Skip to main content
Ad Image
NEW DELHI

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും സംസ്ഥാന നേതാക്കളും പങ്കെടുക്കും.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നത് അടക്കമുള്ള സംഘടനാ വിഷയങ്ങള്‍ ചര്‍ച്ചയാകും. അവ പരിശോധിച്ച് അധ്യക്ഷ സോണിയ ഗാന്ധി ചില നിര്‍ണായക നീക്കങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടായേക്കും. പാര്‍ട്ടി അംഗത്വ വിതരണം, മഹാത്മാഗാന്ധിയുടെ 150ആം ജന്മദിനാഘോഷ പരിപാടികള്‍ നിശ്ചയിക്കല്‍ എന്നിവയും ചര്‍ച്ച ചെയ്യും.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സംഘടനാകാര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ആദ്യ യോഗമാണ് ഇന്നത്തേത്. യോഗത്തിനെത്തുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് അടക്കമുള്ളവരുമായി സോണിയ ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാജസ്ഥാന്‍ പി.സി.സിയിലെ നേതൃതര്‍ക്കം, ഉപതെരഞ്ഞെടുപ്പുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങിയവ ചര്‍ച്ചയില്‍ ഉയര്‍ന്നുവരും.

Ad Image