Skip to main content

 

സുനന്ദ പുഷ്‌കറിന്റെ പുഞ്ചിരിക്കുന്ന മുഖം ട്വിറ്റര്‍ പേജില്‍ ഇപ്പോഴും. വില്‍ ഗോ സ്മൈലിംഗ് എന്നായിരുന്നു അവരുടെ അവസാന ട്വീറ്റുകളില്‍ ഒന്ന്‍. പുഞ്ചിരി സന്തോഷത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പുഞ്ചിരി വരുമ്പോൾ ദു:ഖം അകലുന്നു. എല്ലാ മനുഷ്യനും ആ പുഞ്ചിരിക്കുവേണ്ടി അനുനിമിഷം ശ്രമിക്കുന്നു. സുനന്ദ ആത്മഹത്യ ചെയ്തതാകാം. ചിലപ്പോൾ സ്വഭാവികമായി മരിച്ചതാകാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടാകാം. അതെന്തുമാകട്ടെ. സുനന്ദ മരിച്ചു എന്നത് വസ്തുത. ഏതു രീതിയിലാണ് അവർ മരിച്ചതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളുമായി അവ ബന്ധപ്പെട്ടു കിടക്കുന്നു. ആ ബന്ധങ്ങൾ ഏതെന്നു നോക്കാം. ഒന്ന്, ഭാര്യാഭർതൃ ബന്ധത്തിലെ രസതന്ത്രം. രണ്ട് സുതാര്യലോകവും അതിലെ ആച്ഛാദന സ്വഭാവവും തമ്മിലുള്ള സംഘട്ടനം, മൂന്ന് മാധ്യമ സംസ്കാരം. ഈ മൂന്നു ഘടകങ്ങളിലുണ്ടായ അസന്തുലിതാവസ്ഥയാണ് അവരെ മരണത്തിലേക്ക് തള്ളിയിട്ടത്. ആത്മഹത്യയായാലും അല്ലാത്ത മരണമായാലും.

 

രണ്ട് ടീമുകളിൽ നിന്നുള്ള ഇരുപത്തിരണ്ട് പേർ കളിക്കുന്ന കളിയാണ് ഫുട്ബാൾ. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള കളി. ആ കളിയുടെ നിയമവശങ്ങൾ അറിയാത്തയാൾക്കും അറിയുന്നയാൾക്കും ഏതാണ്ട് ഒരേപോലെ ആസ്വദിക്കാൻ പറ്റുന്ന കളി. ആ കളിക്കളത്തിൽ അനുനിമിഷം വിരിയുന്ന ചലനഗതികളുടെ വിന്യാസം ആർക്കും പ്രവചിക്കാൻ കഴിയില്ല. ഒന്നും അതേപടി ഒരിക്കലും ആവർത്തിക്കുന്നുമില്ല. കളിക്കളത്തിലേക്കു നോക്കിയാൽ ഒന്നിനും നിയതമായ രീതിയില്ലാത്ത ചലനഗതി. അതേസമയം ആ കളിയെ അത്രയും ആസ്വാദ്യവും ചലനാത്മകവുമാക്കുന്നത് ആ കളിയുടെ നിയമങ്ങളാണ്. ആ നിയമങ്ങൾക്കകത്തു നിന്ന് ഗതിവിഗതികളിലേർപ്പെടുമ്പോഴാണ് അത് കളിയാകുന്നതും. കളി രസമാകുന്നതും. ഏതു കളിയുടെ കാര്യവും ഇതു തന്നെ. ജീവിതവും അത്തരത്തിൽ ആസ്വദിക്കാൻ പറ്റേണ്ട ഒരു കളി തന്നെ. അതിനാൽ അതിനും  ചില നിയമങ്ങൾ ആവശ്യമാണ്. ആ നിയമങ്ങളുടെ പുറത്തുപോവുകയും നിയമങ്ങൾക്കകത്തു നിന്നു കളിക്കുമ്പോൾ ഉണ്ടാകേണ്ട ഹരവും രസവും ഉണ്ടാകണമെന്ന് വിചാരിക്കുകയും ചെയ്യുമ്പോൾ കാര്യങ്ങൾ പിഴയ്ക്കുന്നു. ആ പിഴവ് സൃഷ്ടിച്ച അതേ നിയമമില്ലായ്മകൊണ്ട് നിയമാനുസൃത ഗതി സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ പിഴയ്ക്കുന്നു. ഗതിയിൽ പിഴവ് കൂടുതൽ വന്നാൽ നിലം പതിക്കും. ഭൂഗുരുത്വാകർഷണം പോലെ തന്നെയാണത്. അതും ഫുട്ബാൾ കളിയിലെ വീഴ്ചകളിൽ നിന്ന് മനസ്സിലാക്കാൻ പറ്റും.

 

വിശ്വാസത്തകർച്ച

 

സുനന്ദയേയോ തരൂരിനേയോ ഇവിടെ കുറ്റം പറഞ്ഞിട്ടോ പ്രതിക്കൂട്ടിൽ നിർത്തിയിട്ടോ കാര്യമില്ല.  അവരുടെ ദാമ്പത്യത്തിന് ദൈർഘ്യം കുറവാണ്. പക്ഷേ ഇരുവരും തമ്മിലുള്ള അടുപ്പം കൂടുന്നതിനു പകരം അകൽച്ചയാണ് സംഭവിച്ചത്. അതിന്റെ കാരണങ്ങൾ തേടിയാൽ അതിന് അവധിയുണ്ടാവില്ല. രണ്ട് ബാല്യം, രണ്ട് സംസ്കാരം, രണ്ട് ജീവിതാനുഭവങ്ങൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത കാരണങ്ങൾ കണ്ടെത്താം. എന്തായാലും അവരുടെ ജീവിതത്തിൽ നിയമങ്ങൾ എവിടെയോ പിഴയ്ക്കുന്നതിന്റെ ഉദാഹരണമായിരുന്നു സുനന്ദയുടെ മരണത്തിനു നാൽപ്പത്തിയെട്ടു മണിക്കൂർ മുമ്പുണ്ടായ സംഭവവികാസങ്ങൾ. സുനന്ദ ആമാശയ ക്ഷയരോഗവും ആട്ടോ ഇമ്മ്യൂൺ രോഗവും മൂലം ചികിത്സയിലായിരുന്നുവെന്ന് മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആ രോഗാവസ്ഥ വ്യക്തിയുടെ മനോനിലയിൽ മാറ്റങ്ങൾ വരുത്താം. വിശേഷിച്ചും ആമാശയ സംബന്ധമായ രോഗങ്ങൾ. അത് രോഗവും സ്വഭാവവും തമ്മിലുള്ള ദൂഷിതവലയത്തെ തന്നെ ഉണ്ടാക്കുന്നു. അതായത് രോഗം കൊണ്ട് സ്വഭാവമാറ്റവും, സ്വഭാവമാറ്റത്താൽ ആ രോഗം മൂർഛിക്കുകയും ചെയ്യുന്ന ദൂഷിതവലയം. തന്റെ ഭർത്താവിനെ വലവീശാൻ ശ്രമിച്ച പാകിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറിനെ പറ്റി ട്വിറ്ററില്‍ സുനന്ദയുടെ പ്രതികരണം ആത്മനിയന്ത്രണം നഷ്ടപ്പെട്ട വ്യക്തിയുടേതായിരുന്നു. താൻ ചികിത്സയിലായിരുന്ന സമയത്ത് തന്റെ ഭർത്താവിനെ വേട്ടയാടാൻ ശ്രമിക്കുകയായിരുന്നു മെഹർ തരാർ എന്നും അവർ പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐ ഏജന്റാണെന്നും സുനന്ദ ട്വിറ്ററിലൂടെയും ചാനൽ പ്രതികരണത്തിലും പറയുന്നുണ്ടായിരുന്നു. അവർ അതികഠിനമായ വൈകാരിക വേദന അനുഭവിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് അത്തരത്തിൽ പ്രതികരിച്ചത്. ആ ഒറ്റ പ്രതികരണത്തിൽ നിന്ന് സുനന്ദ എന്ന യുവതി അനുഭവിച്ച വേദനയും അവരുടെ ജീവിത വീക്ഷണവും നൈരാശ്യവും എല്ലാം വായിച്ചെടുക്കാൻ കഴിയും.

 

ട്വിറ്ററിലൂടെയുള്ള സുനന്ദയുടെ മെഹർ-പ്രഹരം പ്രത്യക്ഷത്തിൽ അവർക്കെതിരെയാണെന്ന്‍ തോന്നാമെങ്കിലും അത് തന്റെ ഭർത്താവിനെ കുറിച്ചുള്ള സുനന്ദയുടെ പ്രസ്താവനയായിരുന്നു. ഭാര്യ രോഗിണിയായിരിക്കുമ്പോൾ ഭർത്താവ് മറ്റൊരു സ്ത്രീയുടെ മോഹവലയത്തിൽ പെട്ടുപോകുന്നുവെന്ന് പറയുമ്പോൾ അവർക്ക് അവരുടെ ഭർത്താവിലുള്ള വിശ്വാസത്തകർച്ചയെയാണ് വ്യക്തമാക്കുന്നത്. അതോടൊപ്പം അവർക്ക് അവരെക്കുറിച്ചുള്ള മതിപ്പില്ലായ്മ അഥവാ ബഹുമാനമില്ലായ്മയും അതിൽ നിഴലിക്കുന്നുണ്ട്. അത് അവരുടെ ജീവതത്തിനോടുള്ള കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്. ബാഹ്യമായ നേട്ടങ്ങളിലൂടെ ജീവതവിജയത്തെ നിർണ്ണയിക്കുകയും നിശ്ചയിക്കുകയും ചെയ്യാൻ കഴിയുമെന്ന ജീവിത വീക്ഷണം തന്റെ അനുഭവത്തിൽ നിന്ന് രൂപപ്പെടുത്തുകയും അതേ സമയം തന്റെ കോശസ്മൃതികളിൽ കുടികൊള്ളുന്ന നാടിന്റെ സാംസ്കാരിക മൂല്യങ്ങൾ കുടുംബത്തിലൂടെയും സമൂഹത്തിലൂടെയും  സജീവമായി പ്രവർത്തിക്കുന്നതിനാലും അവർ സംഘട്ടനമനുഭവിച്ചു. ഏവരുടേയും കാര്യത്തിൽ ഇതു സംഭവിക്കുന്നുണ്ട്. അതിന് ഏറ്റക്കുറച്ചിലുകളും പശ്ചാത്തല വ്യത്യാസവുമുണ്ടെന്നു മാത്രം. താൻ തന്റെ മാനദണ്ഡത്തിൽ വിജയമാണെന്ന അതിരുകടന്ന ആത്മവിശ്വാസം സുനന്ദയ്ക്കുണ്ടായിരുന്നു. വിശേഷിച്ചും ബിസിനസ്സിൽ അവർ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ.  അത്തരത്തിൽ സുനന്ദ എത്തിപ്പെട്ട പ്രതലത്തിൽ വച്ചാണ് ശശി തരൂരുമായി അടുക്കുന്നതും, മരണത്തിലേക്ക് വഴുതി വീണതുപോലെ തന്നെ, മാധ്യമങ്ങളിലൂടെ പ്രണയം തഴയ്ക്കുകയും ഒടുവിൽ തരൂരുമായുള്ള വിവാഹത്തിലേക്ക് എത്തുകയും ചെയ്തത്. ഫണ്ട് മാനേജ്‌മെന്റിന്റെ എബിസിഡി ശശിക്കറിയുകയില്ലെന്നും അതൊക്കെ താനാണ് കൈകാര്യം ചെയ്യുന്നതെന്നും  പല സന്ദർഭങ്ങളിലും സുനന്ദ പറയുകയുണ്ടായി.  ഐ.പി.എൽ വിവാദത്തിൽ സുനന്ദയുമുൾപ്പെട്ട വിഷയങ്ങൾ പൊന്തിവന്ന് ശശി തരൂരിന് കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നുവെങ്കിലും അതൊക്കെ കൈകാര്യം ചെയ്തതിൽ സുനന്ദയുടെ കൈയ്യൊപ്പ് കാണാമായിരുന്നു.

 

ജീവിതം എന്ന മാര്‍ഗ്ഗം

 

മൂല്യങ്ങളെ ഉറപ്പാക്കുന്ന നിയമങ്ങളില്ലാത്ത ബിസിനസ്സാണ് ബിസിനസ്സിന്റെ അർഥത്തിനു തന്നെ മാറ്റം വരുത്തിയത്. കച്ചവട മനസ്ഥിതി എന്ന വിപരീതാർഥം അതിന്റെ ഫലമാണ്. കച്ചവടമില്ലെങ്കിൽ സമൂഹത്തിന് നിലനിൽപ്പില്ല. അത്രയ്ക്ക് അനിവാര്യമാണ് അത്. എന്നിട്ടും അത് വിപരീതാർഥം കൈവരിക്കാൻ കാരണം നിയമങ്ങൾ തമസ്കരിക്കപ്പെട്ട് ലാഭം എന്ന ഒറ്റ ലക്ഷ്യത്തിന് മാർഗ്ഗം പ്രശ്നമല്ല എന്ന പുതുനിയമ ആധിപത്യത്താലാണ്.  ആ നിയമം ജീവിതത്തിൽ പ്രയോഗിക്കുമ്പോൾ അവിടെ  അത് അപരിചിതമായ ചേർച്ചയില്ലാത്ത നിയമമാകുന്നു. വിവാഹമെന്ന ലക്ഷ്യത്തിലേക്ക് ആ നിയമത്തിലൂടെ എത്താൻ പറ്റും. എന്നാൽ തുടർന്നുള്ള ജീവിതം മാർഗ്ഗമാണ്. ജീവിതത്തിലെ ലക്ഷ്യം ആ മാർഗ്ഗമാണ്. അതുകൊണ്ടാണ് മാർഗ്ഗം ലക്ഷ്യമാകുന്നു എന്നു പറയുന്നത്. പല പണ്ഡിതന്മാരും അതു പ്രായോഗികമല്ലെന്ന് പ്രായോഗിക കാര്യങ്ങളിൽ പറഞ്ഞുറപ്പിക്കുകയും അതിന്റെയടിസ്ഥാനത്തിൽ പുത്തൻ നിയമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് പിന്നീട് പാഠപുസ്തകങ്ങളുമാകുന്നു. അതു പഠിച്ചുകൊണ്ട് പ്രയോഗിക്കുമ്പോൾ കാണുന്ന പാകപ്പിഴകൾ കാണാൻ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതി. ചുറ്റും വേണ്ട. സ്വയം ഒന്ന് ഉള്ളിലേക്കു നോക്കിയാൽ മതി. സുനന്ദയുടെ മരണവാർത്തയറിഞ്ഞ് പലരും ഞെട്ടി. ദില്ലി ആസ്ഥാനമായ ആംഗലേയ ചാനലുകൾ ഞെട്ടിവിറച്ചുപോയ ലക്ഷണമാണ് പ്രകടമായത്. അത്തരത്തിലായിരുന്നു  അവരുടെ മൊത്തത്തിലുള്ള അവതരണം.  മലയാള പത്രങ്ങൾ എടുത്തു നോക്കിയാൽ മതി, എല്ലാ ദിവസവും സംഭ്രമ ജനകമായ അനേകം വാർത്തകൾ കാണാൻ കഴിയും. അതുമല്ലെങ്കിൽ രാത്രിയിൽ മലയാളി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് മനസ്സിന്റെ എല്ലാ വൈകൃതങ്ങളേയും ഉണർത്തിക്കൊണ്ട് മനസ്സിലാക്കേണ്ട കുറ്റകൃത്യങ്ങളുടെ പ്രത്യേക പരിപാടികൾ അതിന്റെ  എല്ലാവിധ  വൈരൂപ്യ ദൃശ്യങ്ങളോടെയും കാണിക്കുന്നത്. അതുവച്ചു നോക്കുകയാണെങ്കിൽ, ആത്മഹത്യയാണെങ്കിൽ പോലും ഒരു ഭാര്യയുടെ ആത്മഹത്യയാണ് സുനന്ദയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. മാധ്യമ ഓഫീസിൽ പ്രവർത്തിക്കുന്നവരുടെ മുന്നിൽ ഇത്തരം വാർത്തകൾ എല്ലാ ദിവസവും എത്തുന്നുണ്ട്.  അതിൽ എല്ലാമൊന്നും ലോക്കൽ എഡിഷനുകൾക്ക്  അപ്പുറത്തേക്ക് പത്രങ്ങൾ കൊടുക്കുന്നില്ല. അല്ലാതെ കൊടുക്കാൻ ശ്രമിച്ചാൽ അത് നടക്കുകയുമില്ല. ആംഗലേയ ചാനലുകളാണെങ്കിൽ ദില്ലിയിൽ മാത്രമുള്ള  ഇത്തരം വാർത്തകളേ കൈകാര്യം ചെയ്യാറുമുള്ളു. എന്തുകൊണ്ട് സുനന്ദയുടെ മരണം ഞെട്ടലായി. മാധ്യമങ്ങൾക്കു മാത്രമല്ല. അവർ ഉൾപ്പെടുത്തിയ പ്രതികരണം അറിയിച്ചവരെല്ലാം ഞെട്ടി. പലരും വാർത്ത വിശ്വസിക്കാൻ പോലും വിസമ്മതിച്ചു.

 

വിജയിയായ  അന്താരാഷ്ട്ര തലത്തിലുള്ള വ്യവസായിയുടെ മുഖത്തോടെയാണ് പലരും സുനന്ദയെന്ന വ്യക്തിയെ കണ്ടത്. സുനന്ദയും അവരെ അങ്ങിനെത്തന്നെയാണ് കണ്ടെതെന്നു തോന്നുന്നു. ആ വിജയിയും സുന്ദരിയുമായ സുനന്ദയുടെ പ്രണയവും വിവാഹവും മാധ്യമങ്ങൾ ആഘോഷിച്ചു. രണ്ടു വ്യക്തികളുടെ സ്വകാര്യമായ ഏർപ്പാടാണ് പ്രണയവും വിവാഹവും. മാധ്യമ നടത്തിപ്പില്‍ വിജയം പരസ്യ വരുമാനത്തിലധിഷ്ഠിതമാണെന്നും അതിനാൽ പ്രേക്ഷകരെ കൂട്ടിയാലേ അതിന് കഴിയുകയുള്ളൂവെന്ന ഉറച്ച ധാരണയാലും ഏതു പരിപാടിയും ഇപ്പോൾ രൂപകൽപ്പന ചെയ്യുന്നത് ആസ്വാദ്യമാക്കുക എന്ന കാഴ്ചപ്പാടിലാണ്. എന്തും ആസ്വാദ്യമാകണം. കാഴ്ചകൾ ഇന്ദ്രിയങ്ങൾക്ക് ചെറിയ ചെറിയ സുഖം കൊടുത്തുകൊണ്ടിരിക്കണം. അതറിയണമെങ്കിൽ സുനന്ദയുടെ മരണവാർത്തയും അവരുടെ പഴയ ദൃശ്യങ്ങൾ ആവർത്തിച്ചു കാണിച്ചു കൊണ്ടിരിക്കുന്നതും നോക്കിയാൽ മനസ്സിലാകും. കാണികൾ പോലും ആലോചിക്കുന്നുണ്ടാകും, അതൊക്കെ കാണിക്കേണ്ട രംഗങ്ങൾ തന്നെയല്ലേ എന്ന്. അതാണ് മയക്കുമരുന്നു സ്വഭാവ പ്രത്യേകത. ശീലിച്ചു കഴിഞ്ഞാൽ അതു കിട്ടിയേ തീരൂ. ശശി തരൂരിന്റേയും സുനന്ദയുടേയും പ്രണയവും അതുമായി ബന്ധപ്പെട്ട എല്ലാ സംഗതികളും ഉഗ്രൻ റിയാലിറ്റി സീരിയലായിരുന്നു. ഒടുവിൽ വിവാഹം. അതും ആഘോഷിച്ചു. അതിനു ശേഷം പൈങ്കിളികളുടെ പ്രളയമായിരുന്നു. ശശിയുടേയും സുനന്ദയുടേയും മനസ്സിനുള്ളിൽ കയറി ഏറെനാൾ താമസിച്ച് കാര്യങ്ങൾ കണ്ട മാതിരിയാണ് വനിതാ പ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ ഇരുവരും തമ്മിലുള്ള പ്രണയത്തേക്കുറിച്ചും പരസ്പര സ്നേഹത്തേക്കുറിച്ചുമൊക്കെ ഒട്ടൽ ചിത്രങ്ങളുടെ അകമ്പടിയോടെ പ്രസിദ്ധീകരിച്ചത്. അങ്ങനെ ഉഗ്രൻ  റിയാലിറ്റി സീരിയലായി അവരുടെ ജീവിതം. അധികം വൈകുംമൻപ് സോഷ്യൽ നെറ്റ് വർക്കുകളിൽ വാർത്ത പരന്നു, ശശിയും സുനന്ദയും വേർപിരിയാനൊരുങ്ങുന്നു. അതോടെ അവരുടെ പ്രണയ പൈങ്കിളികൾക്ക് അവധിയായി. അവർ എങ്ങിനെ പിരിയുന്നു എന്നുള്ളതിലേക്കായി ശ്രദ്ധ. കാരണം അതും ഉഗ്രൻ വിൽപ്പനമൂല്യം  ഉള്ളതു തന്നെ. എങ്ങനെയാണോ അവരുടെ പ്രണയം പുറത്തേക്ക് മാധ്യമങ്ങളിലൂടെ വന്ന് വിവാഹത്തിലെത്തിയത് അതേ സ്വഭാവത്തിലാണ് സുനന്ദയുടെ അവസാനവും സംഭവിച്ചത്.

 

കാലത്തിന്റെ ഇരയും കൈയൊപ്പും

 

ഏതാനും ദിവസങ്ങളായി  2014 ജനുവരി തുടക്കത്തോടെ സുനന്ദ പതുക്കെ വാർത്തകളിൽ ഇടം തേടി. ദുബായിൽ വച്ച് ഖലീജ് ടൈംസിന്റെ ലേഖകനോട് സുനന്ദ പരസ്യമായി കയർത്തുവെന്നും അതിന്റെ  ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും വെളിപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. ലേഖകന്റെ തലവഴിയെ മദ്യം ഒഴിക്കുമെന്ന ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സുനന്ദയുടെ പ്രതികരണത്തന്റെ ദൃശ്യമാണ് തങ്ങളുടെ പക്കലുണ്ടെന്ന് ഖലീജ് ടൈസ് ലേഖകൻ അവകാശപ്പെട്ടത്. സുനന്ദയ്ക്ക് മാധ്യമങ്ങളോടുള്ള വെറുപ്പാണ് ആ സന്ദർഭം ശരിയാണെങ്കിൽ പുറത്തുവരുന്നത്. എന്തിനാണ് ഇവരോടോക്കെ സംസാരിക്കുന്നത് എന്ന് പത്രലേഖകനോട് അഭിമുഖം നടത്തിക്കൊണ്ടിരുന്ന തരൂരിനോട് ആക്രോശിച്ചുകൊണ്ടാണ് സുനന്ദ ഇവ്വിധം പെരുമാറിയതത്രെ. ഖലീജ് ടൈംസ് ലേഖകനോടുള്ള വ്യക്തിപരമായ വെറുപ്പല്ല പ്രകടമായത്. മറിച്ച് മാധ്യമ സംസ്കാരത്തോടുള്ള പ്രതികരണമായിരുന്നു. അർണാബ് ഗോസ്വാമിയുടെ തലവഴിയെ താൻ മദ്യം ഒഴിച്ചിട്ടുണ്ടെന്ന് സുനന്ദ ഓർമ്മിപ്പിക്കുകയും ചെയ്തുവത്രെ. ഇന്ത്യയിൽ നിലനിൽക്കുന്ന ആക്രമണോത്സുകവും പരസ്പര ബഹുമാനമില്ലാത്തതുമായ മാധ്യമപ്രവർത്തന സംസ്കാരത്തിന്റെ മൂർത്തിമദ്ഭാവമാണ് ടൈംസ് നൗവിന്റെ അർണാബ് ഗോസ്വാമിയിലൂടെ പ്രകടമാകുന്നത്. ഇവിടെ മനസ്സിലാക്കേണ്ടത്  അത്രമാത്രം സുനന്ദ  മാധ്യമങ്ങളിലൂടെ വേദനിപ്പിക്കപ്പെട്ടു എന്നുള്ളതാണ്. വേദനിക്കുന്നവരാണ് ആക്രമണത്തിന് മുതിരുന്നത്. പക്ഷേ അങ്ങിനെ മുതിരുന്നവരും അതു കണ്ടുനിൽക്കുന്നവരും  ആ പ്രവൃത്തിയെ ധൈര്യമായി കണ്ടെന്നിരിക്കും. വിപരീതാർഥം കൈവരിച്ച കച്ചവട സംസ്കാരത്തിന്റെ പ്രതിഫലനമാണ് ആ കാഴ്ചപ്പാടും ആ തത്വപ്രതിഷ്ഠയും. ആ വേദനയുടെ പരമകാഷ്ഠയിലെത്തിയതാണ് മരണത്തിന് നാല്‍പത്തിയെട്ടു മണിക്കൂറുകൾക്ക് മുൻപ് ട്വിറ്ററിലൂടെയും മാധ്യമങ്ങളിലൂടെയും വന്ന പ്രതികരണങ്ങൾ. ആ വേദനയിൽ ഗതികെട്ടാണ് തങ്ങൾക്ക് സ്വകാര്യത അനുവദിച്ചുതരണമെന്ന് അഭ്യർഥിച്ചുകൊണ്ട് തരൂരും സുനന്ദയും ചേർന്ന് സംയുക്ത പ്രസ്താവന നടത്തി ട്വിറ്റർ പ്രതികരണങ്ങൾക്ക് വിരാമമിട്ടത്.

 

ഇവിടെയാണ് സുനന്ദയുടെ മരണം കാലത്തിന്റെ ഇരയായും അതുപോലെ കാലത്തിന്റെ കൈയ്യൊപ്പായും മാറുന്നത്. ഇത് ഡിജിറ്റൽ യുഗത്തിന്റെ സ്ഥാപിത നാളുകളാണ്. കഴിഞ്ഞ യുഗത്തിന്റെ സാംസ്കാരിക സാധീനം തന്നെയാണ് ഇപ്പോഴും ശക്തമായി നിലകൊള്ളുന്നത്. സ്വാധീനം എന്നു പറയുമ്പോൾ മൂല്യങ്ങളും. അതേസമയം ഡിജിറ്റൽ യുഗത്തിന്റെ പ്രത്യേകതകൾ എല്ലാ മൂല്യങ്ങളുടേയും ബാഹ്യരൂപത്തെ മാറ്റിമറിക്കുന്നു. ആ മാറിമറിയലിൽ മൂല്യങ്ങളും മാറിമറിയുന്നതായി തോന്നുന്നു. വ്യാവസായിക വിപ്ലവസൃഷ്ടമായ കഴിഞ്ഞ യുഗം പരസ്പരം ബന്ധമില്ലാത്ത, മറകളുടെയും ഇരുമ്പ് മറകളുടെയുമായിരുന്നുവെങ്കിൽ ഡിജിറ്റൽ യുഗം പരസ്പര ബന്ധത്തിന്റേയും സുതാര്യതയുടേയുമാണ്. ഇതു രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങൾ പോലെ വർത്തിക്കുകയും ചെയ്യുന്നു. നെറ്റ് വർക്കിൽ ആയിക്കഴിഞ്ഞാൽ സുതാര്യതയും സംഭവിക്കുന്നു. അതിനാൽ അവിടേക്കു പ്രവേശിക്കുന്വോഴുള്ള നിമിഷം മുതലുള്ള പെരുമാറ്റം ആകെത്തുകസൃഷ്ടിക്ക് കാരണമാകുന്നു. ശശി തരൂരും സുനന്ദയും പൊതുരംഗങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അവർ സദസ്സിനു വേണ്ടിത്തന്നെയാണ് പെരുമാറിയിരുന്നത്. തുടക്കത്തിൽ അതവര് ആസ്വദിക്കുകയും ചെയ്തിരുന്നു. അത് ചാനലുകളും സോഷ്യൽ നെറ്റ് വർക്കുകളും ആവോളം കൊണ്ടാടി. ശശി തരൂരിലൂടെയാണ് സുനന്ദ പൊതുശ്രദ്ധയിലേക്കു വരുന്നത്. താമസിയാതെ അവരുടെ വേഷവിധാനത്താലും പെരുമാറ്റത്താലും അവരുടെ സ്വയം അവതരണത്താലും സ്വന്തം നിലയിൽ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി. അത് അവരുടെ കഴിവിന്റെ ഭാഗവുമായിരുന്നു. പല സന്ദർഭങ്ങളിലും ക്യാമറാവെളിച്ചത്തിൽ തരൂരിനേക്കാൾ മാധ്യമ ആകർഷണം സുനന്ദ കൊണ്ടുപോവുകയും ചെയ്തിരുന്നു. സുനന്ദ മാധ്യമ ഉള്ളടക്കവിപണനത്തിന് നന്നായി ഉതകിയതാണെന്ന് മാധ്യമങ്ങൾ തിരിച്ചറിഞ്ഞതോടെ അവർക്ക് സ്വകാര്യത  പൂർണ്ണമായും നഷ്ടമാവുകയായിരുന്നു. തരൂരിന്റെ ഭാര്യ എന്നതിലപ്പുറം അദ്ദേഹത്തിന്റെ ഭാര്യയായതിനു ശേഷം സുനന്ദ പ്രത്യേകിച്ച് സാമൂഹികമായ പ്രാധാന്യങ്ങളൊന്നും നേടിയിരുന്നില്ല. എന്നിട്ടും മാധ്യമങ്ങൾ ആർത്തിയോടെയാണ് സുനന്ദയെ പിന്തുടർന്നത്.

 

പ്രതീകാത്മക ലോകം

 

വിപരീതാർഥം കൈവരിച്ച കച്ചവട സംസ്കാരത്തിന്റെ  പ്രകടമായ  സാംസ്കാരിക പ്രതിഫലനത്തിന്റെ മാധ്യമ ഉദാഹരണമാണ് പൈങ്കിളി മാധ്യമപ്രവർത്തനം. അത് ഇതിനകം ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അതിന്റെ പ്രയോക്താക്കളും പ്രചാരകരും മാധ്യമ മഹാപണ്ഡിതരായും സാമൂഹ്യ പരിഷ്കർത്താക്കളായും മാധ്യമ സംബന്ധിയായ വിഷയങ്ങളിൽ സർക്കാരും സമൂഹവും കാണുന്ന അവസാന വാക്കുകളുടെ ഉടമകളായും കരുതപ്പെടുന്നു.  മൃഗങ്ങൾക്ക് അനുഭവവേദ്യമായ ഇന്ദ്രിയതലത്തിലേക്ക് മനുഷ്യന്റെ ആസ്വാദ്യതലത്തെ തളച്ചിടുന്ന പ്രക്രിയയാണ് പൈങ്കിളി മാധ്യമപ്രവർത്തനം നടത്തുന്നത്. ജന്തുസമൂഹത്തിൽ മനുഷ്യൻ മാത്രമേ പ്രതീകാത്മകമായി  ബാഹ്യലോകത്തെ കാണുകയും പെരുമാറുകയും ചെയ്യുന്നുള്ളു. അതിന്റെ സാമൂഹ്യ രൂപമാണ് കുടുംബവും അതുമായി ബന്ധപ്പെട്ട മൂല്യങ്ങളും. പ്രതീകാത്മക ദൃഷ്ടിയിൽ മാത്രമാണ് രണ്ട് സ്ത്രീകൾ ഒരാൾക്ക് അമ്മയും ഭാര്യയുമായി മാറുന്നത്. അതില്ലാത്ത പക്ഷം രണ്ടും സ്ത്രീകൾ തന്നെ. ഈ പൈങ്കിളി മാധ്യമപ്രവർത്തന സംസ്കാരത്തിന്റെ പരിണതഫലമാണ് അഞ്ചുവയസ്സുകാരി മകളെ അച്ഛൻ പീഡിപ്പിച്ചതിന്റെ വാർത്ത ഇതേ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതും ഉഗ്രൻ വാർത്തയാക്കി എന്താണ് സമൂഹത്തിന് സംഭവിക്കുന്നതെന്ന് ചോദിച്ചുകൊണ്ട് ആ വാർത്തയും ഒന്നാംതരം പൈങ്കിളിയാക്കി ഇതേ മാധ്യമങ്ങൾ വിൽക്കുന്നു. അപ്പോഴും സമൂഹം കരുതുന്നു, ഈ മാധ്യമങ്ങൾ നിർവഹിക്കുന്നത് മഹത്തായ കാര്യമാണെന്ന്. കാരണം ഈ ച്യുതിയിൽ കരയുന്ന ഭാവം വാർത്തയ്ക്കു കൊണ്ടുവരാനും എന്തുകൊണ്ട് സമൂഹം ഇത്തരത്തിൽ അധ:പതിക്കുന്നു എന്നുള്ള അന്വേഷണാത്മക മാധ്യമപ്രവർത്തന അനുസാരികളായ ചർച്ചയും മറ്റും ഈ മാധ്യമങ്ങൾ ഒരുക്കുന്നു. ഡിജിറ്റൽ യുഗത്തിലെ സുതാര്യതയിൽ പൈങ്കിളി മാധ്യമപ്രവർത്തനത്തിന്റെ ഇരയാണ് സുനന്ദ. അതേ സമയം ഇരയെന്ന്‍ പറയുന്നതിലും യുക്തിരാഹിത്യമുണ്ട്. കാരണം വ്യക്തി തന്നെയാണ് തീരുമാനിക്കുന്നത് താൻ എങ്ങനെയാകണമെന്ന്. വ്യക്തിക്ക് സംഭവിക്കുന്നതിന് മുഴുവൻ ഉത്തരവാദി അവർ തന്നെയാണ്. ഇവിടെയാണ് കവിതയുടെ വൃത്തത്തിന്റെ പ്രസക്തി. വൃത്തമില്ലാതെയും കവിതയെഴുതാം. വൃത്തമറിയാത്തവർക്ക് അത് സ്വീകാര്യവും എളുപ്പവുമായിരിക്കും. അക്കൂട്ടൽ മേൽക്കൈ നേടുമ്പോൾ വൃത്തം കവിതയ്ക്ക് അനാവശ്യമാണെന്ന് സിദ്ധാന്തവും രൂപപ്പെടും. കാരണം തങ്ങൾ ശരിയാണെന്ന് സമർഥിക്കാൻ അത് അനിവാര്യം. പക്ഷേ, അതും നിയമമനുസരിക്കാതെയുള്ള കളത്തിനു പുറത്തുള്ള പന്തുതട്ടിക്കളിയാണ്. അത് ഫുട്ബാൾ കളിയാവില്ല. തട്ടുന്നവരും ഫുട്ബാളും കളിയുമുണ്ടെങ്കിലും. മാധ്യമങ്ങൾക്കും മറ്റേതു രംഗം പോലെയും ചില പ്രവർത്തന നിയമങ്ങൾ ഉണ്ടായേ പറ്റൂ. വൃത്തമില്ലാതെ കവിതയെഴുതുന്നതു പോലെ അതില്ലാതെയും ആകാമെന്നതിന്റെ തെളിവാണ് വർത്തമാന കാലം. പക്ഷേ സമൂഹത്തിലുണ്ടാകുന്ന വേദന അതിഭീകരമായിരിക്കും. വേദനിക്കുന്നവർ മറ്റുള്ളവരെ വേദനിപ്പിച്ച് സ്വയം ആശ്വസിക്കാൻ ശ്രമിക്കും. അതാണ് ഹിംസ അഥവാ വയലൻസായി മാറുന്നത്. സാമൂഹികമായി ഉണ്ടാവുന്ന ആ വയലൻസിന്റെ ഉദാഹരണം കൂടിയാണ് സുനന്ദ. അവരുടെ അവസാന പ്രതികരണങ്ങൾ മുഴുവൻ വേദനകൊണ്ട് പുളയുന്നതായിരുന്നു. ആത്മഹത്യയായാലും സ്വാഭാവിക മരണമായാലും ആ വേദന തന്നെയാണ് അവരെ മരണത്തിലേക്ക് തള്ളിയിട്ടത്. അവരുടെ വേദനയ്ക്ക് ഭർത്താവെന്ന നിലയിൽ തരൂരിനും സാന്ത്വനം നൽകാനായില്ല. പകരം വേദന അവരിൽ വർധിക്കുകയാണുണ്ടായത്. ഏറ്റവും സൂക്ഷ്മമായ നിയമങ്ങളാണ് ജീവിതത്തിന് അനിവാര്യം. വൃത്തമില്ലാത്ത കവിതയെഴുത്തു പോലെ നിയമമില്ലെങ്കിലും ജീവിക്കാവുന്നതാണ് ജീവിതം. എന്നാൽ ജീവതമെന്ന കളി  ഭൂഗുരുത്വാകർഷണം പോലെ തെറ്റാതെ കൃത്യമായ നിയമത്താൽ മുന്നോട്ടു പോകുന്നതാണ്.  മഹാഭാരത പശ്ചാലത്തിൽ ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ  എഴുതി പ്രശസ്തിയിലേക്കുയർന്ന തരൂരിനും പിടികിട്ടിയ ലക്ഷണമില്ല. പ്രശസ്തി, പദവി, ധനം, സൗന്ദര്യം, അധികാരം എന്നിവയിലെല്ലാം അഗ്രസ്ഥാനീയരായ ഈ ദമ്പതികൾ ഓരോ വ്യക്തിയോടും സംസാരിക്കുന്നുണ്ട്. കാരണം വിചാരം, വികാരം, കാലം, മാറ്റം, സമൂഹം, മാധ്യമം, അധികാരം, ധനം എന്നുവേണ്ട ശരാശരി മനുഷ്യൻ തന്റെ ജീവിതം ചെലവഴിക്കുന്ന എല്ലാമായും ഇവർ  വ്യക്തിയെ ഓർമ്മിപ്പിക്കുന്നു. തരൂരിനും മററുള്ളവർക്കും സുനന്ദയുടെ പുഞ്ചിരി കണ്ണാടിയാവുന്നു. വരും നാളുകളിൽ മാധ്യമങ്ങൾ മെല്ലെ നീങ്ങാനിടയുള്ള രണ്ട് വഴികളുണ്ട്. ക്രമേണ പാകിസ്ഥാനി മാധ്യമപ്രവർത്തക മെഹർ തരാറുമായി തരൂരിനെ കൂടതൽ അടുപ്പിക്കാനും മറ്റൊരു പ്രണയകഥ മെനയാനും. അതുചിലപ്പോൾ സിനിമാക്കഥപോലെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വൈകാരികതകളേയും കൂട്ടുപിടിച്ച്  ഒരു ഗംഭീര പ്രണയകഥയാക്കിയെന്നുമിരിക്കും. മറ്റൊന്ന് തരൂരിനെ അതിഭീകരനും ക്രൂരനുമായ മനുഷ്യനായും പ്രേമരോഗിയായും ചിത്രീകരിച്ചുകൊണ്ട്. ഏതാണ് വിരിഞ്ഞുവരുന്നതെന്ന് വരുനാളുകൾ നിശ്ചയിക്കും.

Ad Image