നിലമ്പൂർ കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി ഫിബ്രവരി രണ്ടാംവാരം ബലാത്സംഗത്തിന് ശേഷം കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടു. തൂപ്പുകാരി ഉപയോഗിച്ചിരുന്ന ഫോണിന്റെ സിം കാർഡ് വളരെ ദൂരെ ഉപേക്ഷിക്കുകയും മൃതദേഹം ചാക്കിലാക്കി കല്ലുകെട്ടി വെള്ളത്തിൽ താഴ്ത്തുകയും ചെയ്തു. ഇതൊക്കെ ചെയ്തത് തെളിവു നശിപ്പിക്കുന്നതിൽ ദൃശ്യം സിനിമയിൽ നിന്നുകിട്ടിയ ഉത്തേജനമാണെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറയുന്നു. എന്തായാലും ദൃശ്യത്തിലെ കേരളാ പോലീസ് കുറ്റകൃത്യം കണ്ടുപിടിക്കാൻ ദയനീയമായി പരാജയപ്പെടുമ്പോൾ നിലമ്പൂർ പോലീസ് വലിയ ബുദ്ധിമുട്ടില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. ദൃശ്യം സിനിമയിലെ നായകൻ മറ്റ് അനേകം സിനിമകളിൽനിന്ന് സ്വായത്തമാക്കിയ പാണ്ഡിത്യമുപയോഗിച്ചാണ് വിജയകരമായി തെളിവു നശിപ്പിക്കൽ നടത്തിയത്. എന്തായാലും ബലാത്സംഗത്തിനു പ്രേരകമായതെന്താണെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞിട്ടില്ല. അതിനുള്ള ഉത്തരം കൂടി വേണമെങ്കിൽ ദൃശ്യം സിനിമയെക്കുറിച്ചുള്ള ചർച്ചയിലൂടെ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്. കാരണം ദൃശ്യം സിനിമ ഒട്ടനേകം കാഴ്ചകൾ ഉൾക്കൊള്ളുന്നു.
ദൃശ്യത്തിന്റെ തീയറ്റർ വിജയം ഇപ്പോഴും തുടരുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ദൃശ്യം പുനർനിർമ്മിക്കാനും പോകുന്നു. തമിഴില്‍ കമലഹാസനാണ് മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭൂതപൂർവ്വമായ തീയറ്റർ വിജയം തന്നെയാവണം ഇതിന് പ്രേരകമായത്. അതിനർഥം ഈ സിനിമയുടെ ഉള്ളടക്കത്തിന് ലഭ്യമായ പൊതു സ്വീകാര്യതയാണ്. ജനാധിപത്യ (ജനായത്തമല്ല) മര്യാദയനുസരിച്ചാണെങ്കിൽ ദൃശ്യം സംശയലേശമന്യേ ഉദാത്തമാണെന്ന് പ്രഖ്യാപിക്കപ്പെടാവുന്നതാണ്. എന്നാല്‍, ഈ സിനിമയെ വെറും സിനിമയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ചർച്ചയ്ക്ക് വിധേയമാക്കുന്നത് ഉചിതമല്ല. കാരണം ഇതിന്റെ നിർമ്മാതാക്കൾ നാം തന്നെയാണ്. അതുകൊണ്ടുതന്നെ കുറ്റപ്പെടുത്തലിന്റേയോ പഴിചാരലിന്റേയോ ഭാഷയിലല്ലാതെ തന്നെ ഈ സിനിമ പ്രത്യക്ഷത്തിൽ അവശേഷിപ്പിക്കുന്ന സാമൂഹ്യ സന്ദേശം ഒരു പരിഷ്കൃത സമൂഹത്തിന് അഭിലഷണീയമല്ല എന്ന്‍ പറയാനാകും. അക്കാര്യം സംവിധായകനും പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു, ചാനൽ ചർച്ചയിൽ ഡി.ജി.പി ടി.പി സെൻകുമാറിന്റെ അഭിപ്രായത്തോടുള്ള സംവിധായകൻ ജീത്തു ജോസഫിന്റെ മറുപടി. ജീത്തു നമ്മുടെ സമൂഹത്തിന്റ പ്രതിനിധിയാണ്. ദൃശ്യത്തിന്റെ ചരിത്രവിജയവും ജീത്തുവിന്റെ കാഴ്ചപ്പാടും ഒത്തുനോക്കുമ്പോൾ ജീത്തുവിലൂടെ ദൃശ്യത്തിൽ ആവിഷ്കൃതമായത് സമൂഹമനസ്സിന്റെ നേർ പരിഛേദമാണ്. അതിനാൽ നമ്മുടെ സമൂഹം, എന്നുവെച്ചാൽ നാം എവിടെ നിൽക്കുന്നു എന്നു കാണാനുള്ള അവസരവും ദൃശ്യം കാഴ്ചവയ്ക്കുന്നു. ആകെത്തുകസന്ദേശം സാമൂഹികമായി വിപരീതമാണെങ്കിലും സാമൂഹ്യാവസ്ഥാ പ്രതിഫലനത്തിൽ ദൃശ്യം ഒട്ടേറെ പ്രതിബിംബങ്ങൾ കാട്ടിത്തരുന്നുണ്ട്.
സമീപനം, പോലീസിന്റേയും പോലിസിനോടും
സമൂഹത്തിലെ വ്യവസ്ഥയുടെ നിലനിൽപ്പ് പ്രായോഗികമായി ഉറപ്പുവരുത്തി പൗരന്റെ ജീവനും സ്വത്തിനും ഉറപ്പു നൽകി സാമൂഹിക സുസ്ഥിരത നിലനിർത്തുക എന്നതാണ് പോലീസിന്റെ പ്രാഥമികമായ കർത്തവ്യം. ഐ.പി.എസ് കേഡറിലുള്ള ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കു കൂടിയാണ് സെൻകുമാർ ദൃശ്യത്തെക്കുറിച്ച് പൗരന്റെ വിമർശനാവകാശത്തെ ഉപയോഗിച്ചുകൊണ്ട് വിലയിരുത്തിയത്. ഈ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലാത്തതോ നിരോധിക്കപ്പെടേണ്ടതാണോ എന്നൊന്നും സെൻകുമാർ പറയുകയുണ്ടായില്ല. അതൊക്കെ ഇപ്പോഴും നാം നമ്മുടെ ജനാധിപത്യത്തിലൂടെ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നല്ല മുഹൂർത്തങ്ങളാണ്. എന്തെല്ലാം പോരായ്മകൾ നമ്മുടെ ജനായത്ത സമ്പ്രദായത്തിലുണ്ടെങ്കിലും അത് ഇപ്പോഴും സർഗ്ഗാത്മകമായി അവശേഷിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണം കൂടിയാണ് ഇത്തരം ചർച്ചകളും തടസ്സങ്ങൾ കൂടാതെ ഇത്തരം സിനിമകൾ തിയറ്ററുകളിലെത്തുന്നതും. ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ പോരായ്മകൾ ഏറ്റവുമധികം ചൂണ്ടിക്കാട്ടുന്നതും അസംതൃപ്തി പ്രകടമാക്കുന്നതും ഇന്ത്യയ്ക്ക് പുറത്തുവസിക്കുന്ന ഇന്ത്യാക്കാരാണ്. അവർ വസിക്കുന്ന രാജ്യങ്ങളിലെ ചില പൊതുസൗകര്യങ്ങളേയും മറ്റും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ കുറ്റപ്പെടുത്തൽ നടത്തുന്നത്. ഈ കുറ്റപ്പെടുത്തുന്നവർ പ്രവൃത്തിയെടുക്കുന്ന രാജ്യത്ത് എന്തെല്ലാം നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഈ വിമർശകർ കഴിയുന്നതെന്ന് അവർ വിസ്മരിക്കുന്നു. വേഷവിധാനം തുടങ്ങി വളരെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും സ്റ്റേറ്റ് ഇടപെട്ട് പൗരസ്വാതന്ത്ര്യം തീരെ അനുവദിക്കാത്ത രാജ്യങ്ങളിൽ അടിമകളെപ്പോലെയാണ് പല വിമർശകരും കഴിയുന്നത്. ജനാധിപത്യത്തെ ഏകാധിപത്യ സ്വഭാവത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണിവരെന്ന് അവർ പോലും അറിയുന്നില്ല.
ദൃശ്യം സിനിമയുടെ പശ്ചാത്തലത്തിൽ നമ്മുടെ സമൂഹത്തിന്റെ ഗതിയെ ചർച്ചയ്ക്ക് വിധേയമാക്കുമ്പോൾ ഈ അനുകൂല ഘടകങ്ങളും സർഗ്ഗാത്മകതയും നമ്മൾ വിസ്മരിച്ചുകൂടാ. അതുകൊണ്ട് ഉത്തരവാദിത്വമുള്ള ചർച്ചയ്ക്കാണിവിടെ പ്രസക്തി. വർത്തമാന സാഹചര്യങ്ങളെ കഥാസന്ദർഭമാക്കിയതിലൂടെ ചില സൂക്ഷ്മവശങ്ങൾ സംവിധായകൻ ഉദ്ദേശിക്കാതെ തന്നെ ദൃശ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ജോർജുകുട്ടി എന്ന നാലാം ക്ലാസ്സ് വിജയിയെ അവതരിപ്പിച്ച മോഹൻലാലിന്റെ കഥാപാത്രം ആ സിനിമയിൽ ഏർപ്പെടുന്നത് അറിഞ്ഞുകൊണ്ടുള്ള കുറ്റകൃത്യം ചെയ്യലാണ്. ആ കുറ്റകൃത്യത്തെ വീരോദാത്തമാക്കി അവതരിപ്പിക്കുകവഴി വളരെ തെറ്റും വിപരീതാത്മകവുമായ സന്ദേശമാണ് സമൂഹത്തിലേക്കു നൽകുന്നതെന്നാണ് സെൻകുമാറിന്റെ അഭിപ്രായം. അതു ശരിയാണ്. അതോടൊപ്പം മറ്റൊരു ശരി ഉയർന്നുവരുന്നു. അത് സാമൂഹിക യാഥാർഥ്യമായി മാറുന്നു. തന്റെ മകൾ സ്വയരക്ഷയ്ക്കുവേണ്ടി നടത്തുന്ന ശ്രമം തന്നെ ആക്രമിക്കാൻ വന്ന യുവാവിന്റെ മരണത്തിൽ കലാശിക്കുന്നു. അതു കരുതിക്കൂട്ടിയുള്ള കൊലപാതകമല്ല. അതുകൊണ്ടുതന്നെ അതു ശിക്ഷാർഹവുമല്ല. എന്നിരുന്നാലും നിലവിലെ സംവിധാനത്തിൽ ഒരു പെൺകുട്ടിക്കോ അവളുടെ രക്ഷകർത്താക്കൾക്കോ പോലീസിലെത്തി ഇത്തരമൊരു സംഭവം രേഖപ്പെടുത്താനുള്ള സാഹചര്യം ഇന്നു നിലവിലുണ്ടോ. ഇല്ല എന്നു തന്നെ സെൻകുമാറിന് പോലും ഉത്തരം നൽകേണ്ടിവരും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയിൽ സെൻകുമാറിനെ പോലുള്ളവരുടെ ചിന്തയും പ്രവൃത്തിയും കൊണ്ടേ അത്തരം സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാവുകയുള്ളു. അതിന് പോലീസിന്റെ സമീപനത്തിലും നിയമങ്ങളിലും കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. പോലീസ് അക്കാദമിയിൽ പരിശീലനം നടത്തുന്നവർ ഉദ്ധരിക്കാറുള്ളതായി പറയപ്പെടുന്ന ഒരു ഉദാഹരണമുണ്ട്. ലണ്ടനിൽ ഒരു ഒന്നാംക്ലാസ്സ് വിദ്യാർഥിക്ക് വീട്ടിലേക്കു പോകുന്ന വഴി തെറ്റിയാൽ ആ കുട്ടി ആദ്യം ചെയ്യുക പരിഭ്രമപ്പെടാതെ അടുത്തുകാണുന്ന പോലീസ് കോൺസ്റ്റബിളിനടുത്ത് ചെന്ന് അങ്കിൾ എനിക്കു വഴിതെറ്റി, എന്റെ വിലാസമിതാണ് എന്നെ സഹായിക്കുമോ എന്നു ചോദിക്കും. എന്നാൽ അതേ പ്രായത്തിലുള്ള നമ്മുടെ നാട്ടിലെ കുട്ടി ഉറങ്ങാൻ മടിക്കുകയോ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ മുതിർന്നവർ അത് സാധ്യമാക്കാൻ വേണ്ടി പേടിപ്പെടുത്തും - വേഗം ഉറങ്ങിക്കോ, ഭക്ഷണം കഴിച്ചോ അല്ലെങ്കിൽ പോലീസിനെ വിളിക്കും. ഈ അടിസ്ഥാന സമീപനം ഇപ്പോഴും ഇവിടെ നിൽനിൽക്കുന്നു. സാമ്രാജ്യത്വ പോലീസ് അവശേഷിപ്പിച്ചുപോയ സംസ്കാരത്തിന്റെ ബാക്കിയെന്നോണം. കുറച്ചൊക്കെ ഗുണപരമായ മാറ്റങ്ങൾ പോലീസിൽ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുസമീപനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.
നിലവിലുള്ള സാഹചര്യത്തിൽ നിരപരാധിയായ ഒരു പെൺകുട്ടിക്കോ സ്ത്രീക്കോ എന്തിനു പുരുഷനോ പേടികൂടാതെ സത്യസന്ധമായി ഒരു കാര്യം അവതരിപ്പിക്കാൻ പോലീസിനെ സമീപിക്കാനാവില്ല. ദൃശ്യം സിനിമയിലെ പെൺകുട്ടിയേയും കൂട്ടി ആ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിനെ സമീപിച്ചാൽ ആദ്യം ആ കുട്ടി അറസ്റ്റിലാവും. നിലവിലുള്ള പോലീസിന്റെ ചോദ്യം ചെയ്യലിന്റെ ഏകദേശരൂപം തന്നെയാണ് ദൃശ്യം സിനിമയിലൂടെയും വെളിവാക്കപ്പെട്ടത്. ചോദ്യം ചെയ്യലിനും നിരവധി ദിവസത്തെ പോലീസ് കസ്റ്റഡിൽ കഴിയലിനും ശേഷം ആ കുട്ടി ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കപ്പെടും. ഇന്നത്തെ ജയിലിലെ സാഹചര്യം എങ്ങിനെയാണുള്ളതെന്നും വലിയ അന്വേഷണമൊന്നുമില്ലാതെ തന്നെ ഊഹിക്കാവുന്നതാണ്. ജയിൽ അധികൃതർ തന്നെ ജയിൽ സാഹചര്യം വെളിപ്പെടുത്തുന്നത് ആരിലും ഭീതി ജനിപ്പിക്കുന്നതാണ്. മയക്കുമരുന്ന്‍ ഉപയോഗം തുടങ്ങി എന്തെല്ലാം അധോലോക പ്രവർത്തനങ്ങളുണ്ടോ അതൊക്കെയും ജയിലിലും അരങ്ങേറുന്നു. ഇത്തരമൊരു സാഹചര്യത്തിലേക്ക് ഒരു കൗമാരക്കാരി നിരപരാധിയായ പെൺകുട്ടി എത്തിപ്പെട്ടാൽ അവൾക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായുണ്ടാവുന്ന പീഡനാവസ്ഥ ചിന്തനീയമാണ്. ഇത്തരമൊരു അവസ്ഥ നിലവിലുള്ളപ്പോൾ ദൃശ്യത്തിലെ നായകൻ തെളിവു നശിപ്പിക്കൽ എന്ന കുറ്റകൃത്യത്തിലേർപ്പെട്ടത് അത്ര അപരാധമല്ല എന്ന് ശരാശരി മനുഷ്യൻ ചിന്തിക്കുന്നു.
ദൃശ്യാധിപത്യം
ഈ ചിന്തയും ചിന്താഗതിയും മാറേണ്ടതിന്റെ ആവശ്യകതയിലേക്ക് സെൻകുമാറിനെപ്പോലുളള ഉന്നത ഉദ്യോഗസ്ഥർ ശ്രമങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. അത്തരമൊരു ഓർമ്മിപ്പിക്കലായി ഒരു വശത്ത് ഈ സിനിമയെ കാണാവുന്നതാണ്. ഇന്ന് എവിടേയും ദൃശ്യങ്ങളാണ്. ദൃശ്യങ്ങളെ ദൃശ്യങ്ങളായി മാത്രം കണ്ടാൽ അപകടമാണ്. എന്നാൽ മാധ്യമനിയന്ത്രിതമായ വർത്തമാന സമൂഹത്തിൽ ദൃശ്യങ്ങളിൽ നിന്ന് ഒരു നിമിഷം പോലും മാറിപ്പോകാതിരിക്കാൻ തക്ക അന്തരീക്ഷമാണ് സംജാതമായിട്ടുള്ളത്. ദൃശ്യങ്ങളിലൂടെ കാഴ്ചകൾ കാണുക എന്നതാണ് മനുഷ്യന്റെ ഉത്തരവാദിത്വം. അതിനു കഴിയാതെ വരുമ്പോഴാണ് ദൃശ്യം മനുഷ്യനെ നിയന്ത്രിക്കുന്നതും ദൃശ്യങ്ങളിൽ കാണേണ്ടതിനെ കാണാൻ കഴിയാതെ വരികയും ചെയ്യുന്നത്. ചാനലുകളിലും പത്രങ്ങളിലും ദിനംപ്രതി വരുന്ന അസുഖകരമായ വാർത്തകൾക്ക് കാരണവും ദൃശ്യാധിപത്യമാണ്. മദ്യപിച്ച് എത്തുന്ന പുരുഷന്റെ മുന്നിൽ കാണപ്പെടുന്ന രൂപം വെറും ദൃശ്യമാകുന്നു. ആ രൂപം ചിലപ്പോൾ അയാളുടെ മകളാകാം, സഹോദരിയാകാം അല്ലെങ്കിൽ അമ്മയാകാം. ദൃശ്യം മാത്രമേ കാണുന്നുള്ളൂവെങ്കിൽ അയാളെ സംബന്ധിച്ചിടത്തോളം അത് സ്ത്രീ മാത്രമാണ്. എവിടേയും സ്ത്രീശരീരത്തെ ഇന്ന് ലൈംഗിക ചേതനയെ ഉണർത്തി എന്തും ഏതും വിപണനം ചെയ്യുന്നതിനുള്ള മാധ്യമമാക്കി മാറ്റുന്നു. മാധ്യമങ്ങളുടെ വിജയത്തിനു പോലും ഇന്ന് ലൈംഗിക വിഷയങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കുന്ന അവസ്ഥയാണ്. അതിനാൽ ഏതു സമയത്തും ലൈംഗിക വികാര ഉണർവിന് അനുയോജ്യമായ അന്തരീക്ഷസൃഷ്ടിയുണ്ട്. അതിനാൽ സ്ത്രീ ദൃശ്യം കാണുമ്പോൾ ആ സ്ത്രീയിലെ ബന്ധത്തിന്റെ കാഴ്ച കാണാൻ കഴിയാത്തയാൾ ദൃശ്യം മാത്രം കാണാൻ കഴിയുന്നവരെപ്പോലെ പെരുമാറുന്നു. മൃഗങ്ങൾ ദൃശ്യം മാത്രം കണ്ട് അതേപടി പ്രവർത്തിക്കുന്നു. അതിനാൽ ദൃശ്യസംസ്കാര ആധിപത്യത്തിൽ മനുഷ്യൻ മൃഗങ്ങളേപ്പോലെ പെരുമാറുന്നു. ഇതൊക്കെ ക്രമേണ മനുഷ്യമനസ്സിൽ രൂപപ്പെട്ടുവരുന്ന സാംസ്കാരിക പരിണാമമാണ്. അതിനാൽ കാണുന്ന ദൃശ്യങ്ങൾക്കും കേൾക്കുന്ന വാക്കുകൾക്കും മനുഷ്യമനസ്സിനെ സ്വാധീനിക്കാൻ ശേഷിയുണ്ട്. അവിടെയാണ് ദൃശ്യങ്ങളും വാക്കുകളും പ്രയോഗിക്കുന്നവരുടെ ഉത്തരവാദിത്വം വരുന്നത്. അവയുടെ വിലയും.
ദൃശ്യങ്ങൾ എങ്ങിനെ കാണുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മേഘനാ പട്ടേലിന്റെ പൂവണിമേനി. ടെലിവിഷനിൽ യാതൊരു മടിയുമില്ലാതെ വാർത്തകളിലും അല്ലാത്തപ്പോഴും കാണിക്കുന്ന പതിവു ദൃശ്യങ്ങളിലൊന്നാണ് യുവതികളുടെ അർധനഗ്നമായ ശരീരം. അതിന് വാർത്തയാണെങ്കിൽ ഉചിതമായ അവസരം കണ്ടെത്തും. എന്തിന് ചാനലുകളുടെ സ്റ്റേജ് ഷോകൾക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന യുവതികളെക്കൊണ്ട് ഡാൻസിന്റെ പേരിൽ കാണിക്കുന്നതും മറ്റൊന്നല്ല. സെലിബ്രിറ്റി ക്രിക്കറ്റിലും ഐ.പി.എൽ ക്രിക്കറ്റിലും ചീയർഗേൾസ്സും ശരീരപ്രദർശനം നടത്തിയാണ് സദസ്സിനേയും കളിക്കാരേയുമൊക്കെ ചീയർ ചെയ്യുന്നത്. അതുവച്ചുനോക്കുമ്പോൾ മേഘനാ പട്ടേൽ നഗ്നതാ പ്രദർശനം നടത്തിയെന്ന് പറയുന്നത് നാം പുറത്തുകാണുന്ന ദൃശ്യത്തിലൂടെ ഉൾദൃശ്യങ്ങൾ കാണുന്നുതു കൊണ്ടാണ്. തന്റെ ശരീരത്തെ അടിവസ്ത്രങ്ങൾക്ക് പകരം താമര കൊണ്ട് മറച്ച് ശ്രദ്ധ നേടി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിക്കുവേണ്ടി വോട്ട് തേടിയുകയാണ് മേഘന ചെയ്തത്. മാധ്യമങ്ങളും സിനിമയും ലൈംഗികതയെ തങ്ങളുടെ വിപണന സാധ്യതയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതുപോലെ മേഘനാ പട്ടേലും തന്റെ ശരീരത്തെ ഉപയോഗപ്പെടുത്തി മോദിയെ മാധ്യമമാക്കി പേരെടുക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നഗ്നതാ പ്രദർശനം അല്ലെങ്കിൽ ലൈംഗികതയാണ് വിപണനത്തിന് അനിവാര്യമായ ഘടകം എന്ന ഉറച്ച പൊതുധാരണയുടെ പ്രതിഫലനങ്ങളാണ്. ആ ഘടകത്തിന്റെ സജീവ സ്വീകാര്യതയാണ് മേഘനയെ ശരീരത്തെ പൂവണിമേനിയാക്കി പ്രദർശിപ്പിക്കാൻ പ്രേരിപ്പിച്ചത്. പൂക്കളോട് ചേർത്ത് വച്ച് വേണമെങ്കിൽ മേഘനയെ കാണാം. അതേപോലെ പൂക്കളുടെ ദൃശ്യത്തെ കാണാതെയും മേഘനയെ കാണാം. അത് കാണുന്നവരുടെ കാഴ്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്തായാലും മാധ്യമങ്ങൾ മേഘനയുടെ പൂവണിമേനിയിൽ നഗ്നത കണ്ടിരിക്കുന്നു. മേഘനയുടെ മനസ്സിന്റെ അടിത്തട്ടിൽ പ്രവർത്തിക്കുന്ന സമൂഹത്തേക്കുറിച്ചുള്ള ധാരണയുടെ പ്രതിഫലനമാണ് അവരെ മോദിയ്ക്ക് വോട്ട് തേടാനെന്ന പേരിൽ അത്തരത്തിൽ സ്വന്തം ശരീരത്തെ പ്രദർശിപ്പിക്കാൻ ധൈര്യം പകർന്നത്. അതേ രീതിയിൽ സമൂഹത്തേക്കുറിച്ചുള്ള ബോധ്യത്തിൽ നിന്നുതന്നെയാണ് ജിത്തുജോസഫ് ദൃശ്യം സിനിമ സംവിധാനം ചെയ്തത്. ആ സാഹചര്യം ഇന്ത്യ മുഴുവൻ നിലനിൽക്കുന്ന സാഹചര്യത്തിന്റെ പരിഛേദമാണെന്നാണ് ദൃശ്യം തമിഴിലും ഹിന്ദിയിലും സൂപ്പർസ്റ്റാറുകളെ അണിനിരത്തിക്കൊണ്ട് പുനർനിർമ്മിക്കുന്നതും വ്യക്തമാക്കുന്നത്. നിലമ്പൂർ കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി ഓഫീസിലെ തൂപ്പുകാരി ബലാൽത്സംഗം ചെയ്യപ്പെട്ടതിനു ശേഷമാണ് കൊലചെയ്യപ്പെട്ടതെന്നു പോലീസ് പറയുന്നു. പാവം ആ സ്ത്രീ സ്വന്തം അഭിമാനത്തിനായി പൊരുതിയതു മൂലമാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. അവർ തന്റെ ആയുധമായ ചൂലുകൊണ്ടും പൊരുതിക്കാണും. മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ മനസ്സിലാക്കേണ്ട ദൃശ്യവും തെളിഞ്ഞുവരുന്നു. അവരുടെ അപചയത്തിന്റെ സ്വാഭാവിക പ്രതിഷേധ പ്രതികരണമാണ് ആം ആദ്മി പാർട്ടി. അതിനർഥം രാഷ്ട്രമീംമാംസയിൽ ആം ആദ്മി പാർട്ടി പരിഹാരമാണെന്നല്ല. സ്വന്തം ഉപജീവനത്തിനായി അന്തസ്സോടെ ജോലി ചെയ്യാൻ വന്ന തൂപ്പുകാരിയായ ആ സ്ത്രീയോട് ബഹുമാന്യതയോടെ പെരുമാറാൻ പ്രാപ്തമാകുന്ന വിധം ജനമനസ്സുകളേയും രാഷ്ട്രീയ പ്രവർത്തകരേയും സജ്ജമാക്കുന്നിടത്താണ് രാഷ്ട്രീയവും തെളിഞ്ഞ കാഴ്ചപ്പാടുളള രാഷ്ട്രീയ പാർട്ടികളും പ്രസക്തമാകുന്നത്. അവയുടെ അഭാവം തീർത്ത സാമൂഹിക ഘടകമാണ് ദൃശ്യം സിനിമയെ ചരിത്ര വിജയമാക്കിയതും ആ സിനിമ സിനിമയ്ക്ക് പുറത്തേക്ക് ചർച്ചകളെ കൊണ്ടുപോകുന്നതും. ദൃശ്യം സിനിമ അത്തരത്തിൽ അനേകമനേകം കാഴ്ചകളാണ് കാണിച്ചു തരുന്നത്.
(തുടരും)