Skip to main content

poem

സമകാലിക സാംസ്‌കാരിക രാഷ്ട്രീയ ഭൂമികയോടു കാലാവര്‍ത്തിയായി പ്രതികരിക്കുമ്പോഴെ ഒരു എഴുത്തുകാരനെ ആധുനികന്‍ എന്ന് വിളിക്കാനാവൂ. അത് ആന്തരികമായ ഒരു മുറവിളിയാകം..തികഞ്ഞ പൊട്ടിത്തെറിയാകാം... പൂവുകളെ പറ്റിയും പരിചിതഗന്ധങ്ങളെപറ്റിയും എല്ലാക്കാലത്തും എഴുതാനായേക്കാം.എന്നാല്‍ തെരുവുകളില്‍ രക്തം നിറയുമ്പോള്‍ ഒരു സര്‍ഗാത്മക സ്രഷ്ടാവ് എന്ത് ചെയ്യണം? ഇന്നും പഴമയുടെ തട്ടകങ്ങളില്‍ ഭ്രമിച്ചിരിക്കുന്ന എഴുത്തുകാരുടെ മനസ്സില്‍ ഒരു ഇടി വാള്‍ പോലെ സമകാലിക പരിസരങ്ങളുടെ ഹൃദയഭേദകമായ പ്രതിധ്വനിയുമായി ഒരു കവി എഴുതുന്നു. തന്റെ ആധാര്‍ നമ്പറില്‍ എഴുതപ്പെട്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ രവിശങ്കര്‍ എന്നകവിയുടെ ഹൃദയഭേദകമായ ആവിഷ്‌കാരമാണ്.

 

കൌണ്ടര്‍ കറന്റ്‌സ്.ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ഈ കവിത പ്രത്യക്ഷതലത്തില്‍ നമ്മുടെ നാടിന്റെ തന്റെ അഭിമാനകരമായ മുഹൂര്‍ത്തത്തെ ഓര്‍മപ്പെടുത്തുന്നു .എത്രയോ വേഗത്തില്‍ കുതിച്ചു പായുന്ന പായും കുതിര, നാളെ ഇന്ത്യയെ മുഴുവന്‍ ബന്ധിപ്പിക്കാന്‍ ഇടയുള്ള ബുള്ളറ്റ് ശ്രിംഖല. കുട്ടി ജപ്പാനാണ് നാം ഇനി . മേരി ഗാടി ജാപാനി ഹേയ് എന്ന മുകേഷിന്റെ പാട്ട് ഈ കവിതയുടെ പശ്ചാത്തലത്തില്‍ ഉണ്ട്. ഇന്ത്യയില്‍ ആയതു കൊണ്ടാകാം തുടക്കത്തില്‍ മെല്ലെയാണ് ട്രെയിന്‍ വേഗതയാര്‍ജിക്കുന്നത്. സൂത്രധാരനും നടനും എല്ലാം ജീവിതാതിശയ ഭാവത്തില്‍ അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നു.

 

വേഗതയാണ് ഈ കവിതയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതീകം .ആധുനിക ലോകത്തിന്റെ വിഭ്രമാത്മകമായ പ്രതീകമാണ് ബുള്ളറ്റ് ട്രെയിന്‍ .പുരാണങ്ങളിലെ മോഹനാസ്ത്രങ്ങളുമായാണ് അതിന്റെ സാമ്യം.ദൂരം സാമീപ്യമാക്കുന്ന അസുലഭകലയാണത്. മാസ്മരികമായ അനുഭവം.വികാരങ്ങളില്ലാത്ത ഒരു യന്ത്രമാണത്. ഇവിടെ കവിത ഗതിവേഗം ആര്‍ജിക്കുന്നു.അതേ വേഗത്തില്‍ കുതിക്കുന്ന മറ്റൊരു ബുള്ളറ്റിന്റെ യാത്രാപഥങ്ങള്‍ സമകാലികഇന്ത്യയിലേക്കുള്ള യാത്രയാണ്.

 

'There is another Bullet Train.
A 7.65 Calibre Make in India model
that passes through stations with
strange names like Kalburgi South
Pansare West and Dhabolkar Cetnral
Its destination set in Bangalore
where it rockets through a pulsating heart'

 

കല്‍ബുര്‍ഗി സൌത്തും പന്‍സാരെ വെസ്റ്റും ധബോല്‍ക്കര്‍ സെന്‍ട്രലും കൂടി ബംഗളുരുവിലേക്കു കുതിക്കുന്ന കൂകിപ്പായും വണ്ടി. ഇന്ത്യയുടെ ഹൃദയഭൂവിലെ ഈ രക്തസാക്ഷികളുടെ ജീവിതങ്ങളെ തൊട്ടു സഞ്ചരിക്കുന്ന ആ ബുള്ളറ്റ് പതിക്കേണ്ടിടത്തു തന്നെ പതിക്കുന്നു.രോമകൂപങ്ങള്‍ കടന്നു,രക്തക്കുഴലുകള്‍ ഭേദിച്ചു യാത്ര ചെയ്യുന്ന ആ ബുള്ളറ്റ് നട്ടെല്ലില്‍ തറക്കുന്നു. ഒരു മഹാ ദുരന്തത്തിന്റെ വാതില്‍പടിയിലാണ് മെല്ലെ മെല്ലെ ആ ബുള്ളറ്റു പതിക്കുന്നത്.
   

ചുരുങ്ങിയ വരികളില്‍ വര്‍ത്തമാനകാലത്തിന്റെ വ്യഥകളെ രവിശങ്കര്‍ എന്നാ 'രാ ഷ' ഈ കവിതയില്‍ ആവിഷ്‌ക്കരിക്കുന്നു.നമ്മുടെയെല്ലാം മനസ്സിലേക്കും ആ വരികള്‍ തുളച്ചു കയറും. ഇതല്ലേ ഇന്നത്തെ കവിത?

 

 

ഇന്ത്യാ ടുഡേ മലയാളം വാരികയുടെ മുന്‍ എഡിറ്റര്‍ ആണ് പി.എസ് ജോസഫ്


 

 

 

 

Ad Image