Skip to main content

പീപ്പിള്‍ ടി.വിയില്‍ ജോൺ ബ്രിട്ടാസും ഗെയിൽ ട്രെഡ്‌വെലും തമ്മിലുള്ള അഭിമുഖം. ആ അഭിമുഖം ഒരു വിഷയത്തെ മാത്രം കേന്ദ്രീകരിച്ച്. ലൈംഗികത. അതിൽ ഉൾപ്പെട്ടിരിക്കുന്നവർ മാതാ അമൃതാനന്ദമയി ദേവി, പിന്നെ അമ്മയുടെ ശിഷ്യന്മാർ, ഗെയിൽ ട്രെഡ്‌വെൽ. തന്നെ പലതവണ മഠത്തിലെ രണ്ടാമനായ, ബാലുസ്വാമി എന്നറിയപ്പെടുന്ന, അമൃതസ്വരൂപാനന്ദ ബാലാൽസംഗം ചെയ്തുവെന്ന ഗെയിലിന്റെ ഹോളി ഹെൽ എന്ന പുസ്തകത്തിലൂടെയുള്ള വെളിപ്പെടുത്തലാണ് ഈ അഭിമുഖത്തിന് കാരണമായത്. പുസ്തകത്തിൽ ഗെയിൽ രേഖപ്പെടുത്തിയതിന് അപ്പുറം അഭിമുഖത്തിലൂടെ ഒന്നും തന്നെ വെളിവാക്കാൻ ബ്രിട്ടാസിനു കഴിഞ്ഞില്ല. മറിച്ച്, ആവർത്തന വിരസമാകുന്ന വിധം അമ്മ ശിഷ്യന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് താൻ കണ്ടിട്ടുണ്ടെന്നും തന്നെ ബാലുസ്വാമി നിരന്തരം ബലാൽസംഗം ചെയ്യാറുണ്ടായിരുന്നുവെന്നും ഗെയിൽ പറഞ്ഞുകൊണ്ടിരിക്കുന്നതായിരുന്നു അഭിമുഖം. അഭിമുഖത്തിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നിരിക്കണം. ഒരു വൻവിജയ ഹോളിവുഡ് സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാം അതിലുണ്ടല്ലോ എന്ന് പലകുറി ബ്രിട്ടാസ് ഗെയിലിനോട് ചോദിക്കുന്നുണ്ടായിരുന്നു. ഇത്രയും മൂല്യമുള്ള ഈ അഭിമുഖം നന്നായി വിൽക്കപ്പെട്ടുവെന്ന് അഭിമുഖത്തിനിടയിൽ വന്ന പരസ്യങ്ങളിൽ നിന്ന് വ്യക്തം. ഈ അഭിമുഖത്തിന്റെ പശ്ചാത്തിലാകണം അമ്മയുടെ ഭക്തർ അമ്മയ്‌ക്കെതിരെയുള്ള ആക്രമണം പ്രതിരോധിക്കാനായി ശക്തമായി രംഗത്തെത്തിയിരിക്കുന്നു. അതിന്റെ വാർത്ത വളരെയധികം സമയം അമൃതാ ടിവിയിൽ സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു. ഇതെല്ലാം കൂടിച്ചേർന്ന ഒരു പരിസ്ഥിതി സംജാതമായിരിക്കുന്നു. വിശേഷിച്ചും കേരളത്തിൽ.

 

പരിസ്ഥിതിയും സവിശേഷതയും

 

ഈ പരിസ്ഥിതിയിലെ ഘടകങ്ങൾ ആദ്യമായൊന്നു നോക്കാം. പല ഘടകങ്ങളുടെ പാരസ്പര്യതയിൽ സൃഷ്ടമാകുന്ന പൊതു അന്തരീക്ഷമെന്ന് തത്ക്കാലം പരിസ്ഥിതിയെ വിളിക്കാം. ഘടകങ്ങളും അവയുടെ പാരസ്പര്യവുമാണ് നിർണ്ണായകം. മുഖ്യ ഘടകങ്ങൾ - മാധ്യമം, ആശ്രമം, പൊതുസമൂഹം, മാധ്യമപ്രവർത്തനം, ആധ്യാത്മികത, പൊതുജന സ്വഭാവം. ഈ മുഖ്യഘടകങ്ങൾ ഒരേ സ്വഭാവസമരേഖയിൽ വന്നുനിൽക്കുന്ന കാഴ്ചയുടെ തെളിഞ്ഞ ചിത്രമാണ് ഗെയിലിന്റെ പുസ്തകവും തുടർന്നുള്ള സംഭവങ്ങളും പ്രകടമാക്കുന്നത്. അത് വർത്തമാന പരിസ്ഥിതി. പരിസ്ഥിതി എന്നത് നമ്മുടെ മുന്നിലുള്ള അനന്തമായ സ്വാതന്ത്ര്യത്തിന്റെ ഉദാഹരണവും കൂടിയാണ്. പരിസ്ഥിതിയുടെ പ്രത്യേകത അതിന് ഏക പൊതുസ്വാഭാവവും ഉണ്ടാകുന്നു എന്നതാണ്. പരിസ്ഥിതിയുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ ഒന്നും വേറിട്ടുനിൽക്കുന്നില്ല. മനുഷ്യൻ ഒഴികെ പ്രകൃതിയിലെ എല്ലാ ജീവികളും തങ്ങളുടെ പരിസ്ഥിതിയുമായി പ്രകൃത്യാൽ ലയിച്ചുനിൽക്കുന്നു. എന്നാൽ മനുഷ്യൻ അവന്റെ അറിവിലൂടെ ചിട്ടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെയും അതുവഴിയുണ്ടാകുന്ന സ്വഭാവത്തിലൂടെയും ആ അവസ്ഥയിലെത്തണം. അതില്ലാതെ വരുമ്പോഴാണ് പരിസ്ഥിതിയിൽ അസന്തുലിതാവസ്ഥ വരുന്നതും അത് അസ്വസ്ഥതകൾക്ക് കാരണമാകുന്നതും. അപ്പോഴും പരിസ്ഥിതി, നമ്മുടെ ഇടപെടലനുസരിച്ച് എതിർപ്പില്ലാതെ വഴങ്ങി മാറ്റത്തിലൂടെ കടന്നുപോകുന്നു. അതാണ് പരിസ്ഥിതി നമ്മുടെ മുന്നിൽ വാഗ്ദാനം ചെയ്യുന്ന നിസ്സീമമായ സ്വാതന്ത്ര്യം.

 

john brittas intreview with gail tredwellഇവിടെയാണ്‌ പരിസ്ഥിതിയിലെ ഘടകങ്ങളുടെ സവിശേഷത പ്രധാനമാകുന്നത്. വെള്ളത്തിന്റെ സവിശേഷതയാണ് അതിന്റെ ഗുണം. ഗുണത്തില്‍ മാറ്റം വരുമ്പോൾ അത് മലിനമാകുന്നു. പിന്നീട് വെള്ളത്തിന്റെ ആവശ്യത്തിനായി അത് ഉപയോഗിച്ചാൽ അപകടം. വെള്ളം എപ്പോഴും വെള്ളമായി നിൽക്കുന്നു. അതിൽ വിഷം ചേർത്താലും ഔഷധം ചേർത്താലും ഒരേ പോലെ സ്വീകരിക്കുന്നു. അതാണ് വെള്ളം മുന്നോട്ടുവയ്ക്കുന്ന സ്വാതന്ത്ര്യവും സാധ്യതയും. അതുപോലെ സവിശേഷതകൾ പ്രകൃതിയിൽ എല്ലാറ്റിനുമുണ്ട്. മാധ്യമത്തിന്റേത് മാധ്യമപ്രവർത്തനം, ആശ്രമത്തിന്റേത് ആധ്യാത്മികപ്രവർത്തനം. ഇതു രണ്ടും അവയുടെ സവിശേഷതയോടെ നിലകൊള്ളുമ്പോൾ പൊതുജന സ്വഭാവം എല്ലാ വൈവിധ്യ സവിശേഷതകളോടും പൂത്തുലഞ്ഞ് സൗരഭ്യമുള്ള പരിസ്ഥിതി സൃഷ്ടമാകുന്നു. സൗരഭ്യം തേടിയുള്ള പാച്ചിൽ. അത് സൗരഭ്യത്തിനോടുള്ള നൈസർഗികമായ താൽപ്പര്യം കൊണ്ടുതന്നെ. പക്ഷേ, എവിടെയും നിറഞ്ഞിരിക്കുന്നത് ചവറു കൂമ്പാരങ്ങൾ. അത് വ്യത്യസ്ത വസ്തുക്കൾ ചീയുന്നതിന്റെ ഗന്ധം ആസ്വദിക്കുന്നതിലേക്കും അതിലൂടെ സൗരഭ്യകാമത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി സംജാതമാക്കുന്നു. രൂക്ഷമായ ഗന്ധങ്ങൾ സൃഷ്ടിക്കുകയും അതിനുവേണ്ടി ആവേശപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്ന പരിസ്ഥിതിയുടെ ഭാഗമാണ് ബ്രിട്ടാസും ഗെയിലും തമ്മിലുള്ള അഭിമുഖവും. ഈ നോട്ടങ്ങളും പ്രവൃത്തിയും രുചികരമെന്നു തോന്നുമെങ്കിലും അഴുകുന്ന ചവറുകൂനകളുടെ വ്യാപ്തി കൂടുമെന്നു മാത്രം.

 

പരിസ്ഥിതിയുടെ ഭാഗമായതിനാൽ ഇവിടെ ആരും പ്രതിസ്ഥാനത്തു വരുന്നില്ല. ആശ്രമത്തിന്റേയും അമ്മഭക്തരുടേയും ഭാഗത്തുനിന്നും സാധാരണ ജനങ്ങളുടേയും മാധ്യമങ്ങളുടേയും ഭാഗത്തുനിന്നും പ്രതിസ്ഥാന വീക്ഷണത്തിലൂടെ കണ്ടാൽ പരസ്പരം എല്ലാം കൊടിയ പാതകം എന്നാരോപിക്കാം. എന്നാല്‍, പ്രതിസ്ഥാനത്തോ വിമർശനാത്മകമായോ അല്ലാതെ ആ അഭിമുഖത്തിലേക്ക് നോക്കിയാൽ കാണുന്ന കാഴ്ചകൾ എന്തൊക്കെയാകും. ആ അഭിമുഖത്തിലൂടെ മാധ്യമപ്രവർത്തകനെന്ന നിലയിൽ ജോൺ ബ്രിട്ടാസ് ഉദ്ദേശിച്ചത് എന്താണ്. ബ്രിട്ടാസിന്റെ ഭാഷയിൽ പറഞ്ഞാൽ ഹോളിവുഡ് സിനിമയിലെ ഘടകങ്ങൾ നിറഞ്ഞ പുസ്തകത്തിലെ ഗ്രന്ഥകാരിയേയും അനുഭവസ്ഥയേയും ജനസമക്ഷം കാണിച്ച് അവർ എഴുതിയത് നേരിട്ട് പറയിപ്പിച്ച് പ്രേക്ഷകർക്ക് ആസ്വാദ്യത പകരുകയാണോ. മറിച്ച് മാധ്യമധർമ്മമനുസരിച്ചാണെങ്കിൽ ഏത് ധർമ്മമാണ് നിർവഹിച്ചത്. ബ്രിട്ടാസിന്റെ അഭിമുഖത്തിൽ ആവർത്തിക്കുന്നു താനോ ചാനലോ ഗെയിലിന്റെ പുസ്തകത്തിലെ പരാമർശങ്ങളെക്കുറിച്ച് അഭിപ്രായ പ്രകടനമൊന്നും നടത്തുന്നില്ല. ഗെയിൽ സംസാരിക്കുന്നു, അത്രയേ ഉള്ളു എന്ന്. അതിൽ നിന്നുതന്നെ എന്ത് കാണിക്കണം എങ്ങനെ കാണിക്കണം എന്നുള്ള മാധ്യമപ്രവർത്തകന്റെ ദൗത്യം നിറവേറ്റപ്പെടുന്നില്ല എന്ന സ്ഥിതി വരുന്നു. ഒരു എഡിറ്റർ അഥവാ വാർത്താസംബന്ധമായ കാര്യങ്ങളിൽ തീരുമെടുക്കുന്ന വ്യക്തിക്ക് മൂർത്തമായ വിധം ഉണ്ടാവേണ്ട സവിശേഷതയാണത്. ആ തെരഞ്ഞെടുപ്പാണ് എഡിറ്ററെ നിശ്ചയിക്കുന്നത്. അതാണ് പരിസ്ഥിതിസ്വഭാവത്തെ നിർണ്ണയിക്കുന്നത്. ഏറ്റവും താഴെ തട്ടിലുള്ള മാധ്യമപ്രവർത്തകനും ആ നിലയ്ക്ക് എഡിറ്ററാണ്. സ്ഥാപന ചട്ടക്കൂടിൽ ആ പ്രവർത്തകനെപ്പോലും സ്വാധീനിക്കുന്ന ഏറ്റവും മുകളിലുള്ള വ്യക്തിയാണ് മാധ്യമസ്ഥാപനത്തിലെ എഡിറ്റർ എന്നു മാത്രം.

 

ശൃംഗാരവും രതിവൈകൃതവും

 

മൃഗവാസനയല്ല മനുഷ്യനിൽ ലൈംഗികത. അതുകൊണ്ടാണ് ശൃംഗാരരസം പ്രസക്തമാകുന്നത്. രസങ്ങളിൽ ശൃംഗമായത്. മൃഗങ്ങൾ സ്വാഭാവികമായി മലമുകളിൽ കയറുന്നതുപോലെ മനുഷ്യൻ ആ കൊടുമുടിയിലേക്കു കയറുന്ന വഴിക്കു കണ്ട കാഴ്ചകൾ നമ്മുടെ മുന്നിൽ സാഹിത്യവും കലകളുമായി എത്രെയത്ര. ആന്തരികമായി മനുഷ്യൻ ആ രസയാത്രയിലൂടെ അവിടെയെത്തുമ്പോൾ മാത്രമേ മലകയറ്റം സാധ്യമാവുകയും മലകയറ്റമാവുകയും ചെയ്യുകയുള്ളു. ഹെലിപ്പാഡുകളും അതിനൂതനനിരത്തുകളും നിർമ്മിച്ച് ആയാസമില്ലാതെ മലമുകളിലെത്താം. പക്ഷേ, അവിടെയത്തി അധികം താമസിയാതെ അടുത്ത മലമുകൾ തേടി പോകേണ്ടിവരും. മലമുകളുകൾ മുഴുവൻ ഹെലിപ്പാഡുകൾ കൊണ്ടും റിസോർട്ടുകൾ കൊണ്ടും നിറയും. അവയ്ക്ക് അതുകൊണ്ട് നല്ല കമ്പോളവും. മലകയറ്റം നടക്കാത്തതിനാൽ പോകുന്ന വഴിക്കു കാണുന്ന പൈങ്കിളിക്കാഴ്ച്ചകളുടെ വീഡിയോ-നിശ്ചല ദൃശ്യങ്ങൾ യഥേഷ്ടം. കണ്ടാൽ ഭ്രമം തോന്നിപ്പിക്കുന്നവ. സാഹിത്യത്തിലേക്കും നോക്കിയാൽ അതു കാണാം. സൗരഭ്യം തേടിയുള്ള യാത്ര പോലെ സാഹിത്യത്തിന്റേയും കാര്യം. ലൈംഗികാസ്വാദനത്തിന്റെ കാര്യത്തിൽ മലയാളി എത്തിനിൽക്കുന്നത് ഇവിടെയാണ്. മൃഗസ്വഭാവത്തിലെ ലൈംഗിക സവിശേഷതയിലൂടെ പരമാവധി ആസ്വദിച്ചിട്ടും ആസ്വാദനം അറിയുന്നില്ല. അവിടെയാണ് പെർവേർഷൻ അഥവാ രതി വൈകൃതങ്ങൾ തകർക്കുന്നത്. സൗരഭ്യത്തിനു പകരം രൂക്ഷഗന്ധം ആസ്വദിച്ച് നിർവൃതിയടയുന്നതുപോലെ. രതിവൈകൃതങ്ങളുടെ വിവിധ മുഖങ്ങളാണ് ഇന്ന് കേരളത്തിന്റെ പൊതുസമൂഹത്തെ നിയന്ത്രിക്കുന്നത്. അതാണ് ഇന്ന് മാധ്യമങ്ങളുടെ മുഖ്യധാരാ വാർത്തയും. മൂന്നു മാസമായ പെൺകുഞ്ഞു മുതൽ തൊണ്ണൂറ് വയസ്സുള്ള അമ്മൂമ്മ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്, അച്ഛൻ മകളെ പീഡിപ്പിക്കുന്നത്, കൗശലക്കാരിയായ സരിത രാഷ്ട്രീയത്തിലും അധികാരത്തിലുമുള്ളവരെ ഇട്ട് കശക്കിയത്, ജയിൽ മോചിതയായ സരിതയുടെ അഭിമുഖം തുടങ്ങിയവയെല്ലാം വിരസമായപ്പോഴാണ് അതിനെ വെല്ലുന്ന അഭിമുഖം. ഗെയിലുമായുളളത്. രതിവൈകൃത സ്വഭാവസവിശേഷതകളുടെ ലക്ഷണങ്ങളാണ് ഒളിഞ്ഞുനോട്ടം, ലൈംഗിക കഥകൾ കേൾക്കുക, കാണുക, എന്നിങ്ങനെ. സൗരഭ്യം തേടുന്നതുപോലെ ഇവിടെയും മനുഷ്യൻ ശ്രമിക്കുന്നത് രതിയിൽ നിന്നുള്ള സുഖം ലഭ്യമാക്കാൻ വേണ്ടിയാണ്. നീലച്ചിത്രങ്ങളിൽ നിന്ന് അതു ലഭ്യമാകുന്നു കരുതിയാണ് അത് കാണാൻ താൽപ്പര്യം ജനിക്കുന്നത്. ആ വൈകൃത താൽപ്പര്യം വാർത്തകളുടെ തെരഞ്ഞെടുപ്പിന്റേയും അവതരണത്തിന്റേയും കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. ആസ്വാദനം എന്നാൽ ലൈംഗികതയും അതുമായി ബന്ധപ്പെട്ടതും എന്ന സമവാക്യത്തിലേക്ക്. വേഷം തുടങ്ങി എല്ലാ ദൃശ്യ-ശ്രാവ്യങ്ങളേയും അത് നിയന്ത്രിക്കുന്നു.

 

ഗെയിലിന്റെ പക്കല്‍ വീഡിയോ ദൃശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ മാതാ അമൃതാനന്ദമയിയുടെ യൗവനചിത്രങ്ങളും പാദസേവ ചെയ്യുന്ന സമീപസ്ഥാനിയായ അമൃതസ്വരൂപാനന്ദയുടേയും റാവുവിന്റേയും ചിത്രങ്ങൾ തീജ്വാലാ ഗ്രാഫിക്‌സ് അകമ്പടിയോടെ കാട്ടിയിട്ട് എങ്ങിനെയാണ് ശിഷ്യന്മാർ അമ്മയുടെ മുറിയിൽ കയറി അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെന്ന് ഗെയിലിനെക്കൊണ്ട് ബ്രിട്ടാസ് പറയിക്കുമ്പോൾ പ്രേക്ഷകരുടെ ഉള്ളിൽ കാണുന്ന ചിത്രം പതിവിന് വിരുദ്ധമായ ഉഗ്രൻ നീലച്ചിത്രമാണ്. കാണിക്കുന്ന ചിത്രത്തേക്കാൾ പ്രധാനം കാഴ്ചക്കാര്‍ കാണുന്ന ചിത്രങ്ങളാണ്. കാഴ്ചക്കാരുടെ ഉള്ളിൽ മനുഷ്യരൂപം ഉള്ളതു കൊണ്ടാണ് പാസ്‌പോർട്ട് ചിത്രം അസ്വാഭാവികയില്ലാതെ നാം കാണുന്നത്. കാരണം ആ പാസ്‌പോർട്ട് ചിത്രത്തിലില്ലാത്ത ഭാഗം, കാണുന്ന വ്യക്തിയുടെ ഉള്ളിലുണ്ട്. അവിടെയാണ് മൃഗവും മനുഷ്യനും വേർതിരിയുന്നത്. നേർക്കാഴ്ച മാത്രമുള്ള മൃഗങ്ങൾക്ക് ആ ചിത്രം മാത്രം കാഴ്ച. ആ നേർക്കാഴ്ച വർധിച്ചതിനാലാണ് അച്ഛന് മകളേയും മൃഗവാസനയാൽ ഉണർന്ന കാമാസക്തിയിൽ മൂന്നുമാസക്കാരിയേയും തൊണ്ണൂറുകാരിയേയും തിരിച്ചറിയാൻ കഴിയാതെ വരുന്നത്. വാർത്തകളുടെ നേർക്കാഴ്ചയെന്ന് ചില ചാനലുകൾ തങ്ങളുടെ മഹിമയായി ഉയർത്തിക്കാട്ടുമ്പോൾ മൃഗസ്വഭാവത്തിൽ നിന്ന്‍ മനുഷ്യനായുള്ള പരിവർത്തനത്തിലേക്കുള്ള നീക്കത്തിനു പകരം വിപരീത ദിശയിലേക്ക് മനുഷ്യനെ നയിക്കുന്നു എന്നവർ അറിയുന്നില്ല. നേരേ കാണുന്ന കാണുന്ന കാഴ്ചയല്ല നേർക്കാഴ്ചയെന്ന അറിവിന്റെ അഭാവത്തിൽ നിന്നാണ് ആ പരസ്യവാചകം പോലും ജന്മം കൊള്ളുന്നത്. അതിൽ നിന്നുതന്നെ വാർത്താസമീപനം അഥവാ എന്ത് എങ്ങനെ കാണിക്കണം എന്നുള്ളത് സംബന്ധിച്ചുള്ള വ്യക്തതയില്ലായ്മ പ്രകടമാകുന്നു. ഈ നേർക്കാഴ്ചയിലുള്ള അമിതാസക്തിയാണ് ലൈംഗിക അപവാദക്കേസ്സുകൾ സംബന്ധിച്ചുള്ള വാർത്ത വരുമ്പോൾ കിടപ്പറ ദൃശ്യങ്ങൾ കാണിക്കാൻ എഡിറ്റർമാരെ പ്രേരിപ്പിക്കുന്നത്. സ്വന്തം മാധ്യമത്തിന്റെ വിശ്വാസ്യതയിൽ സംശയം തോന്നുന്നതിനാലാണ് അത്തരം ദൃശ്യങ്ങൾ കാട്ടി സ്ഥിരീകരണത്തിന്റെ പേരിൽ നീല ദൃശ്യ-ശ്രാവ്യങ്ങൾ കാണിക്കപ്പെടുന്നത്.

 

ശാന്തി തേടി

 

ദാഹത്തിന് വെള്ളം കൊടുക്കുമ്പോൾ മാത്രമേ ശമനമുണ്ടാവുകയുള്ളു. രതിക്ക് രതിയിലൂടെയല്ലാതെ സുഖം കിട്ടുകയില്ല എന്നത് പ്രാഥമികമായ അറിവാണ്. വെള്ളത്തിനേക്കുറിച്ച് പറഞ്ഞും പലനിറങ്ങൾ ചേർത്ത വെള്ളം കാണിച്ച് ഭ്രമിപ്പിച്ചും എന്നാൽ വെള്ളം കിട്ടാതെ അവശേഷിക്കുകയും ചെയ്യുന്നവരുടെ അവസ്ഥയിലാണ് മലയാളിയെന്ന് ബ്രിട്ടാസിന്റെ ചോദ്യങ്ങളിലെ ഭാരം സൂചിപ്പിക്കുന്നു. സുന്ദരിയായ യുവതിയുടെ ലൈംഗിക വിശേഷങ്ങളേക്കാൾ രതിവൈകൃതമുള്ള സമൂഹത്തിൽ സന്യാസിനിയുടെ ലൈംഗികതയ്ക്ക് കമ്പോളമൂല്യമുണ്ട്. കാരണം നിഷേധത്തിന്റെ നിഷേധം എന്ന ഘടകം കൂടി ലൈംഗികതയ്ക്കും അനുബന്ധ മസാലകൾക്കും പുറമേ പ്രവർത്തിക്കുന്നു. ഇടയ്ക്ക് ഒരിക്കൽകൂടി ഓർക്കാം ഇവിടെ ബ്രിട്ടാസ് പ്രതിക്കൂട്ടിലാകുന്നില്ല. നാം തന്നെയാണ് ബ്രിട്ടാസിലൂടെ ഈ ചോദ്യമുന്നയിക്കുന്നത്. നമ്മളും കൂടെ ചേർന്നതാണ് പരിസ്ഥിതി. അല്ലാതെ പാശ്ചാത്യവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഉറച്ചുപോയ പശ്ചാത്തലം മാത്രമല്ല. പശ്ചാത്തലമില്ലാത്ത, തലം മാത്രമാണ് പരിസ്ഥിതിക്കുള്ളത്. അതിനാൽ ബ്രിട്ടാസിന്റെ ഭാവത്തിലൂടെയും സ്വരത്തിലൂടെയും പ്രകടമായത് ഓരോ പ്രേക്ഷകന്റേയും ഭാവവും സ്വരവുമാണ്.

 

നാം ദൃശ്യത്തിന്റെ കാലത്തിന്റെ മൂർധന്യത്തിലൂടെയാണ് കടന്നുപോകുന്നത്. അതാകട്ടെ നേർക്കാഴ്ചയുടെ തിളക്കം. ഫ്‌ളക്‌സ്‌ ബോര്‍ഡ് മറ്റൊരു ഉദാഹരണം. അതിനാൽ നേർക്കാഴ്ചയുടെ സ്വാധീനം എല്ലാ കാഴ്ചയിലും ഉണ്ടാവുക സ്വാഭാവികം. അതു മാറണമെങ്കിൽ നേർക്കാഴ്ചയുടെ വിരസതയിൽ നിന്ന് വിമുക്തമാകണം. അത് വലിയതും വലിയ വിലകൊടുക്കേണ്ടി വരുന്നതുമായ യാത്രയാണ്. അതിന്റെ ഘട്ടത്തിലേക്കു പ്രവേശിക്കുന്നതിന്റെ സൂചനകളും ബ്രിട്ടാസിന്റെ അഭിമുഖത്തിൽ നിന്ന് കാണാം. ദൃശ്യസംസ്കാരത്തിന്റെ നേർക്കാഴ്ചാ സ്വഭാവം കൊണ്ടാണ് എല്ലാം നേരിട്ടുകാണാൻ വ്യഗ്രത. ദൈവത്തിന്റെ സ്വന്തം നാടെന്ന് എപ്പോഴും കാണുകയും കേൾക്കുകയും ചെയ്യുന്ന മലയാളിക്ക് ദൈവത്തിനേയും നേരിട്ടു കണ്ടേ മതിയാകൂ. ആ വ്യഗ്രതയും ദൈവത്തിന്റെ നേർക്കാഴ്ചക്കു വേണ്ടിയുള്ള ആക്രാന്തവും ഏത്ര വലുതാകുമെന്ന് ചിന്തനീയം. അതൊരവസ്ഥയാണ്. എരിപിരി സഞ്ചാരത്തിന്റേത്. മലയാളിയുടെ ആ ഗതികേടും ഈ നേർക്കാഴ്ചകളിൽ കാണണം. അനുകമ്പയോടെ. ഗെയിലിനേയും നേരിട്ടു കാണുമ്പോഴും അവരിലൂടെ നേരിട്ടു കേൾക്കുമ്പോഴും ഈ നേർക്കാഴ്ചാതൃഷ്ണയ്ക്ക് ശാന്തി ലഭിക്കുമെന്നു കരുതുന്നു. അതിലൂടെയും ശാന്തി തേടുന്നു എന്നുള്ളതും ഓർക്കേണ്ടതാണ്. മാധ്യമങ്ങളുടെ നേർക്കാഴ്ചയും ആശ്രമങ്ങളുടെ നേർക്കാഴ്ചാ സവിശേഷതയും ഇവിടെ സമരേഖയിൽ എത്തുന്നു. അഭിമുഖമെന്നാൽ തന്നെ നേർക്കാഴ്ച. ദൈവവുമായി അഭിമുഖത്തിന് ഇറങ്ങിത്തിരിച്ച ആസ്‌ട്രേലിയക്കാരി ഗെയിൽ ട്രെഡ്‌വെല്ലിന്റെ യാത്ര ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിലെത്തിയിരിക്കുന്നു ഏറ്റവുമൊടുവിൽ. അവരുടെ യാത്ര തുടരുന്നു എന്നുളളതാണ് പരിസ്ഥിതി നമുക്ക് മുന്നിൽ തുറന്നിടുന്ന സ്വാതന്ത്ര്യവും ശുഭാപ്തിവിശ്വാസവും.

Ad Image