Skip to main content

 

നേർക്കാഴ്ചകളുടെ അഭിമുഖം വായിച്ച ചിലർ അഭിപ്രായപ്പെടുകയുണ്ടായി, അത് മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടായെന്ന്. നേർക്കാഴ്ച കൊണ്ടുദ്ദേശിച്ചത് നേരേ കാണുന്ന കാഴ്ചയെ മാത്രം ആശ്രയിക്കുന്ന അവസ്ഥ മനുഷ്യസ്വഭാവമാകുമ്പോള്‍ ഉണ്ടാവുന്ന അപകടത്തെ കുറിച്ചാണ്. മനുഷ്യൻ മാത്രമാണ് നേരേ കണ്ടിട്ട് നേരേ കാണാൻ കഴിയാത്തത് കണ്ട് അതനുസരിച്ച് പ്രവർത്തിക്കുന്നത്. കാണാത്തത് കാണാൻ കഴിയുന്നവൻ മനുഷ്യൻ മാത്രമാണ്. ഒരു വീട്ടമ്മയെ കണ്ടാൽ ആ വീട്ടിലെ വളർത്തുമൃഗം പരിചയം കാണിക്കും. അവരെ നേരിട്ടുകണ്ട് പരിചയമുണ്ടായതിന്റെ പേരിൽ. അതിനപ്പുറം ആ മൃഗം ആ സ്ത്രീയിൽ ഒന്നും തന്നെ കാണുന്നില്ല. അതേ സമയം ആ സ്ത്രീയെ ആ വീടിന്റെ നാഥൻ ഭാര്യയെന്നും മക്കൾ അമ്മയെന്നും അറിയുന്നു. അതനുസരിച്ച് വിളിക്കുന്നു. ആ വിളിയുടെ വ്യാകരണം ഭദ്രമായി നീങ്ങുന്നതിനാലാണ് മനുഷ്യന്റെ കുടുംബസംവിധാനം നിലനിന്നുപോകുന്നത്.

 

അപ്പോള്‍, കുടുംബത്തില്‍ പ്രത്യേകിച്ചും സമൂഹത്തില്‍ പൊതുവേയും, നേർക്കാഴ്ചയിൽ മാത്രം വിശ്വസിച്ചാൽ ഉണ്ടാകുന്ന അവസ്ഥ ആലോചിച്ചാൽ മനസ്സിലാകും. എന്നാൽ ജീവിതത്തിൽ എല്ലാം ബോധ്യമാകണമെങ്കിൽ ബുദ്ധിക്ക് നേരിട്ടുകണ്ടേ മതിയാകൂ. ചിന്ത എപ്പോഴും നേർരേഖയിലൂടെ സഞ്ചരിക്കുന്നു. അതാവശ്യവുമാണ്. എന്നാല്‍, ചിന്ത കൊണ്ടുതന്നെ നേർരേഖാചിന്തയുടെ അപര്യാപ്തതയും  അപകടവും മനസ്സിലാക്കാൻ കഴിയും എന്നതാണ് മനുഷ്യന്റെ പ്രത്യേകത. അതിനെയാണ് മനുഷ്യന്റെ മഹത്വമെന്നു പറയുന്നത്. എല്ലാ മനുഷ്യനും ഈ നേർക്കാഴ്ചയുടെ കാഴ്ചയുമാണ് ജനിക്കുന്നത്. ആ കാഴ്ചയിൽനിന്ന് ക്രമേണ നേർക്കാഴ്ചയിൽ കാണുന്നതിന് അപ്പുറത്ത്, കാണാത്തത് കാണുകയും അറിയുകയും ചെയ്യുന്നതിലേക്ക് പുരോഗമിക്കുന്നതിനാണ് വിദ്യയെന്നു പറയുന്നത്. അത് അഭ്യസിക്കുന്നതിനെ വിദ്യാഭ്യാസമെന്നും പറയുന്നു.

 

പക്ഷേ വർത്തമാനകാല വിദ്യാഭ്യാസം നേർക്കാഴ്ചയുടെ അങ്ങേയറ്റം വാഗ്ദാനം ചെയ്യുന്നു. അതിനെ അത്യുന്നത വിദ്യാഭ്യാസമെന്നും വിളിക്കുന്നു. ശാസ്ത്രത്തിന്റെ ഗതിയും നേർരേഖയിലൂടെയാണ്. അത് വസ്തുക്കളെ സംബന്ധിക്കുന്ന വസ്തുതാപരമായ എല്ലാം സൂക്ഷ്മതലത്തിൽ പ്രകടമാക്കിത്തരുന്നു. വസ്തുവിനെ പൊട്ടിച്ച് അണുവും പരമാണുവും അതിനപ്പുറവുമാക്കിയിട്ടും വസ്തുവില്ലാത്ത അവസ്ഥയിലും പൊട്ടിച്ച് അവശേഷിക്കുന്നത് കാണാൻ മനുഷ്യൻ വെമ്പൽ കൊള്ളുന്നു. അവിടെയും വസ്തുവിന്റെ യഥാർഥഭാവത്തെ നേരിൽ കാണാനുള്ള മനുഷ്യന്റെ ത്വരയാണ്. അതാണ് ലാർജ് ഹാഡ്രോൺ കൊളൈഡറിലൂടെ ദൈവകണങ്ങളെ കണ്ടെത്താനുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്. അവിടെയും നോക്കൂ, ആ കണങ്ങളെ ദൈവകണം എന്നു പറയുന്നു. അത് കണത്തിന്റെ നേർക്കാഴ്ചാ സംസ്കാരത്തിൽ നിന്ന് ദൈവത്തെ കാണാൻ ശ്രമിക്കുന്നതിനാൽ പറ്റുന്ന അബദ്ധമാണ്. അബദ്ധവീക്ഷണത്തിലൂടെ ഭദ്രമായ കാഴ്ച കാണുക പ്രയാസമെന്നല്ല, പറ്റില്ല. ഇത് ലളിതമായ അറിവാണ്. ഇരുട്ടിൽ നിന്നുകൊണ്ടുതന്നെ വെളിച്ചത്തെ കാണാനുള്ള ശ്രമം പോലെയാകും. 

 

ഈ അറിവിന്റെ അറിവിൽ നിന്നുകൊണ്ട് നേർക്കാഴ്ചയിലേർപ്പെടുന്ന മനുഷ്യന്റെ വ്യവഹാരങ്ങൾ ചിട്ടപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേരളം നവോത്ഥാന യുഗത്തിലേക്ക് വഴിമാറിയത്.  അതിന് തുടക്കം കുറിച്ച ഋഷിവര്യനാണ് ശ്രീ നാരായണ ഗുരു. എങ്ങനെ ആധ്യാത്മികത സാക്ഷാത്കരിക്കാമെന്നും അതെങ്ങനെ സാധാരണ മനുഷ്യന്റെ നിത്യജീവിതത്തിൽ പ്രയോഗത്തിൽ വരുത്താമെന്നും ഗുരു  ഒരേസമയം പ്രതീകാത്മകമായും പ്രായോഗികമായും കാണിച്ചുതന്നു. കേരളത്തെ കേരളമാക്കിയ ആ മാതൃക നമ്മുടെ മുന്നിലുണ്ട്. പിന്നീടുവന്ന രാഷ്ട്രീയ -സാമൂഹിക-സാംസ്കാരിക ചിന്തകളും അവയെ പിൻപറ്റിയുള്ള പ്രവർത്തനങ്ങളും ആ നവോത്ഥാന ആശയങ്ങൾക്കും അവയെ ആധാരമാക്കിയുള്ള പ്രവൃത്തി മാതൃകയ്ക്കും മുകളിൽ ചാരമിടുകയാണുണ്ടായത്.

 

നേർക്കാഴ്ചയുടെ അഭിമുഖങ്ങൾ - ബ്രിട്ടാസിലൂടെയും ഗെയിലൂടെയും

 

ലോകത്തിന് രക്ഷയാകേണ്ട അമ്മയെ രക്ഷിക്കാനെന്നോണമാണ് ഇപ്പോൾ അമ്മയുടെ ഭക്തർ ഏർപ്പെടുന്ന ശ്രമങ്ങൾ. ജാതി ചിന്തിക്കണം, ജാതി പറയണം എന്നുദ്‌ഘോഷിക്കാനായി തിരുവിതാംകൂർ ഈഴവ മഹാസമ്മേളനം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഗെയിൽ ട്രെഡ്‌വെല്ലിന്റെ പുസ്തകം പുറത്തിറങ്ങിയത് എന്നത് യാദൃച്ഛികം. ഈഴവ മഹാസമ്മേളനത്തിന് വിജയകരമായി നേതൃത്വം നൽകിയ  എസ്.എൻ.ഡി.പി യോഗം പ്രസിഡന്റിന്റെ പ്രതികരണം അമൃത ടി.വിയിൽ വരികയുണ്ടായി. അമ്മയുടെ മാഹാത്മ്യം സാക്ഷ്യപ്പെടുത്തി അമ്മയെ അറിയിക്കാൻ വെള്ളാപ്പളളി നടേശന്റെ പ്രതികരണം. ഇത് വെള്ളാപ്പള്ളി നടേശന്റെ വിജയമോ പോരായ്മയോ അമ്മയുടേയോ മഠത്തിന്റേയോ ഗതികേടോ അല്ല കാണിക്കുന്നത്. മറിച്ച്, ശ്രീ നാരായണ ഗുരു തുടങ്ങിവെച്ച നവോത്ഥാന കേരളത്തിൽ നിന്ന് എത്ര ദൂരത്തേക്ക് വർത്തമാന കേരളം എത്തിനിൽക്കുന്നു എന്നതാണ്. വർത്തമാനകാല സാഹചര്യത്തിൽ ലഭ്യമായ അന്തരീക്ഷത്തിന്റെ പ്രതിനിധി മാത്രമാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തിന്റെ സഹായവാക്കുകൾ അമ്മയുടെ രക്ഷയ്ക്കു വേണ്ടിവരുന്നു എന്നുവരുമ്പോൾ അമ്മയും ആശ്രമവും മുന്നോട്ടു വെയ്ക്കുന്ന ആധ്യാത്മികത വ്യക്തമാകാതെ വരുന്നു.

 

ഈ അവ്യക്തത എന്താണെന്നും എന്തുകൊണ്ടാണെന്നും വേണമെങ്കിൽ ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ ജോൺ ബ്രിട്ടാസിന് ഗെയിലുമായുള്ള അഭിമുഖത്തിൽ അന്വേഷിക്കാവുന്നതാണ്. എന്നാല്‍, താൻ എന്ന ഭാവത്തിന്റെ ദൃശ്യസാന്നിദ്ധ്യവും ലൈംഗികതയിൽ ചുറ്റിപ്പറ്റിയുള്ള ഇക്കിളിച്ചോദ്യങ്ങളും മാത്രമായിരുന്നു ബ്രിട്ടാസിന് ചോദിക്കാനുണ്ടായിരുന്നത്. മറിച്ചുള്ള ചോദ്യങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ ഏത് വിഷയമാണോ പരാമർശിക്കുന്നത് അതിനെക്കുറിച്ചുള്ള ചുരുങ്ങിയ അവഗാഹം അഭിമുഖം നടത്തുന്നവർക്കുണ്ടാകണം. ഇരുപതു വർഷം ഗെയിൽ അമ്മയുടെ അടുത്തുതന്നെ ഊണിലും ഉറക്കത്തിലും അടുത്തുണ്ടായിരുന്ന സ്ത്രീയാണ്. അവരുടെ മലയാള സംഭാഷണം തന്നെ വ്യക്തമാക്കുന്നു, അവർ എത്രമാത്രം അമ്മയും ആശ്രമവുമായി ബന്ധപ്പെട്ടിരുന്നുവെന്ന്. യു.എസിലെത്തിയാണ് ബ്രിട്ടാസ് ഗെയിലുമായി അഭിമുഖം നടത്തിയത്. അത്രയും സാഹസം ഒരു മലയാളം ചാനൽ എടുക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിന്റെ വിപണന സാധ്യത കൊണ്ടാണ്. ഏറിവന്നാൽ ഒന്നോ ഒന്നേകാൽ ലക്ഷം രൂപയോ ബ്രിട്ടാസിന്റെ യാത്രാ ചെലവിന് വന്നിട്ടുണ്ടാകാം. അതിലുമെത്രയോ കൂടുതൽ ഈ പരിപാടിയുടെ സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചിട്ടുണ്ടാകും. വികസിത രാജ്യങ്ങളിൽ പോർണോഗ്രാഫിക് പ്രസിദ്ധീകരണങ്ങൾക്കും അതുപോലുള്ള ഉള്ളടക്കങ്ങൾക്കും വൻ കമ്പോളമുള്ളതു പോലെയാണ് ഇന്ന് കേരളത്തിലും. അവിടുത്തേക്കാൾ കൂടുതലാണെന്നു പറയാം. കാരണം ഇവിടെ ഇപ്പോഴും ഉള്ള ഗോപ്യതകൾ കാരണം അത്രയ്ക്കുകൂടി രഹസ്യത ഈ വിഷയത്തിൽ മൂടിനിൽക്കുന്നതിനാൽ വെളിപ്പെടുത്തുന്നതിനും അതറിയുന്നതിനും  ആകാംഷ ഇരട്ടിയാകും.

 

ഈ സാഹചര്യസൃഷ്ടിയുടെ കൊഴുക്കലിലേക്ക് ബ്രിട്ടാസ്-ഗെയിൽ അഭിമുഖം സംഭാവന നൽകി. ഇതുവരെ തുടർന്നുവന്ന പൈങ്കിളി മാധ്യമപ്രവർത്തനത്തിന്റേയും പൈങ്കിളി സാഹിത്യപ്രചാരണത്തിന്റേയും ഫലമായാണ് ഇത്തരത്തിൽ മാനസികാവസ്ഥയുള്ള മലയാളിയും കേരളവുമുണ്ടാകാൻ കാരണമായത്. നേർക്കാഴ്ചയിലേക്ക് ഒന്നുകൂടി വരാം. നേർക്കാഴ്ചയാണ് ആധാരമെങ്കിൽ ശ്രീ നാരായണ ഗുരു ജന്മമെടുത്തതിനുശേഷം ഇത്രയുമധികം അദ്ദേഹം ജനസമക്ഷം ചിത്രരൂപത്തിലും പ്രതിമാരൂപത്തിലും നേർക്കാഴ്ചയിലെത്തിയ അവസരമുണ്ടായിട്ടില്ല. ഈഴവ മഹാസമ്മേളനത്തിന് മുന്നോടിയായി ശ്രീ നാരായണ ഗുരുവിന്റെ ചിത്രത്തോടൊപ്പം വെള്ളാപ്പള്ളി നടേശന്റേയും മകൻ തുഷാർ വെള്ളാപ്പള്ളിയുടേയും ചിത്രമടിച്ചതായിരുന്നു കേരളമൊട്ടുക്ക് തെളിഞ്ഞ ഫ്ലക്സ് ബോർഡ്. ആ നേർക്കാഴ്ചയുടെ ഓരോ ഫ്ലക്സും കൂടുന്നതനുസരിച്ച് ശ്രീ നാരായണനിൽ നിന്ന് കേരളം അകലുന്നു. ഒന്നുകൂടി ആലങ്കാരികമായി പറഞ്ഞാൽ ഒരോ ഫ്ലക്സ് പിറന്നുവീഴുമ്പോഴും ശ്രീ നാരായണനിൽ നിന്ന് ഒരോ ഫ്ലക്സ് ദൂരം അകലുന്നു. ഇത്തരത്തിൽ നേർക്കാഴ്ചയുടെ അവസരമില്ലാതിരുന്ന കാലത്താണ് ഗുരു കേരളത്തിന്റെ കാഴ്ചയിലും നേരിട്ടുള്ള കാഴ്ചകളിലും മാറ്റം വരുത്തിയത്. ആ കാഴ്ചകൊണ്ട് വർത്തമാനകാലത്തെ നോക്കുമ്പോൾ കാഴ്ചവസ്തുക്കൾ വ്യക്തമാകും. ആ കാഴ്ചയിൽ അനുകമ്പയാണ് ഉണ്ടാവേണ്ടതെന്ന് ഗുരു എപ്പോഴും ഇപ്പോഴും ഓർമ്മിപ്പിക്കുന്നു.

 

അങ്ങനെയങ്കിൽ ആരോടൊക്കെ അനുകമ്പയുണ്ടാകേണ്ടിയിരിക്കുന്നു. അമ്മയോട്, മഠത്തിനോട്, വെള്ളാപ്പള്ളി നടേശനോട്, ജോൺ ബ്രിട്ടാസിനോട്, ഗെയിലിനോട്, അവരുടെ അഭിമുഖത്തെ അസഭ്യവർഷങ്ങളുടെ അകമ്പടിയോടെ എതിർക്കുന്നവരോട്, അഭിമുഖത്തെ എതിർത്തവരോട് എതിർപ്പുമായി വന്ന ബി.ആർ.പി.ഭാസ്‌കർ, സക്കറിയ, ഒ.എൻ.വി  എന്നിവരെല്ലാം അനുകമ്പയർഹിക്കുന്നു. പൈങ്കിളി മാധ്യമ തലവാചകത്തിൽ വിശേഷിപ്പിക്കുകയാണെങ്കിൽ, അനുകമ്പയ്ക്കു കേഴുന്ന കേരളം. അനുകമ്പാ സമീപനം അർഹിക്കുന്നവർ മൈക്ക് വച്ചുകെട്ടി പരസ്പരം കടിച്ചുകീറുന്ന കാഴ്ചയാണ് ഇന്നിപ്പോൾ അനുഭവപ്പെടുന്നത്. അത് നേർക്കാഴ്ചയിൽ കാണുന്ന കാര്യങ്ങൾ മാത്രം കാണാനുള്ള കഴിവു മാത്രമായിപ്പോയതുകൊണ്ടാണ്. കേൾക്കുന്നതും കാഴ്ചയാണ്. നേർക്കാഴ്ചയ്ക്കപ്പുറം കാണുമ്പോഴാണ് പല മാനങ്ങൾ കാണാൻ കഴിയുന്നത്. പലത് എന്നുവെച്ചാൽ ബഹുവായത്. അങ്ങനെ ബഹുവായ മാനം കാണുമ്പോഴാണ് ബഹുമാനം സംഭവിക്കുന്നത്. പരസ്പരം കടിച്ചുകീറുന്നവർ അങ്ങനെ പെരുമാറാൻ ഇടവരുന്നത് നേർക്കാഴ്ച കൂടി അതിലുറച്ച് ബഹുമാനക്കാഴ്ച നഷ്ടമായതിനാലാണ്.

Ad Image