Skip to main content

 

ഇന്ത്യൻ ഫുട്‌ബോളിൽ മാറ്റങ്ങൾ വന്നുതുടങ്ങിയോ എന്നറിയാനുള്ള  ഉരകല്ലായിരുന്ന സാഫ് കപ്പും കഴിഞ്ഞു. കിരീടം ഇന്ത്യയെ തകർത്ത് അഫ്ഗാൻ പോരാളികൾ നേടി.  യുദ്ധക്കെടുതികളുടെ ഭീകരതയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ അഫ്ഗാൻ ഫുട്‌ബോളിന്റെ വളർച്ചയും ഇന്ത്യൻ ഫുട്‌ബോളിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ചർച്ചകളുമാണ് സാഫിന്റെ ബാക്കിപത്രം. എന്നത്തെയും പോലും പലരുടെയും കഴുത്തറുക്കപ്പെടാം. പക്ഷേ, ഇത്തവണ അത് കോച്ചിന്റെയാവില്ല എന്ന് ഏകദേശം ഉറപ്പ്. കാരണം കോടികൾ നൽകിയാണ് വിം കോമർമാൻസെന്ന വിദേശ കോച്ചിനെ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ ഫുട്‌ബോൾ ഫെഡറേഷൻ കൊണ്ടുവന്നിട്ടുള്ളത്.

 

തീർച്ചയായും മികച്ച പരിശീലകൻ തന്നെയാണ് കോവർമാൻസ്. മികച്ച ഫലം ഉണ്ടാക്കാനും സാധിക്കും. പക്ഷേ, സമയം നൽകിയേ തീരൂ. ബാല്യത്തിലേ പിടികൂടി മികച്ച ശാസ്ത്രീയ പരിശീലനം നൽകി മികച്ച ടീമുണ്ടാക്കുക എന്നത് വരും വർഷങ്ങളിലേ  സഫലമാക്കാനാവൂ. ഇപ്പോൾ കൈയിൽ കിട്ടിയിരിക്കുന്ന കളിക്കാരെ മികവിന്റെ പാരമ്യത്തിലെത്തിച്ച് മികച്ച ടീംഗെയിമിലൂടെ നേട്ടം കൊയ്യുക എന്നതാണ് കോമർമാൻസും ലക്ഷ്യമിട്ടത്. അതിന്റെ ആദ്യ ഉരകല്ലായി മാറി സാഫ് കപ്പ് എന്നുമാത്രം. ഇന്ത്യയിൽ ഫുട്‌ബോൾ സീസൺ തുടങ്ങുന്നതിനുമുമ്പേ ഒരുടീമായി കൂടിച്ചേർന്നതിന്റെ ഏച്ചുകെട്ടലും കളികളുടെ കുറവും ഈ തോൽവിക്ക് കാരണമാകാമെങ്കിലും കോവർമാൻസിനെ നിരവധി തവണ പോസ്റ്റ്‌മോർട്ടം നടത്തും ഇന്ത്യൻ കളിമേലാളന്മാരും മാധ്യമങ്ങളും എന്നത് കാണാൻ പോകുന്ന പൂരം.

 

വേഗവും ക്ഷമയും കായികക്ഷമതയുണ്ടാക്കലും മാത്രമാണ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ വളർച്ചയ്ക്ക് ആവശ്യം വേണ്ടത്. മികച്ച പരിശീലനം മികച്ച ഫലം നൽകുമെന്നത് തീർച്ച. ഫുട്‌ബോളിന് അത്ര നല്ല വളക്കൂറില്ലാത്ത ഏഷ്യൻ മണ്ണിന്റെ മൊത്തത്തിലുള്ള ഒരു പാരമ്പര്യം ഇന്ത്യൻ ടീമിനുമുണ്ടെന്നതാണ് പ്രാഥമിക കാഴ്ചപ്പാടെങ്കിലും  കൊറിയയും ജപ്പാനുമൊക്കെ ഇപ്പോൾ അത്തരമൊരു വാദത്തിന്റെ വിപരീതഫലമായി വരുന്നു.

 

എന്തായാലും ആദ്യ ഉരകല്ലിലെ ഫലം വന്നത് കോവർമാൻസിന് അനുകൂലമല്ലെന്ന് പറയാം, എന്നാൽ പൂർണമായും എതിരുമല്ല. ആറുതവണ സാഫ് ചാമ്പ്യന്മാരായിരുന്ന ഇന്ത്യയ്ക്ക് ഇത്തവണ ഫൈനലിൽ അഫ്ഗാനെ കീഴടക്കാൻ കഴിയാതിരുന്നത്  പ്രതീക്ഷിച്ചപോലെ തന്നെ വിമർശനങ്ങൾക്ക്  തുടക്കമിട്ടു. പണ്ട് ഒളിമ്പിക്‌സ് സെമിഫൈനലിൽ കളിച്ചിട്ടുള്ള ഇന്ത്യ ഏഷ്യൻ ശക്തിയെന്ന നിലയിൽ നിന്ന് പിന്നേയും പുറകിലേക്കിറങ്ങി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പുലി എന്നതിലേക്ക് ഒതുങ്ങിക്കഴിയുകയായിരുന്നു. പക്ഷേ, ഇവിടെയും വെറുതെ വിടില്ല എന്ന രീതിയിൽ എതിരാളികൾ ഉണ്ടായിക്കഴിഞ്ഞു എന്നതാണ് സാഫ് കപ്പ് തെളിയിക്കുന്നത്. ഫൈനൽ തോൽവിയെ തകർച്ചയായികണ്ട് എന്നത്തെയും പോലെ ഉത്തരവാദിയെ കണ്ടെത്താനുള്ള വൃഥാ വ്യായാമവും തുടങ്ങിക്കഴിഞ്ഞു കളി മേലാളന്മാർ.

 

ഗോളടിക്കാന്‍ മറന്ന്

 

കഴിഞ്ഞ സാഫ് കപ്പിൽ അഫ്ഗാനിസ്ഥാനെ ഫൈനലിൽ കീഴടക്കാൻ കഴിഞ്ഞിരുന്ന ഇന്ത്യയ്ക്ക് (നാലുഗോളുകൾക്ക്) ഇത്തവണ സാഫ് കപ്പിലെ ഓരോ മത്സരവും ലക്കി ടിപ്പ് പോലെയായിരുന്നു. ആദ്യമത്സരത്തിൽ പാകിസ്ഥാനെതിരെ സെൽഫ്‌ഗോളിലൂടെ ഒരു ഗോളിന് കടന്നുകയറി. രണ്ടാം മത്സരത്തിൽ ബംഗ്ലാദേശുമായി സമനില. മൂന്നാം മത്സരത്തിൽ നേപ്പാളിനോട് 2-1ന് തോൽവി. ടൂർണമെന്റിന്റെ തുടക്കത്തിൽ തീരെ നിലവാരമില്ലാതിരുന്ന ടീമായി തോന്നിച്ചു ടീം ഇന്ത്യ. പിന്നീട് സെമിയിലേക്ക് കഷ്ടിച്ച് കടന്നുകയറ്റം. പക്ഷേ, നേപ്പാളുമായുള്ള സെമിഫൈനലിൽ മികച്ച കളി തന്നെ കാഴ്ചവെച്ചു. ഫൈനലിലാകട്ടെ ടൂർണമെന്റിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അഫ്ഗാന്റെ മുന്നിൽ വീണു. തുടരെ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ മത്സരത്തിൽ മുന്നിട്ടുനിന്നെങ്കിലും ഗോളടിക്കുമ്പോഴാണ് വിജയികൾ ഉണ്ടാവുന്നതെന്ന ബാലപാഠം മറന്നുപോയി. കളിയുടെ ഗതിക്കെതിരെയായിരുന്നു അഫ്ഗാൻ നേടിയ രണ്ടുഗോളുകളും. ഒമ്പതാം മിനുട്ടിൽ തന്നെ അഫ്ഗാൻ മുന്നിലെത്തി. പിന്നീട് 62-ാം മിനുട്ടിൽ ലീഡുയർത്തി.  ഗോളിലേക്ക് നിരവധി അവസരങ്ങൾ ഇന്ത്യൻ കളിക്കാർ തുറന്നെങ്കിലും ഒന്നും ഗോൾവല കുലുക്കാൻ പര്യാപ്തമായില്ലെന്നുമാത്രം. അഫ്ഗാൻ ഗോൾകീപ്പറുടെ മികച്ച സേവുകളും ഇന്ത്യൻ പതനം പൂർത്തിയാക്കി. അഫ്ഗാനെ  കീഴടക്കിയാണ് ഇന്ത്യ കഴിഞ്ഞ സാഫ് കപ്പ് നേടിയിരുന്നത്. അതിനൊരു മധുരപ്രതികാരം പോലെയായി ഇത്തവണത്തേതത്. അഫ്ഗാനുമായി ആറുതവണ മാത്രം മത്സരിച്ചിട്ടുള്ള ഇന്ത്യ അതിൽ നാലുതവണയും വിജയിച്ചിരുന്നു. ഇന്ത്യയെ കീഴടക്കി അഫ്ഗാൻ നേടിയത് കേവലമൊരു ഫുട്‌ബോൾ കിരീടം മാത്രമല്ല. യുദ്ധക്കെടുതിമൂലം തളർന്ന അഫ്ഗാനിലെ ഫുട്‌ബോളിന് വളരാനുള്ള ഒരു മരുന്നുകൂടിയായി. യുദ്ധവും മുറിവും ചോരയും വേദനയും കണ്ടുമടുത്ത അഫ്ഗാൻ ജനതയ്ക്ക് വളരെയേറെ പ്രിയതരമായി, അവരുടെ സുഹൃദ്‌രാജ്യത്തിനുമേൽ നേടിയ ഈ മധുരപ്രതികാരം. കഴിഞ്ഞ സാഫ് കപ്പിൽ അഫ്ഗാനെ നാലുഗോളുകൾക്കാണ് ഇന്ത്യ തകർത്തിരുന്നത്. ഇത്തവണ സാഫ് കപ്പ് വരുമ്പോൾ അഫ്ഗാൻ ഫുട്‌ബോൾ കുറച്ചുകൂടി ശക്തമായിരുന്നു. ലോക റാങ്കിങ്ങിൽ 139-ാംസ്ഥാനത്തുള്ള അവർക്ക് ആറ് സ്ഥാനം പിന്നിലായിരുന്നു ഇന്ത്യ - 145. ഇപ്പോഴാകട്ടെ ഇന്ത്യ പിന്നെയും പിന്നോട്ടിറങ്ങി 155-ാംസ്ഥാനത്തും. അമേരിക്കയിലെയും ജർമനിയിലെയും മൂന്നാം ഡിവിഷൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ് അഫ്ഗാന്റെ ടീമിൽ ഏറെയും. കളിമികവിലും ശാരീരിക ക്ഷമതയിലും ഇവർ തീർച്ചയായും മികവു പുലർത്തുന്നുമുണ്ട്. എന്നാൽ ഇന്ത്യൽ ടീമിന് പ്രതിഭാദാരിദ്ര്യം ഉണ്ടെന്നും പറയാനാകില്ല. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ചതുതന്നെയാണെങ്കിലും അവസരത്തിനൊത്തുയരാൻ പഴയതുപോലെ അവർക്കുമായില്ല. സെമിയിലേക്ക് തട്ടിയും മുട്ടിയും എത്തിയ ടീം മാലിദീപിനെതിരെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. പ്രാഥമിക റൗണ്ടിൽ ഇന്ത്യ നേപ്പാളിനോട് ഒന്നിനെതിരെ രണ്ടുഗോളിന് തോറ്റിരുന്നു. ആ നേപ്പാളിനെയാണ് അഫ്ഗാൻ സെമിയിൽ കെട്ടുകെട്ടിച്ചത്. പക്ഷേ, അപ്പോഴും ഇന്ത്യയ്ക്ക് തന്നെയായിരുന്നു സാധ്യത കല്പിച്ചിരുന്നത്. ഇന്ത്യ സെമിയിൽ തോല്പിച്ച മാലദ്വീപിനോട് അഫ്ഗാൻ പ്രാഥമിക റൗണ്ടിൽ സമനിലയിലായിരുന്നു. കണക്കുകൾ ഇന്ത്യക്ക് അനുകൂലമായിരുന്നെങ്കിലും ജയിക്കാൻ ഗോളടിക്കണമെന്ന ഫുട്‌ബോളിലെ പ്രാഥമിക പാഠം നടപ്പാക്കിയ അഫ്ഗാന് കപ്പുയർത്താനും കഴിഞ്ഞു.

 

 

പുതിയ കോച്ചായ വിം കൂവർമാൻസിന്റെ കീഴിൽ ഇന്ത്യ നിലവാരം പുലർത്തുന്നുണ്ട്, കളിമികവുമുണ്ട് എന്നതിൽ സംശയമില്ല. പക്ഷേ, എവിടെയൊക്കെയോ ഒരു കല്ലുകടി. ശാസ്ത്രീയമായ പരിശീലനം ആദ്യകാലങ്ങളിൽ ലഭിക്കാതിരുന്നതിന്റെ ഒരു കുറവ് തീർച്ചയായും ഇന്ത്യൻ ഫുട്‌ബോളിൽ എന്നുമുണ്ടായിരുന്നു. തോൽവികൾ തന്നെയാണ് എപ്പോഴുമെങ്കിലും എന്നെങ്കിലും ഒരിക്കൽ ഈ ടീമും ലോകകപ്പിൽ കളിക്കും എന്ന്  അന്ധമായി വിശ്വാസം പുലർത്തിയിരുന്ന ഒരു ജനതയുടെ പിന്തുണയും എന്നും ടീമിനുണ്ടായിരുന്നു. പക്ഷേ, ഈ ജനതയെ പ്രതിനിധീകരിക്കുന്ന കളിമേലാളന്മാർക്ക് മാത്രം എങ്ങനെ ഇന്ത്യയെ മികച്ച ടീമാക്കാം എന്നതിൽ യാതൊരു ധാരണയുമില്ല.  പണത്തിന്റെ അഭാവമുണ്ടെങ്കിലും തീരെ ദരിദ്രം എന്നുപറയാനാകില്ല ഇന്ത്യൻ ഫുട്‌ബോളിനെ. ഇപ്പോൾ പ്രത്യേകിച്ചും. കോടികളുടെ കിലുക്കം ഇന്ത്യൻ ഫുട്‌ബോളിലും വ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ലഭിക്കാവുന്ന മികച്ച കളിക്കാരായിരുന്നു സാഫ് കപ്പിൽ കളിച്ചിരുന്നത്. കേളീമികവിൽ നല്ല നിലവാരം പുലർത്തുന്നുമുണ്ട് ഇവർ. ശാരീരികക്ഷമതയിലും പഴയ പോലെ ദുർബലരല്ല. എന്നിട്ടും പാകിസ്ഥാനും ബംഗ്ലാദേശിനുമെതിരെ കളിച്ച് നാണംകെട്ടു. വിദേശലീഗിൽ കളിച്ചിരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി ഇതിനിടെ വ്യക്തിഗത നേട്ടം സ്വന്തമാക്കി എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻതാരം എന്ന പദവിയിലേക്ക് ഛേത്രി എത്തിക്കഴിഞ്ഞു. 79 കളികളിൽ നിന്ന് 40 ഗോളുകൾ നേടിയ മലയാളിസൂപ്പർസ്റ്റാർ ഐ.എം. വിജയന്റെ റെക്കോർഡാണ് ഛേത്രി വഴിമാറ്റിയത്. മുന്നിൽ ഇനി 107 കളികളിൽ നിന്ന് 42 ഗോളുകൾ നേടിയ മുൻ ക്യാപ്റ്റൻ ബൈച്ചൂങ് ബൂട്ടിയയുടെ റെക്കോർഡ് മാത്രം. അതും അധികം താമസിയാതെ ഛേത്രിയുടെ സ്വന്തമാവും. പക്ഷേ, വ്യക്തിപരമായി ഛേത്രി ശ്രദ്ധനേടിയെന്നതൊഴിച്ച് ഛേത്രിയിൽ നിന്ന് ഐ.എം. വിജയനും ബൂട്ടിയയും ഇന്ത്യക്ക് നൽകിയ സംഭാവനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. വിദേശലീഗിൽ കളിക്കാൻ ഭാഗ്യം ലഭിക്കാത്ത വിജയൻ തന്നെയാണ് ഇന്ത്യൻ ഫുട്‌ബോളിലെ പോയകാലത്തെ താരം എന്ന് നിസ്സശംയം പറയാം.

 

ടീമിന്റെ പ്രകടനത്തിന് ഛേത്രിയുടെ  നേട്ടം അധികമൊന്നും പ്രോത്സാഹനം നൽകിയില്ല എന്നത് വരുംമത്സരങ്ങളിൽ നിന്ന് തെളിഞ്ഞു. തോൽവിയുടെ യഥാർഥ കാരണം തേടുമ്പോൾ ഇന്ത്യൻ ഫുട്‌ബോളിന്റെ പിന്നാമ്പുറങ്ങളിലേക്കൊന്നും പോകണ്ട. ഏതൊരു ഫുട്‌ബോൾ പ്രേമിക്കും അറിയാവുന്നപോലെ ശാസ്ത്രീയ പരിശീലനത്തിന്റെ കുറവ് തന്നെ പ്രഥമ സ്ഥാനത്ത്.  മറ്റൊന്ന് ആരെ കോച്ചാക്കണം എന്നത്. വിദേശിയോ സ്വദേശിയോ എന്നതാണ് വിഷയം. ആരുമായിക്കൊള്ളട്ടെ; അവർക്ക് കുറച്ചുസമയം കൊടുക്കാൻ കളി മേലാളന്മാർ തയ്യാറുമല്ല. മത്സരപരിചയമില്ലാത്തതാണ് ഇന്ത്യൻ ഫുട്‌ബോളിന്റെ തകർച്ചയ്ക്ക് പ്രധാനമായ മറ്റൊരു കാരണം. ഏഷ്യയിലെയെങ്കിലും മികച്ച ടീമുകൾക്കെതിരെ മത്സരപരിചയമുണ്ടായിരുന്നെങ്കിൽ ഇന്ത്യൻടീമിന്റെ സ്ഥിതി മാറിയേനെ എന്ന് ഉറച്ചുവിശ്വസിക്കുന്നവരുണ്ട്. ഇത് ഫിഫയും ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷനും നിരവധി തവണ ചൂണ്ടിക്കാട്ടിയ കാര്യവുമാണ്.

 

ഫിഫയുടെ കാഴ്ചയിൽ ഫുട്‌ബോളിന് വളരെയേറെ വളക്കൂറുള്ള മണ്ണാണ് ഇന്ത്യയുടേത്. ഇന്ത്യയിലെ ചെറിയ ഒരു പഞ്ചായത്തിന്റെ മാത്രം വിസ്തീർണമുള്ള ടീമുകൾ പോലും ലോകത്തിലെ മുൻനിരടീമുകൾക്കൊപ്പം നിൽക്കുമ്പോൾ ഇന്ത്യയ്ക്ക് ഒരു മികച്ച നിലവാരമുള്ള ദേശീയടീം പോലും ഇല്ല എന്നതാണ് ഫിഫയെ കുഴയ്ക്കുന്ന വസ്തുത. നിരവധി ഫുട്‌ബോൾ പ്രമോഷൻ പദ്ധതികളും ചെറുപ്പത്തിലെ പിടികൂടുക എന്ന മാജിക്കുമൊക്കെ ഇന്ത്യയിൽ അവർ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇതിന്റെ ഫലം അടുത്ത 20 വർഷങ്ങൾക്കപ്പുറമാകുമ്പോഴേക്കേ കാണൂ എന്നതാണ് അവരുടെ നിഗമനം. ഇന്ത്യൻ ടീമിന്റെ മറ്റൊരു പോരായ്മ കളിക്കാർ എന്നും ടൂർണമെന്റിനു മുന്നെ അഞ്ചോ പത്തോ ദിവസത്തെ മാത്രം ഒരുമിച്ചുള്ള പരിശീലനത്തിനുശേഷമാണ് ഗ്രൗണ്ടിലിറങ്ങുന്നതെന്നതാണ്. ഗ്രൗണ്ടിലിറങ്ങിയാലും മാറിമാറിവരുന്ന കോച്ചുമാരുടെ പുതിയ പുതിയ ഫോർമേഷനിലുമാവും കളി. പരിചിതമല്ലാത്ത ഫോർമേഷനിലെ കളി എത്രമാത്രം അപകടകരമാവും എന്നറിയുന്നത് കളിയുടെ അന്തിമവിസിൽ മുഴങ്ങുമ്പോഴുമാകും.  ബോൾ കൺട്രോൾ ചെയ്ത് ഗ്രൗണ്ട്പാസ് നൽകുന്നതിൽ പോലും ഇന്ത്യൻ കളിക്കാർ പുറകിലാണെന്നതാണ് കോച്ചുമാരെ കുഴയ്ക്കുന്ന ഒരുപ്രശ്‌നം. മികച്ച ബോൾ പാസിങ്, ഡ്രിബ്ലിങ് കഴിവുകൾ ഉണ്ടാക്കിയാലേ ഇന്ത്യൻ ഫുട്‌ബോളിന്റെ നിലവാരം കാഴ്ചയിലെങ്കിലും ലോകനിലവാരത്തിലെത്തിക്കാൻ സാധിക്കൂ. പക്ഷേ എന്തുകൊണ്ടാണ് ഇത്തരമൊരു 'ടിക്കടാക്ക'  ശൈലി ഇന്ത്യൻ ഫുട്‌ബോളിൽ വളർത്താൻ ശ്രമിക്കാത്തതെന്ന ന്യായമായ സംശയം ആരാധകർക്കുണ്ടാകാം. വളരെ താഴ്ന്ന റാങ്കിലുള്ള ടീമുകൾ പോലും ഇപ്പോൾ ബോൾ പാസിങ്ങിൽ ഇന്ത്യയെക്കാൾ എത്രയോ മികവ് പുലർത്തുന്നൂ.

 

വിദേശ പരിശീലകരോ കുഴപ്പം?!

 

സാഫ് കപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ പരിശീലകനെതിരെ യുദ്ധമൊരുങ്ങിക്കഴിഞ്ഞു. മുൻ പരിശീലകരും പ്രമുഖ കളിക്കാരുമായ സയ്യിദ് നയിമുദ്ദീനും പി.കെ. ബാനർജിയും ചുനി ഗോസ്വാമിയുമൊക്കെ പരിശീലകനെതിരെ വിമർശനമുയർത്തി. ഹാട്രിക് കിരീട സ്വപ്‌നം തുലച്ചുവെന്നതാണ് കൂവർമാൻസിനെതിരെ ആരോപിക്കുന്നത്. വെറുമൊരു ഹാട്രിക് കിരീടമാണ് കളിയുടെ നിലവാരമുയർത്തുന്നതിലും ഇവർക്കൊക്കെ വലുതെന്നതാണ് ഇതിൽ നിന്നൊക്കെ തെളിയുന്നത്. മികച്ച ഗ്രൗണ്ട് പാസിങ്ങും ഹൈബോൾ കളിക്കുന്നതിലെ മികവും മിന്നൽ വേഗത്തിലൂടെ എതിരാളികളെ വട്ടംകറക്കലിലുമൊക്കെയാണ് കൂവർമാൻസും മറ്റു മുൻഗാമികളായ വിദേശ പരിശീലകരെ പോലെ ഇന്ത്യൻ ഫുട്‌ബോളിലും നടപ്പാക്കാൻ ശ്രമിച്ചത്. പക്ഷേ, ഫലം തിരിച്ചായിയെന്നുമാത്രം.  ഇതിനു മുമ്പു വന്ന വിദേശ പരിശീലകരിൽ യൂഗോസ്ലാവ്യക്കാരൻ ജിറി പെസക്കിനുമാത്രമേ സാഫ് കപ്പിൽ ഇന്ത്യയെ വിജയിയാക്കാൻ സാധിച്ചിട്ടുളളൂ. (1993ൽ). റുസ്തം അക്രമോവും ബോബ് ഹൗട്ടനും സ്റ്റീഫൻ കോൺസ്റ്റൻന്റൈനും മികച്ച താരങ്ങളെയും കേളീശൈലിയും സൃഷ്ടിച്ചെങ്കിലും ഇവർക്കൊന്നും സാഫ് കപ്പിലെ വിജയം സ്വന്തമാക്കാനായില്ല. വിദേശ പരിശീലകരിൽ സ്റ്റിഫൻ കോൺസ്റ്റന്റൈനും ബോബ് ഹൗട്ടനുമാണ് മികച്ച ട്രാക്ക് റെക്കോർഡ്. കോൺസ്റ്റന്റൈനു കീഴിൽ ഇന്ത്യ 1974നുശേഷം ആദ്യമായി വിദേശത്ത് ഒരു ടൂർണമെന്റ് വിജയിച്ചു. വിയറ്റ്‌നാമിൽ നടന്ന എൽ.ജി.കപ്പിൽ വിയറ്റ്‌നാമിനെ 3-2ന് പൊരുതി കീഴ്‌പ്പെടുത്തിയത് ഇന്ത്യൻ ആരാധകർക്ക് ഇന്നും ആവേശം പകരുന്നു. അതും രണ്ട് ഗോളിന് പുറകിൽ നിന്നിട്ടും തിരിച്ചടിച്ചുകൊണ്ട്.  പ്രഥമ ആഫ്രോ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻഷിപ്പിലും കോൺസ്റ്റന്റൈൻ ടീമിന് വിജയം സമ്മാനിച്ചു. ഗെയിംസിൽ ഇന്ത്യ വെള്ളി മെഡൽ നേടി.  പ്രാഥമിക മത്സരങ്ങളിൽ റുവാൻഡയെയും സിംബാബ്‌വെയും (85 സ്ഥാനങ്ങൾക്ക് മുന്നിൽ) തോല്പിച്ച് നാം 1-0ന് ഫൈനലിൽ ഉസ്‌ബെക്കിസ്ഥാനോടാണ് തോറ്റത്. ഇത് കോൺസ്റ്റന്റൈനെ ആ മാസത്തെ മികച്ച എ.എഫ്.സി. മാനേജർ എന്ന പദവിയിലേക്ക് വരെ എത്തിച്ചു.

 

മുൻ കോച്ചായിരുന്ന ബോബ് ഹൗട്ടനെ 2012 എ.എഫ്.സി. ചലഞ്ച് ട്രോഫിക്ക് യോഗ്യത തേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെഡറേഷൻ തിരിച്ചുവിളിച്ചു. ഇതിനു ഫലവുമുണ്ടായി. ചൈനീസ് തായ്‌പേയിയെ ആദ്യമത്സരത്തിൽ 3-0ത്തിന് തോല്പിച്ച നാം 3-1ന് പാകിസ്ഥാനെയും തകർച്ചു. അടുത്ത മത്സരത്തിൽ തുർക്‌മെനിസ്ഥാനുമായി 1-1 സമനില നേടി ഗ്രൂപ്പിൽ ഒന്നാം സ്ഥാനവും ചലഞ്ച് കപ്പിന് യോഗ്യത നേടുകയും ചെയ്തു. റഫറിക്കെതിരെ വംശീയ വിരുദ്ധ അധിക്ഷേപം നടത്തി എന്ന ആരോപണത്തെ തുടർന്ന് ഹൗട്ടന് പരിശീലകസ്ഥാനം ഒഴിയേണ്ടിവന്നത് ഇന്ത്യൻ ഫുട്‌ബോളിന് തന്നെ തിരിച്ചടിയായി.

 

ഇതേ ഹൗട്ടന്റെ കീഴിൽ ഇന്ത്യ മുൻപും നിരവധി ത്രസിപ്പിക്കുന്ന വിജയങ്ങൾ നേടിയിട്ടുണ്ട്. 2007ലെ നെഹ്‌റു കപ്പ് വിജയവും (സിറിയയെ 1-0ന് കീഴ്‌പ്പെടുത്തി), 2008ലെ എ.എഫ്.സി. ചലഞ്ച് കപ്പ് വിജയവും (താജികിസ്താനെ 4-ന് പരാജയപ്പെടുത്തി) 2011ൽ വീണ്ടും നെഹ്‌റുകപ്പിലെ വിജയവും (സിറിയയെ വീണ്ടുംപരാജയപ്പെടുത്തി) ഹൗട്ടന്റെ കോച്ചിങ് മികവിനുള്ള അംഗീകാരമായി.

 

ഐ.എം. വിജയനെപോലെയും ബൈച്ചൂങ് ബൂട്ടിയയെപ്പോലെയുമുള്ള മികച്ച വ്യക്തിഗതപ്രതിഭയുള്ള  കളിക്കാരെ ഒരേ കാലയളവിൽ അധികകാലം ഒരുമിച്ച് കളിക്കാൻ ഇന്ത്യക്ക് അധികം  ലഭിച്ചില്ല എന്നതും മറ്റൊരു തിരിച്ചടിയായി.

 

പ്രതീക്ഷ നല്‍കുന്ന വെളിച്ചങ്ങള്‍

 

 

ലോകഫുട്‌ബോളിൽ മികച്ച ഒരു പാരമ്പര്യം ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഇന്ത്യയ്ക്ക് കാലം ചെല്ലുമ്പോൾ തളർച്ച ബാധിച്ചുതുടങ്ങിയിരുന്നു. 1993ൽ ഫിഫാ റാങ്കിങ്ങിൽ നൂറിനടുത്തായിരുന്ന ഇന്ത്യ ഇന്ന് അത്രതന്നെ പുറകോട്ട് പോയത് കളിനിലവാരത്തിലെ താഴ്ചയല്ല മറിച്ച് മറ്റു രാജ്യങ്ങളുടെ നിലവാരത്തിലുള്ള ഉയർച്ചയാണ്. ഇന്ത്യയ്ക്ക് എന്നും മികച്ച താരങ്ങളുണ്ടായിരുന്നു. പക്ഷേ, ഇല്ലാത്തത് ലക്ഷ്യബോധമില്ലാത്ത കളിയും ശാരീരികക്ഷമതയിലും കുറവുമായിരുന്നു. ഈ വർഷത്തെ എ.ഐ.എഫ്.എഫിന്റെ ബജറ്റ് പ്രകാരം 64 കോടി രൂപയാണ് ഫുട്‌ബോൾ ഉന്നമനത്തിനായി നീക്കിവെക്കുന്നത്. പക്ഷേ, ഇതൊന്നും കളിക്കളത്തിൽ കാണുന്നില്ല എന്നോർക്കുമ്പോൾ ഇന്ത്യൻ ഫുട്‌ബോളിനെ കുറിച്ച് പഠിക്കാൻ (പഠിക്കാൻ സാധിക്കാത്ത) പലതുമുണ്ട് എന്ന് ഉറപ്പ്. ഈ കോടികൾ മുടക്കി പുറകോട്ടുപോകുമ്പോഴും എവിടെയൊക്കെയോ ചില വെളിച്ചങ്ങൾ കാണുന്നുണ്ട് എന്നതും കാണാതെ പോകരുത്. അണ്ടർ 14, 17, 22 വിഭാഗങ്ങളിലെ ടീം മികച്ച പ്രകടനം നടത്തുന്നുണ്ട്. അണ്ടർ 17ലെ സാഫ്‌വിജയവും ചൈനയിൽ ഈയിടെ 19 വയസ്സിനു താഴെയുള്ളവർ നടത്തിയ വിജയകരമായ പര്യടനവും മാറ്റിനിർത്തേണ്ടതുതന്നെയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭകരമാകാവുന്ന ഒരു വാർത്ത 2017ലെ അണ്ടർ 17 വേൾഡ്കപ്പിലെ പ്രവേശനമാണ്. ടൂർണമെന്റിന്റെ ആതിഥേയരെന്ന നിലയിൽഇന്ത്യക്ക് ലോകകപ്പിൾ കളിക്കാം എന്നതാണ് നമ്മുടെ പ്രതീക്ഷ.  ലോകകപ്പിന് ആതിഥേയത്വം അനുവദിച്ചുകിട്ടുന്നതിനായി കേന്ദ്രഗവണ്മെന്റും എ.ഐ.എഫ്.എഫും ആത്മാർഥമായി ശ്രമിക്കുന്നുമുണ്ട്. ഫിഫയും ഇന്ത്യയിൽ ലോകകപ്പ് നടത്താനാണ് താല്പര്യപ്പെടുന്നത്. എന്തായാലും അവസാന തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.  ഒടുവിൽ ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ച ആ  ശുഭവാർത്ത വരും എന്ന പ്രതീക്ഷയോടെ അന്ധമായ വിശ്വാസത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യൻഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കളിക്കമ്പക്കാർ.

 

എ.ഐ.എഫ്.എഫിന്റെ സ്‌പോൺസർമാരായ ഐ.എം.ജി-റിലയൻസിന്റെ സംരഭമായ ഐ.പി.എൽ. മോഡൽ ഫുട്‌ബോൾ വരാൻ പോകുന്ന പശ്ചാത്തലത്തിലും ഐ ലീഗ് കൂടുതൽ ശക്തമായിതന്നെ മുന്നോട്ടുപോകാനൊരുങ്ങുന്നതാണ് ഇന്ത്യൻ ഫുട്‌ബോളിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. ഐ.പി.എൽ. ലീഗിൽ കളിക്കുന്നവരെ ഐ ലീഗിൽ കളിപ്പിക്കില്ല എന്ന തീരുമാനവും ഇതൊരു വിവാദമായേക്കും എന്ന് സൂചിപ്പിക്കുന്നു. ഐ.പി.എൽ മോഡൽ ഫുട്‌ബോൾ ലീഗിനെ സഹായിക്കാനാവണം എ.ഐ.എഫ്.എഫ് ജനവരി മുതൽ മാർച്ച് വരെ ഐ ലീഗിൽ മത്സരങ്ങൾ നടത്തുന്നുമില്ല. എന്തായാലും വരാൻ പോകുന്ന പൂരം ഇന്ത്യൻ ഫുട്‌ബോളിനെ എത്രമാത്രം സഹായിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. എ.ഐ.എഫ്.എഫിന്റെ പരീക്ഷണടീമായിരുന്ന പൈലൻ ആരോസിനെ പിരിച്ചുവിട്ടതിനാൽ ഇത്തവണ 13 ടീമുകൾ മാത്രമേ ലീഗിൽ കളിക്കുന്നുള്ളൂ. ലീഗിൽ മുത്തമിടാൻ ഗോവയിൽ നിന്നല്ലാത്ത ഒരു ടീമിനു കഴിയുമോ എന്നതുമാത്രമേ ഇത്തവണയും നോക്കാനുള്ളൂ. പേരുകേട്ട പാരമ്പര്യത്തിനുടമകളായ മോഹൻബഗാനും ഈസ്റ്റ് ബംഗാളിനും മൊഹമ്മദൻസിനുമൊക്കെ കഴിയാതിരുന്നത് ഇത്തവണ ആരു നേടും? ഡെമ്പോയും സാൽഗോക്കറും ചർച്ചിലും പങ്കിട്ടെടുത്ത ഐ ലീഗ് കപ്പിൽ ഇത്തവണ ആരു മുത്തമിടും? നിറയെ വിദേശകളിക്കാർ ഇപ്പോൾ ലീഗിലുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും ഫുട്‌ബോളിന്റെ മെക്കയായ ബ്രസീലിൽ നിന്നുമൊക്കെ കളിക്കാർ ഇപ്പോൾ ലീഗിൽ കളിക്കുന്നുണ്ട്.

 

അതേസമയം ഇന്ത്യൻ ഫുട്‌ബോൾ ഗോവയിലും ബംഗാളിലും മാത്രമായി ഒതുങ്ങിപ്പോവുകയാണോയെന്ന ചോദ്യവും ഉയരുന്നു. ഒരുകാലത്ത് കേരളത്തിൽ നിന്ന് രണ്ടോ മൂന്നോ കളിക്കാരില്ലാതെ ഒരു ഇന്ത്യൻടീമും ഇല്ലായിരുന്നു. സമൃദ്ധമായ കേളീപാരമ്പര്യം കൈമുതലായ നാട്ടിൽ നിന്ന് ഇപ്പോൾ പേരിനൊരാൾ പോലും എത്തുന്നില്ല എന്നത് ഖേദകരമാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളെയും ടീമിനെയും പ്രതിനിധീകരിച്ച് ഇപ്പോഴും മലയാളികളുണ്ട് എന്നത് ശ്രദ്ധേയം തന്നെ. കഴിഞ്ഞ ഐ ലീഗിലെ ഇന്ത്യൻ താരങ്ങളിൽ ടോപ്പ്‌സ്‌കോററായ മലയാളി താരം സി.കെ. വിനീത് (7 ഗോളോടെ) ഇത്തവണയും പ്രയാഗ് യുണൈറ്റഡിലുണ്ട്. കൊൽക്കത്ത മുഹമ്മദൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തും ഒരു മലയാളിയുണ്ട്- ആർ. ധനരാജൻ. കേരളത്തിലും ത്രിതല പരിശീലന പദ്ധതി വഴി ഫുട്‌ബോളിൽ നഷടപ്പെട്ട പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഫിഫയുടെ തന്നെ ഒരു ഫുട്ബോൾ നേഴ്‌സറിയായിട്ടാണ് കേരളത്തെ എല്ലാവരും വരുംവർഷങ്ങളിൽ നോക്കിക്കാണുന്നത്.

 

അതിനിടെ മത്സരപ്രധാന്യം നഷ്ടപ്പെട്ടതിനാൽ ഇന്ത്യയിലെ പ്രമുഖ ടൂർണമെന്റായ സന്തോഷ്‌ട്രോഫി നിർത്തിയേക്കും എന്ന പ്രസ്താവനയുമായ എ.ഐ.എഫ്.എഫ് സെക്ര. ജനറൽ കുശാൽദാസ് രംഗത്തെത്തി. പക്ഷേ, ഇതിനെതിരെ വിമർശനമുയർന്നോൾ കുശാൽദാസ് പ്രസ്താവന തിരുത്തിയെങ്കിലും ഏറെ ആയുസ്സൊന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള പോരിന് വേദിയായിരുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിനുണ്ടാവില്ല എന്നതുറപ്പ്. ചുരുക്കിപറഞ്ഞാൽ ഒരടി മുന്നോട്ടും മൂന്നടി പിന്നോട്ടും എന്ന അവസ്ഥ മാറിയേ തീരൂ. എങ്കിൽ മാത്രമേ ഇന്ത്യൻ ഫുടബോളിന്റെ  പഴയ പാരമ്പര്യത്തിന്റെ ശീതളഛായയിൽ ഒന്നു മയങ്ങാനെങ്കിലും 127 കോടി ജനങ്ങൾക്കാവൂ.

Tags