യേശുദാസിനെ വെറുതെ വിടുക

Glint Staff
Fri, 04-05-2018 04:45:30 PM ;

Yesudas, Ram Nath Kovind, Smriti Irani, Rajyavardhan Singh Rathore

യേശുദാസ് എന്ന വ്യക്തി അദ്ദേഹത്തിന്റെ ജീവിതം സംഗീതത്തിന് വേണ്ടി ഉഴിഞ്ഞു വച്ചു. ആ ജീവിതം അവ്വിധം ത്യാഗപൂര്‍ണമാക്കിയതിന്റെ ഫലമാണ് ഓരോ മലയാളിയും, ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. വര്‍ത്തമാന മലയാളിയുടെ സ്വര-സംഗീത സംസ്‌കാരത്തില്‍ യേശുദാസിന്റെ ജീവിത സപര്യയുടെ സ്വാധീനം മാറ്റിനിര്‍ത്താവുന്നതല്ല. അദ്ദേഹത്തിന്റെ ആ സമര്‍പ്പണത്തെയാണ് ഓരോ മലയാളിയും പ്രാഥമികമായി കാണേണ്ടത്. യേശുദാസ് എന്ന വ്യക്തിക്ക് പല പരിമിതികളുമുണ്ടാകാം. യേശുദാസെന്ന വ്യക്തിയില്‍ സ്വരശേഷി എന്ന ഗുണമുണ്ടെങ്കില്‍, അദ്ദേഹത്തില്‍ ദോഷവും ഉണ്ടാകാതിരിക്കാന്‍ നിവര്‍ത്തിയില്ല . അത് പ്രകൃതി നിയമമാണ്. ഗുണമില്ലാതെ ദോഷവും ദോഷമില്ലാതെ ഗുണവും നിലനില്‍ക്കില്ല.

 

യേശുദാസിന്റെ ജീവിതത്തില്‍ അനേക തവണ ദേശീയ പുരസ്‌കാരമുള്‍പ്പെടെയുള്ള പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അവയൊക്കെ അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ട്. ഇത്തവണത്തെ ദേശീയ പുരസ്‌കാരം അദ്ദേഹം മറ്റുള്ളവരെപ്പോലെ ബഹിഷ്‌ക്കരിച്ചിരുന്നുവെങ്കില്‍, അത് രാഷ്ട്രപതിയെയും അതിലൂടെ രാഷ്ട്രത്തെയും അപമാനിക്കലാവുമായിരുന്നു. അതേ സമയം പ്രതിഷേധക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ അദ്ദേഹം ഒപ്പിടുകയും ചെയ്തു.

 

പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള സംഗീതജ്ഞന്റെ അതിസൂക്ഷ്മ മനോധര്‍മ്മ മേഖലകളില്‍ ഇത്തവണത്തെ ദേശീയ അവാര്‍ഡ് വിതരണച്ചടങ്ങിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ അസ്വസ്ഥതയുടെ ആന്തോളനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാകാം. ഋഷിയുടെ ഭാവവും, താടിയും, മുടിയുമുണ്ടെങ്കിലും അദ്ദേഹം ഋഷിയോ, ഋഷി തുല്യനോ അല്ല. വൈകാരികതകളുടെ അതി സൂക്ഷ്മ തലങ്ങള്‍ക്ക് ഭാവപ്പകര്‍ച്ച നല്‍കി, സംഗീതത്തിന് സ്വരംകൊണ്ട് ചിറക് നല്‍കുന്ന കലാകാരനാണ് അദ്ദേഹം. ആ അസ്വസ്ഥതയില്‍ ഒരു പക്ഷേ സെല്‍ഫി എടുത്ത ആരാധകനോട് അദ്ദേഹത്തിന് ഈര്‍ഷ്യ തോന്നിയിരിക്കാം. അതിന്റെ പേരില്‍ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്തിട്ടുമുണ്ടാകാം.

 

ആ കൃത്യത്തിന്റെ പേരില്‍ യേശുദാസിനെ ഒരു രാത്രികൊണ്ട് ഒന്നുമല്ലാതാക്കി മാറ്റി, അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നത്. ഇത് പുരോഗമനത്തിന്റെ പേരിലാണ് പലരും നടത്തുന്നത്. ചിന്തയും കാഴ്ചപ്പാടുമില്ലാത്ത പൈങ്കിളി വല്‍ക്കരിക്കപ്പെട്ട സീരിയല്‍ സംസ്‌കാരത്തിന്റെ ജീര്‍ണതയുടെ ഫലമായുണ്ടാകുന്ന മനോരോഗ പ്രതിഫലനം മാത്രമാണത്. ജനായത്ത സംവിധാനത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അത് യേശുദാസിനുമുണ്ട്. അദ്ദേഹത്തെ വെറുതെ വിടുക, താല്‍പ്പര്യമില്ലാത്തവര്‍ അദ്ദേഹത്തിന്റെ സംഗീതത്തെ സ്വമേധയാ ബഹിഷ്‌ക്കരിക്കുക. അല്ലാതെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഒരു പോരാട്ട വീരനെ യേശുദാസില്‍ കാണാന്‍ ശ്രമിക്കരുത്.

 

Tags: