ജീവനും സ്വത്തിനും ഉറപ്പില്ലാതാകുമോ?

Glint Staff
Tue, 29-05-2018 05:45:00 PM ;

kevin, media

കേരളത്തില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ വിവിധ തല്‍പരകക്ഷികള്‍ രംഗത്ത് വരുന്നു; രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ. എല്ലാവരും ആ കൊലപാതകത്തെ നിലപാട്, സിദ്ധാന്തം, കാഴ്ചപ്പാട് എന്നിവയിലേക്ക് വലിച്ചുകെട്ടി തങ്ങളാണ് ശരി മറ്റുള്ളവര്‍ തെറ്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമാണ് നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊലപാതക കാരണവും, കൊലപാതകികളും രക്ഷപ്പെടുന്നു. ഈ സാഹചര്യം കേരളത്തില്‍ ഒരാളെ തല്ലിക്കൊന്നാല്‍ പേടിക്കാനില്ല എന്നൊരു അവസ്ഥ  സംജാതമാക്കിയിട്ടുണ്ട്. സുരക്ഷിതാമായി വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും പറ്റില്ല എന്ന അവസ്ഥയെത്തിയിരിക്കുന്നു. സ്വത്തിന്റെ കാര്യം പറയുകയും വേണ്ട.

 

കേരളത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങളാണ് അരങ്ങേറിയത്. അതില്‍ ഒടുവിലത്തേത് കെവിന്റെ കൊലപാതകവും കെവിന്‍ കിടന്നുറങ്ങിയ വീടിന്റെ നാശവുമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവനും സ്വത്തിനും സുരക്ഷിതത്വം എന്ന അവകാശം ഇല്ലാതാകുന്ന അവസ്ഥായാണ് ഇവിടെ തെളിയുന്നത്. ഇത് ഭരണകൂടത്തിന്റെ വീഴ്ച തന്നെയാണ്. അതേ സമയം സാമൂഹിക സാഹചര്യങ്ങളുടെ പ്രതിഫലനവും. ഇത്തരമൊരു അവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ കേരളത്തിലെ ചാനലുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നുള്ളത് സമ്മതിച്ചേ പറ്റൂ. വാര്‍ത്തയോടൊപ്പം വൈകാരിക വേലിയേറ്റങ്ങളും, ആ വേലിയേറ്റത്തിനുമേല്‍ തൊടുത്ത് വിടുന്ന വസ്തുതകളുമാണ് റിപ്പോര്‍ട്ടിംഗ് എന്ന രീതിയില്‍ ചാനലുകള്‍ ഗൃഹാന്തരീക്ഷത്തിലേക്ക് കടത്തി വിടുന്നത്. കെവിന്റെ കൊലപാതകവും അതില്‍ നിന്ന് വിഭിന്നമല്ല. ചില ലേബലുകളിട്ട് ഈ അക്രമ സംഭവത്തെ വഴിതിരിച്ചുവിടാന്‍ മാത്രമാണ് അത്തരം റിപ്പോര്‍ട്ടിംഗ് സഹായിക്കുക.

 

കേരളത്തില്‍ ജാതി ചിന്ത എല്ലാ വ്യക്തിയിലും അവശേഷിക്കുന്നുണ്ട്. അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതേ സമയം ഇപ്പോള്‍ ജാതി പരിഗണന ഒരു വ്യവസ്ഥയെന്നോണം മലയാളികളില്‍ ആധിപത്യ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. അത് കേരളം കൈവരിച്ച നേട്ടത്തിന്റെ അവശേഷിക്കുന്ന ചെറിയ അംശം തന്നെയാണ്. ആ അംശത്തെ പോലും ഇല്ലായ്മ ചെയ്യുന്ന രീതിയിലാണ് മാധ്യമങ്ങള്‍ പലപ്പോഴും പെരുമാറുന്നത്. കെവിന്റെ കൊലപാതകത്തിന്റെ പിന്നില്‍ ജാതീയവും സാമ്പത്തികവുമായ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. അതേ സമയം ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊല എന്ന പ്രതിഭാസം പോലെ, ഒരു സമുദായം മുഴുവന്‍ സംഘടിച്ചതിന്റെ പേരില്‍ നടന്നതല്ല കെവിന്റെ കൊലപാതകം.

 

അക്രമവാസനയുള്ള ഒന്നോ രണ്ടോ പേരുടെ പ്രേരണയില്‍ സമാന സ്വഭാവമുള്ളവര്‍ കൂട്ടുചേര്‍ന്നപ്പോള്‍  സംഭവിച്ച കൊലപാതകമാണ് കെവിന്റേത്. ഇത് കുറ്റവാസനയില്‍ നിന്നും ഉടലെടുത്ത കുറ്റകൃത്യം തന്നെയാണ്. അതിന് ജാതീയമായ കാര്യങ്ങളും സാമ്പത്തികമായ കാര്യങ്ങളും നിമിത്തമായി എന്ന് മാത്രം. ഇത്തരം കുറ്റവാസനയുള്ളവര്‍ ഇന്ന് പൊതു സമൂഹത്തിന്റെ എല്ലാ ധാരയിലും പ്രകടമാണ്. ഈ കുറ്റവാസനാ സ്വഭാവത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങളാണ് ചര്‍ച്ചകളെന്ന പേരില്‍ ചാനുലുകളില്‍ കാണുന്നത്. ചര്‍ച്ചകള്‍ നടത്തുന്നവര്‍ പോലും അത്തരം വൈകാരികതകള്‍ക്ക് അടിമകളായി പരസ്പര ബഹുമാനം നഷ്ടപ്പെട്ട് പെരുമാറുന്നു. ഇത് കുറ്റവാസനയുള്ളവര്‍ക്ക് പ്രചോദനവും, അവരുടെ വൈകാരിക തള്ളലിനെ ന്യായീകരിക്കുന്നതിലും നിര്‍ണായക പങ്ക് അബോധമായി വഹിക്കുന്നുണ്ട്.

 

ഒരു കൊലപാതകം നടക്കുമ്പോള്‍ അതിനുത്തരവാദികളായവര്‍ക്കതിരെ പ്രതികാര ദാഹം അഴിച്ചു വിടുന്ന രീതിയിലുള്ള സമീപനമാണ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. അത് മുഖ്യമന്ത്രിയോടോ മറ്റ് മന്ത്രിമാരോടോ ഉള്ള ചോദ്യങ്ങളിലായിക്കോട്ടെ ചര്‍ച്ചകളിലായിക്കോടെ, ആ സമീപനം ആധിപത്യം നേടുന്നു. അതുകൊണ്ടു തന്നെയാണ് പലപ്പോഴും ആ പ്രതികാരദാഹം ശമിപ്പിക്കാനുള്ള നടപടിപോലെ ചില ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുന്നതും സ്ഥലംമാറ്റുന്നതുമൊക്കെ. വൈകാരികതക്ക് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മാത്രമേ അയുസ്സുണ്ടാവുകയുള്ളൂ. അത് അക്രമികള്‍ക്കുമറിയാം ഭരണാധികാരികള്‍ക്കുമറിയാം. അടുത്ത വിഷയം വരുമ്പോള്‍ മാധ്യമങ്ങള്‍ പഴയത് വിട്ട് കളയുകയും ചെയ്യും. രണ്ട് വിഷയങ്ങളുള്ളപ്പോള്‍ എരിവും പുളിയുമുള്ളതിനായിരിക്കും കൂടുതല്‍ റേറ്റിംഗ് ഉണ്ടാവുക. ഇരിങ്ങാലക്കുടയില്‍ കൊട്ടേഷന്‍ സംഘം വീടുകയറി ഗൃഹനാഥനെ വെട്ടിക്കൊന്നത് കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയതും അതുകൊണ്ടാണ്. ഈ അതി വൈകാരികതയുടെ സാന്നിധ്യമാണ് അക്രമികള്‍ക്കും കുറ്റവാസനയുള്ളവര്‍ക്കും വര്‍ദ്ധിത ആവേശത്തോടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള മനോധൈര്യം പകര്‍ന്നു നല്‍കുന്നത്. കേരളത്തില്‍ ഒരാളെ തല്ലിക്കൊല്ലുക എന്നുള്ളത് ഇപ്പോള്‍ പീഡനക്കേസുകളുടെ സാധാരണത്വത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

 

 

 

Tags: