ് ദില്ലിയിലെ നിർഭയ കേസ്സുണ്ടായതും ഈ ഹർജിയിൽ പെട്ടന്ന് നടപടിയുണ്ടായതും. എന്നാൽ, അതില്‍ പ്രതികരണമാരാഞ്ഞ് ബസന്തുമായി ഒരു ചാനൽ ലേഖിക നടത്തിയ ഒളിക്യാമറാ സൂത്രപ്പണി അഭിമുഖത്തിൽ വ്യക്തിപരമായി ബസന്ത് ചില പരാമർശങ്ങൾ നടത്തി. അത് ബാലവേശ്യാവൃത്തിയും സൂര്യനെല്ലി പെൺകുട്ടി വഴിപിഴച്ച കുട്ടിയെന്നും സൂചിപ്പിക്കുന്ന തരത്തിലായി. അത് വിവാദവുമായി. അതേസമയം, നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ നിയമത്തില്‍ 2013-ല്‍ ഭേദഗതി വരുത്തിയപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് സമ്മതപ്രായം 2005-ലെ വിധിന്യായത്തില്‍ ബസന്ത് നിര്‍ദ്ദേശിച്ച രീതിയില്‍ 18 ആക്കി ഉയര്‍ത്തുകയും ചെയ്തു. നിയമ കമ്മീഷന്‍ നേരത്തെ തന്നെ നല്‍കിയിട്ടുള്ള ശുപാര്‍ശ സ്വീകരിച്ച് പാര്‍ലമെന്റ് അതിനകം സമ്മതപ്രായം 18 ആക്കിയിരുന്നെങ്കില്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാമോ എന്ന ചോദ്യം തന്നെ കോടതിയുടെ മുന്നില്‍ ഉദിക്കുമായിരുന്നില്ലെന്നും തന്റെ കുറിപ്പില്‍ ബസന്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബസന്തിന്റെ വാക്കുകള്‍: The Law Commission of India did attempt in its 84th report to bring up the age of consent in rape to 18 years in tune with other enactments and consistent with refined and modern notions regarding the concern and compassion which society should bestow on its younger members. The consent for intercourse allegedly given by PW3 (സൂര്യനെല്ലി പെണ്‍കുട്ടി), on which aspect we have chosen to concede the benefit of doubt to the appellants, could easily have been ignored if that suggestion of the Commission were accepted by the Parliament.
കമ്പോള ഗൂഡാലോചന
2014 ഏപ്രിൽ നാലിലെ വിധി വന്നതിനെ തുടർന്ന് അന്നു രാത്രിയിലത്തെ മിക്ക ചാനലുകളുടേയും രാത്രി ഒമ്പതുമണിച്ചർച്ച ഈ വിധിയെക്കുറിച്ചായിരുന്നു. ആ ചർച്ചയിൽ പങ്കെടുത്തവരിൽ നിയമ വിദഗ്ദ്ധരും സാമൂഹ്യപ്രവർത്തകരും സ്ത്രീവിമോചകരും ബുദ്ധിജീവികളും എല്ലാം ഉൾപ്പെടുന്നു. ഇവരും മാധ്യമങ്ങളും ചേർന്നാണ് വർത്തമാന സമൂഹത്തിൽ അജണ്ടകൾ നിർണ്ണയിക്കുന്നത്. അന്നത്തെ ചർച്ചയിലുടനീളം ജസ്റ്റിസ് ബസന്തിന്റെ deviant അഥവാ വഴിപിഴച്ച, ബാലവേശ്യ എന്ന പ്രയോഗങ്ങളെ ആധാരമാക്കിയാണ് ചർച്ച നടന്നത്. ഇപ്പോഴുണ്ടായ ഹൈക്കോടതി വിധിയിലൂടെ വളരെ വലിയ അനീതിയാണ് നീക്കപ്പെട്ടിരിക്കുന്നതെന്ന് ആ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പടെ പറയുന്നുണ്ടായിരുന്നു. യഥാർഥത്തിൽ, വിധിന്യായത്തിൽ ഒരിടത്തും ബാലവേശ്യ എന്ന പ്രയോഗം ബസന്ത് നടത്തിയിട്ടില്ല. എന്നാൽ മാധ്യമങ്ങൾ നടത്തിയ ചർച്ച മുഴുവൻ ആ പ്രയോഗത്തിന്റെ അസ്ഥിരപ്പെടുത്തലാണെന്നുള്ളത് ഉത്‌ഘോഷിച്ചുകൊണ്ടായിരുന്നു. അതേസമയം, 2014 ഏപ്രിൽ നാലിലെ വിധിയില്‍ ബാലാവേശ്യാവൃത്തിയെ സംബന്ധിച്ച പരാമര്‍ശം ഇത്രയുമാണ്: In the course of arguments, we put a query to the learned senior counsel appearing for the appellant as to whether the appellant has a case that the events in question involve child prostitution. The learned senior counsel submitted that nobody has such a case. അതായത്, കേസില്‍ പ്രതിയായ അഡ്വ. ധര്‍മ്മരാജന്റെ അഭിഭാഷകനോട് ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാര്‍ നടന്നത് ബാലവേശ്യാവൃത്തിയാണ് എന്ന്‍ അഭിപ്രായമുണ്ടോ എന്ന്‍ ചോദിക്കുകയും ഇല്ലെന്ന് ധര്‍മ്മരാജന്റെ വക്കീല്‍ പറയുകയുമായിരുന്നു. ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് അപ്പീലുമായി വന്ന ധര്‍മരാജന്‍ ഈ മറുപടി നല്‍കിയതില്‍ അതിശയമില്ല. എന്നാല്‍, ചാനല്‍ നടത്തിയ ഒളിക്യാമറ സൂത്രപ്പണിയിലെ പരാമര്‍ശങ്ങളെ അധികരിച്ച് ജഡ്ജിമാരില്‍ നിന്ന്‍ ഇത്തരത്തിലൊരു ചോദ്യം വന്നത് സമൂഹത്തിലെ മാദ്ധ്യമ സ്വാധീനത്തിന്റെ കൃത്യമായ സൂചകമാകുന്നു.
ജസ്റ്റിസ് ബസന്തിന്റെ പരാമർശങ്ങളുൾക്കൊള്ളുന്ന വിധിപ്രസ്താവത്തിലെ പ്രസക്ത ഭാഗങ്ങൾ ഇതാണ്:
In the fiercely consumerist society that we live in, a young girl child is also exposed to so many temptations that it is difficult for the child which has not been groomed in proper atmosphere with a proper value system inculcated in it, to resist such temptations. Such children can be termed deviants but cannot be merely condemned and left to their fate. They too deserve the sympathy of the system as it is no crime of theirs that they are born and forced to grow up in such atmosphere. It is the duty of the secular state to give the requisite education to instil a proper value system in such future citizens. That must be reckoned as the incident of the constitutional obligation of the State to give free primary education. That obligation cannot be relegated by the State to religious or optional institutions. They too deserve the protection of the law against unintelligent, imprudent and immoral consent being extracted from them at that early age. No one should be permitted by law to rely on such alleged consent given by a minor aged less than 18 years, the fond child of law and equity. I may sum up by stating that raising the age of consent for sexual intercourse to 18 consistent with the stipulations in the saner subsequent enactments appears to be the unavoidable imperative before the system. At least the Kerala Legislature must take bold efforts to bring in suitable local amendments to S.375 of the Indian Penal Code and give leadership to others.
Making of the law in a democratic polity is an agonisingly slow process. The needs of the society have to be perceived by the polity. Opinion makers have to perceive the need. Public opinion has to be generated. Such public opinion must get expressed on the floor of the legislature and must get translated into legislative action. Legislative stipulations have to be enforced by the executive and interpreted by the adjudicators. It is only then that relief is ultimately enjoyed by the polity.
Wait, we must. But the process has to start here and now. Such unfortunate incidents like the one in this case, which seem to be too frequent in the Kerala scenario of late, should not be viewed merely as god sent opportunities for improving stakes in the electoral battles to follow. They must make the enlightened polity aware of the need for changes in the law. Meaningful discussions must be aroused. Observations by courts may help to accelerate the pace of the march towards ideal laws. The purpose of this added note is just that.
ഇതിൽ അദ്ദേഹം ഉയർത്തുന്ന പ്രശ്നങ്ങൾ അടിയന്തരമായ സാമൂഹികശ്രദ്ധ അര്‍ഹിക്കുന്നതായിരുന്നു. ആ ശ്രദ്ധയിലേക്ക് സ്വയം ഉയരേണ്ടതിന്റെ ആവശ്യകതയും ഈ വിഷയങ്ങളെ കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വവും ഏറ്റവും കൂടുതൽ മാധ്യമങ്ങൾക്കാണ്. എന്നാൽ വിധിന്യായത്തില്‍ ഉന്നയിച്ച കാതലായ വിഷയത്തേക്കാൾ വിൽപ്പനാമൂല്യം വിധി പറഞ്ഞ ജഡ്ജിയുടെ ഒളിക്യാമറാ സൂത്രപ്പണിയിലൂടെ ലഭ്യമായ വാക്കുകള്‍ക്കാണെന്ന്‍ മാധ്യമപ്രവർത്തകർ തീരുമാനിക്കുകയും അങ്ങനെ സംഘടിപ്പിച്ച വാക്കുകൾ വിധിന്യായത്തോടൊപ്പം സ്വന്തം നിലയിൽ എഴുതിച്ചേർക്കുകയും ചെയ്തു എന്നുള്ളതിന്റെ ഏറ്റുവും വലിയ തെളിവാണ് ഒളിഞ്ഞുനോട്ട-ക്കേൾവിയിലൂടെ സംഘടിപ്പിച്ച വാക്കുകളെ വിധിന്യായമാക്കി ചിത്രീകരിച്ച് നടത്തിയ ചർച്ച. ഇതിനെ കമ്പോള ഗൂഡാലോചന (Conspiracy of the Market) എന്നു വിളിക്കാവുന്നതാണ്. ഒളിഞ്ഞുനോട്ടത്തിലൂടെ ലഭിക്കുന്ന കാര്യങ്ങളെ പരസ്യമാക്കി അവതരിപ്പിക്കുകയും അതേസമയം പരസ്യമായതിനെ രഹസ്യമാക്കിത്തന്നെ നിലനിർത്തുകയും ചെയ്യുന്ന തന്ത്രമാണ് മാർക്കറ്റ് അഥവാ കമ്പോളം ഗൂഡാലോചനയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. പരസ്യമായതിന് രഹസ്യത്തിന്റെ സ്വഭാവം ചാർത്തി നിലനിർത്തുന്നതും ഒളിഞ്ഞുനോട്ടത്തിന്റെ സുഖാസ്വാദനം നല്‍കി തങ്ങളുടെ ഉൽപ്പന്നത്തിന്റെ വ്യാപാരം വർധിപ്പിക്കാനാണ്.
ഈ കമ്പോള ഗൂഡാലോചനയുടെ ഉത്തമ ഉദാഹരണവും നിര്‍വഹണ കേന്ദ്രവുമാണ് വിദേശ പരിശീലനങ്ങളിലൂടെയും വിദേശമാതൃകകളിലൂടെയും രൂപപ്പെട്ടിട്ടുള്ള നമ്മുടെ മാധ്യമപ്രവർത്തന രീതി. ഇതിന് ചുക്കാൻ പിടിക്കുന്നത് ബുദ്ധിജീവികൾ എന്ന് സ്വയം വിശേഷിപ്പിച്ച് പ്രത്യക്ഷപ്പെടുന്ന മാധ്യമപ്രവർത്തക ലോകത്തെ പണ്ഡിതരും പരിണത പ്രജ്ഞരുമാണ്. അവർ പോലുമറിയാതെയാണ് കമ്പോളം അവരെ മുൻനിർത്തിക്കൊണ്ട് ഈ ഗൂഡാലോചനയിൽ പങ്കാളിയാക്കുന്നത്. അതിന്റെ ഗജോദഹരണമാണ് ഒളിക്യാമറാ പരിപാടി. ഒളിഞ്ഞുനോട്ട-സുഖാനുഭവ സ്വഭാവമില്ലാത്ത ഒരു വ്യക്തിക്കും അത്തരത്തിലൊരു പ്രവൃത്തിക്ക് നേതൃത്വം നൽകാനോ അത് പ്രാവർത്തികമാക്കാനോ സാധ്യമല്ല. ഒളിഞ്ഞുനോട്ടത്തിലൂടെ അവർ കാണിക്കുന്നതു കണ്ടാൽ കാണുന്നവർക്ക് തോന്നുക അവരുടെ ലക്ഷ്യം സമൂഹനന്മയെന്നായിരിക്കും. കഴിഞ്ഞ മൂന്നു നാല് പതിറ്റാണ്ടുകൾകൊണ്ട് മാധ്യമപ്രവർത്തനത്തെക്കുറിച്ച് മാധ്യമങ്ങൾ തന്നെ ഉണ്ടാക്കിയെടുത്തിട്ടുള്ള സാമൂഹ്യ കാഴ്ചപ്പാടിന്റെ ഫലമാണത്. തങ്ങളുടെ മാധ്യമത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള കുറുക്കുവഴിയാണതെന്ന് അതിന് നേതൃത്വം കൊടുക്കുന്നവർക്കും അത് നടപ്പാക്കുന്നവർക്കും നന്നായി അറിയാം. പക്ഷേ അവരിൽപ്പോലും തങ്ങൾ ചെയ്യുന്നത് മഹത്തായ കാര്യമാണെന്ന് അറിയാതെയുള്ള ബോധം നിലനിൽക്കുന്നു. അറിവിൽ പ്രവർത്തിക്കേണ്ട ജോലിയുടെ അടിസ്ഥാനം അജ്ഞതയായി മാറുന്ന കാഴ്ചയാണത്.
ബസന്ത് വിധിന്യായത്തിലൂടെ പങ്കുവച്ചെ കാര്യങ്ങൾ ഇപ്പോഴും പ്രസക്തമായി അവശേഷിക്കുന്നു. അതിന്റെ പേരിൽ ഇനിയും എത്രയോ ഇരകൾ ഭാവിയിൽ ഉണ്ടായെന്നിരിക്കും. സൂര്യനെല്ലി പെൺകുട്ടിക്ക് നീതി ലഭിക്കേണ്ടത് അനിവാര്യമാണ്. ആ പെൺകുട്ടി തെറ്റുകാരിയല്ല. അവൾ സാഹചര്യങ്ങളുടെ സന്തതിയാണ്. പ്രായത്തിന്റെ ഇരയായവളാണ്. ആ സമയം അവൾ അനുഭവിച്ച അരക്ഷിതത്വത്തിൽ നിന്ന് സന്തോഷത്തിന്റെ ലോകത്തിലേക്ക് ചേക്കാറാൻ നടത്തിയ എളുപ്പവഴിയുടെ പരിണത ഫലമനുഭവിച്ച പെൺകുട്ടി.
സമൂഹത്തെ സംബന്ധിച്ചിടത്തോളം സൂര്യനെല്ലി പെൺകുട്ടിക്ക് നീതി ലഭിക്കുന്നതോടൊപ്പം അത്തരത്തിൽ ഇനിയും അനുഭവസ്ഥർ ഉണ്ടാകതിരിക്കേണ്ട ജാഗ്രതയിലേക്ക് നീങ്ങേണ്ടതുണ്ട്. സൂര്യനെല്ലി പെൺകുട്ടി അകപ്പെട്ട സാമൂഹ്യന്തരീക്ഷത്തേക്കാൾ കുട്ടികൾ അകപ്പെടാൻ ഇരുപത്തിനാലു മണിക്കൂറും സാധ്യതയുള്ള വർത്തമാനകാലമാണിപ്പോൾ. അതിനാൽ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളുടേയും വ്യവസ്ഥകളുടേയും ആവശ്യം മറ്റെന്നേത്താക്കാളും ഇപ്പോഴുണ്ട്. അതിലേക്ക് മാധ്യമം പോകുന്നില്ല. കാരണം അതും കമ്പോള ഗൂഡാലോചനയുടെ ഫലമാണ്. എന്തെന്നാൽ രഹസ്യത്തെ പരസ്യമാക്കുമ്പോഴും രഹസ്യത്തിന്റെ രഹസ്യസ്വഭാവം നിലനിർത്തേണ്ടത് ആവശ്യമാണ്. എങ്കിലേ രഹസ്യത്തിനും ഒളിഞ്ഞുനോട്ടത്തിനുമെക്കെ കമ്പോളമുണ്ടാവുകയുള്ളു. ആരോഗ്യ, വനിതാ പ്രസിദ്ധീകരണങ്ങളിലെ രതിവൈകൃതം സൃഷ്ടിക്കുന്ന ഉളളടക്കത്തിലേക്കും അതിലെ ചിത്രങ്ങളിലേക്കും കണ്ണോടിച്ചാൽ മതി ഒരു ഉദാഹരണത്തിന്. എന്നതുപോലെ പീഡനസംബന്ധവും ലൈംഗികതയുമായി ബന്ധപ്പെട്ട വാർത്തകൾക്കാണ് കമ്പോളം ഏറ്റവും കൂടുതൽ. ഇവ ധാർമ്മികതയുടേയും പൗരാവകാശത്തിന്റേയും മാനുഷികതയുടേയും വികാരങ്ങളെ ഉണർത്തിക്കൊണ്ട് എളുപ്പം അവതരിപ്പിക്കാൻ കഴിയും. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളാണവയെന്നതിനാൽ മനുഷ്യനുള്ളിടത്തോളം കാലം എല്ലാ മനുഷ്യനിലും അതുണ്ടാകും. അതുണരുമ്പോൾ ഓരോ വ്യക്തിയും താൻ മനുഷ്യനാണെന്നുള്ള അറിവിലേക്ക് അവനും അവളുമറിയാതെ ഉണരുകയും അതിലൂടെ സംതൃപ്തമാവുകയും ചെയ്യുന്നു. ഫലം വിപരീതമാണ്, തന്നിലും സമൂഹത്തിലും ഉണ്ടാകുന്നതെന്നറിയാതെ. അതല്ലെങ്കിൽ അന്വേഷണാത്മക മാധ്യമപ്രവർത്തനം ശക്തി പ്രാപിച്ചതനുസരിച്ച് സമൂഹത്തിലെ തിൻമകളുടെ തോതിൽ കുറവുണ്ടാകേണ്ടതായിരുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്നതോ മറിച്ചും.
വിപരീത വ്യക്തിത്വങ്ങള്‍
ഈ കമ്പോള ഗൂഡാലോചനയുടെ സ്വാധീനത്തിൽ നിന്ന് ജഡ്ജിമാരും അന്യരല്ല. 2014-ലെ വിധിയില്‍ ജഡ്ജിമാര്‍ ബാലവേശ്യാവൃത്തിയുടെ പ്രശ്നം ഉന്നയിച്ച രീതിയില്‍ ഈ സ്വാധീനം പ്രത്യക്ഷമായി തന്നെ കാണാം. എന്നാല്‍, ഈ സ്വാധീനം ബസന്തിലും പരോക്ഷമായ രീതിയില്‍, ഒരുപക്ഷെ ബസന്തുപോലും അറിയാതെ ശക്തമാണ്. അതാണ് കമ്പോള ഗൂഡാലോചനയുടെ രസതന്ത്രം. നാം അറിയാതെ തന്നെ ഗൂഡാലോചനയിൽ നമ്മുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ചു പങ്കെടുക്കുന്നു. ശരിയാണെന്നു തോന്നിക്കുന്നതിനെ മുറുകെപ്പിടിക്കുന്നു. അതനുസരിച്ച് കാഴ്ചപ്പാട് വളർത്തിയെടുത്ത് വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഇടപെടുന്നു. അതാണ് ഒളിസൂത്രപ്പണി മാധ്യമപ്രവർത്തനത്തിലൂടെ വ്യക്തമായ ബസന്തിന്റെ അഭിപ്രായം. ബസന്ത് വിധിപ്രസ്താവത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഒരു ന്യായാധിപന്റെ ചിന്തകൾക്കപ്പുറത്തേക്ക് ഉത്തരവാദിത്വപ്പെട്ട ഒരു പൗരന്റെ സാമൂഹ്യചിന്ത പ്രകടമാകുന്നു. അത് ഒറ്റനോട്ടത്തിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാകേണ്ടതാണ്. എന്നാൽ അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായില്ല എന്നാണ് ഒളിഞ്ഞുനോട്ട മാധ്യമ വെളിപ്പെടുത്തലിലൂടെ വ്യക്തമായത്. അത് അങ്ങേയറ്റം വിചിത്രമാണ്. കമ്പോള ഗൂഡാലോചന ഉന്നതരിൽ പോലും സൃഷ്ടിച്ചിട്ടുള്ള സംഘട്ടനത്തിന്റേയും വിപരീത വ്യക്തിത്വ സാന്നിദ്ധ്യത്തേയുമാണ് അത് പ്രകടമാക്കുന്നത്.
ബാല്യം സംരക്ഷിക്കപ്പെടേണ്ട കാലമാണ്. ബാല്യം, വൃത്തി അഥവാ ജീവിതസന്ധാരണത്തിനായി തൊഴിലേർപ്പെടേണ്ട കാലമല്ല. തൊഴിൽ പരിചയിക്കാം. എന്നാൽ തൊഴിലിലേർപ്പെടേണ്ട കാലമല്ല. അതിനാൽ ബാല്യകാലത്ത് സ്വന്തം തീരുമാന പ്രകാരം കുട്ടികൾക്ക് വൃത്തി തെരഞ്ഞെടുക്കുക സാധ്യമല്ല. തൊഴിൽ ആവശ്യപ്പെടുന്ന അറിവും ജ്ഞാനവും കുട്ടികൾക്കുണ്ടാവില്ല. അതുകൊണ്ടുതന്നെ വേശ്യാവൃത്തിയിലേക്ക് ഒരു ബാലികയ്ക്ക് പ്രവേശിക്കാൻ കഴിയില്ല. അവളെ മുതിർന്നവർക്ക് ആ വഴിയിലേക്ക് തള്ളിയിടാൻ മാത്രമേ കഴിയുകയുള്ളു. നടന്നുശീലിക്കുന്ന കുട്ടികള്‍ വീഴാതെ നോക്കേണ്ടതും വീണുകഴിഞ്ഞാൽ അവരുടെ രക്ഷയ്ക്ക് ഓടിയെത്തേണ്ടതും മുതിർന്നവരുടെ ഉത്തരവാദിത്വമാണ്. അതുപോലെ വ്യഭിചാരത്തിന്റെ വഴിയിലേക്കൊരു കുട്ടി നീങ്ങുന്നതു കണ്ടാൽ ആ കുട്ടിയെ വീഴ്ചയിൽ നിന്ന് പരിപൂർണ്ണമായും രക്ഷപെടുത്തേണ്ടത് മറ്റുള്ളവരുടെ കടമയാണ്. അതുകൊണ്ടുതന്നെ ഒരു പെൺകുട്ടിക്കും ബാല്യത്തിൽ വേശ്യയാകാൻ കഴിയില്ല. അതിനാൽ ബാലവേശ്യ എന്ന പ്രയോഗം തന്നെ ശരിയല്ല. കാരണം അത് അർഥം വഹിക്കുന്നില്ല. വ്യഭിചാരത്തെ വൃത്തിയായി തെരഞ്ഞെടുത്ത മുതിർന്ന സ്ത്രീ മാത്രമേ വേശ്യയാകുന്നുള്ളു. ആ വസ്തുത ബസന്തിനെപ്പോലെ ഉന്നത നീതിന്യായ പീഠമലങ്കരിച്ച വ്യക്തിയുടെ അറിവിൽ ഉദിച്ചുനിൽക്കേണ്ടതാണ്. എങ്കിൽ മാത്രമേ ഇങ്ങനെയുള്ള വിധിപ്രസ്താവങ്ങൾ സമൂഹവുമായി പങ്കുവയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കാണുകയുള്ളു. ഒരു പക്ഷേ വ്യക്തിപരമായി ആ ഔന്നത്യചിന്താധാരയിലേക്ക് ഉയരാൻ കഴിയാതെ പങ്കുവെച്ച ചിന്താശകലമായതിനാകാം മനോഹര ഭാഷയിലെഴുതിയ ആ ഭാഗത്തിന് ആത്മാർഥതയുടെ സ്പർശമില്ലാതെ പോയത്. ആ സ്പർശമില്ലായ്മയുടെ സ്വാധീനവും സാങ്കേതിക നിയമവ്യാഖ്യാനത്തിൽ മൗലികവാദ സമാനമായ കാർക്കശ്യം പുലർത്തിയതുമായിരിക്കാം വിചാരണക്കോടതിയുടെ വിധിയെ അദ്ദേഹമടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിക്കളയാനിടയാക്കിയതും.
നിയമത്തിന്റെ നൂലാമാലകളുടേയും സാങ്കേതികത്വത്തിന്റേയും ആത്യന്തികലക്ഷ്യം മനുഷ്യന്റെ അടിസ്ഥാന മഹത്വതലത്തിലേക്ക് ഓരോ നടപടികളിലൂടെയും ഉയരുകയും ഉയർത്തുകയും ചെയ്യുക എന്നതാണ്. അതിന്റേയും നിയമത്തിന്റെ സാങ്കേതികത്വത്തിന്റേയും ഇടയിൽ പെട്ട സംഘട്ടനത്തിന്റെ ഫലമാണ് ബസന്തിന്റെ ആ വിധിയും ഒപ്പമുളള പ്രസ്താവനയും വ്യക്തമാക്കുന്നത്. ഒരു ജഡ്ജിയുടെ ചിന്താപരമായ തെളിച്ചത്തിന്റെ അഭാവം മൂലമുണ്ടായ അവ്യക്തതയായി അതിനെ കാണാവുന്നതാണ്. ഒരു ഭാഗത്ത് നിയമത്തിന്റെ സാങ്കേതികതയേയും യുക്തിയേയും മാനിക്കുന്ന നിയമജ്ഞനേയും മറുഭാഗത്ത് ആ തീരുമെടുക്കേണ്ടിവരുന്ന വ്യക്തിയുടെ ഗതികേടിനേയും ഒരേ സമയം ബസന്തിന്റെ വിധിന്യായത്തിലും പ്രസ്താവത്തിലൂടെയെും കാണാം. ബസന്തും മാധ്യമങ്ങളും സൂര്യനെല്ലി പെൺകുട്ടിയും അവളെ ആദ്യമായി പ്രേമം നടിച്ച് ചതിക്കുഴിയിലേക്ക് കൊണ്ടുപോയ കണ്ടക്ടറും പിന്നീട് ആ കുട്ടിയെ ശാരീരികമായും മാനസികമായും പിച്ചിച്ചീന്തിയവരും ആ കുട്ടിയടെ അവസ്ഥയെ രാഷ്ട്രീയ ആയുധമാക്കി സ്ഥാനമാനങ്ങൾ നേടിയവരും ആ വിഷയമുയർത്തിപ്പിടിച്ച് സ്വകാര്യലാഭമുണ്ടാക്കിയ എൻ.ജി.ഒകളും പ്രശസ്തിയിലേക്ക് കുറുക്കുവഴിയിലൂടെ എത്തിയവരുമെല്ലാം ഒരേ സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഒരേ കുടുംബത്തിലെ അംഗങ്ങൾ. ഒരേ സമയം ഗൂഢാലോചനയിൽ പങ്കെടുക്കുന്നവരും ഇരകളാകുന്നവരും. ഇത്തരം ഗൂഢാലോചനകളിലേക്ക് അവധാനതയോടെ അന്വേഷിച്ച് ചെന്നിറങ്ങി സൂക്ഷ്മതലങ്ങൾ വ്യക്തതയോടെ കണ്ടെത്തി അവതരിപ്പിക്കുന്നതാണ് അന്വേഷണ മാധ്യമപ്രവർത്തനം. അല്ലെങ്കിൽ ശത്രുവാരെന്നറിയാതെ ശത്രുവെന്താണെന്നറിയാതെ പരസ്പരം യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എത്തപ്പെടും. അപ്പോൾ യുദ്ധം ചെയ്യേണ്ടത് ആവശ്യമായി വരും. യുദ്ധം ഇല്ലാതായാൽ ലാഭം ഇല്ലാതാവുന്ന അവസ്ഥ എന്ന് മാധ്യമങ്ങൾ, പ്രത്യേകിച്ച് ചാനലുകൾ, ചിന്തിച്ചുപോകും. അപ്പോൾ തൽക്കാല ശത്രു അനിവാര്യമാണ്. ആ അനിവാര്യതയാണ് ഓരോ ചർച്ചയിലും പ്രകടമാകുന്നത്. ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായത്തെ ഒളിച്ചെടുത്ത് വിധിന്യായത്തിന്റെ ഭാഗമാക്കിയതും ആ കമ്പോളഗൂഢാലോചനയുടെ അപാരശക്തിയുടെ പ്രതിഫലനമാണ്.