Skip to main content

ഒന്ന്: തിലകൻ

 

 

മുഖ്യധാരയിൽ പ്രവർത്തിക്കവേതന്നെ വേറിട്ട ശബ്ദം കേൾപ്പിക്കുന്നവരെ സമൂഹം നോട്ടപ്പുള്ളികളാക്കുകയും ക്രൂശിക്കുകയും ചെയ്യുക സാധാരണമാണ്. സ്ഥാപിതവും സ്വാർത്ഥനിർഭരവുമായ താല്പര്യങ്ങൾ പെരുകിവരുന്ന ഈ ആഗോളീകരണ കാലത്ത് ‘സോ കാൾഡ്’ റെബലുകളെ സഹയാത്രികർ പോലും പരിത്യജിക്കുക തന്നെ ചെയ്യും. റെബൽ സെലിബ്രിറ്റി കൂടി ആണെങ്കിൽ തറയ്ക്കുന്ന ആണികളുടെ എണ്ണവും ആഴവും ഭീതിജനകമാം വിധം കൂടുകയും ചെയ്യും. കൂട്ടിൽ കിടന്ന് ആക്രോശിക്കുന്ന ഒരു മൃഗരാജന്റെ ഭാവഹാവാദികൾ തിലകന് സംഭവിക്കുവാൻ കാരണമതാണ്.

 

എയ്ഡ്‌സ് ബോധവൽക്കരണ സന്ദേശവുമായി റെഡ്‌റിബൺ എക്‌സ്പ്രസ് എന്ന തീവണ്ടിയാത്ര ഓണാട്ടുകരയിലെ കായംകുളം റെയിൽവേ സ്റ്റേഷനിൽ ഒരു ഇടവപ്പാതി പുലർച്ചെ ഇരമ്പി നിന്നപ്പോൾ അതിനെ സ്വീകരിക്കുവാൻ തടിച്ചുകൂടിയിരുന്ന പോസിറ്റീവ് കുറവും നെഗറ്റീവ് കൂടുതലുമായ പുരുഷാരത്തിന്റെ നേതൃനിരയിൽ ഊന്നുവടിയിലും ധാർഷ്ട്യത്തോടെ തിലകനും ഉണ്ടായിരുന്നു.

 

എയ്ഡ്‌സ് ഉയർത്തുന്ന ആഗോള ആരോഗ്യഭീഷണികളെ പരാമർശിക്കുന്നതിനൊപ്പം മലയാളിയുടെ കപട ലൈംഗിക സദാചാരത്തിനിട്ട് ഒരു കിഴുക്കു നൽകിയും സിനിമാരംഗത്തെ ഫാസിസ്റ്റ് പ്രവണതകളെ ക്ഷോഭത്തോടെ വിമർശിച്ചും തിലകൻ തിളങ്ങി. മാധ്യമങ്ങളിലെല്ലാം അമ്മ-തിലകൻ പോര് മുറുകിയ ദിവസങ്ങളായിരുന്നു അത്. എന്റെ മൊബൈലിൽനിന്ന് തിലകന്റെ മൊബൈലിലേക്ക് അന്നൊരുനാൾ ഒരു കോൾ പോയി.

 

രംഗം ഒന്ന്‍

 

തിരുവനന്തപുരത്ത് പി.ആർ.എസ്. കോർട്ടിലെ തിലകന്റെ ഒളിയിടസ്വഭാവമുള്ള ഫ്‌ളാറ്റിലെ കോളിംഗ്‌ബെല്ലിൽ എന്റെ വിരലമർന്നു. രോഗാതുരത തോന്നിക്കുന്ന ഒരു മധ്യവയസ്‌ക വന്ന് കാര്യംതിരക്കി വാതിൽ പിന്നെയും അടച്ചു. നിമിഷങ്ങളുടെ നിശബ്ദതയ്ക്കുശേഷം അതു വീണ്ടും തുറന്നപ്പോൾ അകത്തെ അരണ്ട വെളിച്ചത്തിൽ നിന്ന് താൻ വേഷമിട്ട ഏതോ സിനിമയിലെ ദുർമന്ത്രവാദിയുടെ പരിവേഷത്തോടെ വാക്കിംഗ് സ്റ്റിക്ക് ഊന്നി ഡ്രോയിംഗ് റൂമിലേക്ക് തിലകൻ വന്നു. മുൻകൂട്ടി പറഞ്ഞുവച്ച ധാരണയിൽ എഫ്.എം റേഡിയോയിലേക്കായി എയ്ഡ്‌സ് ബോൽവൽക്കരണത്തെക്കുറിച്ച് ഇന്റർവ്യൂവിനായി എത്തിയതാണെന്ന് അറിയിച്ചപ്പോൾ പൊട്ടിത്തെറിയായിരുന്നു മറുപടി. ‘ഞാൻ എന്താ എയ്ഡ്‌സ് രോഗിയാണോ, അതോ എയ്ഡ്‌സിന്റെ ഡോക്ടറോ? നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ?’ വാക്കിംഗ് സ്റ്റിക്ക് ഊന്നി തിലകൻ കലിതുള്ളി നിൽക്കുമ്പോൾ, അപ്പോൾ അവിടേക്ക് എത്തിയ അദ്ദേഹത്തിന്റെ പേരക്കുട്ടിയെ മടിയിലിരുത്തി താലോലിച്ച് ഞാൻ സെറ്റിയിലമർന്നു.

 

തിലകൻ: പറയേണ്ട കാര്യം എഴുതിക്കൊണ്ട് വന്നിട്ടുണ്ടോ?

ഞാൻ: കായംകുളത്തെ പ്രഭാഷണം ഒന്ന് റിപ്പീറ്റ് ചെയ്താൽ മതി. അന്നു ഞങ്ങളുടെ റെക്കാർഡർ വർക്ക് ചെയ്യാതെ പോയി!

തിലകൻ : സദസിനോട് സംസാരിക്കുന്നതുപോലെയല്ല ഏകാന്തതയിലെ ഭാഷണങ്ങൾ. തനിക്ക് പറ്റുമെങ്കിൽ എയ്ഡ്‌സ് ബോധവൽക്കരണത്തെക്കുറിച്ച് പത്ത് വരി എഴുത്. എനിക്ക് പറയാൻ പറ്റുന്നതാണെങ്കിൽ ഞാൻ പറയും. എന്റെ സ്വഭാവം നന്നായി അറിയാമല്ലോ? മേലാൽ ഇത്തരം വയ്യാവേലകളുമായി ഈ വഴി വന്നേക്കരുത്.

 

ഞാൻ എയ്ഡ്‌സിനെക്കുറിച്ച് ഏതാനും വരികൾ എഴുതി. തിലകൻ അത് വാങ്ങി മറിച്ചു നോക്കി. 'ഇത് തന്റെ ഭാഷ. ഇനി എന്റെ ഭാഷയിൽ എന്റെ മനസിൽ നിന്ന് വരുന്ന ചില കാര്യങ്ങൾ ഞാൻ എഴുതും. അത് നിങ്ങളുടെ സ്റ്റുഡിയോയിൽ വന്ന് റെക്കാർഡ് ചെയ്യും.'

 

എന്നാൽ മൂന്നാം നിലയിലുള്ള ഞങ്ങളുടെ സ്റ്റുഡിയോയിൽ എത്താൻ കാലിന്റെ പരാധീനത തിലകന് തടസമായി. പക്ഷേ, രൗദ്രത്തിൽനിന്ന് സൗമ്യത്തിലേക്ക് ഞൊടിയിടയിൽ ഭാവം മാറിയ ആ എതിർപക്ഷ കലാകാരൻ തുടർന്ന് നടത്തിയ ആത്മഭാഷണങ്ങൾ മാധ്യമങ്ങൾ പ്രതിനായകനാക്കിയ ആ നടനിലെ മാനവികതയുടെയും മാനുഷികമൂല്യബോധത്തിന്റെയും പച്ചവേഷത്തെ പ്രത്യക്ഷമാക്കി.

 

ഒറ്റയാൾ വിപ്ലവം

 

വണ്ടൻമേട്ടിലെ റബ്ബർ എസ്റ്റേറ്റ് ബാല്യത്തിൽ നിന്ന് വില്ലനിലേക്കും പ്രതിനായകനിലേക്കും സ്വഭാവനടനിലേക്കും എതിർപക്ഷ കഥാപാത്രത്തിലേക്കുമൊക്കെയുള്ള ആ അഭിനയയാത്ര  ചോര പൊടിയുന്നതും വിപ്ലവാത്മകവുമാണ്. തന്നിലെ വേദാന്തിയായ കമ്യൂണിസ്റ്റിനെയാണ് മൗനം കുറ്റകരമാക്കുന്നവരുടെയും ബോധത്തെ ഷണ്ഡീകരിക്കുന്നവരുടെയും ഇടയിൽ ക്ഷോഭത്തിന്റെ ചെന്തീപ്പൊരികളായി തിലകൻ കയറൂരി വിട്ടത്. പാർശ്വവൽക്കരിക്കപ്പെടുന്നവർക്കിടയിൽപോലും അദ്ദേഹം പാർശ്വവൽക്കരിക്കപ്പെടുവാൻ കാരണം ആ ഇടപെടലുകൾ ഹൃദയത്തിന്റേതായതിനാൽ ആണ്. പി.ജെ ആന്റണിയിൽനിന്ന് പകർന്നുകിട്ടിയ ഇടംവലം നോക്കാതെയുള്ള ആ ചുരികച്ചുഴറ്റ് വർത്തമാനകാലത്തെ ജഡമനസുകളെ മുറിവേൽപ്പിച്ചതില്‍ അതിശയമില്ല. ജാതിമതങ്ങളിലോ രാഷ്ട്രീയപ്രത്യയശാസ്ത്ര-കലാ കോക്കസുകളിലോ പെടാത്ത സമാന്തരത്വമാണ് തിലകന്റെ ഈ ഹൃദയക്ഷോഭങ്ങളുടെ മുഖമുദ്ര. മസ്തിഷ്‌കവും മനസും ആത്മാവും കടന്നുപോകുന്ന ഹൃദയാകാശത്തിൽ നിന്നാണ് അത് ഉറവപെട്ടുന്നത്.  വിട്ടുവീഴ്ചയാർന്ന ബന്ധങ്ങളുടെയും കൂട്ടായ്മകളുടെയും ബന്ധനങ്ങൾക്കും അപ്പുറത്താണ് ആ ഭാഷണങ്ങളുടെ സ്വത്വസ്ഥലി. അഭിനയത്തോടുള്ള അഭിലാഷ പൂർത്തീകരണത്തിനായി ആദ്യം പിതൃബിംബത്തെ അദ്ദേഹം ഉടച്ചു. പിന്നീട് വീടുവിട്ട് ഷാപ്പുകളിലെ അന്തിയുറക്കങ്ങൾ, വർഷങ്ങളോളം മിണ്ടാതെയിരുന്ന പെറ്റമ്മയ്ക്ക് അന്ത്യദിനങ്ങളിൽ നടത്തിയ സാന്ത്വനപൂർണമായ പരിചരണങ്ങൾ, കമ്യൂണിസത്തിനു ബലികുടീരം ഒരുക്കുന്നവരോടു പ്രാണരക്ഷ പോലും മറന്നുള്ള പുലയാട്ട്. സിനിമാലോകത്തെ വെളിച്ചപ്പാടു തുള്ളൽ.

 

പ്രക്ഷോഭിയായ വേദാന്തി

 

ഈ കാണായതൊന്നും സത്യമല്ലെന്നു തിലകന് നന്നായി അറിയാമായിരുന്നു. വെള്ളിത്തിരയിലെ വേഷവും ജീവിതവേഷവും പോലും. തന്റെ ജീവിതദർശനത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച ആശയങ്ങൾ അത് വെളിവാക്കുന്നു. 'പ്രിയം ബ്രുയാദ്, സത്യം ബ്രുയാദ് നഃ ബ്രുയാദ് സത്യമപ്രിയം' എന്നുറപ്പിച്ച ആ മനസ്സ് സത്യപാരായണത്വത്തിനായി വിശ്വമനസ്സിന്റെ ഉപകരണമാവുകയാണ്. മരുഭൂവിൽ വെള്ളമില്ലെന്ന് അന്വേഷിച്ചു പോയ ഒട്ടേറെപേർ തിരികെയെത്തി പറഞ്ഞിട്ടും മനസ്സിലാകാത്തവർക്കിടയിൽ മൂല്യവിരുദ്ധ നിലപാടുകൾക്കെതിരെ പകർന്നാടിക്കൊണ്ടിരിക്കുമ്പോഴും വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് താൻ ഒരാൾപോലും അടുക്കാത്ത ഒരഗ്നിപർവ്വതമായി പുകഞ്ഞടങ്ങുന്നതെന്ന് തിലകന് ബോധ്യമുണ്ടായിരുന്നു. നപുംസകവൽക്കരിക്കപ്പെടുന്ന മലയാളിയുടെ സാമൂഹിക ജീവിതത്തിൽ തിലകന്റെ സ്വരക്ഷപോലും മറന്നുകൊണ്ടുള്ള രോഷച്ചീന്തുകൾ സാംസ്‌കാരിക യുദ്ധചരിത്രത്തിലെ മിന്നൽപ്പിണരുകളാണ്.

 

തിലകൻ മൊഴിയുന്നു:

1.        ആട്ടിൻതോലിട്ടാലും ഒരുവൻ ചെന്നായ അല്ലാതാകുന്നില്ല!

2.       ഒരു കമ്മ്യൂണിസ്റ്റിന് ജീവഭീഷണിയിൽ നിന്ന് സംരക്ഷണം നൽകുന്നതിനുപോലും ആത്മവഞ്ചനയും കോർപ്പറേറ്റ് സ്വഭാവവും മൂലം പാർട്ടിക്ക് കഴിയുന്നില്ല.

3.       എന്റെ ശക്തിയുടെ ശ്മശ്രുക്കളിൽപോലും സ്പർശിക്കുവാൻ ഈ രാജകല്പനകൾക്കാകില്ല.

4.       മോഹൻലാലും ഞാനും തമ്മിൽ അസാധാരണ ട്യൂണിങ്ങാണ്. ലാലിനതറിയാം. പക്ഷേ താങ്ങി നടക്കുന്നവർക്കറിയില്ല!

 

രണ്ട് : മോഹൻലാൽ

 

mohanlal

 

വർഷങ്ങൾക്കപ്പുറം ഹോട്ടൽ അമൃതയിലെ ഗോവണിച്ചുവട്ടിൽവച്ച് അക്കാലത്ത് ഇടതുപക്ഷ നേതാവായിരുന്ന ഒരു ജ്യേഷ്ഠസുഹൃത്താണ് മോഹൻലാലിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. അക്കാലത്ത് ബെൽബോട്ടം പാന്റിലും മുറിക്കയ്യൻ ഷർട്ടിലും മെലിഞ്ഞ ആ നടൻ, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയും ബോയിംഗ് ബോയിങ്ങിലൂടെയും വളർന്ന് ശാരീരികമായും പ്രതിഭാപരമായും അരോഗദൃഢഗാത്രനായ മോഹൻലാൽ ആയി വർഷങ്ങൾക്കിപ്പുറം മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വിണ്ണിൽനിന്ന് ഒരു ഗന്ധർവ്വൻ മേഘവാഹനമിറങ്ങി വരുംപോലെ തോന്നി.

 

എയ്ഡ്‌സ് തന്നെയായിരുന്നു മോഹൻലാൽ കൂടിക്കാഴ്ചയുടെയും വിഷയം. ലാലിന്റെ സാന്നിധ്യം അദ്ദേഹം സൃഷ്ടിക്കുന്ന സ്‌പെയ്‌സിൽ നിന്ന് ആനുഭൂതികമായി അനുഭവിച്ചറിയുകയായിരുന്നു. ലാൽ അടുത്തെത്തിയപ്പോൾ ശബ്‌നം എന്ന ഉറുദുവാക്ക് ഓർമ്മവന്നു. ശബ്‌നം എന്നാൽ മഞ്ഞുതുള്ളി. ലാലിന്റെ ഓരോ ചലനങ്ങളിലും തുഷാരാർദ്രത തുളുമ്പി നിൽക്കുന്നു. ഇന്റർവ്യൂവിനായി ഒരുക്കിയ മുറിയിലെ സൈഡ് ഗ്ലാസിലൂടെ സൂര്യരശ്മികൾ മുറിയിൽ പതിച്ചപ്പോൾ ഏതോ ഗുഹയിൽ നിന്ന് പുറത്തിറങ്ങിയ താപസനെപ്പോലെ ലാൽ അസ്വസ്ഥസൂചകമായി കൈകൊണ്ട് മുഖം മറച്ചു. കെട്ടിട ഉടമയായ തന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിനോട് അത് സൺഗ്ലാസുകൊണ്ട് മറയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ലാലിന്റെ സാന്നിധ്യത്തിൽ സ്‌നേഹവും സംഗീതവും ഭൂമിയെ പ്രണമിച്ചുകൊണ്ട് കുനിഞ്ഞു നിൽക്കുന്ന നിറയെ പൂചൂടിയ ഒരു വൃക്ഷഗന്ധർവ്വന്റെ ആശ്ലേഷണവും പൊരുന്ന സുഖവും ഞാൻ അനുഭവിച്ചു. അവധൂതൻമാരിലും മിസ്റ്റിക്കുകളിലും നിന്നും പ്രസരിക്കുന്ന അവാച്യമായ ഒരാത്മസുഗന്ധം ആ താരസാന്നിധ്യം പകർന്നുനൽകി. ആത്മസാക്ഷാത്കാരത്തിന് വെമ്പുന്ന ഒരു അന്വേഷകന്റെ പൂർണതയ്ക്കായുള്ള വെമ്പലാണ് ലാലിന്റെ മാനസിക പ്രതികരണങ്ങൾക്കും ശരീരഭാഷയ്ക്കും. ശബ്ദഘോഷങ്ങളോ വെട്ടിനിരത്തലുകളോ ഇല്ലാത്ത ഘനശ്യാമമായ മൗനത്തിലൂടെ ഈ താരം തന്റെ ഓരോ കാൽപെരുമാറ്റങ്ങളിലും 'പൂർണമേ വാവശിഷ്യതേ' എന്ന് മന്ത്രിക്കുന്നു. പരിവ്രാജകരെപ്പോലെ, യാത്ര മോഹൻലാലിനും ഹരമാണല്ലോ.

 

വോയ്‌സ് ഓവറിന്റെ മുഹൂർത്തത്തിൽ ശബ്ദബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് അദ്ദേഹം പ്രണവത്തിലേക്ക് കൂപ്പു കുത്തി. എ.സിയുടെ ചെറിയ മർമരം പോലും പൂർണതയ്ക്ക് വിഘ്‌നമാകുന്നു. തലേന്നാൾ നൽകിയ എയ്ഡ്‌സ് ബോധവൽക്കരണ സന്ദശം ലാൽ വായിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം അതിൽ വരുത്തിയ കളയലുകളുടെയും കൂട്ടിച്ചേർക്കലുകളുടെയും തൈജസശോഭ എന്നെ മുഗ്ധനാക്കി.

 

‘വിസ്മയങ്ങൾ നിറഞ്ഞ ഈ ഭൂമിയുടെ ഹൃദയം തേങ്ങുകയാണ്. എയ്ഡ്‌സ് എന്ന മഹാമാരി അനാഥമാക്കിയ പിഞ്ചോമനകളെ ഓർത്ത്. ആസ്വാദനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്, എയ്ഡ്‌സ് എന്ന മഹാവ്യാധിയും പേറി ജീവിതം നഷ്ടപ്പെടുത്തിയവരുടെ ആത്മാക്കൾ ഇന്ന് മറ്റേതോ ലോകത്തിരുന്ന് വിലപിക്കുന്നുണ്ടാവാം. ഒരു നിമിഷത്തെ സുഖം നൽകിയ ശിക്ഷയും പേറി ദുരിതമനുഭവിച്ചു ജീവിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളാണ് എന്നത് അവരറിയുന്നുവോ ആവോ? മാതാപിതാക്കൾ ദാനമായി നൽകിയ രോഗവും പേറി കണ്ണീരിലകപ്പെട്ട കുട്ടികളെ നാം കാണുന്നു. നമ്മുടെ ഹൃദയം അവരെ ഓർത്ത് തേങ്ങുന്നു. ലോകത്ത് എച്ച്.ഐ.വി. അണുബാധിതരായി 3.32 കോടി ജനങ്ങൾ ഉണ്ട്. ഇവരിൽ ഇരുപത്തിയഞ്ച് ലക്ഷം പേർ കുട്ടികളാണ്. പതിനഞ്ചിനും ഇരുപത്തിനാലിനും മധ്യേ പ്രായമുള്ളവർ ഏകദേശം ഒരു കോടി വരും. എയിഡ്‌സ് അനാഥമാക്കുന്ന ബാലകൗമാരങ്ങൾ ഇന്ന് ലോകത്തിലെ പ്രധാന ആരോഗ്യപ്രശ്‌നങ്ങളിൽ ഒന്നാണ്. ലോകമാസകലം എത്രയോ ലക്ഷം ജീവനുകളെ ഈ ഭീകരരോഗം അപഹരിച്ചു കഴിഞ്ഞു. അവരിൽ എത്രയെത്ര പ്രതിഭാശാലികൾ. കലാസാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ, സമ്പന്നർ, ദരിദ്രർ.  എയിഡ്‌സ് സൃഷ്ടിക്കുന്ന ആരോഗ്യപ്രതിസന്ധികൾ പരിഹരിക്കുന്നതിനായി അവികസിത-വികസ്വര രാജ്യങ്ങളിലെ ഖജനാവുകളിൽ നിന്നും കോടിക്കണക്കിനു രൂപയാണ് പാഴാകുന്നത്. ഒന്ന് ചിന്തിച്ചു നോക്കൂ. തങ്ങളുടെ രാജ്യത്തിന്റെ വികസനപ്രവർത്തനത്തിന് ഉപയോഗിക്കാമായിരുന്ന പണമാണ് ഇങ്ങനെ പാഴാകുന്നത്. എയിഡ്‌സ് എന്ന ആഗോളആരോഗ്യ വിപത്തിനെതിരെ അനുനിമിഷം നമുക്ക് ജാഗരൂകരാകാം. ജീവിതത്തിൽ സദാചാരനിഷ്ഠകൾ മുറുകി പിടിക്കുന്നതിലൂടെ ആ മഹാവ്യാധിയെ പ്രതിരോധിക്കാം. എയിഡ്‌സ് ബോധവൽക്കരണ യജ്ഞങ്ങളിൽ പങ്കാളികളാകാം. എച്ച്.ഐ.വി. എയ്ഡ്‌സ് പ്രതിരോധ സന്ദേശവുമായി എത്തിയ റെഡ് റിബൺ എക്‌സ്പ്രസിലെ കലാസംഘങ്ങൾക്ക് എന്റെ ഹാർദവമായ സ്വാഗതം. നിങ്ങളുടെ ഈ മഹത് കർമ്മത്തിന് എന്റെ പിന്തുണയും സഹകരണവും എപ്പോഴും ഉണ്ടാകും.  ജീവിതം ആനന്ദമാണ്. അജ്ഞതമൂലം ആനന്ദം ദുഃഖമാകരുത്. ജയ് ഹിന്ദ്!’

 

മോഹൻലാൽ അത്ഭുതകരമാംവണ്ണം ഹോംവർക്ക് ചെയ്തിരിക്കുന്നു. ഒരു രാത്രി കൊണ്ട് എയ്ഡ്‌സ് ബോധവൽക്കരണ സന്ദേശത്തിന്റെ  സ്‌ക്രിബിളിൽ അദ്ദേഹം തന്റെ ആത്മാവിനെ സന്നിവേശിപ്പിച്ചിരുന്നു. ഓരോ വരിയുടെയും രൂപപരിവർത്തനത്തിൽ ആത്യന്തികമായ ആത്മാർത്ഥത തുടിച്ചിരുന്നു. പെർഫെക്ഷനിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ഒരു ചലച്ചിത്രകാരൻ ടേക്ക് എടുക്കുന്ന ജാഗരൂകതയോടെ ആയിരുന്നു അദ്ദേഹം ഓരോ വരിയും ഉരുവിട്ടത്. പല വരികളും റിപ്പീറ്റ് ടേക്ക് പറഞ്ഞ് പെർഫെക്ട് ആക്കി. Perception – Observation – Expression എന്ന ത്രിത്വത്തിലാണ് ലാൽ ഓരോ ചുവടുവയ്പും നടത്തുന്നതെന്നാണ് എനിക്കനുഭവപ്പെട്ടത്. സ്ഥൂലവും സൂക്ഷ്മവുമായ പരിസരങ്ങളെ തികഞ്ഞ അവബോധത്തോടെ അദ്ദേഹം നിരീക്ഷിക്കുന്നു. മുറിയിലെ എ.സി. ഓഫാക്കി, ക്യമാറാമാനെ ക്ലിക്കുകളിൽ നിന്ന് വിലക്കി, ശബ്ദബ്രഹ്മത്തെ അദ്ദേഹം വിശുദ്ധി ചക്രത്തിലേക്ക് ആവാഹിച്ചു. തികഞ്ഞ നിരീക്ഷണപാടവത്തോടെ വ്യക്തിയെയും സമഷ്ടിയെയും നോക്കിക്കാണുകയും ഹൃദയാർപ്പണത്തോടെ മാത്രം ആവിഷ്‌കാരം നടത്തുകയും ചെയ്യുന്നു.

 

പൂർണതയുടെ ആനന്ദാതിരേകത്തിനായി ത്രസിക്കുന്ന പ്രതിഭാസാന്നിധ്യമാണ് മോഹൻലാലിന്റേത്. അണുതൊട്ട് വിഭുവരെയുള്ള കാര്യങ്ങളിൽ അദ്ദേഹം പൂർണതയ്ക്കായി യത്‌നിക്കുകയാവണം. എളിമയും ആർദ്രതയും ശോണിമയേകുന്ന സ്‌പേസാണ് ഈ താരം അനുഭവവേദ്യമാക്കുന്നത്.

 

മൂന്ന് : തിലകനും മോഹൻലാലും

 

കൊടുങ്കാറ്റാണ് തിലകൻ. ജാഢ്യത്തിന്റെ അക്കേഷ്യകളെ അത് ദയാരഹിതമായി കടപുഴക്കുന്നു. ഇളം കാറ്റാണ് ലാൽ. അനുരാഗത്തെയും സൗന്ദര്യത്തെയും സംഗീതത്തെയും ആത്മാവിലേക്ക് തൈലധാരയായി അത് നിറയ്ക്കുന്നു. 'ബാലോരേ പപീ ഹരാ' എന്ന് പാടി മോഹൻ ലാൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓഷോയുടെ ഏതൊക്കെയോ വരികളുടെ ദിവ്യസുഗന്ധമാണ് മനസ്സിലേക്ക് ഒഴുകി എത്തിയത്.

 

മോഹൻലാൽ ആർദ്രത ബാക്കിവയ്ക്കുന്നു. തിലകൻ പ്രചണ്ഡതയും. വിപരീത മൂല്യങ്ങൾ പരസ്പരപൂരകങ്ങൾ ആകുന്നത് ഇവിടെയാണ്.

Ad Image