Skip to main content
Ad Image

aap sells onion in delhi

ജീവിതത്തില്‍ പലപ്പോഴും നമുക്ക് അനുഭവപ്പെടുന്ന ചാക്രികത, രാഷ്ട്രീയത്തിലാകുമ്പോള്‍ ഇരട്ടിവേഗത്തില്‍ സംഭവിക്കാറുണ്ട്. ഇത് നന്നായി അറിയുന്ന ഒരാളാണ് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. മാനം മുട്ടെ ഉയരുന്ന ഉള്ളിവിലയാണ് ഇപ്പോള്‍ ദീക്ഷിത്തിന്റെ മുന്നില്‍ ഒരു രാഷ്ട്രീയചക്രം പൂര്‍ത്തിയാക്കുന്നത്.

 

വര്‍ഷം 1998. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നു. കേന്ദ്രത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കിലോക്ക് 60-നും 70-നും ഇടയില്‍ എത്തിയ ഉള്ളിയുടെ വില നിയന്ത്രിക്കാനാകാതെ കുഴയുന്നു. അന്ന്‍ ഡല്‍ഹി പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് ഉള്ളിയുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുന്നതില്‍ ഒട്ടും അമാന്തം കാണിച്ചില്ല. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉള്ളി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ഡല്‍ഹിയില്‍ ഈ വിഷയം പോളിംഗ് ബൂത്തുകളില്‍ കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കും എന്ന കാര്യം നിശ്ചിതമായിരുന്നു.     

 

“കഴിഞ്ഞ മാസം ഉള്ളിവില മൂന്നിരട്ടിയായി. വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ എല്ലാ പച്ചക്കറികളുടെയും വില കുത്തനെ ഉയര്‍ന്നു. അതുകൊണ്ടുതന്നെ ഇത് ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ഞങ്ങളുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമായിരിക്കും.” ദീക്ഷിത് അന്ന്‍ പറഞ്ഞു. ഉള്ളിയും ഉരുളക്കിഴങ്ങും പോലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോട് മുഖം തിരിക്കുന്ന ഒരു സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നായിരുന്നു ദീക്ഷിത്തിന്റെ വാദം. ഉള്ളിയുടെയും മറ്റ് പച്ചക്കറികളുടെയും വിലയെച്ചൊല്ലി നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായി അന്നതിനെ ദീക്ഷിത് വിശേഷിപ്പിച്ചു.

 

bjp sells onionതുടര്‍ന്ന് ഉള്ളിവില ഉയര്‍ത്തിയ രാഷ്ട്രീയ ചുഴിയില്‍ ബിജെ.പി നിലംപതിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തി. ഉള്ളിയുടെ വില വീണ്ടും നിയന്ത്രണം വിടുമ്പോള്‍ 15 വര്‍ഷം പഴക്കമായ ആ പരാജയത്തിന് അതേ നാണയത്തില്‍ പകരം വീട്ടാനുള്ള അവസരമാണ് ബി.ജെ.പി കാണുന്നത്. കിലോക്ക് 30-40 രൂപാ വിലയ്ക്ക്, ചില ഭാഗങ്ങളില്‍ 25 രൂപയ്ക്ക് വരെ, ബി.ജെ.പി ഇപ്പോള്‍ നേരിട്ട് ഉള്ളി വില്‍ക്കുകയാണ്.

 

നവംബറില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിക്കാനിറങ്ങിയ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എ.എ.പി)യും അവസരം നഷ്ടപ്പെടുത്താന്‍ തയ്യാറല്ല. ദല്‍ഹി ഭക്ഷ്യ  പൊതുവിതരണ വകുപ്പ് മന്ത്രി ഹാരൂണ്‍ യൂസഫിന്റെ മണ്ഡലമായ ബല്ലിമാരനില്‍ 40 രൂപാ നിരക്കില്‍ ഉള്ളിവിതരണം നടത്തുകയാണ് അവര്‍. ഡല്‍ഹി സര്‍ക്കാറിന്റെ 150 സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ 50 രൂപാ നിരക്കിലും ഉള്ളി വില്‍ക്കുന്നുണ്ട്.

 

ഉള്ളിവില നിയന്ത്രിക്കാനാകാത്ത സര്‍ക്കാറിന്റെ പരാജയത്തിലുള്ള പ്രതിഷേധപ്രകടനമാണ് തങ്ങള്‍ നടത്തുന്നതെന്ന് ബി.ജെ.പിയുടെ ഡല്‍ഹി മേധാവി വിജയ്‌ ഗോയല്‍ ടൌണ്‍ ഹാളില്‍ ഉള്ളിവില്‍പ്പന നടത്തിക്കൊണ്ട് പറഞ്ഞു. മൊത്തവ്യാപാര വിപണിയില്‍ 35-40 രൂപക്ക് ഉള്ളി ലഭിക്കുമ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ ഉള്ളിക്ക് 50 രൂപ ഈടാക്കുന്നതിനെയും ഗൂയാല്‍ ചോദ്യം ചെയ്തു. തങ്ങള്‍ക്ക് 40 രൂപക്ക് ഉള്ളി വില്‍ക്കാമെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനും അത് ചെയ്യാമെന്ന് ഗോയല്‍ അവകാശപ്പെടുന്നു.

 

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കാലേകൂട്ടി ലഭിക്കുന്ന സര്‍ക്കാറിന് ഉള്ളിയുടെ ഉല്‍പ്പാദനവും കയറ്റുമതിയും അതിനനുസരിച്ച് നിയന്ത്രിക്കാനാകുമെന്നാണ് ഗോയല്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ജനങ്ങളോട് സംവേദനമില്ലാത്ത സര്‍ക്കാര്‍ ആണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

 

കുറഞ്ഞ വിലക്ക് ഉള്ളി വിതരണം ചെയ്യാമെങ്കിലും ഇടനിലക്കാര്‍ക്ക് ലാഭം നേടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാരെന്ന് എ.എ.പി നേതാക്കള്‍ ആരോപിക്കുന്നു. ഉള്ളിയുടെ ഉല്‍പ്പാദനവും വിതരണവും സംബന്ധിച്ച് നബാര്‍ഡ് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ഒരു കിലോ ഉള്ളിക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്ന ലാഭം 3.60 രൂപ മാത്രമാണെന്നാണ്. അന്യായമായ രീതികളും പൂഴ്ത്തിവെപ്പും ഇല്ലാതാക്കിയാല്‍ കിലോഗ്രാമിന് 14 രൂപക്ക് ഉള്ളി വില്‍ക്കാന്‍ സാധിക്കും. നിലവില്‍ കിലോഗ്രാമിന് എട്ടു രൂപക്ക് ഉള്ളി വില്‍ക്കുന്ന കര്‍ഷകര്‍ ഉല്‍പ്പാദനത്തിനും വിതരണത്തിനും മറ്റും വരുന്ന ചിലവുകള്‍ കഴിച്ച് 3.5 രൂപ ലാഭമുണ്ടാക്കുന്നു. എന്നാല്‍, അത് വിപണിയിലെത്തുമ്പോള്‍ ഉപഭോക്താവ് നല്‍കേണ്ടത് കിലോഗ്രാമിന് 70 രൂപ! അതായത് 62 രൂപയുടെ ലാഭമാണ് ഒരു കിലോയില്‍ ഇടനിലക്കാര്‍ ഉണ്ടാക്കുന്നത്. ഉള്ളിയുടെ ലേലത്തിലും സംഭരണത്തിലും നടക്കുന്ന അന്യായമായ രീതികളും വിലനിര്‍ണ്ണയത്തെ അവിഹിതമായി സ്വാധീനിക്കുന്നതെങ്ങനെയെന്നുമെല്ലാം റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്.

 

sheila dikshitഎന്തായാലും ഷീല ദീക്ഷിത്തിനും രാജസ്താന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിനും ആകുലപ്പെടാന്‍ കാരണങ്ങളുണ്ട്. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് രണ്ടുപേരും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവശ്യവസ്തുക്കളുടെ വില പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കണ്ടുള്ള നടപടികള്‍ വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

 

ബി.ജെ.പിയും എ.എ.പിയും ഉള്ളി വില്‍പ്പന സ്റ്റാളുകളെ രാഷ്ട്രീയ അടവെന്ന് തള്ളിക്കളയുകയാണ് ദീക്ഷിത്. “ജനങ്ങളെ സഹായിക്കാന്‍ ഒരു ശ്രമവും നടത്താത്തതുകൊണ്ടാണ് (1998-ല്‍) ബി.ജെ.പി സര്‍ക്കാര്‍ വീണത്. ഉള്ളിവില പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുകളൊന്നും അവര്‍ നടത്തിയില്ല. ... അവര്‍ (ബി.ജെ.പി) കരുതുന്നത് അത് ഞങ്ങള്‍ക്കും സംഭവിക്കുമെന്നാണ്. പ്രശ്നം പരിഹരിക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ ചെയ്യുകയാണ്.” ദീക്ഷിത് പറയുന്നു.  ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലല്ല, സര്‍ക്കാറിന്റെ കടമ എന്ന നിലയിലാണ് ന്യായമായ വിലക്ക് തങ്ങള്‍ ഉള്ളി വില്‍ക്കുന്നതെന്ന് ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

 

രാഷ്ട്രീയ വിഷയം മാത്രമല്ല, ഇപ്പോള്‍ ഒരു ക്രമസമാധാന പ്രശ്നം കൂടിയായി മാറുകയാണ് ഉള്ളി. തെക്കന്‍ ഡല്‍ഹിയിലെ ഓഖല മാര്‍ക്കറ്റില്‍ കുറഞ്ഞ വിലക്ക് ഉള്ളി വിറ്റതിന് ഒരു പച്ചക്കറി കച്ചവടക്കാരന്‍ ആക്രമിക്കപ്പെട്ടു. രാജസ്താനില്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ 40 ടണ്‍ പച്ചക്കറികളുമായി വന്ന ഒരു ട്രക്ക് കവര്‍ച്ചക്കാര്‍ തട്ടിയെടുത്തു. എന്നാല്‍ പോലീസിന് ഉള്ളിയോടെ തന്നെ ഈ ട്രക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു.   

 

ഉള്ളി കണ്ണുനീരിന് മാത്രമല്ല, ചിരിയുണര്‍ത്തുന്ന സംഭവങ്ങള്‍ക്കും കാരണമാകുകയാണ്. ജാര്‍ഖണ്ഡിലെ ജംഷെഡ്‌പൂരില്‍ ഒരു ടയര്‍ വില്‍പ്പനക്കാരന്‍ ഉള്ളിവിലയില്‍ പ്രതിഷേധിക്കാന്‍ പുതിയ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ഒരു ട്രക്ക് ടയറിന് അഞ്ചു കിലോയും രണ്ടു കാര്‍ റേഡിയല്‍ ടയറിന് രണ്ടു കിലോയും ഉള്ളി സൗജന്യമായി നല്‍കുകയാണ് ഇയാള്‍. തന്റെ കൈയില്‍ രാഖി കെട്ടുന്ന എല്ലാ സ്ത്രീകള്‍ക്കും സമ്മാനമായി രണ്ടു കിലോ ഉള്ളിയാണ് ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് സുനില്‍ യാദവ് നല്‍കിയത്. ഉള്ളിമോതിരം നല്‍കി വിവാഹാഭ്യര്‍ഥന നടത്തിയാല്‍ കാമുകി സന്തോഷവതിയാകുമെന്ന് ഒരു ട്വീറ്റ്.

 

onion price rice protestപൂഴ്ത്തിവെപ്പുകാരാണ് ഉള്ളിയുടെ ക്ഷാമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മഴ കുറഞ്ഞതും പൂഴ്ത്തിവെപ്പിനും പുറമേ സര്‍ക്കാറിന്റെ പ്രാപ്തിക്കുറവും വില്‍പ്പനക്കാരുടെ അന്യായ രീതികളും ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലുണ്ട്. മാത്രമല്ല, ഉള്ളിയുടെ കൃഷിയിലും ഈ വര്‍ഷം ഗണ്യമായ കുറവ് വന്നിട്ടുണ്ട്. രാജ്യത്തെ 10.87 ലക്ഷം ഹെക്ടര്‍ വരുന്ന ഉള്ളിപ്പാടങ്ങളില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഇതെല്ലാം ചേര്‍ന്ന് ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ജൂണ്‍ 2012 മുതല്‍ 100 ശതമാനം വര്‍ധനയാണ് ഉള്ളിവിലയില്‍ വരുത്തിയിരിക്കുന്നത്.

 

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉള്ളിയുടെ 45 ശതമാനവും സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയും കര്‍ണ്ണാടകവുമാണ്. ഈ ധനകാര്യ വര്‍ഷത്തില്‍ ഏപ്രില്‍-ജൂലൈ കാലയളവില്‍ 6.39 ലക്ഷം ടണ്‍ ഉള്ളി രാജ്യം കയറ്റുമതി ചെയ്തിട്ടുണ്ട്. തലേവര്‍ഷം ഇതേ കാലയളവില്‍ 6.94 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. 2012-13 വര്‍ഷത്തെ ഉല്‍പ്പാദനം 1.66 കോടി ലക്ഷം ടണ്ണായിരുന്നു.

 

പ്രധാന ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണത്തെ മഴ ബാധിച്ചിരിക്കുന്നതിനാല്‍ വില എന്നുകുറയുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശരദ് പവാര്‍ പറയുന്നത്. പുതിയ വിള വിപണിയിലെത്തുന്ന ഒക്ടോബര്‍ വരെ ഉള്ളിവിലയിലുള സമ്മര്‍ദ്ദം തുടരുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിക്കമ്പോളമായ നാസിക്കിലെ ലസാല്‍ഗാവില്‍ പുതിയ വിള ഇതിനകം എത്തിയിരിക്കുന്നത് വിലയില്‍ ആശ്വാസം ഉണ്ടായേക്കാമെന്ന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഉള്ളിയുടെ കയറ്റുമതി നിരോധിക്കുക എന്ന കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങാനുള്ള സാധ്യത വിരളമാണ്. പാകിസ്താന്‍, ഇറാന്‍, ചൈന, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ലക്ഷ്യമിട്ട് നാഫെഡ്‌ ആഗോള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. സെപ്തംബര്‍ ആദ്യം വാഗാ അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്നുള്ള ആദ്യചരക്ക് എത്തുമെന്നാണ് പ്രതീക്ഷ.    

 

ചുരുക്കത്തില്‍, ഡല്‍ഹിയിലെ അടുക്കളകളില്‍ വൈകാതെ തന്നെ താങ്ങാവുന്ന നിരക്കില്‍ ഉള്ളിയെത്തും എന്ന പ്രതീക്ഷയാണ് 1998-ല്‍ ബി.ജെ.പി നേരിട്ട ‘ഉള്ളി ദുരന്തം’ ഒഴിവാക്കാന്‍ ഷീല ദീക്ഷിത്തിന് ഇപ്പോള്‍ ആകെയുള്ള  കച്ചിത്തുരുമ്പ്.  

 

S. Sureshയു.എന്‍.ഐയില്‍ പ്രത്യേക ലേഖകനായിരുന്നു സുരേഷ്. 

Ad Image