പ്രത്യക്ഷത്തിൽ സൗകര്യമെന്ന് പ്രാഥമികമായി തോന്നുന്നതിനെ പുരോഗമനമെന്ന് കാണുകയും അതിനെ രണ്ടാമതൊന്ന് ചിന്തിക്കാതെ ആലിംഗനാവേശത്തോടെ ഏറ്റുവാങ്ങുകയും ചെയ്യുന്ന സ്വഭാവം പൊതുവെ ഭൂരിഭാഗം പേർക്കും ഉണ്ടെങ്കിലും അത് കൂടുതൽ പ്രകടം മലയാളിയിലാണ്. അതു മനസ്സിലാക്കി കമ്പോളം അതിന്റെ തന്ത്രങ്ങൾ എക്കാലവും മെനയാറുണ്ട്. പലപ്പോഴും കമ്പോളം കേരളത്തിൽ ആക്ടിവിസ്റ്റുകളേയും ബുദ്ധിജീവികളേയും മനുഷ്യാവകാശ പ്രവർത്തകരേയും സന്നദ്ധസംഘടനകളെയുമൊക്കെയാണ് അതിനായി ബുദ്ധിപൂർവ്വം ഉപയോഗിക്കുക. പലപ്പോഴും അവരറിയാതെ. അത്തരത്തിലുള്ള ഒന്നാണ് സാനിട്ടറി നാപ്കിൻ വിപണി.
ഇന്നിപ്പോൾ സ്കൂളുകളിൽ വരെ സാനിട്ടറി നാപ്കിനുകൾ ലഭ്യമാകുന്ന വെൻഡിംഗ് മെഷീനുകൾ സ്ഥാപിതമാണ്. പ്രത്യക്ഷത്തിൽ ഇത് വളരെ സൗകര്യപ്രദമാണ്. എന്നാൽ ഈ സൗകര്യം അതിവിദൂരമല്ലാത്ത ഭാവിയിൽ ഫാർമസ്യൂട്ടിക്കൽ-ആശുപത്രി വ്യവസായത്തിന് വൻ വികസിത വിപണിയെയാണ് സംഭാവന ചെയ്യുന്നത്. യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ തുടങ്ങി സെർവിക്കൽ ക്യാൻസർ വരെയുള്ള രോഗവിപണി. രഹസ്യത്തെ പരസ്യത്തിലൂടെ വീണ്ടും രഹസ്യമാക്കി നിലനിർത്തിക്കൊണ്ടാണ് ഈ വിപണി വികസിതമായത്. ഇന്നിപ്പോൾ മെൻസ്റ്റ്റൂേഷൻ ഷെയിമിംഗ് ഇല്ലാതാക്കൽ സന്നദ്ധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുഖ്യ പ്രവർത്തനങ്ങളിലൊന്നാണ്.
കേരളത്തിൽ തെല്ലും രഹസ്യമല്ലാതിരുന്ന പ്രതിഭാസമാണ് ആർത്തവ കാലം. കാരണം ആ സമയത്ത് സ്ത്രീകൾ പൊതുവേ ഗാർഹിക ജോലികളിൽ നിന്നു വിരമിച്ച് വിശ്രമിക്കുക പതിവായിരുന്നു. അത് വീടും സമൂഹവും അംഗീകരിച്ചു കൊടുത്തിരുന്നതുമാണ്. എന്നാൽ 'ആ ദിവസങ്ങളും' സാധാരണ ദിവസങ്ങൾ പോലെയാണ് എന്ന പരസ്യവുമായാണ് സാനിട്ടറി നാപ്കിനുകൾ രംഗപ്രവേശം ചെയ്തത്. സാമൂഹ്യമാറ്റത്തിന്റെ ഭാഗമായി സ്ത്രീകൾ ജോലിക്കു പോകാൻ തുടങ്ങിയപ്പോൾ ആർത്തവ ദിവസങ്ങൾ അവർക്ക് അസൗകര്യ ദിവസങ്ങളായി. അതുപോലെ വിദ്യാർഥിനികളുടെയും. ആ അസൗകര്യത്തെ സൗകര്യമാക്കിക്കൊണ്ടാണ് ആ വിപണി വളർന്നത്.
ഇപ്പോൾ ഗൈനക്കോളജിസ്റ്റുകളുടെയടുത്ത് എത്തപ്പെടുന്ന രോഗികളിൽ ഭീമമായ ശതമാനത്തിനും യൂറിനറി ഇൻഫെക്ഷനും പലർക്കും സർവിക്കൽ ക്യാൻസറുമൊക്കെയാണ്. ഇതിന്റെ പ്രധാന കാരണം അപകടകാരികളായ സാനിട്ടറി നാപ്കിനുകളാണെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. സ്ത്രീകൾക്ക് ഈ ദിവസങ്ങളിൽ, വിശേഷിച്ചും പുറത്തിറങ്ങുന്നവർക്ക്, സൗകര്യപ്രദമായ വിധമുള്ള നാപ്കിനുകൾ ആവശ്യമാണ്. അവ പക്ഷേ ആരോഗ്യത്തിന് ഹാനികരമാകരുത്. അവിവാഹിതകളായ യുവതികളിൽ പലവിധ യൂറിനറി ട്രാക്ക്, ഗർഭാശയ രോഗങ്ങൾ ഇന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. വ്യാപകമായി മാറിയ ഗർഭാശയ മുഴകളുൾപ്പടെ. എന്നാൽ അവയുടെ കാരണം ഈ സാനിട്ടറി നാപ്കിനുകളാണെന്ന് തീർത്തു പറയാൻ ഡോക്ടർമാർ തയ്യാറാവുന്നില്ല. അതു പഠനവിധേയമാക്കേണ്ടതാണെന്ന് അവർ അഭിപ്രായപ്പെടുന്നു.
ഇന്നിപ്പോൾ വിപണിയിലുള്ള സാനിട്ടറി നാപ്കിനുകളിൽ ഏറ്റവും അപകടകാരി വിസ്പർ ബ്രാൻഡിന്റേതാണെന്ന് കൊച്ചിയിലെ ഒരു പ്രമുഖ ഗൈനക്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. ചില പെൺകുട്ടികളിൽ നിന്ന് ജീവനുള്ള പുഴുക്കളെ പോലും നീക്കം ചെയ്യേണ്ടിവരുന്നത് പതിവായിരിക്കുന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു. അത്തരം രോഗവുമായി വരുന്നവരിൽ മിക്കവരും വിസ്പർ സ്ഥിരമായി ഉപയോഗിക്കുന്നവരാണെന്നും അവർ പറയുന്നു. വിസ്പർ വ്യാപകമായി ഉപയോഗിക്കാൻ കാരണം രാവിലെ ഒരു പാഡുപയോഗിച്ചാൽ അത് വൈകുന്നേരം വീട്ടിലെത്തുന്നതുവരെ മാറ്റണമെന്നില്ല എന്നതാണ്. മറ്റുള്ളവ ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടി വരുന്നു. ഇതാണ് ഏറ്റവും വലിയ അപകടം. ഇതാണ് യൂറിനറി ട്രാക്ക് ഇൻഫെക്ഷനും യോനീനാളത്തിൽ പുഴുക്കളും മറ്റും കാണപ്പെടാൻ കാരണമാകുന്നത്. അങ്ങിനെയുള്ളവരെ കർശനമായിത്തന്നെ വിസ്പർ ബ്രാൻഡ് സാനിട്ടറി നാപ്കിനുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയാണ് ചെയ്യുന്നത്.
രാവിലെ മുതൽ വൈകുന്നേരം വരെ രക്തവും മാലിന്യവും നിറഞ്ഞിരുന്നാൽ അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നം സാമാന്യബുദ്ധികൊണ്ട് ആലോചിച്ചാൽ മനസ്സിലാകുന്നതേയുള്ളുവെന്നല്ലേയെന്നും ഡോക്ടർ ചോദിക്കുന്നു. ഇതിന്ന് വൻ വിപണിയായതിനാൽ ബന്ധപ്പെട്ടവർക്ക് ഇക്കാര്യങ്ങളിൽ ബോധ്യമുണ്ടെങ്കിലും നടപടികളുമായി മുന്നോട്ടു വരുന്നില്ല. ഡോക്ടർമാരിൽ ചിലർ തന്നെ ഈ ആശങ്ക പല വേദികളിലും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം നിരുത്സാഹപ്പെടുത്തുകയായിരുന്നു. അത്തരത്തിലൊരു സന്ദേശം പകർന്നാൽ ഇപ്പോൾ അവബോധത്തിലേക്കെത്തുന്ന സാനിട്ടറി നാപ്കിൻ ഉപയോഗത്തെ വിപരീതമായി ബാധിക്കുമെന്ന ന്യായമുയർത്തിയാണ് അത്തരം ശ്രമങ്ങളെ ഇല്ലാതാക്കുന്നത്.
അനാരോഗ്യകരമായ നാപ്കിനുകളെ ശാസ്ത്രീയ പരീക്ഷണങ്ങൾക്കു ശേഷം നിരോധിക്കേണ്ടതും അതിനു വ്യക്തമായ മാനദണ്ഡം നിശ്ചയിക്കേണ്ടതും സർക്കാർ ഏജൻസികളാണ്. അത്തരത്തിലൊരു ശ്രമവും ഇതുവരെ സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാകാത്തതാണ് ഇത്തരം വൻ കമ്പനികൾ സൗകര്യം എന്ന ഘടകത്തെ മുൻനിർത്തി ആരോഗ്യപ്രശ്നമുണ്ടാക്കുന്ന നാപ്കിനുകൾ വ്യാപകമാക്കുന്നത്. ആർത്തവാനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് സാനിട്ടറി നാപ്കിനുകൾ ഉപയോഗിക്കുന്നതെന്ന പ്രചരണവും ഇവയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുളള അവബോധ സൃഷ്ടിയുടെ ഭാഗമായുണ്ട്. അതും ഇത്തരം കമ്പനികൾക്ക് പ്രചോദനമാകുന്നുണ്ട്. അതാണ് ആരോഗ്യത്തേക്കാൾ സൗകര്യത്തിനു മുൻതൂക്കം നൽകിക്കൊണ്ടുള്ള നാപ്കിനുകൾ വിപണിയിൽ ആധിപത്യം നേടാൻ കാരണമായതും.
ആർത്തവകാലത്ത് വീടുവിട്ടിറങ്ങുന്നവർക്ക് അസൗകര്യമുണ്ടാകാത്തതും ആരോഗ്യത്തിന് ഹാനികരവുമല്ലാത്ത വിധമുള്ള നാപ്കിനുകൾ ലഭ്യമാക്കുക എന്നതാണ് ഇതിനുളള പ്രയോഗിക പരിഹാരം. അതിന് ഇവയുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും സൂക്ഷ്മ പഠനത്തിന് വിധേയമാക്കുകയും വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയുമാണ് വേണ്ടത്. വ്യക്തി ശുചിത്വത്തിന്റെ പേരിൽ പുകൾപെറ്റ കേരളത്തിൽ ഇവ്വിധം പെൺകുട്ടികളിലും സ്ത്രീകളിലും രോഗങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ തന്നെ സന്നദ്ധമാകേണ്ടതാണ്. വിശേഷിച്ചും ഗൈനക്കോളജിസ്റ്റുകൾക്ക് രോഗകാരണങ്ങൾ ബോധ്യമായി തുടങ്ങിയ പശ്ചാത്തലത്തിൽ.
പലരും രോഗം മൂടിവയ്ക്കുന്നതിനാലാണ് പുറത്തറിയപ്പെടാതെ പോകുന്നതെന്നും ഡോക്ടർമാർ പറയുന്നു. അതും ഈ നാപ്കിൻ വിപണിയുടെ തന്ത്രത്തിന്റെ വിജയമാണെന്ന് ചില ഡോക്ടർമാർ പറയുന്നു. രഹസ്യത്തെ കൂടുതൽ രഹസ്യമായി നിലനിർത്തിക്കൊണ്ടാണ് അവർ രഹസ്യത്തെ പരസ്യമാക്കുന്നത്. ആർത്തവുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവം പൂർണ്ണമായും നഷ്ടപ്പെട്ടാൽ സാംസ്കാരികമായി ഒരു പൊതുസ്വഭാവ സൃഷ്ടിയിലേക്കു മാറും. അപ്പോൾ അവ്വിധ കാര്യങ്ങൾ പരസ്യമായി പറയുന്നതിനോ അതിന് ചികിത്സ തേടുന്നതിനോ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ ആർത്തവത്തെ പരസ്യമാക്കാനുളള എല്ലാ ശ്രമങ്ങളോടുമൊപ്പം അവയുമായി ബന്ധപ്പെട്ട് രഹസ്യം ഗുപ്തമായി നിലനിർത്താനും ശ്രമം നടക്കുന്നുണ്ട്. അവബോധ സൃഷ്ടിയിലെ ഊന്നൽ തന്നെ അതാണ് സൂചിപ്പിക്കുന്നത്. ഏറ്റവും ഉത്തമമായ ഉദാഹരണം വിസ്പർ ബ്രാൻഡ് തന്നെയാണ്. വിസ്പർ എന്നാൽ തന്നെ രഹസ്യം എന്നാണ്. പരസ്യമായി പറയുന്നത് രഹസ്യത്തെക്കുറിച്ചാണ്. ആർത്തവത്തെ കുറിച്ച് മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അവയുമായി ബന്ധപ്പെട്ടു കിടക്കുന്ന രഹസ്യം മറ്റൊരു വിധത്തിൽ ശക്തി പ്രാപിക്കുന്നുണ്ട്.
സ്ത്രീകളുടെ ആരോഗ്യം നശിക്കുന്ന വീടും സമൂഹവും നശിക്കാൻ അധികം സമയത്തിന്റെ ആവശ്യമില്ല. ഇന്ന് പുറത്തു പോകുന്ന സ്ത്രീകൾക്ക് ആർത്തവ സമയത്ത് അസൗകര്യമില്ലാതെ അവയെ കൈകാര്യം ചെയ്യാനുള്ള സൗകര്യം ആവശ്യമാണ്. അനാരോഗ്യകരമല്ലാത്ത നാപ്കിനുകൾ എങ്ങനെ ലഭ്യമാക്കാം എന്നതിനെ ഒരു സാമൂഹ്യ വിഷയമായി രാഷ്ട്രീയ പാർട്ടികൾ കാണേണ്ടതാണ്. രാഷ്ട്രീയ പാർട്ടികൾ ഈ വിഷയങ്ങൾ ആക്ടിവിസ്റ്റുകൾക്കും മാധ്യമങ്ങളുടേതുമാണെന്ന ധാരണയിൽ, കേൾക്കുന്നതും കാണുന്നതുമായ ലക്ഷണം കാണിക്കുന്നില്ല. അതു തന്നെയാണ് ഇതിലെ പരസ്യത്തിനൊപ്പം രഹസ്യം സൂക്ഷിക്കുന്നതിലെ രഹസ്യം. ഈ വിഷയത്തെ രാഷ്ട്രീയമായി കാണാതിരിക്കാൻ പ്രേരിപ്പിക്കുക. ഇപ്പോഴും രാഷ്ട്രീയ പാർട്ടികൾക്ക് ആർത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും മറ്റും നാണം അവശേഷിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ നാണമാണ് നാപ്കിൻ കമ്പനികളുടെ അവസരം. മുഖ്യധാരാ മാധ്യമങ്ങൾ തങ്ങൾക്കെതിരെ തിരിയില്ലെന്നുള്ളതും നാപ്കിൻ കമ്പനികൾക്കറിയാം. കാരണം മാധ്യമങ്ങളുടെ പരസ്യവരുമാനത്തിന്റെ മുഖ്യ സ്രോതസ്സുകളിലൊന്നാണ് സാനിട്ടറി നാപ്കിനുകൾ എന്നതു തന്നെ.