Skip to main content
Ad Image

ദലാല്‍ സ്ട്രീറ്റിലെ മാന്ത്രികന്‍ എന്നാണ് ചന്ദ്രകാന്ത് സമ്പത്തിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. എണ്‍പതുകളില്‍ മികച്ചതും മൂല്യവത്തായതുമായ ഓഹരികള്‍ കണ്ടെത്തി നിക്ഷേപിച്ചതിലൂടെയാണ് അദ്ദേഹം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേടിയ വിജയത്തിന് അടിത്തറ പാകിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപകരിലൊരാളായി എണ്ണപ്പെടുന്ന ഈ വന്ദ്യവയോധികനെ യോഗയും അച്ചടക്കത്തോടെയുള്ള ജീവിതവുമാണ് എണ്‍പത്തിയഞ്ചാമത്തെ വയസിലും ആരോഗ്യവാനായി നിലനിര്‍ത്തുന്നത്. ജീവിതത്തിലെ ഈ അച്ചടക്കം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലും കാണാം.

 

ദശകങ്ങളായുള്ള നിക്ഷേപത്തിലൂടെ ഓഹരി വിപണിയില്‍ നിന്ന് കൊയ്ത വലിയ സമ്പത്ത് നല്‍കിയ അതീവമായ പ്രസാദാത്മകതയല്ല അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. മറിച്ച് ഒരു ക്രാന്തദര്‍ശിയെ പോലെ ചില മുന്നറിയിപ്പുകള്‍ നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. വിപണിയിലേക്ക് ധനം ഒഴുക്കുന്നതിന് വേദിയൊരുക്കുന്ന കേന്ദ്രബാങ്ക് നയങ്ങളും നിയന്ത്രണമില്ലാത്ത ഉപഭോഗവും ഭാവിയില്‍ അപകടം വിതക്കാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

''ലോകത്തിലെ വിപണികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മൂലധനത്തിന്റ വരവിലും പോക്കിലും സര്‍ക്കാരുകള്‍ക്ക് ഒരു നിയന്ത്രണവുമില്ല എന്നതാണ്. ആഗോള വിപണിയില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ ഒഴുകിയെത്തുന്നത് മൂല്യം ലക്ഷ്യമാക്കിയല്ല, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നേട്ടം മാത്രമാണ് ലാക്കാക്കുന്നത്. യുഎസ് സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് 1.3 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായി വര്‍ധിച്ചതോടെ നിക്ഷേപം യുഎസിലേക്ക് തിരിച്ചൊഴുകുകയും പല വിപണികളും തകരുകയും ചെയ്തു. യീല്‍ഡ് 4.5 ശതമാനമായി ഉയരുകയാണെങ്കില്‍ എന്താകും സ്ഥിതി? ഇന്ത്യയെ അത് വന്‍ പ്രതിസന്ധിയിലാക്കും. ആര്‍.ബി.ഐ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരും. അടിസ്ഥാന ഘടകങ്ങളല്ല, മറ്റ് ബാഹ്യശക്തികളാണ് നിര്‍ണായക സ്ഥാനത്ത് വരുന്നതെന്നിരിക്കെ ഒരു സെന്‍ട്രല്‍ ബാങ്കിനും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ നേരിടാനാകില്ല.''- സമ്പത്ത് ചൂണ്ടിക്കാട്ടുന്നു.

 

''ഈ ലോകത്ത് മനുഷ്യന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ വേണ്ടതുണ്ട്, എന്നാല്‍ മനുഷ്യന്റെ അത്യാര്‍ത്തിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടതില്ല'' എന്ന മഹാത്മാഗാന്ധിയുടെ നിരീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് കാപ്പിറ്റലിസത്തിന്റെ വഴിവിട്ട പോക്കിനെ കുറിച്ചുള്ള ചന്ദ്രകാന്ത് സമ്പത്തിന്റെ നിരീക്ഷണങ്ങള്‍.

 

യുഎസ് പോലുള്ള രാജ്യങ്ങളുടെ വികസന മാതൃകയും ആ വഴിയിലേക്ക് നീങ്ങാനുള്ള മറ്റ് രാജ്യങ്ങളുടെ ശ്രമവും ആശാവഹമായ ഭാവിയുടെ സൂചനകളല്ലെന്ന് ചന്ദ്രകാന്ത് സമ്പത്ത് പറയുന്നു. ''ലോക രാജ്യങ്ങള്‍ വിഭവങ്ങളെ കൂടുതലായി ഉപഭോഗം ചെയ്യുകയും എന്നാല്‍ താഴ്ന്ന നിരക്കില്‍ മാത്രം വളരുകയും ചെയ്യുന്നു. എത്ര കാലം നമുക്ക് ഇങ്ങനെ മുന്നോട്ടുപോകാനാകും? കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 200 കോടി ജനങ്ങളാണ് ഭൂമിയിലുണ്ടായിരുന്നത്. ഇന്ന് ലോകജനസംഖ്യ ഏകദേശം 750 കോടിയാണ്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ 950 കോടിയായി വര്‍ധിക്കും. ഇത്രയും ജനങ്ങളുടെ ഉപഭോഗത്തിന് വേണ്ടത് ഈ ഭൂമിയിലുണ്ടോ? ഇന്ന് ഒരു ശരാശരി അമേരിക്കക്കാരന്റെ ആവശ്യമെന്നത് ഒരു കാറും രണ്ട് വീടുമാണ്. ലോകത്തിലെ 750 കോടി ജനങ്ങള്‍ക്കും ഈ ആവശ്യം നിറവേറ്റണമെങ്കില്‍ നമുക്ക് അഞ്ച് ഭൂമിയിലുള്ള വിഭവങ്ങള്‍ വേണ്ടിവരും.''- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

കാപ്പിറ്റലിസത്തെ പറ്റി ചന്ദ്രകാന്ത് സമ്പത്തിന്റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ പോകുന്നു. ''മണി മാനേജര്‍മാരും നിക്ഷേപകരും കോമ്പൗണ്ടിംഗിന്റെ അപാര സാധ്യതകളെ കുറിച്ച് സംസാരിക്കുന്നവരാണ്. എന്നാല്‍ ഈ സങ്കല്‍പ്പത്തില്‍ ഉറച്ചുനിന്ന് ഭാവിസാധ്യതകളെ കണക്കുകൂട്ടുന്നത് അപകടകരമാണ്. 8-9 ശതമാനം കോമ്പൗണ്ടിംഗ് നിരക്കിലുള്ള വളര്‍ച്ച വര്‍ഷങ്ങള്‍ക്കു ശേഷം വന്‍നേട്ടം നല്‍കുമെന്ന് തീര്‍ച്ച തന്നെ. പക്ഷേ അത്തരം വളര്‍ച്ചാനിരക്കിനെ നിലനിര്‍ത്താന്‍ പര്യാപ്തമായ വിഭവങ്ങള്‍ ഈ ഭൂമിയിലുണ്ടോ? പണപ്പെരുപ്പം ഏത് നിലയിലേക്കായിരിക്കും കാര്യങ്ങളെ എത്തിക്കുക?

 

കഴിഞ്ഞ 50 വര്‍ഷത്തെ പണപ്പെരുപ്പം കണക്കിലെടുത്താല്‍ സാധനങ്ങളുടെ വില നൂറിരട്ടിയായിട്ടുണ്ടെന്നു കാണാം. അന്ത്യമില്ലാത്ത വിധം കറന്‍സി അടിച്ചിറക്കുന്നതു മൂലമുണ്ടാകുന്ന ഈ പണപ്പെരുപ്പം നമുക്ക് താങ്ങാനാകുന്നതല്ല. അത് നിയന്ത്രിച്ചില്ലെങ്കില്‍ അമിതമായ പണപ്പെരുപ്പം കാപ്പിറ്റലിസത്തിന്റെ തകര്‍ച്ചയിലേക്ക് ആയിരിക്കും നയിക്കുക.''

Ad Image