ഇലവീഴാപൂഞ്ചിറ- പേര് കേൾക്കാൻ രസമുണ്ടല്ലേ. കേൾക്കാൻ മാത്രമല്ല കാണാനും രസമുണ്ട്. ഇനി അങ്ങോട്ടൊന്നു പോയാലോ. നേരെ തൊടുപുഴയ്ക്കു പിടിക്കാം. പിന്നെ മുട്ടം അവിടെ നിന്ന് ചക്കിക്കാവ്. അവിടുന്നങ്ങോട്ട് ഒന്നുകിൽ നടക്കണം. അല്ലെങ്കിൽ ഫോർവീലർ ജീപ്പ് ശരണം. കയറ്റം കയറി ചെന്നാൽ വലിയൊരു കുന്നിനു മുകളിൽ ഒരു കൊച്ചുകുളം. അതാണ് ഇലവീഴാപൂഞ്ചിറ.
പണ്ട് അതൊരു ചിറയായിരുന്നു. നമ്മുടെ ടൂറിസമല്ലേ, അവരത് കെട്ടി കിണറുപോലെയാക്കി സ്വാഭാവിക ഭംഗി നശിപ്പിച്ചു. ഓ, കിണറു കാണാനാണോ ഈ കുന്നു കയറിയതെന്നു ഒരു സഞ്ചാരിക്ക് തോന്നിയാൽ അത്ഭുതമില്ല. പക്ഷെ അവിടെ നിന്നും വീണ്ടും വലത്തോട്ട് കുന്നറ്റത്തേക്ക് യാത്ര ചെയ്യുക. യാത്ര മുതലായെന്നു നിങ്ങൾ പറയും.
താഴെ മലങ്കര അണക്കെട്ടിന്റെ ജലസംഭരണി ഇങ്ങനെ വളഞ്ഞു തിരിഞ്ഞ് ജലസമൃദ്ധമായി കിടക്കുന്നത് കാണാം. ഇടയിൽ സസ്യസമൃദ്ധമായ തുരുത്തുകളും. കുടയത്തൂർ മുട്ടം ഗ്രാമമാണ് കാണുന്നത്. തണുത്ത കാറ്റും കോടമഞ്ഞും ചിലപ്പോള്‍ നിങ്ങളെ പൊതിയും. വെയിലുണ്ടെങ്കിലും ചൂടറിയില്ല. പത്താമുദയത്തിന് സൂര്യപൂജയ്ക്ക് ധാരാളം പേരിവിടെയെത്താറുണ്ട്.
നമ്മുടെ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വയർലസ് സ്റ്റേഷനും മുകളിൽ കാണാം. ഫോർവീലർ ജീപ്പിലാണെങ്കിൽ ഇവിടെയെല്ലാം നടക്കാതെ തന്നെ ചെന്നെത്താം. അവിടെ നിന്നും താഴോട്ടിറങ്ങി പുതുതായി വെട്ടുന്ന റോഡിലൂടെ ഒരു കിലോമീറ്റർ നടന്നാൽ ഒരു മൺഗുഹയും കാണാം. സമീപവാസികളോട് വഴി ചോദിച്ചാൽ മതി. ഒരാൾക്ക് നിവർന്നു നടക്കാൻ പാകത്തിലുള്ള ഗുഹയ്ക്കുള്ളിൽ ഒരിക്കലും വറ്റാത്ത നീരുറവയും ഉണ്ട്. ഒലിച്ചിറങ്ങി ഭൂമിക്കടിയിലേക്കുതന്നെ അപ്രത്യക്ഷമാവുന്ന നീരുറവ ഒരു കൗതുകമാണ്. നല്ല വെള്ളമാണ്. വിശ്വസിച്ച് കുടിക്കാം.
ഇലവീഴാപൂഞ്ചിറയുടെ രാത്രിസൗന്ദര്യവും പ്രഭാതസൗന്ദര്യവും ആസ്വദിക്കണമെന്നുണ്ടെങ്കിൽ മുകളിലുള്ള റിസോർട്ടിൽ താമസിക്കുകയുമാവാം.