Skip to main content

religiousfaith-mental-health

'ജാതക ദോഷമാണ് വിവാഹം മുടങ്ങിയതിനു കാരണം. ശനിദശയാണ്, വഴിപാട് നടത്താതെ പോയതിന്റെ ശാപമാണ്. പള്ളിയിലെ നേര്‍ച്ച മുടങ്ങിയില്ലേ അത് തന്നെ,' എന്നിങ്ങനെയുള്ള വിശ്വാസങ്ങളും ഭയഭീത ചിന്തകളും ഇപ്പോഴും നമുക്ക് ചുറ്റുമുള്ള വളയങ്ങളാണ്. മനുഷ്യനും സമൂഹവുമുള്ളിടത്തോളം കാലം ഇത്തരം വിശ്വാസങ്ങളും നിലനില്‍ക്കും എന്ന് തന്നെ പറയാം. മതവിശ്വാസങ്ങള്‍ക്ക് മനസികാരോഗ്യത്തില്‍ പലരീതിയിലും സ്വാധീനമുണ്ട്. മാനസിക രോഗങ്ങള്‍ക്കും പലപ്പോഴും  ഇത്തരം വിശ്വാസങ്ങള്‍ കാരണക്കാരാകുന്നുണ്ട്.

 

റിട്ടയര്‍മെന്റ് കഴിഞ്ഞ്, തിരക്കിട്ട ജീവിതത്തിനോട് വിടപറഞ്ഞിരിക്കുന്ന, അറുപതുകളില്‍ പ്രായംചെന്ന അയാള്‍, തികഞ്ഞ ഈശ്വരവിശ്വാസത്തോടൊപ്പം തന്നെ എന്ത് തീരുമാനം എടുക്കുന്നതിലും ജോത്സ്യനെ കാണാനും മറക്കില്ലായിരുന്നു. ശിഷ്ടകാലത്തേക്ക് ഒരു മുഴം മുന്‍പേ എത്തി നോക്കാനുള്ള ആവേശത്തില്‍ അയാള്‍ പതിവ് പോലെ ജോത്സ്യന്റെ അടുത്തെത്തി. കവടികള്‍ ഓരോന്നായി നിരന്നു വീണു .. ശനിയും ചൊവ്വയും ശുക്രനുമെല്ലാം യഥാസ്ഥാനങ്ങള്‍ പിടിച്ചിരിക്കുന്നു. ആവര്‍ത്തിച്ച് പലകയിലേക്ക് നോക്കിക്കൊണ്ടിരുന്ന ജ്യോത്സ്യന്‍ ഒടുവില്‍ പറഞ്ഞു നിങ്ങള്‍ക്ക് ഈ വൃശ്ചികം വരയേ ആയുസ്സ് കാണുന്നുള്ളൂ. കാലം അത്രമോശമായാണ് കാണുന്നത്, പലവിധേനയും നോക്കി ഒരു മാര്‍ഗവുമില്ല. ജ്യോതിഷം സത്യം തന്നെ ആണെന്നറിയാലോ!! ഇനിയുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം പച്ചക്ക് നിന്ന് കത്തിയമര്‍ന്നു. അതേ നിമിഷത്തില്‍ തന്നെ. ഇനിയെന്ത് പ്രതിവിധി എന്ന ചോദ്യം സ്വീകരിക്കാതെ ജോത്സ്യനും കൈമലര്‍ത്തി ( മലര്‍ത്തിയ കൈ മടക്കിയത് ദക്ഷിണ സ്വീകരിച്ചതിന് ശേഷവും ) നെഞ്ചിടിപ്പിന്റെ കാഹളം ഉച്ചത്തിലായി ശ്വാസം കിട്ടുന്നില്ല ... തലകറങ്ങുന്നു ..... കണ്ണുകള്‍ മങ്ങുന്നു 'ആശ്വാസവാക്കുകള്‍ ചുറ്റുമുണ്ടെകിലും ജ്യോത്സ്യന്‍ പറഞ്ഞത് അച്ചിട്ടതാണ്. ഇതുവരെ തെറ്റിയിട്ടുമില്ല.' ചിന്തകള്‍ ഇത്തിള്‍കണ്ണി പോലെ പടര്‍ന്നു ഉറക്കത്തെ, സമാധാനത്തെ, സന്തോഷത്തെ, വിശപ്പിനേയും കാര്‍ന്നുതിന്നു. ഒടുവില്‍ ശാരീരിക-മാനസിക ആരോഗ്യത്തേയും. തുലാം അവസാനിക്കാറായി വൃശ്ചികത്തോടടുക്കുമ്പോള്‍ കാലന്റെ വിളി അടുത്തു വരുന്നതായി അയാള്‍ക്ക് തോന്നി, പിന്നീട് സംഭവിക്കുന്നതെല്ലാം അന്ത്യദിനത്തിന്റെ സൂചനകളും. ഒടുവില്‍ അയാളെയും താങ്ങി സഹധര്‍മ്മിണി മനോരോഗവിദഗ്ധന്റെ അടുത്തെത്തി, വിധിയെഴുതി...ANXIETY DISORDER . 'ഡോക്ടറെ, മരുന്ന് കഴിച്ചിട്ടെന്തുകാര്യം ? ഇന്ന് വൃശ്ചികം ഒന്നാണ്. ഈ മാസം കൂടിയേ എനിക്കൊള്ളു'. അയാളുടെ നെഞ്ചിടിപ്പും ശ്വാസതടസവും കൂടിക്കൊണ്ടേയിരുന്നു. തുടര്‍ന്ന് സൈക്കോളജിസ്റ്റിനെയും കാണാന്‍ നിര്‍ദേശം കിട്ടി. ആറ് മാസത്തെ തുടര്‍ച്ചയായ മരുന്നും സൈക്കോതെറാപ്പിയിലൂടെയും വൃശ്ചികവും ധനുവും കഴിഞ്ഞിതാ അയാള്‍ നമുക്ക് മുന്നില്‍ സുസ്‌മേര വദനനായി നില്‍ക്കുന്നു.

 

മുകളില്‍പ്പറഞ്ഞ കഥയിലെ നായകന്റെ ആറ് മാസത്തെ സന്തോഷം നഷ്ടപ്പെടുത്തിയ, ഉത്കണ്ഠരോഗത്തിന് ചികിത്സതേടേണ്ടി വന്ന ആ അന്ധവിശ്വാസത്തിനോട് അതിനു കരണക്കാരായക്കവരോട് എന്താണ് നമുക്ക് പറയാനുള്ളത്? നമ്മുടെ ജീവിത പുസ്തകത്തിന്റെ ഫോട്ടോക്കോപ്പി ദൈവം അത്തരം ജ്യോതിഷികള്‍ക്ക് നല്കിയിട്ടുണ്ടെന്നോ ?

 

ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ആവശ്യത്തിലേറെ തെളിവുകള്‍ നമുക്ക് കണ്മുന്നിലുണ്ടെങ്കിലും കണ്ണടച്ചിരുട്ടാക്കുകയാണ് നമുക്കുള്ളിലെ ദൈവഭയം. യാഥാര്‍ത്ഥത്തില്‍ എന്താണ് ഈ ദൈവഭയം ?!! ദൈവം ശിക്ഷിക്കും എന്നതുകൊണ്ട് തെറ്റ് ചെയ്യാതിരിക്കലോ? അതോ മരണാനന്തര ജീവിതം സുഗമമാക്കാനുള്ള വെപ്രാളമോ !! ദൈവത്തെ ഭയക്കണം എന്ന് പറയുന്നവരോട് ഒന്ന് ചോദിക്കട്ടെ.... ദൈവത്തെ എപ്പോഴെങ്കിലും നിങ്ങള്‍ സ്‌നേഹിച്ചിട്ടുണ്ടോ ?

 

ക്ലാസ്സില്‍ വഴക്ക് ഉണ്ടാക്കിയതിന് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ഇസ്ലാം മതവിശ്വാസിയായ, ബാലനെയും കൊണ്ട് ഒരിക്കല്‍ ടീച്ചര്‍ എന്റടുത്തു വന്നു. കാര്യം അന്വേഷിച്ചപ്പോള്‍ അവന്‍ അത്യധികം രോഷത്തോടെ പറഞ്ഞു 'ടീച്ചര്‍, എന്റെ കൂട്ടുകാരന്‍ എന്നെ 'പുലിമുരുകന്‍' കളിക്കാന്‍ നിര്‍ബന്ധിച്ചു. ഞങ്ങളുടെ ആള്‍ക്കാര്‍ അത് കളിക്കാന്‍ പാടില്ല. അള്ളാഹു ശിക്ഷിക്കും. അത് ഹിന്ദുക്കളുടെ കളിയാണ്, ഉസതാദ് പറഞ്ഞിട്ടുണ്ട് കളിക്കാന്‍ പാടില്ലാന്ന്. പിന്നേം അവന്‍ നിര്‍ബന്ധിച്ചു അതിനാണ് ഞാന്‍ വഴക്കുണ്ടാക്കിയത്'. ഈ കുരുന്നുകളുടെ മനസ്സില്‍ ഇത്രയധികം മതവിചാരം പാകിയതാരാണ് ? സത്യത്തില്‍ അവര്‍ നേടിയത് എന്താണ് ? ഇവരുടെ സൗഹാര്‍ദം, കളികള്‍ ഇല്ലാതാക്കിയതോ? എന്തിനാണ് ഈ കുരുന്നുകളുടെ ഉള്ളില്‍ ഭയം നിറയ്ക്കുന്നത്? ദൈവത്തെ ഭയക്കുക എന്നതിന് പകരം ദൈവത്തെ സ്‌നേഹിക്കുക എന്ന് എന്തുകൊണ്ട് പഠിപ്പിക്കാന്‍ സാധിക്കുന്നില്ല? സ്‌നേഹിക്കുന്നവന്റെ മനസ്സ് വേദനിപ്പിക്കാതിരിക്കാന്‍ തെറ്റ് ചെയ്യരുത് എന്ന് എന്തുകൊണ്ട് പറയുന്നില്ല?

 

 

മുത്തശ്ശി പറഞ്ഞുകൊടുക്കുന്ന പ്രേതകഥകളും, ഗുളികനും രക്തദാഹം തീരാത്ത ആത്മാക്കളുമെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിച്ച് ആത്മധൈര്യം നഷ്ടപ്പെട്ട് ഉത്കണ്ഠരോഗത്തിന് അടിമപ്പെട്ട മുപ്പത്തിയാറ് കാരനോട് ഈ ജാതിമത വിശ്വാസങ്ങളക്ക് പറയാനെന്താണുള്ളത് ? ഇരുട്ടിനോടുള്ള പേടി (darkness phobia). ആള്‍ക്കൂട്ടത്തിനോടുള്ള ഭയം (social phobia). മിഥ്യാനുഭവങ്ങള്‍ (hallucinations).  ദുര്‍ബലമായ ആത്മധൈര്യം ഇതെല്ലാം അയാള്‍ക്ക് നല്‍കിയ സമ്മാനങ്ങളും .

 

കുടുംബജീവിതം ഉത്തമമാക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം ഒരു പാസ്റ്ററുടെ അടുക്കല്‍ മനസ്സില്ലാമനസ്സോടെ പോയി ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയാകുകയും തുടര്‍ന്ന് മാനസിക രോഗിയുമായിത്തീര്‍ന്ന ചെറുപ്പക്കാരിയുടെ ജീവിതവും ഒട്ടും വേറിട്ട കാഴ്ചയല്ല. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴി മാസമുറ ഉണ്ടായ യുവതിക്ക് ലഭിച്ചതോ... മരണഭയവും കുറ്റബോധവും. അന്ധമായ വിശ്വാസങ്ങള്‍ക്ക് സ്വന്തം അവസ്ഥയെ ന്യായീകരിക്കാന്‍ സാധിച്ചില്ല. അവസാനം അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നതോ anxiety drugs  ലും കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയിലും.

 

മതവും വിശ്വാസവും തെറ്റാണോ ശരിയാണോ എന്നുള്ള വാദത്തിനപ്പുറം, അവയുടെ ഉപയോഗം പലപ്പോഴും ശരിയാണോ എന്ന് മാത്രമാണ് ഇവിടെ വിലയിരുത്താന്‍ ആഗ്രഹിക്കുന്നത്. അനാവശ്യമാകുന്ന മതവിശ്വാസത്തിനും തെളിവുകള്‍ അനവധിയാണ്. വര്‍ധിച്ച് വരുന്ന OCD (obsessive compulsive disorder) കളില്‍ പലതും ഉടലെടുക്കുന്നത് ഇത്തരം വേരുകളില്‍ നിന്നാണെന്ന് പറയാം. ' കൗമാരത്തിന്റെ തീക്ഷ്‌ണതയില്‍ എപ്പോഴോ സംഭവിച്ച സ്വയംഭോഗസുഖം സ്വന്തം മതവിശ്വാസങ്ങള്‍ക്ക് തെറ്റാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി മതഗ്രന്ഥത്തില്‍ കൈവച്ച് ഇനി ഈ സുഖം അനുഭവിക്കില്ല എന്ന് സത്യം ചെയ്തതും, അവള്‍ വളര്‍ന്നു സ്ത്രീയായി വിവാഹിതയായി പ്രസവ ശേഷം എന്നോ ഒരിക്കല്‍ Youtube ല്‍ കേട്ട മതപ്രഭാഷകന്റെ വാക്കുകളില്‍ ദൈവ ശിക്ഷയെക്കുറിച്ചറിഞ്ഞതും പിന്നീട് കുറ്റബോധം വളര്‍ന്ന് ദാമ്പത്യത്തില്‍ ബാധിച്ചതും OCD ആയി പരിണമിച്ചതിലെല്ലാം മതത്തിനോടുള്ള അന്ധമായ വിശ്വാസങ്ങള്‍ക്ക് ഒട്ടും ബാധ്യതയില്ല എന്നെങ്ങിനെ പറയും?

 

പതിനാറുകാരന്‍ വിദ്യാര്‍ത്ഥിക്ക് OCD വന്നത് 'നായ' എന്ന മൃഗത്തെക്കുറിച്ച് മതത്തില്‍ പ്രതിപാദിക്കുന്ന ചിന്തകളാണ്. നായ പോയ ഇടം പല ആവര്‍ത്തി കഴുകിയില്ലെങ്കില്‍ ശുചിയാകില്ല എന്ന വസ്തുത ആവര്‍ത്തിച്ചു പഠിക്കുകയും അതില്ലാത്ത അവസ്ഥ ദുഃസ്സഹനീയമാണെന്നും അവന്റെ മനസ്സില്‍ ഉറച്ചു. ആ മൃഗം ഒരു സാധാരണ ജീവിയായതിനാല്‍ തന്നെ ഓരോ തവണ അതിനെ കാണുമ്പോഴും വൃത്തിഹീനമായ ഒന്ന് അവന്റെയുള്ളില്‍ പതഞ്ഞു പൊങ്ങി. എന്തിനേറെ.. 'നായ ' പോയ വഴിയേ പോകാതെ മണിക്കൂറുകളോളം വഴിവക്കില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നിട്ടുണ്ട്, മണിക്കൂറുകളോളം സമയമെടുത്തു കുളിക്കേണ്ടി വന്നിട്ടുണ്ട്.

 

ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച ഒരു കുട്ടി, ബുദ്ധിമാന്ദ്യവും അവ്യക്തമായ സംസാര ശൈലിയിലും അവനോടൊപ്പം ജന്മം മുതല്‍ക്കുണ്ട്. ഒരിക്കല്‍ ആവേശത്തോടെ അവന്‍ ഒരു ഭക്തിഗാനം പാടാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ രക്ഷകര്‍ത്താവ് ശാസിച്ചുകൊണ്ട് അവനെ വിലക്കി,'ആ പാട്ട് പാടരുത്, അത് ഹിന്ദുക്കളുടെ ദൈവത്തിന്റെ പാട്ടാണ്, പകരം നീ പാടേണ്ടത് ക്രിസ്തീയ ഗാനമാണ്', പുനരധിവാസകേന്ദ്രത്തില്‍ ചേര്‍ത്ത അവന്റെ എന്ത് കഴിവാണ് സ്വന്തം രക്ഷകര്‍ത്താവ് വളര്‍ത്തിക്കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നത് എന്ന്  ആശ്ചര്യപ്പെട്ട് പോയി.

 

ജാതിമത വിശ്വാസങ്ങള്‍ പലപ്പോഴും മനുഷ്യമനസ്സിനെ, അതിന്റെ യാഥാര്‍ത്ഥ്യങ്ങളെ കാണാതെ പോകുന്നുണ്ടോ എന്നാശങ്കിച്ചുപോകുകയാണ്. ജാതിമത വശ്വാസങ്ങള്‍ ഒരിക്കലും മനുഷ്യനെ സഹായിച്ചിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ അത്തരം വിശ്വാസങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളും വിശകലനങ്ങളും മനുഷ്യമനസ്സിന്റെ താളം തെറ്റിയ്ക്കാന്‍ കാരണമാകുന്നുണ്ട്. കുറഞ്ഞ പക്ഷം ' ഞാന്‍ എന്റെ മതം, നീ നിന്റെ മതം' എന്ന വര്‍ഗ്ഗീകരണത്തിന്റെ വിത്ത് നമ്മള്‍ അറിഞ്ഞോ അറിയാതെയോ മനസ്സില്‍ പാകിയിട്ടുണ്ട് എന്നുറപ്പ് പറയാം. അവയെല്ലാം സൈക്കോസിസ്/ ന്യുറോസിസ് പോലുള്ള സങ്കീര്‍ണ്ണ-ലഘു മാനസിക രോഗങ്ങള്‍ക്ക് മാത്രമല്ല കാരണമാകുന്നത്, കുടുംബകലഹങ്ങള്‍, സാമൂഹിക തീവ്രവാദങ്ങള്‍ പോലുള്ള മഹാവിപത്തുകള്‍ക്കും വഴിയൊരുക്കുകയാണ്.

 

ജാതി/മത/വര്‍ണ്ണ/വര്‍ഗ/രാജ്യ ഭേദമന്യേ മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കുന്ന ഒരു നല്ല നാളെയെ നമുക്ക് സ്വപ്നം കാണാം ( സ്വപ്നം മാത്രമാകാതിരിക്കാന്‍ പ്രപഞ്ചസൃഷ്ടാവിനോട് പ്രാര്‍ത്ഥിക്കാം).

 



തൃശൂര്‍ (ചാവക്കാട്) രാജാ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് കവിത എം.എ